സംഭൽ പള്ളിയുടെ ഭാവി?

ഉത്തർപ്രദേശിലെ സംഭൽ ജുമാമസ്ജിദിനെ മസ്ജിദ് എന്നതിന് പകരം തർക്കഭൂമിയെന്ന് വിളിക്കണമെന്ന ഹിന്ദുത്വവാദികളുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ഇതോടെ കോടതി രേഖകളിൽ മസ്ജിദിന്റെ പേര് ഇനിമുതൽ തർക്കമന്ദിരം എന്നാകും. റമദാൻ ആരംഭമായതിനാൽ പള്ളിക്ക് വെള്ളപൂശാനും പരിസരം വൃത്തിയാക്കാനും അനുമതി വേണമെന്ന പള്ളിക്കമ്മറ്റിയുടെ ആവശ്യം പരിഗണിക്കവെയാണ് ഹൈക്കോടതി ഹിന്ദുത്വവാദികളുടെ ഈ ആവശ്യം അംഗീകരിച്ചിരിക്കുന്നത്. പള്ളി ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട കമ്മറ്റിയുടെ ആവശ്യം ഭാഗികമായാണ് അംഗീകരിക്കപ്പെട്ടത്. സംഭലിനെ തർക്കഭൂമിയെന്ന വിളിക്കുന്നത് പള്ളി കൈയടക്കാനുള്ള ഹിന്ദുത്വവാദികളുടെ കൗശലത്തിന്റെ ഭാഗമായുള്ള നടപടികളിലൊന്നാണ്. ബാബർ നിർമിക്കുകയും മുസ്്ലിംകളാൽ പരിപാലിച്ചുവരികയും ചെയ്യുന്ന പള്ളിയാണ് സംഭലിലെ ജുമാമസ്ജിദും. വ്യവഹാരത്തിന്റെ സൗകര്യത്തിന് വേണ്ടിയാണെങ്കിലും അതിനെ തർക്കഭൂമിയെന്ന് വിളിക്കുന്നത് ചരിത്രപരമായും ധാർമികമായും തെറ്റാണ്. വ്യവഹാരത്തെ രാഷ്ട്രീയായുധമാക്കുന്ന സംഘ്പരിവാറിന്റെ കൗശല്യം കോടതികൾക്ക് ബോധ്യമായില്ലെങ്കിൽ എന്തു ചെയ്യാനാവും.

ബാബരി മസ്ജിദ് നിർമിച്ച അതേ വർഷത്തിൽ സംഭലിൽ യുദ്ധം ജയിച്ച ബാബർ അവിടെയൊരു പള്ളി നിർമിക്കാൻ തന്റെ സേനാ നായകനായ മിർ ഹിന്ദു ബേഗിനോട് നിർദേശിക്കുകയായിരുന്നു. സംഭലിന്റെ ഗവർണറായി ബാബർ നിയമിച്ചത് സ്വന്തം മകൻ ഹുമയൂണിനെത്തന്നെയാണ്. ഹുമയൂൺ തന്റെ മകൻ അക്ബറിന് ഭരണം കൈമാറി. ഷാഹി ജുമാ മസ്ജിദും മറ്റ് രണ്ട് കെട്ടിടങ്ങളുമാണ് സംഭലിൽ ബാബർ പണിതത്. അക്കാലത്ത് പണിത മുഗൾ കെട്ടിടങ്ങളിൽ ശേഷിക്കുന്ന ഒരേയൊരു കെട്ടിടമാണ് ഈ മസ്ജിദ്. തുടർന്നുവന്ന ഭരണാധികാരികളെല്ലാം ഇതിനെ പലരീതിയിൽ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചിട്ടുണ്ട്. പള്ളി നിർമിച്ചത് ക്ഷേത്രം തകർത്താണെന്ന ആരോപണം ആദ്യമായുണ്ടാകുന്നത് 1963ലാണ്. ശ്രീറാം ശർമയെന്നൊരാൾ എഴുതിയ പുസ്തകത്തിലായിരുന്നു ഈ വാദം. പിന്നാലെ പള്ളിയുടെ മേൽ അവകാശത്തർക്കവുമായി കേസുണ്ടായെങ്കിലും ഹിന്ദുവിഭാഗത്തിന്റെ വാദം സിവിൽ കോടതി തള്ളി. ഈ കേസിൽ പള്ളിയുമായി ബന്ധപ്പെട്ട് ജഹാംഗീർ ചക്രവർത്തിയുടെ കാലത്തുള്ള നിരവധി രേഖകൾ പുറത്തുവന്നു.

