തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും സംശയനിഴലിൽ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ കൃത്രിമം നടന്നെന്ന അതീവ ഗൗരവമേറിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ അഖാഡി സഖ്യം.  9.54 കോടി പ്രായപൂർത്തിയായവരുള്ള മഹാരാഷ്ട്രയിൽ 9.7 കോടി ആളുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടെന്നും 2019ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഇടയിൽ 32 ലക്ഷം വോട്ടർമാർ കൂടിയപ്പോൾ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിൽ 39 ലക്ഷം വോട്ടർമാർ കൂടിയെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻ.സി.പി എം.പി സുപ്രിയ സുലെ, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവർ വാർത്താസമ്മേളനം വിളിച്ച് ആരോപിച്ചിരിക്കുന്നത്. ഡൽഹിയിലും ആം ആദ്മി പാർട്ടി സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിൽ നാലര വർഷംകൊണ്ട് അസാധാരണമാംവിധം എട്ടുലക്ഷം വോട്ടുകൾ കൂടിയെന്നാണ് ആം ആദ്മിയുടെ ആരോപണം. ഇതിൽ നാലു ലക്ഷത്തോളം വോട്ടുകൾ കൂടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലുള്ള ഏഴുമാസത്തിനിടയിലാണ്.

മഹാരാഷ്ട്രയിൽ ഇതു സംബന്ധിച്ച ആരോപണങ്ങൾ അൽപംകൂടി ഗൗരവമുള്ളതാണ്. അഞ്ചു മാസത്തിനിടയിലാണ് 39 ലക്ഷം വോട്ടർമാർ കൂടിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ കോൺഗ്രസിന് 1.36 ലക്ഷം വോട്ടുകൾ ലഭിച്ചിരുന്നു. ഇതേ മണ്ഡലത്തിൽ നിയമസഭയിൽ കോൺഗ്രസിന് 1.34 ലക്ഷം വോട്ടുകളും ലഭിച്ചു. എന്നാൽ, ഈ മണ്ഡലത്തിൽ 35,000 പുതിയ വോട്ടർമാർകൂടി ചേർക്കപ്പെടുകയും ഇവരെല്ലാം ബി.ജെ.പിക്ക് വോട്ടുചെയ്തുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മറ്റു മണ്ഡലങ്ങളിലും സമാന കണക്കുണ്ട്. ഈ വോട്ടർമാർ ആരെല്ലാമാണെന്ന് അറിയണമെങ്കിൽ, ക്രമക്കേട് നടന്നോയെന്ന് പരിശോധിക്കണമെങ്കിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടർപട്ടിക ലഭ്യമാകണം. അത് ചോദിച്ചിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ കൊടുക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങൾ യുക്തിസഹമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകുന്നതുവരെ രണ്ടു തെരഞ്ഞെടുപ്പ് ഫലങ്ങളും സംശയത്തിന്റെ നിഴലിൽ തുടരും.

മഹാ അഖാഡി സഖ്യത്തിന്റെ ആരോപണം തെരഞ്ഞെടുപ്പ് തോൽവിയുടെ നിരാശയിൽ നിന്നുണ്ടായതാണെന്ന് കരുതാനാവില്ല. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ വോട്ടർപട്ടികയിലെ അധികവോട്ടർമാരെക്കുറിച്ചുള്ള സംശയം തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സഖ്യം ഉന്നയിക്കുന്നുണ്ട്. അവസാന സമയത്ത് ചേർക്കപ്പെടുന്ന വോട്ടർമാർ അന്തിമ കണക്കുകളിൽ മാത്രമേ രേഖപ്പെടുത്തൂ എന്നായിരുന്നു വോട്ടർമാരുടെ എണ്ണം നാടകീയമായി വർധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വിശദീകരണം. എന്നാൽ, ഇത് വസ്തുതാപരമാണെന്ന് സ്ഥാപിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും  വിശ്വസനീയവുമായ മാർഗം ബൂത്തുകളിലെ വിഡിയോ ഫൂട്ടേജുകളുടെ വിശാല പരിശോധന അനുവദിക്കുക എന്നതായിരുന്നു. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ, വെബ്കാസ്റ്റിങ് ഫൂട്ടേജ്, വീഡിയോ റെക്കോഡിങ് തുടങ്ങി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അനുമതിക്ക് വിലക്കേർപ്പെടുത്താൻ ശുപാർശ ചെയ്യുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തത്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിൽ കൂടുതൽ സംശയമുണ്ടാക്കി.

