നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യം

ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ്റുവസ്തുക്കളുമാണ് നേര്‍ച്ചയെന്ന് അതില്‍ പറയുന്നു. പള്ളിക്കും മറ്റും പണംകൊടുക്കാന്‍ തീര്‍ച്ചപ്പെടുത്തുമ്പോഴാണ് അത് നേര്‍ച്ചയാവുക. മഹാന്‍മാരുടെ മഖ്ബറകളില്‍ പഴയകാലം മുതലേ നടന്നുവരുന്ന ആണ്ടനുസ്മരണങ്ങള്‍ ആണ്ടുനേര്‍ച്ചയെന്നപേരിലാണ് അറിയപ്പെടുന്നത്

ഒരു കാര്യം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തുമ്പോള്‍ അത് നേര്‍ച്ചയാക്കലാകുന്നു. അത് വീട്ടല്‍ അപ്പോള്‍ നിര്‍ബന്ധമാവുന്നു.

 വിശുദ്ധ ഖുര്‍ആനും ഹദീസുകളും കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളുമൊക്കെ നേര്‍ച്ചയുടെ സാധുതകളും വിധികളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ‘ഫര്‍ളല്ലാത്ത ഒരു പുണ്യകര്‍മ്മത്തെ റശീദും മുകല്ലഫും മുസ്ലിമുമായ ഒരാള്‍ നിര്‍ബന്ധമാക്കലാണ് നേര്‍ച്ച(ഫത്ഹൂല്‍ മുഈന്‍ 224)

ഏതാണ്ടെല്ലാ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളിലും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ഇബ്നു ഹജര്‍(റ) പറയുന്നു: ശറഇല്‍ നേര്‍ച്ചയെന്നാല്‍ ഒരു ആരാധനാ കര്‍മ്മത്തെ നിര്‍ബന്ധമാക്കലാലുള്ള നډകൊണ്ടുള്ള ഉടമ്പടിയാണ്(തുഹ്ഫ 10/67)

ആരാധനാ കര്‍മ്മത്തെ നേര്‍ച്ചയാക്കിയാലേ നേര്‍ച്ച സ്വഹീഹാകുകയുള്ളൂ. ഇബ്നു ഹജര്‍(റ) വ്യക്തമാക്കുന്നു: അല്ലാഹുവിന്ന് വഴിപ്പെടുന്നതിനുള്ള വസീലയാണ് നേര്‍ച്ച. അല്ലാഹുവിന് വഴിപ്പെടുന്നതിനുള്ള വസീലയും അവന്ന് വഴിപ്പെടല്‍ തന്നെയാണ്(തുഹ്ഫ 10/ 67)

അല്ലാഹുവിന്ന് വഴിപ്പെടാത്ത നേര്‍ച്ചകള്‍ സ്വീകാര്യമല്ലെന്ന് ഇസ്മാഈല്‍ ഹഖ്(റ) പറയുന്നു(റൂഹുല്‍ ബയാന്‍ 10/ 264) ഫര്‍ള് ഐനായ കാര്യത്തില്‍ നേര്‍ച്ച ഫലവത്തല്ല. അത് നേരത്തെ നിര്‍ബന്ധമാകലാണ് കാരണം. നിര്‍ബന്ധമായ കാര്യത്തെ വീണ്ടും നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലല്ലോ. അപ്രകാരം ഹലാലായ കാര്യത്തിലും നേര്‍ച്ച സ്വീകാര്യമല്ല. അല്ലാഹുവിന്‍റെ വജ്ഹ് ആഗ്രഹിക്കാത്ത കാര്യത്തില്‍ നേര്‍ച്ചയില്ലെന്ന് ഇമാം അബൂദാവൂദ്(റ) വ്യക്തമാക്കുന്നു. നേര്‍ച്ചയാക്കിയത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വീട്ടണമെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട്. തെറ്റായ കാര്യം നിര്‍വ്വഹിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതൊരിക്കലും സ്വീകാര്യമാവുകയില്ല.