സംഭൽ ഷാഹി മസ്ജിദ് വിവാദം ഹിന്ദു-മുസ്്്ലിം കലഹം തീർക്കാനുള്ള സമർഥമായി തയാറാക്കിയ ഗൂഢാലോചനയാണ്. ഹരജി ഫയൽ ചെയ്ത രീതി, തുടർന്നുണ്ടായ അഭിഭാഷക സർവേ ഉത്തരവിന്റെ വേഗത എന്നിവയെല്ലാം നടപടിക്രമത്തിന്റെ പവിത്രതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് കോടതിയുടെ ഓരോ നടപടിയും കാണേണ്ടത്. കോടതികൾ കാതലായ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നതിലെ ആദ്യത്തെ ഉദാഹരണമല്ല സംഭൽ. 2024 സെപ്റ്റംബറിൽ കർണാടകയിൽ ഒരു പള്ളിയിൽക്കയറി ജയ്ശ്രീറാം വിളിച്ചവർക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി പറഞ്ഞത് പള്ളിയിൽക്കയറി ജയ്ശ്രീറാം വിളിക്കുന്നത് സമാധാനം നശിപ്പിക്കുകയോ പൊതുക്രമം നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ്. ഇതേ കേസിൽ അപ്പീലിൽ തുടർന്ന് വാദം കേട്ട സുപ്രിംകോടതിയും ഒരു പ്രത്യേക മത മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെ കുറ്റമാകുമെന്ന് ചോദിച്ചു. ഒരു മതസ്ഥലത്തിന്റെ പവിത്രത ലംഘിക്കുന്നതിനെ നിയമം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമായാണ് ഇതിനെ കാണേണ്ടത്.

മസ്ജിദ് ഒരു പൊതുസ്ഥലമാണെന്നും അതിനുള്ളിൽ പ്രവേശിക്കുന്നത് ക്രിമിനൽ അതിക്രമമായി അർഥമാക്കാനാവില്ലെന്നുമായിരുന്നു കോടതി നിലപാട്. കോടതികൾ മതപരമായ വിശുദ്ധിയുള്ള സ്ഥലത്തെ മറ്റേതെങ്കിലും പൊതുസ്ഥലവുമായി തുലനം ചെയ്തു. മതസ്ഥലങ്ങൾ തീർച്ചയായും പൊതു പ്രവേശനത്തിനുള്ള ഇടങ്ങളാണ്. എന്നിരുന്നാലും, ഇവിടെ പൊതുജനം എന്നതുകൊണ്ട് അർഥമാക്കുന്നത് സമാനമായ ഒരു വിശ്വാസം പങ്കിടുന്ന, മതത്തിന്റെ പാരമ്പര്യത്തിൽ വിശ്വസിക്കുകയും അതിന്റെ സംസ്‌കാരം ദൃശ്യമായ രീതിയിൽ ആചരിക്കുകയും ചെയ്യുന്ന പ്രത്യേക സമൂഹത്തെയാണ്. ഒരു മസ്ജിദിന്റെ മതപരമായ സ്വഭാവത്തെ അത് സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മതപരമായ ഉദ്ദേശ്യങ്ങളിൽ നിന്ന് മാറ്റി പൊതുജനത്തിന്റെ ഇടമായി കാണുകയും ഒരു ന്യൂനപക്ഷ മത സ്ഥാപനത്തിലെ ഹിന്ദുത്വ ഗുണ്ടായിസം ശിക്ഷിക്കാതെ വിടുകയുമാണെങ്കിൽ മതവിഭാഗങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഉറപ്പുകൾക്ക് എന്ത് മൂല്യമുണ്ട്. സമാന ചോദ്യമാണ് സംഭാൽ പള്ളിയെ വെറുമൊരു തർക്കഭൂമിയാക്കി ചുരുക്കുന്നതിലും സംഭവിക്കുന്നത്.

