പാർലമെന്റല്ല, ഭരണഘടനയാണ് പരമോന്നതം

ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കുകയും വഖ്ഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്യുകയും ചെയ്തതിന് പിന്നാലെ സുപ്രിംകോടതിക്കെതിരേ ആവർത്തിച്ച് ആക്രമണം നടത്തുകയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. പാർലമെന്റാണ് പരമോന്നതമെന്നും പാർലമെന്റിനുമുകളിൽ മറ്റൊരു അധികാരകേന്ദ്രമില്ലെന്നുമാണ് ജഗ്ദീപ് ധൻഖർ പലപ്പോഴായി ആവർത്തിച്ചിരിക്കുന്നത്. നീതി ഉറപ്പാക്കാൻ ആവശ്യമായ വിധികൾ പുറപ്പെടുവിക്കാൻ സുപ്രിംകോടതിക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 142ാം വകുപ്പ് ജനാധിപത്യ ശക്തികൾക്കെതിരായ ഒരു ആണവ മിസൈൽ ആണെന്നായിരുന്നു തമിഴ്‌നാട് ഗവർണർക്കെതിരായ കേസിലെ വിധിവന്നതിന് പിന്നാലെ ധൻഖറിന്റെ ആദ്യ പരാമർശം. സമാന പരാമർശങ്ങൾ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. സുപ്രിംകോടതിക്കെതിരായ ആക്രമണം ബി.ജെ.പി നേതാക്കൾ പതിവാക്കിയതിന്റെ തുടർച്ചയായാണ് ധൻഖറിന്റെ പ്രതികരണം.

വിവാദങ്ങൾ ധൻഖറിന് പുതിയതല്ല. പദവിക്ക് നിരക്കാത്ത പരാമർശങ്ങൾ പലപ്പോഴായി ധൻഖർ നടത്തിയിട്ടുണ്ട്. ഒരുവിഭാഗം മനപ്പൂർവം ജനസംഖ്യാ മാറ്റത്തിനും രാജ്യത്തെ ചില ഭാഗങ്ങൾ പ്രത്യേക വിഭാഗങ്ങളുടെ കോട്ടയാക്കി മാറ്റാനും ശ്രമിക്കുന്നുവെന്നും അത് അണുബോംബിനെക്കാൾ അപകടമാണെന്നുമായിരുന്നു ഒരിക്കൽ ധൻഖർ നടത്തിയ പരാമർശം. ഉപരാഷ്ട്രപതിയായി ചുമതലയേറ്റയുടൻ തന്റെ ഭരണഘടനാ ഓഫിസ് ഭരണഘടനാപരമായ പ്രതീക്ഷകളും സംവിധാനങ്ങളും അട്ടിമറിക്കാൻ ഉപയോഗിച്ചയാളാണ് ധൻഖർ. രാജ്യസഭയ്ക്ക് കീഴിലുള്ള വിവിധ പാർലമെന്ററി കമ്മിറ്റികളിലേക്കും വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കും തന്റെ എട്ട് സ്റ്റാഫിനെയും വൈസ് പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റിൽനിന്ന് നാല് പേരെയും നിയമിച്ചുകൊണ്ടായിരുന്നു ഇത്. തുടർന്നങ്ങോട്ട് കൊളീജിയം വിഷയത്തിൽ സർക്കാരും സുപ്രിംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പക്ഷംപിടിച്ചതടക്കം പദവിക്ക് നിരക്കാത്ത അനവധി കാര്യങ്ങൾ ധൻഖറിൽ നിന്നുണ്ടായിട്ടുണ്ട്.

പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്ന രാജ്യസഭാ ചെയർമാനെന്ന ചീത്തപ്പേരും ധൻഖർക്കുണ്ട്. രാജ്യസഭാ ചെയർമാനെന്ന നിലയിലും പ്രതിപക്ഷത്തോട് പ്രത്യക്ഷമായ വിവേചനമാണ് ധൻഖറിന്റെ രീതി.  എന്നാൽ, ഇത്തവണ രാജ്യത്തിന്റെ പരമോന്നത കോടതിക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് ഉപരാഷ്ട്രപതി നടത്തിയിരിക്കുന്നത്. അത്, താൻ വഹിക്കുന്ന ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് വിവേകശാലി സംസാരിക്കുമെന്ന് കരുതുന്നതിനുമപ്പുറമാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ പാസാക്കിയ ബില്ലുകളിൽ നിരവധി ഗവർണർമാർ അനിശ്ചിതമായി ഇരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ വിധി വന്നത്. തമിഴ്നാട് കേസ് അതിന്റെ ഒരു ഭയാനകമായ ഉദാഹരണം മാത്രമായിരുന്നു. 
നിയമനിർമാണ, എക്‌സിക്യൂട്ടീവ് തീരുമാനങ്ങളുടെ ജുഡിഷ്യൽ അവലോകനം ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. എക്‌സിക്യൂട്ടീവിന്റെയും നിയമനിർമാണസഭയുടെയും തീരുമാനങ്ങൾ ഭരണഘടനയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിർണയിക്കാൻ ജുഡിഷ്യറിക്ക് അധികാരമുണ്ട്. ഭരണഘടനാ ഭേദഗതികൾപോലും അടിസ്ഥാനഘടനയെ ലംഘിക്കുന്നുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാണ്. നിയമം നിർമിക്കുന്നതിലും നടപ്പാക്കുന്നതിലും ജുഡിഷ്യൽ ഇടപെടലിന് ഒന്നിലധികം ഭരണഘടനാ വഴികളുണ്ട്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ റദ്ദാക്കാൻ ആർട്ടിക്കിൾ 13 ജുഡിഷ്യറിക്ക് അധികാരം നൽകുന്നു. മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിനും അതിനപ്പുറവും റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം യഥാക്രമം സുപ്രിംകോടതിക്കും ഹൈക്കോടതികൾക്കും ആർട്ടിക്കിൾ 32 ഉം 226 ഉം നൽകുന്നു.
ജുഡിഷ്യറി പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന് വിധേയമാണെന്ന ധാരണ ഭരണഘടനാ പദ്ധതിക്ക് പുറത്താണ്. നിയമനിർമാണ സഭയിലെ അംഗങ്ങൾ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പക്ഷപാത നിയമനിർമാണങ്ങൾ നടത്തുന്നതിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൽ ജുഡിഷ്യറിയുടെ ബാധ്യതയാണ്. വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ ഗുണകരമായ സംഘർഷത്തിലാണ് ഒരുസമൂഹത്തിന് സ്ഥിരത കൈവരിക്കാൻ കഴിയുന്നത്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭകൾക്ക് ഏത് നിയമവും പാസാക്കാൻ കഴിയുമെന്ന വാദം ഭരണഘടനാപരമോ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ല. 

ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കർതന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് തന്നിട്ടുണ്ട്. രാഷ്ട്രീയഭൂരിപക്ഷം എന്ന ആശയം വിശദീകരിക്കുമ്പോൾ, അംബേദ്കർ പറഞ്ഞു:  ‘ഒരു രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമായ ഭൂരിപക്ഷമല്ല. അത് എല്ലായ്‌പ്പോഴും സൃഷ്ടിക്കപ്പെടുകയും നിർമിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന ഭൂരിപക്ഷമാണ്. വർഗീയ ഭൂരിപക്ഷം അധികാരം പിടിച്ചെടുക്കുകയാണെങ്കിൽ ന്യൂനപക്ഷ സമൂഹങ്ങൾ തകർക്കപ്പെട്ടേക്കാം. തകർക്കപ്പെട്ടില്ലെങ്കിൽ, അവർ സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും വിധേയരാകാം’. 

അംബേദ്കറുടെ അഭിപ്രായത്തിൽ, രാഷ്ട്രീയ ജനാധിപത്യം കേവലം തെരഞ്ഞെടുപ്പുകളെക്കുറിച്ചോ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെക്കുറിച്ചോ അല്ല. അത് എല്ലായ്‌പ്പോഴും ഭരണവർഗങ്ങളാൽ കൈകാര്യം ചെയ്യപ്പെടുന്നവയാണ്. ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിന്റെ കളികളാലല്ല രാജ്യം നയിക്കപ്പെടേണ്ടതെന്നാണ് അംബേദ്കർ കരുതിയിരുന്നത്. നിയമനിർമാണ മേധാവിത്വത്തിന്റെ പേരിൽ ജുഡിഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭരണഘടനാ ശിൽപികൾ വിഭാവന ചെയ്ത ജനാധിപത്യ സങ്കൽപ്പത്തിന് ഭീഷണിയാണ്. 

സർക്കാരിന്റെ വിവിധ ശാഖകൾ തമ്മിലുള്ള അധികാരവിഭജനം, പരിശോധനകളുടെയും സന്തുലിതാവസ്ഥയുടെയും തത്വം എന്നിവ പാലിക്കപ്പെടേണ്ടതുണ്ട്. അതുപ്രകാരം പാർലമെന്റോ എക്സിക്യൂട്ടീവോ അല്ല, ഭരണഘടനയാണ് പരമോന്നതം. ഭരണഘടനയിലെ വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നത് സുപ്രിംകോടതിയാണ്. ഈ ഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തുണ്ടാകുന്നുണ്ട്. വർഷങ്ങളായി, ബുൾഡോസർ ഈ പ്രതിഭാസത്തിന്റെ പ്രമുഖ പ്രതീകമായി മാറിയിരിക്കുന്നു. അതിലൂടെ സർക്കാർ ജുഡിഷ്യൽ നടപടിക്രമങ്ങളെ മറികടന്ന് ശിക്ഷ നടപ്പാക്കുകയും സ്ഥാപനപരമായ പരിശോധനകളും സന്തുലിതാവസ്ഥകളും തകർക്കുകയും ചെയ്തു. അത് തടഞ്ഞതും സുപ്രിംകോടതിയാണ്. ധൻഖറിന്റെ പല നടപടികളും ഭരണഘടനാ സംവിധാനങ്ങളെ തകർക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ്. ഒരു ജനാധിപത്യത്തിൽ ഇത്തരത്തിലുള്ള പെരുമാറ്റം അഭികാമ്യമല്ല. ഉപരാഷ്ട്രപതി ഇരിക്കുന്നത് ഭരണഘടനാ പദവിയിലാണ്. അത് മറന്നുപോകരുത്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*