പേവിഷബാധ: ചികിത്സാ പിഴവിൽ ജീവൻ നഷ്ടപ്പെടരുത്

പേവിഷബാധ മരണത്തിൽ വീണ്ടും പകച്ചുനിൽക്കുകയാണ് കേരളം. പ്രതിരോധ വാക്‌സിനെടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ പറമ്പിൻപീടികയ്ക്കടുത്ത കുഴിക്കാട്ടുചോലയ്ക്കൽ സൽമാനുൽ ഫാരിസിന്റെയും ജുസൈലയുടെയും മകൾ സിയ ഫാരിസയുടെ മരണം ഇതിൽ അവസാനത്തേതാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഈ ആറുവയസുകാരി മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 29നാണ് സിയയെ വീടിനടുത്തുള്ള റോഡിൽവച്ച് തെരുവുനായ കടിച്ചത്. തലയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും നായ കടിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. പൂർണ ഡോസ് വാക്‌സിനെടുത്ത കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്.പ്രതിരോധത്തിലൂടെ നൂറുശതമാനവും തടയാൻ കഴിയുന്ന പേവിഷബാധയിലാണ് കുരുന്നുജീവൻകൂടി പൊലിഞ്ഞത്. ഈ മരണത്തെ ഒറ്റപ്പെട്ട സംഭവമായി കാണുകയല്ല സർക്കാർ ചെയ്യേണ്ടത്. വിശദ അന്വേഷണവും ആഴത്തിലുള്ള പരിശോധനയും അനിവാര്യമാണ്. കുട്ടിയുടെ ജീവൻ നഷ്ടമായതിനുപിന്നിൽ എവിടെയെങ്കിലും വീഴ്ചയുണ്ടായോ? നായകടിയേറ്റാൽ ഉടൻ എന്തുചെയ്യണമെന്ന അവബോധത്തിന്റെ കുറവ് ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടോ? നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ചികിത്സാ പിഴവ് ആരോപിച്ച് ബാലികയുടെ ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. മെഡിക്കൽ കോളജ് അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തണം. 
 നായയുടെ കടിയേറ്റാൽ ഉടൻതന്നെ പ്രഥമശുശ്രൂഷയും എത്രയും വേഗം റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ(ആർ.ഐ.ജി) കുത്തിവയ്പും എടുക്കേണ്ടതാണ്. ആന്റി റാബിസ് വാക്‌സിനും കുത്തിവയ്ക്കണം. റാബിസ് വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡികളുള്ള ആർ.ഐ.ജി മുറിവുകളിൽ നേരിട്ട് കുത്തിവയ്ക്കുന്നതാണ്. കടിയേറ്റ് എത്രയും വേഗത്തിൽ ഈ കുത്തിവയ്പ് നടത്താൻ കഴിഞ്ഞാൽ റാബിസ് വൈറസ് തലച്ചോറിലെത്തുന്നത് തടയാൻ കഴിയും. മരിച്ച കുട്ടിയുടെ കാര്യത്തിൽ കൃത്യസമയത്ത് ശരിയായ രീതിയിൽ ആർ.ഐ.ജി നൽകിയിരുന്നോ എന്ന് പരിശോധന നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. സിയയുടെ തലയിലാണ് നായയുടെ കടിയേറ്റത്. ഇത് ആഴത്തിലുള്ളതുമാണ്. അതിനാൽ എത്രയും പെട്ടെന്ന് ആർ.ഐ.ജി എടുക്കേണ്ടതായിരുന്നു. ഇത് നടന്നിരുന്നോ? ശരിയായവിധത്തിൽ എല്ലാ മുറിവുകളിലും ആർ.ഐ.ജി എടുത്തിരുന്നോ എന്നെല്ലാം വസ്തുനിഷ്ഠാന്വേഷണം നടത്തി കണ്ടെത്തേണ്ടതാണ്. എങ്കിൽ മാത്രമേ ഇനിയും ഇത്തരം ദാരുണ സംഭവങ്ങളിൽനിന്ന് മനുഷ്യജീവൻ രക്ഷിക്കാനാകൂ.
 നായയുടെ കടിയേറ്റ സിയയെ ഉടൻതന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്നാകട്ടെ മുറിവ് തുന്നിക്കെട്ടാതെ വാക്‌സിൻ നൽകി 48 മണിക്കൂറിനുശേഷം വീണ്ടും വരണമെന്ന് പറഞ്ഞുവിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 48 മണിക്കൂറിനുശേഷമാണ് മുറിവ് തുന്നിക്കെട്ടുന്നത്. പിന്നീട് തുടർ വാക്‌സിനുമെടുത്തു. ഒരാഴ്ച മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 26ന് പേവിഷബാധയും സ്ഥിരീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ പിന്തുടരുന്ന കൃത്യമായ ചികിത്സാ പ്രൊട്ടക്കോൾ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്തരം മരണങ്ങൾ ഒഴിവാക്കാവുന്നതായിരുന്നു. എന്നാൽ ആന്റി റാബിസ് വാക്‌സിൻവരെ പല സർക്കാർ ആശുപത്രികളിലും കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. വാക്‌സിന്റെ കാര്യക്ഷമതയും ഗുണനിലവാരവും കൃത്യമായി വിലയിരുത്തപ്പെടേണ്ടതുമാണ്. ഇതിലൊക്കെയുണ്ടാകുന്ന ചെറിയ വീഴ്ചയ്ക്ക് വലിയ വിലയാകും നൽകേണ്ടിവരിക.  