ഇസ്‌ലാം മതത്തിലെ ആചാരത്തിന്റെ ഒരു പ്രധാന ഭാഗമല്ല പള്ളിയെന്നും മുസ്‌ലിംകൾക്ക് നമസ്‌കാരം എവിടെയും തുറന്ന സ്ഥലത്ത് പോലും നടത്താമെന്നുമാണ് 1994ലെ ഇസ്മാഈൽ ഫാറൂഖി കേസിൽ സുപ്രിംകോടതി നിരീക്ഷിച്ചത്. ഒരു മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായ എല്ലാ പള്ളികളെയും ഭരണഘടനാ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും അവരുടെ ഭരണഘടനാപരമായ പ്രാർഥനാ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന അപകടകരമായ നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. പള്ളിയെ ഒരു പൊതു ഇടമായി മതേതരവൽക്കരിക്കുകയും അതിന്റെ പരിസരത്ത് പൂജപോലുള്ള പ്രവർത്തനങ്ങളെയും ഹിന്ദുത്വ പ്രവർത്തനങ്ങളെയും സാധാരണമാക്കുകയും ചെയ്തുകൊണ്ട് പള്ളിയുടെ മതപരത ഇല്ലാതാക്കുന്നു. ഇത് സാരാംശത്തിൽ, പള്ളിയുടെ മതപരമായ പവിത്രതയെയാണ് ഇല്ലാതാക്കുന്നത്. ഇതിലൂടെ ഒരിക്കൽ അവകാശവാദമുന്നയിക്കുന്നതോടെ ഹിന്ദുത്വവാദികളുടെ വാദത്തിന് നിയമപരിരക്ഷ ലഭിക്കുന്നു. അതനുസരിച്ച് അവിടെ സർവേ നടത്തുന്നതിന് തടസമില്ല. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം സംരക്ഷിക്കുന്ന 1991ലെ ആരാധനാലയ നിയമം നോക്കുകുത്തിയായി നിന്നോളും. ഒരു വശത്ത് പുരാതന പള്ളികളും ദർഗകളും കൈയേറ്റമെന്നാരോപിച്ച് പൊളിച്ചു നീക്കുന്നു. മറുവശത്ത് പള്ളികൾ നിൽക്കുന്നത് ക്ഷേത്രത്തിന് മുകളിലാണെന്നാരോപിച്ച് കൈയടക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മധ്യകാല മുസ് ലിം നിർമിതികളിൽ കൈയേറ്റവും നടക്കുന്നു. ഇതെല്ലാം രാജ്യത്തുണ്ടാക്കുന്ന വിഭജനം ചെറുതല്ല. ഈ ചരിത്രസ്മാരകങ്ങൾ വെറും മുസ് ലിം ആരാധനാലയങ്ങൾ മാത്രമല്ല, രാജ്യത്തിന്റെ സമ്പുഷ്ടമായ ചരിത്രത്തിന്റെ നിലനിൽക്കുന്ന ശേഷിപ്പുകൾ കൂടിയാണ്.

വെറുമൊരു അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ അത് മറ്റൊരു വിഭാഗത്തിന് കൈയടക്കാനും തകർത്തു കളയാനും പറ്റുന്ന സാഹചര്യം നിയമവാഴ്ചയില്ലാത്ത സമൂഹത്തിന്റെ ലക്ഷണമാണ്. വെറുമൊരു തർക്കഭൂമിയായി കണക്കാക്കും മുമ്പ് സംഭൽ കേസിൽ പള്ളിയുടെ അന്തർലീനമായ മതപരമായ പവിത്രതയെ ഹൈക്കോടതി അംഗീകരിക്കേണ്ടതായിരുന്നു. വർത്തമാന കാല സാമൂഹ്യസാഹചര്യങ്ങൾ കൂടി പരിഗണിച്ച് വേണം കോടതികൾ കേസുകളെ സമീപിക്കേണ്ടത്. മുസ്‌ലിംകളുടെ പള്ളികളിലും ദർഗകളിലും അവകാശവാദമുന്നയിച്ച് കൂണുപോലെ ഹരജികൾ മുളച്ചുപൊങ്ങുന്ന കാലത്ത് കോടതിയുടെ നിലപാട് സുപ്രധാനമാണ്. ഇത്തരം അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കാതെ മുളയിലെ നുള്ളാൻ കോടതികൾ തയാറാകണം.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*