നേര്‍ച്ച മൂന്ന് വിധത്തിലുണ്ട്. തബര്‍റുര്‍ അഥവാ നിരുപാധിക നേര്‍ച്ച, മുജാസാത്ത് അഥവാ സ്വാപാധിക നേര്‍ച്ച, ലജാജ് അഥവാ സത്യം ചെയ്യുന്നതിനോട് സാദൃശ്യമുള്ള നേര്‍ച്ച എന്നിവയാണവ.

ഒരുപാധിയുമില്ലാതെ മുനജ്ജസായ വാക്കുകൊണ്ട് സംഭവിക്കുന്ന നേര്‍ച്ചയാണ് തബര്‍റുറായ നേര്‍ച്ച. നേര്‍ച്ചയാക്കിയ ഉടനെ അത് വീട്ടല്‍ നിര്‍ബന്ധമാണ്. വ്യഴാഴ്ച നോമ്പെടുക്കാനോ, സുന്നത്ത് നിസ്കരിക്കാനോ നേര്‍ച്ചയാക്കി എന്ന് പറയല്‍ ഉദാഹരണം. എന്തെങ്കിലും ഉപാധിയോടെ നേരുന്ന നേര്‍ച്ചയാണ് മുജാസാത്തായ നേര്‍ച്ച. രോഗം ശിഫയായാല്‍ ഞാന്‍ അല്ലാഹുവിന്ന് നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കിയെന്ന് പറയുന്നത് പോലെ. കാര്യം സാധിച്ചുകിട്ടിയ ഉടനെ ഈ നേര്‍ച്ചവീട്ടല്‍ നിര്‍ബന്ധമാണ്. ഒരു കാര്യം ഉപേക്ഷിക്കുന്നതിനോടോ ചെയ്യുന്നതിനോടോ ഒരു പുണ്യകര്‍മ്മത്തെ ബന്ധപ്പെടുത്തുന്ന നേര്‍ച്ചയാണ് ലജാജായ നേര്‍ച്ച. ഇന്ന വ്യക്തിയെ ഞാന്‍ കാണില്ല, കണ്ടാല്‍ നോമ്പെടുക്കും എന്ന് പറയുന്നത് പോലെ. അങ്ങനെ നേര്‍ച്ചയാക്കിയ ശേഷം ആവ്യക്തിയെ കണ്ടാല്‍ സത്യം ചെയ്തതിന് പശ്ചാത്താപം ചെയ്യുകയോ നേര്‍ച്ച വീടുകയോ ചെയ്താല്‍ മതിയാകും.

മറ്റൊരു കാര്യവുമായി നേര്‍ച്ചയെ ബന്ധപ്പെടുത്തുന്ന മുജാസാത്തായ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണെന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍ കുടുംബ ബന്ധം ചേര്‍ക്കാന്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇത് കുടുംബ ബന്ധത്തെ മറ്റൊരു കാര്യവുമായി ബന്ധപ്പെടുത്തലാകുന്നില്ല. അത്പോലെ നബി(സ്വ)ക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടായാല്‍ അവിടുന്ന് നിസ്കരിക്കാറുണ്ടായിരുന്നു. മാത്രമല്ല സ്വദഖ ബുദ്ധിമുട്ടുകളെ പ്രതിരോധിക്കുകയും അല്ലാഹുവിന്‍റെ കോപം തടയുകയും ചെയ്യുമെന്ന് ഹദീസുകളില്‍ കാണാം. ഭൗതിക നേട്ടങ്ങള്‍ക്കുള്ള ഉപാധിയായല്ല ഈ ആരാധനാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. അപ്രകാരം അല്ലാഹുവിന്ന് നേര്‍ച്ച നേരുമ്പോള്‍ ഹലാലായ ഒരുകാര്യത്തെ കരുതുന്നതില്‍ കുഴപ്പമില്ല.

