ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം

ലോകത്തിന്‍റെ പല ഭാഗത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ അസന്തുഷ്ടരാണ്. ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊള്ളുന്നില്ലെന്ന് മാത്രമല്ല അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പുറമെ ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലോത്തവ ഉണ്ടെങ്കിലും വിവേചനവും അവകാശ ധ്വംസനവും കൂടുതല്‍ സംഭവിക്കുന്നത് മതത്തിന്‍റെ വഴിയിലൂടെയാണ്. ഭൂരിപക്ഷ അക്രമണത്തിന് ഇന്ത്യ പലപ്പോഴും വിധേയമായിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഈ ദിനം ഭാരതത്തില്‍ പ്രസക്തമാണ്.

ഹിന്ദു മതമാണ് ഇവിടെ ഭൂരിപക്ഷ മതം. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധ തുടങ്ങിയ നിരവധി മതങ്ങളെ ന്യൂനപക്ഷ കാറ്റഗറിയിലാണ് ഉള്‍പെടുത്തിയത്. എന്നാല്‍ ഇവിടെ ഏറ്റവും വലിയ ന്യൂനപക്ഷരായ മുസ്ലിംകളാണ് കൂടുതല്‍ വിവേചനത്തിനും ആക്രമണങ്ങള്‍ക്കും ഇരകളാവുന്നതെന്ന് വസ്തുതാപരമാണ്.  ഇന്ത്യയിലെ എല്ലാവരും മുസ്ലിമിന്‍റെ ശത്രുവാണെന്നോ, മുസ്ലിമിന് അവകാശമില്ലെന്നോ എന്നൊന്നും ഇതിനര്‍ത്ഥമില്ല. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്നത്ര പരിഗണനയും അവസരങ്ങളും മറ്റേതു രാജ്യത്തും കാണാന്‍ സാധിക്കില്ല. പക്ഷേ, പേപ്പറിലൊതുങ്ങിപ്പോയ ഈ പരിഗണനകളെല്ലാം പ്രായോഗികവല്‍ക്കരിക്കാന്‍ പലര്‍ക്കും സാധിച്ചില്ലെന്നത് ഏറെ ഖേദകരമാണ്.

കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിരവധി വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, മുസ്ലിം അവകാശങ്ങള്‍ക്ക് ഏറെ ശബ്ദിച്ച ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടി, അത് കോണ്‍ഗ്രസാണ്. കേരളത്തില്‍ ഏറെ വേരോട്ടമുള്ള കമ്മ്യൂണിസം പലപ്പോഴും വാക്കുകൊണ്ടും കര്‍മ്മം കൊണ്ടും മുസ്ലിം കമ്മ്യൂണിറ്റിയെ അക്രമിക്കുന്നു. ശരീഅത്ത് കാര്യങ്ങള്‍ ഒരു നിലക്കും ഒപ്പം നിന്നില്ലെന്നു മാത്രമല്ല, ഇസ്ലാമിക ആചാരങ്ങള്‍ അവഹേളിക്കാനാണവര്‍ ശ്രമിച്ചത്. സംഘി ആക്രമിക്കുമ്പോഴെല്ലാം മുസ്ലിമിന്‍റെ കൂടെ എന്നും മേമ്പൊടി എറിഞ്ഞവര്‍ കിതാബിലും സാത്താനിക് വേഴ്സസിലും പ്രവാചക കേശത്തിലും വിശ്വാസി ഹൃദയത്തിലേക്ക് കഠാരയിറക്കുകയാണ് ചെയ്തത്. ഭാരതീയ ജനതാ പാര്‍ട്ടി വ്യക്തമായി മുസ്ലിം വിദ്വേഷത്താല്‍ പിറന്നവരാണ്. അതുകൊണ്ടു തന്നെ അവരുടെ ഭാഗത്തു നിന്നും മുസ്ലിമിന്ന് പ്രതീക്ഷയ്ക്ക് വകയില്ല.

പാക്കിസ്ഥാനിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് ഒരു വിലയുമില്ല. അവര്‍ അവരുടെ ആചാരങ്ങളെ അവഹേളിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ മതവിശ്വാസികള്‍ ആക്രമിച്ചുകൊണ്ടിരിക്കുയാണ്.  ഉയ്ഗൂറും റോഹിംഗ്യയും നമ്മുടെ മുന്നിലെ ചോദ്യചിഹ്നങ്ങളാണ്. ഇന്ത്യയുടെ ഉത്തര ഭാഗത്തും ലോകത്തിന്‍റെ പല ഭാഗത്തിലുമുള്ള ന്യൂനപക്ഷങ്ങളുടെ ഒന്നാമത്തെ ആവശ്യം സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നുള്ളതാണ്. ദക്ഷിണേന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ നാം ആവശ്യപ്പെടുന്നത് നമ്മുടെ മുന്നേറ്റത്തിന് കൂടുതല്‍ അവസരങ്ങളാണ്. ആ അവസരങ്ങള്‍ നമ്മുടെ അവകാശങ്ങളാണ്.

ഇന്ത്യ പാക്ക് വിഭജനാനന്തരം മുസ്ലിം ലീഗും രണ്ടായി. ആ സമയം പാക്കിസ്ഥാന്‍ ലീഗിനോട് ഖാഇദേ മില്ലത്ത പറഞ്ഞു: “ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളാം. അതില്‍ നിങ്ങള്‍ ഇടപെടേണ്ട. പകരം നിങ്ങളുടെ രാജ്യത്തുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ അനുവദിച്ചു കൊടുക്കണം”. ഇങ്ങനെ ഓരോ രാജ്യക്കാരും വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. രാജ്യ പുരോഗതിക്ക് എല്ലാവരും ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. എങ്കിലേ ഒരു രാജ്യം അതിന്‍റെ പൂര്‍ണ്ണത കൈവരിക്കൂ.

About Ahlussunna Online 1305 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*