വാഷിങ്ടണ്‍: മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സൂചിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ മ്യാന്‍മര്‍ സേന നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സൂചിക്ക് നല്‍കിയ പുരസ്‌കാരം യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം പിന്‍വലിച്ചത്. 2012ലാണ് സൂചിക്ക് യു.എസ് മ്യൂസിയം പുരസ്‌കാരം സമ്മാനിച്ചത്.
2016 മുതല്‍ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറായ സൂചിക്ക് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശീയാക്രമണത്തെ തുടര്‍ന്ന് ഏഴു ലക്ഷം പേരാണ് പലായനം ചെയ്തത്.
2016 ഒക്ടോബര്‍ മുതല്‍ മ്യാന്‍മറില്‍ നടക്കുന്ന വ്യക്തമായ വംശീയ ഉന്മൂലനമാണെന്ന് പുരസ്‌കാര സമിതി കണ്ടെത്തി. ഇത് അവസാനിപ്പിക്കാന്‍ സൂചിയുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും സമിതി കുറ്റപ്പെടുത്തി. കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന തെളിവാണ് മ്യാന്‍മറിലേത്. തങ്ങള്‍ ഇരകളോടൊപ്പമാണെന്നും സമിതി വ്യക്തമാക്കി.
Be the first to comment