നേര്‍ച്ച ഖുര്‍ആനില്‍

അല്ലാഹു പറയുന്നു. നിങ്ങള്‍ ചിലവഴിക്കുന്ന വസ്തുക്കളും നേര്‍ച്ചയാക്കുന്ന വസ്തുക്കളും അല്ലാഹു അറിയുന്നുണ്ട്.(അല്‍ ബഖറ 270). ഈ ആയത്തിനെ ഇബ്നു ജരീറു ത്വബ് രി(റ) വിശദീകരിക്കുന്നു. അല്ലാഹു പറയുന്നു. നിങ്ങള്‍ ചെയ്യുന്ന എല്ലാ സ്വദഖയും, അല്ലാഹുവില്‍നിന്നുള്ള ഗുണം പ്രതീക്ഷിച്ച നല്ല പ്രവര്‍ത്തനങ്ങളോ സ്വദഖയോ ചെയ്യാന്‍ സ്വശരീരത്തെ നിര്‍ബന്ധമാക്കല്‍ കൊണ്ടുള്ള നേര്‍ച്ചയും അല്ലാഹു അറിയും. എല്ലാ പ്രവര്‍ത്തനങ്ങളും അവന്‍റെ അറിവോടെയേ ഉണ്ടാവുകയുള്ളൂ.

ചെറുതും വലുതുമായ ഒന്നും അവന്ന് അവ്യക്തമല്ല. നിങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം നല്‍കപ്പെടും. അല്ലാഹുവിന്‍റെ വജ്ഹ് ഉദ്ദേശിച്ച് ആര് ചെയ്യുന്ന നേര്‍ച്ചക്കും അല്ലാഹു പ്രവര്‍ത്തനം നല്‍കും. ഇനി അവന്‍റെ നേര്‍ച്ചയും സ്വദഖയും അഹംഭാവത്തോടുകൂടിയാണെങ്കില്‍ അത് ശൈത്വാനില്‍ നിന്നുള്ളതും അവന്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും.(ത്വബ്രി 3/121)

സജ്ജനങ്ങളുടെ മഹത്വം വിശദീകരിച്ച് കൊണ്ട് അല്ലാഹു പറയുന്നു: അവന്‍ നേര്‍ച്ച നിറവേറ്റുകയും തിന്മ പാറിപ്പറക്കുന്ന ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യും.(അദ്ദഹ്റ് 7)

ഇമാം ഖുതുബി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത്. സത്യവിശ്വാസികള്‍ നേര്‍ച്ച പൂര്‍ണ്ണമായി വീട്ടുന്നവരും എതിര് പ്രവര്‍ത്തിക്കാത്തവരുമാണ്. ആയത്ത് ഇറങ്ങാനുള്ള കാരണത്തെക്കുറിച്ച് ഇമാം റാസി(റ) പറയുന്നു: ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഹസന്‍(റ)വും ഹുസൈന്‍(റ)വും രോഗികളായപ്പോള്‍ നബി(സ്വ) ചിലര്‍ക്കൊപ്പം അവരെ സന്ദര്‍ശിച്ചു, അപ്പോള്‍ അവര്‍ അലി(റ)നോട് പറഞ്ഞു. നിങ്ങള്‍ക്ക് ആകുട്ടികളുടെ മേല്‍ വല്ലതും നേര്‍ച്ചയാക്കിക്കൂടെ? അങ്ങനെ അലി(റ)യും ഫാത്വിമ ബീവി(റ)യും അവരുടെ അടിമസ്ത്രീയും മക്കളുടെ രോഗം മാറിയാല്‍ മൂന്ന് ദിവസം നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കി. അല്ലാഹു അവരുടെ രോഗം ശിഫയാക്കുകയും ചെയ്തു. (റാസി 30/244) കശ്ശാഫിന്‍റെ രചയിതാവായ ഇമാം സമഖ്ശരി(റ)വും ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യവുമായി നേര്‍ച്ചയെ ബന്ധിപ്പിക്കുന്ന മുജാസാത്ത് അനുവദനീയമാണെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

