
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്നുകാരനായ വിദ്യാർത്ഥിയെ എസ്ഐ നിലത്തിട്ട് ചവിട്ടിയ കേസിൽ നേരത്തെ നടപടി ഇല്ലാതിരുന്നെങ്കിലും രക്ഷിതാക്കളുടെ പരാതിയോടെ ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുണ്ട്. മേനംകുളം സ്വദേശിയായ ഗ്രേഡ് എസ്ഐ വി.എസ്. ശ്രീബുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറയിൻകീഴ് സ്റ്റേഷനിലാണ് ശ്രീബു ജോലി ചെയ്യുന്നത്.
വിവാദമായ സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് നടന്നത്. ക്ഷേത്രത്തിലെ തൂക്കദിവസമായിരുന്നു അന്ന്. ക്ഷേത്രം പരിസരത്ത് നിൽക്കുകയായിരുന്ന വിനായകനെ (13) ശ്രീബു പിടിച്ചുതള്ളുകയും നിലത്തിട്ട് കാലിന് കാൽ കൊണ്ടു ചവിട്ടുകയും ചെയ്തതായാണ് പരാതി. കുട്ടിയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇപ്പോള് ചികിത്സയിലാണ്.
വിനായകന്റെ അച്ഛൻ സുമേഷും എസ്ഐ ശ്രീബുവും തമ്മിൽ നേരത്തെ ഉണ്ടായ തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിനായകന്റെ അമ്മയുടെ പരാതി. ഉത്സവകമ്മിറ്റിയിലെ ഭാരവാഹിയുമായിരുന്ന ശ്രീബു, അന്നു ഡ്യൂട്ടിയിലായിരുന്നില്ല.
മനുഷ്യാവകാശ ലംഘനം ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ നീക്കം.
Be the first to comment