 നായയുടെ കടിയേറ്റാൽ പ്രഥമശുശ്രൂഷ പ്രധാനമാണ്. മുറിവ് എത്ര ആഴത്തിലുള്ളതാണെങ്കിലും സോപ്പ് ഉപയോഗിച്ച് 15 മിനിറ്റോളം പച്ചവെള്ളത്തിൽ കഴുകുക എന്നതാണ് ഈ പ്രാഥമിക ശുശ്രൂഷ. ഇത് സംബന്ധിച്ച പരിജ്ഞാനം സമൂഹത്തിന് ആവശ്യമാണ്. ജീവൻ രക്ഷിക്കാൻ വാക്‌സിനോടൊപ്പം തന്നെ പ്രാധാന്യമുണ്ട് ഈ പ്രാഥമിക ശുശ്രൂഷയ്ക്ക്. പേവിഷബാധയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം കൂടുകയാണിപ്പോൾ. വാക്‌സിനെടുത്തിട്ടും മരണത്തിലേക്ക് വഴുതിവീണവരുടെ എണ്ണത്തിലുണ്ട് വർധന. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 11 പേർ പേവിഷ ബാധിച്ച് മരിച്ചു. 2030 ഓടെ രാജ്യത്തെ സമ്പൂർണ പേവിഷ വിമുക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം  പദ്ധതികൾ നടപ്പാക്കുമ്പോഴാണ് സംസ്ഥാനത്ത് പേവിഷ മരണങ്ങൾ കൂടിവരുന്നത്. 2020ൽ സംസ്ഥാനത്താകെ നടന്നത് അഞ്ച് പേവിഷ മരണങ്ങളാണെങ്കിൽ 2021ൽ അത് 11 ആയി. 2022ൽ 15 ഉം 2023 ൽ 17 ഉം 2024ൽ 28 ആയും ഉയർന്നു. എത്ര ഭീതിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. തെരുവുനായകൾ ഉൾപ്പെടെ 70 ശതമാനം നായകൾക്കും പേവിഷ പ്രതിരോധ വാക്‌സിൻ നൽകിയാൽ പേവിഷബാധ പൂർണമായും തടയാനാകുമെന്നാണ് പഠനം. മനുഷ്യജീവന് ഇത്രമേൽ അപകടകരമായ പേവിഷവുമായി നായകൾ അലഞ്ഞു നടന്നിട്ടും എന്തുകൊണ്ടാണ് അധികൃതർ കണ്ണുതുറക്കാത്തത്.  
 നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികളെല്ലാം ഇന്ന് സംസ്ഥാനത്ത് പാതിയിടങ്ങളിലാണ്. നായകളെ പിടിച്ച് വന്ധ്യംകരിച്ച് തിരികെ കൊണ്ടുവിടുന്ന പദ്ധതി(എ.ബി.സി) കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. മാലിന്യ നിർമാർജനവും തെരുവുനായ ശല്യത്തിന് കാരണമാണ്. തദ്ദേശസ്ഥാപനങ്ങൾ കടമ നിറവേറ്റുന്നതിൽ വിട്ടുവീഴ്ച ചെയ്യുന്നിടത്താണ് നായകളുടെ എണ്ണം കൂടുന്നത്.    
 വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗതി നേടിയിട്ടും ഒരിക്കൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാൽ നിശ്ചയമായും ഭയാനക മരണത്തിൽ കലാശിക്കുന്ന ജന്തുജന്യരോഗമാണ് പേവിഷബാധ. ഓരോ ഒൻപത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവൻ പേവിഷമെടുക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവർഷം ഏകദേശം 59,000 ത്തോളം ആളുകളാണ് പേവിഷബാധിതരായി മരിക്കുന്നത്. ഇതിൽ 40 ശതമാനവും 15 വയസിൽ താഴെയുള്ള കുട്ടികളാണ്. സിയയെപ്പോലുള്ള കുട്ടികൾ കൂടുതലായും ഈ ഭീതിദ വിപത്തിന് കീഴ്‌പ്പെടുമ്പോൾ നമുക്ക് എന്തുകൊണ്ട്  ഇത് സുപ്രധാന സാമൂഹിക പ്രശ്‌നമായി മാറുന്നില്ല?

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*