ഹന്നത്ത്ബീവിയുടെയും മറിയം ബീവിയുടെയും നേര്‍ച്ച

മറിയം ബീവി(റ) ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മാതാവ് ഹന്നത്ത് ബീവി(റ) അവരെ ബൈത്തുല്‍ മുഖദ്ദിസിലേക്ക് നേര്‍ച്ചയാക്കിയ സംഭവം ഖുര്‍ആനില്‍ കാണാം. ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം, എന്‍റെ നാഥാ എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ ഞാനിതാ നിനക്ക് ഉഴിഞ്ഞ് വെക്കാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു. എന്നില്‍ നിന്നും നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.(ആലു ഇംറാന്‍ 35)

പ്രസവിക്കാന്‍ തീരെ സാധ്യതയില്ലാത്ത വൃദ്ധയായിരുന്നു ഹന്നത്ത് ബീവി(റ). ഒരു ദിവസം ഹന്നത്ത് ബീവി(റ) മരത്തണലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു പക്ഷി തന്‍റെ കുഞ്ഞിന് തീറ്റ കൊടുക്കുന്നത് അവര്‍ കാണാനിടയായി. തനിക്കും ഒരു കുഞ്ഞിനെത്തരാന്‍ ഹന്നത്ത് ബീവി(റ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് ഹന്നത്ത് ബീവിക്ക് ബോധ്യമായപ്പോള്‍ അവര്‍ കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്ക് നേര്‍ച്ചയാക്കി(റാസി 8/25)

ഹന്നത്ത് ബീവി(റ) പ്രസവിച്ചത് ഒരു പെണ്‍കുട്ടിയായിരുന്നു. മറിയം എന്ന് അവള്‍ക്ക് പേര് വെച്ചു. ബൈത്തുല്‍ മുഖദ്ദസ് ശുശ്രൂഷിക്കുന്നതും ആരാധനാ നിര്‍വ്വഹിക്കുന്നതുമായ സകരിയ്യാ നബി(അ)യുടെ സംരക്ഷണത്തില്‍ മറിയം ബീവി(റ) ജീവിച്ചു. അതിനിടയിലാണ് ഭര്‍ത്താവില്ലാത്ത മറിയം(റ) പ്രസവിച്ചത്. അല്ലാഹുവിന്‍റെ നിശ്ചയപ്രകാരമായിരുന്നു അത്. ജനങ്ങളുടെ ശര്‍റില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ വേണ്ടി മറിയം ബീവി(റ) നോമ്പ് നേര്‍ച്ചയാക്കി.

എന്നിട്ട് അത് തിന്നുകയും കുടിക്കുകയും സന്തോഷിക്കുകയും ചെയ്തുകൊള്ളുക. ഇനി മനുഷ്യരിലാരെങ്കിലും കാണുകയാണെങ്കില്‍ അവരോട് നീ ഇങ്ങനെ പറയണം: കരുണാനിധിയായ അല്ലാഹുവിന്ന് മൗന വ്രതമനുഷ്ഠിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍, ഒരാളോട് ഇന്ന് ഞാന്‍ സംസാരിക്കുകയില്ല. (മറിയം: 26)

അക്കാലത്ത് വ്രതമനുഷ്ഠിക്കുന്നവര്‍ സംസാരിക്കുന്നതില്‍നിന്നും ഒഴിഞ്ഞുനിന്നിരുന്നു. അതുകൊണ്ടാണല്ലോ മറിയം ബീവി(റ) മൗന വ്രതം എന്ന് പറഞ്ഞ് ഈസ നബി(അ)യെ ഭര്‍ത്താവില്ലാതെ പ്രസവിച്ചത് കൊണ്ട് ജനങ്ങള്‍ അവരോട് പലരും അവരോട് ചോദിച്ചാല്‍ അതില്‍നിന്നും മോചനം കിട്ടാന്‍ വേണ്ടിയാണ് മറിയം ബീവി(റ) ഈ വ്രതം നേര്‍ച്ചയാക്കിയത്.

ഇതില്‍ നിന്നൊക്കെ നേര്‍ച്ചയാക്കിയാല്‍ അത് വീട്ടല്‍ അനിവാര്യമാണെന്ന് വ്യക്തമായി. മുന്‍കാല ശരീഅത്തിലും നേര്‍ച്ച ഉണ്ടായിരുന്നെന്ന് സാരം.

നേര്‍ച്ച ഹദീസുകളില്‍

നേര്‍ച്ചയാക്കിയാല്‍ അത് പൂര്‍ത്തിയാക്കിവീട്ടണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സിയാദു ബ്നു ജുബൈറില്‍(റ) നിന്ന് നിവേദനം അദ്ദേഹം പറയുന്നു: ഞാന്‍ ഇബ്നു ഉമര്‍(റ)വിന്‍െ കൂടെയായിരുന്നു. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോട് ഞാന്‍ എല്ലാമാസവും പതിമൂന്നിനും പതിനാലിന്നും നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടെന്നും അതേ ദിവസം പെരുന്നാള്‍ ദിവസമായി വന്നെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞു: അല്ലാഹും നേര്‍ച്ചയെ പൂര്‍ത്തിയാക്കിവീട്ടാന്‍ കല്‍പ്പിച്ചിട്ടുണ്ട്. പെരുന്നാള്‍ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിലക്കിയിട്ടുമുണ്ട്.(ബുഖാരി 2/992)

നല്ലകാര്യം ചെയ്യാന്‍ തീരുമാനമെടുക്കല്‍ തന്നെ പുണ്യകര്‍മ്മമാണ്. അല്ലാഹു പറഞ്ഞതായി നബി(സ്വ) പറയുന്നു: എന്‍റെ അടിമ ഒരു നന്മ ചെയ്യുമെന്ന് പറയുകയും അവന്‍ അത് ചെയ്യാതിരിക്കുകയും ചെയ്താല്‍ തന്നെയും അവന്ന് ഒരു സല്‍പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലം ഞാന്‍ നല്‍കുന്നതാണ്. (മുസ്ലിം 1/78) അപ്രകാരം തെറ്റായ കാര്യത്തിന്ന് വകവെച്ച് കൊടുക്കല്‍ തെറ്റാണ്. പുണ്യകര്‍മ്മത്തിന്ന് വകവെച്ചുകൊടുക്കുമ്പോഴേ നേര്‍ച്ച അനുവദനീയമാവുയുള്ളൂ. നബി(സ്വ) പറയുന്നു: അല്ലാഹുവിനെ വഴിപ്പെടാന്‍ ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ വഴിപ്പെട്ടുകൊള്ളട്ടെ. അവന്ന് ദോഷംചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ ദോഷം ചെയ്യരുത്(ബുഖാരി 2/991)

തെറ്റായ നേര്‍ച്ച വീട്ടരുതെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ജാഹിലിയ്യാകാലത്തെ നേര്‍ച്ചകളെ നിരോധിച്ചത് അത് കൊണ്ടാണ്. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) ത്വവാഫ് ചെയ്യവെ മൂക്കില്‍ വട്ടക്കണ്ണി അണിഞ്ഞ വ്യക്തി അരികിലൂടെ നടന്നപ്പോള്‍ നബി(സ്വ) അത് ഊരിയെടുത്ത് കയ്യിലണിയാന്‍ കല്‍പ്പിച്ചു(ബുഖാരി 2/991) അദ്ദേഹം വട്ടക്കണ്ണി മൂക്കിലണിയാന്‍ നേര്‍ച്ചയാക്കിയിരുന്നുവെന്ന് ഇബ്നു ഹജര്‍(റ) വ്യക്തമാക്കുന്നു.(ഫത്ഹുല്‍ ബാരി11/ 722).

നല്ലകാര്യം കൊണ്ടുള്ള നേര്‍ച്ചവീട്ടാനും അനാവശ്യ നേര്‍ച്ചകള്‍ വെടിയാനും നബി(സ്വ) കല്‍പ്പിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) വില്‍നിന്ന് നിവേദനം നബി(സ്വ) പറയുന്നു: അദ്ദേഹം പറയുന്നു. നബി(സ്വ) ഖുതുബ ഓതുമ്പോള്‍ ഒരാള്‍ നില്‍ക്കുന്നത് നബി(സ്വ)യുടെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് അയാളെപ്പറ്റി ചോദിച്ചപ്പോള്‍ സ്വഹാബാക്കള്‍ പറഞ്ഞു. അദ്ദേഹം നില്‍ക്കാനും തണല്‍ കൊള്ളാതിരിക്കാനും സംസാരിക്കാതിരിക്കാനും നോമ്പെടുക്കാനും നേര്‍ച്ചയാക്കിയ വ്യക്തിയാണ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അവനോട് സംസാരിക്കാനും തണല്‍ കൊള്ളാനും ഇരിക്കാനും പറയുക. അവന്‍ അവന്‍റെ നോമ്പ് പൂര്‍ത്തിയാക്കി വീട്ടട്ടെ. (ബുഖാരി 2/991)

നടന്ന് ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കിയ സ്ത്രീയോട് വാഹനത്തില്‍ യാത്രചെയ്ത് ഹജ്ജ് നിര്‍വ്വഹിക്കാന്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ് 2468) രണ്ട് മക്കള്‍ക്കിടയില്‍ ചാരണം കൊടുത്തു നടക്കുന്ന ഒരു വൃദ്ധനെ കണ്ടപ്പോള്‍ നബി(സ്വ) അയാളെക്കുറിച്ചന്വേഷിച്ചു. അദ്ദേഹം നടക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ശരീരത്തെ ബുദ്ധിമുട്ടിക്കുന്നതിനെത്തൊട്ട് അല്ലാഹു ഐശ്വര്യവാനാണെന്ന് പറഞ്ഞ് നബി(സ്വ) അദ്ദേഹത്തോട് വാഹനം കയറാന്‍ കല്‍പ്പിച്ചു.(ബുഖാരി 1/251)

മറ്റൊരാളുടെ ഉടമസഥതയിലുള്ളവ സ്വദഖചെയ്യാന്‍ പറ്റാത്തതുപോലെ നേര്‍ച്ചയാക്കലും അനുവദനീയമല്ല. കൈകാര്യ ചെയ്യാന്‍ പറ്റിയവ സ്വദഖ ചെയ്യല്‍ അനുവദനീയമായത് പോലെ അവ നേര്‍ച്ചയാക്കലും അനുവദനീയമാകുന്നതാണ്.

സാബിത്തുബ്നു ളഹ്ഹാക്കി(റ)ല്‍നിന്ന് നിവേദനം അദ്ദേഹം പറയുന്നു: നബി(സ്വ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന പ്രദേശത്ത് വെച്ച് ഒരു മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കി. അദ്ദേഹം അത് നബി(സ്വ)യോട് പറഞ്ഞപ്പോള്‍ അവിടുന്ന് അത് ജാഹിലിയ്യാകാലത്തെ വിഗ്രഹങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ വേണ്ടിയുള്ള നേര്‍ച്ചയാണോ എന്നന്വേഷിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ നേര്‍ച്ച പൂര്‍ത്തിയാക്കിവീട്ടാന്‍ അവിടുന്ന് കല്‍പ്പിച്ചു. എന്നിട്ട് നബി(സ്വ) പറഞ്ഞു: തെറ്റായ കാര്യത്തിലുള്ള നേര്‍ച്ച വീട്ടേണ്ടതില്ല. അപ്രകാരം ഉടമസ്ഥതയില്ലാത്ത നേര്‍ച്ചയും.(അബൂദാവൂദ് 2/469)

ഇപ്രകാരം ജാഹിലിയ്യാ കാലത്ത് ചെയ്തുവരുന്ന പോലെ ഒരു പ്രത്യേക സ്ഥലത്ത് വെച്ച് ദഫ് മുട്ടാന്‍ നബി(സ്വ)യോട് ഒരു സ്ത്രീ അനുവാദം ചോദിച്ചപ്പോള്‍ അത് ശിര്‍ക്കല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം നബി(സ്വ) ആ സ്ത്രീക്ക് നേര്‍ച്ച വീട്ടാന്‍ സമ്മതം നല്‍കുകയുണ്ടായി. (അബൂദാവൂദ്, മിശ്ക്കാത്ത് 298)

നല്ല ഉദ്ദേശത്തോടുകൂടി ദഫ് മുട്ടല്‍ അനുവദനീയമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അല്ലാഹുവിന്‍റെ വലിയ്യുകളെക്കുറിച്ചുള്ള സ്മരണകളടങ്ങിയ മദ്ഹുകള്‍ ചൊല്ലുമ്പോഴും മറ്റു സന്തോഷ സന്ദര്‍ഭങ്ങളിലുമൊക്കെ ദഫ് മുട്ടല്‍ നല്ലകാര്യംകൂടിയാണ്.

ജാഹിലിയ്യാ കാലത്ത് നേര്‍ച്ചയാക്കിയ കാര്യങ്ങള്‍ ഇസ്ലാമിന്‍റെ ഹുകുമുമായി ഒത്തുവന്നാല്‍ ആ നേര്‍ച്ച വീട്ടുന്നതില്‍ തെറ്റില്ല. ജാഹിലിയ്യാ കാലത്ത് ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയ വ്യക്തിയോട് നബി(സ്വ) വീട്ടാന്‍ കല്‍പ്പിച്ചിട്ടുണ്ട്. (ബുഖാരി 2/991)

ജാഹിലിയ്യാ കാലത്തെ നേര്‍ച്ച വീട്ടാതിരിക്കല്‍ തെറ്റാണ്. അല്ലാഹുവോട് ഞാന്‍ ഈ പുണ്യകര്‍മ്മം ചെയ്യുമെന്ന് ഉറപ്പിച്ചു പറഞ്ഞ ശേഷം അതില്‍നിന്നും പിന്‍മാറുന്നത് വാഗ്ദത്ത ലംഘനം കൂടിയാണല്ലോ. പില്‍ക്കാലങ്ങളില്‍ നേര്‍ച്ച പൂര്‍ത്തിയാക്കി വീട്ടാത്ത പലരും വരുമെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും ഉത്തമമായ നൂറ്റാണ്ട് എന്‍റെ നൂറ്റാണ്ടാണ്. പിന്നെ അതിനോട് അടുത്ത നൂറ്റാണ്ടും പിന്നെ അതിനോട് അടുത്ത നൂറ്റാണ്ടും. പിന്നീട് ഒരു വിഭാഗം വരും അവര്‍ നേര്‍ച്ചയാക്കും എന്നാല്‍ അത് വീട്ടുകയില്ല. അവര്‍ വഞ്ചിക്കുന്നവരും. വിശ്വസിക്കപ്പെടാത്തവരുമാണ്. അവര്‍ സാക്ഷിപറയുന്നവരും സാക്ഷി സ്വീകരിക്കപ്പെടാത്തവരുമാണ്. ഭൗതികാസക്തിയുള്ളവരാണവര്‍(ബുഖാരി 2/990)

 

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*