1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 93ാം വകുപ്പനുസരിച്ച് ഏതു രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അനുമതിയുണ്ടായിരുന്നു. എല്ലാ രേഖകളും എന്ന വ്യവസ്ഥയ്ക്ക് പകരം ചട്ടത്തിൽ വ്യവസ്ഥ ചെയ്തതുപ്രകാരം അനുമതിയുള്ള രേഖകൾ എന്നാക്കിയുള്ള നിയന്ത്രണമാണ് കൊണ്ടുവന്നത്. നാമനിർദേശ പത്രികകൾ, ഇലക്ഷൻ ഏജന്റുമാരുടെ നിയമനം, തെരഞ്ഞെടുപ്പ് ഫലം, ഇലക്ഷൻ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നിവ മാത്രമായിരുന്നു തെരഞ്ഞെടുപ്പ് നടത്തിപ്പുചട്ടങ്ങളിൽ പറയുന്ന അനുമതിയുള്ള രേഖകൾ. തെരഞ്ഞെടുപ്പുകൾ സുതാര്യമാക്കാനുള്ള ശുപാർശകളായിരുന്നു കമ്മിഷൻ നൽകേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയ്ക്ക് വലിയ രീതിയിലുള്ള വെല്ലുവിളി നേരിടേണ്ടിവരുമ്പോൾ കൂടുതൽ സുതാര്യതയായിരുന്നു വിശ്വാസ്യത വീണ്ടെടുക്കാനുള്ള വഴി. എന്നാൽ, സ്വന്തം വിശ്വാസ്യതയെ നശിപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.

2004 ജനുവരിയിൽ വാജ്പേയി സർക്കാർ കാബിനറ്റ് സെക്രട്ടറി ടി.ആർ പ്രസാദിനെ അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി തീരുമാനിച്ചപ്പോൾ, തെരഞ്ഞെടുപ്പ് കമ്മിഷണർമാർ കൂട്ടരാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സർക്കാർ നീക്കം പിൻവലിച്ച് ടി.ആർ കൃഷ്ണമൂർത്തിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കേണ്ടിവന്നു. ആകെ അഞ്ച് അംഗങ്ങളാക്കി രണ്ട് അഡീഷണൽ കമ്മിഷണർമാരെ നിയമിക്കാനുള്ള വാജ്പേയി സർക്കാരിന്റെ നീക്കവും വിജയിച്ചില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള അധികാരങ്ങൾക്കെതിരായ നീക്കം തടയുന്നതിലും തെരഞ്ഞെടുപ്പ് കമ്മിഷൻ വിജയിച്ചു.

2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം മോദി സർക്കാർ രാജിവച്ചപ്പോൾ വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന സർക്കാറുകളുടെ സമ്മർദത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ ചെറുത്തുതോൽപ്പിച്ചതായിരുന്നു മറ്റൊന്ന്. തെരഞ്ഞെടുപ്പ് കമ്മിഷന് എക്‌സിക്യൂട്ടീവിനെ നേരിടാൻ കഴിയുമെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഇതെല്ലാം.

ഈ ഘട്ടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളാണ്  കമ്മിഷൻ ഏറ്റെടുത്തത്. ജനാധിപത്യ ഇന്ത്യയുടെ സമ്പന്ന ചരിത്രത്തിൽ, രാജ്യത്തെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും  സമ്മർദത്തിലായിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ ശക്തി പരിശോധിക്കപ്പെടുന്നത് അതിന്മേൽ രാഷ്ട്രീയ സ്വാധീനം ശക്തമാകുമ്പോഴാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ച് അടുത്തിടെ ഉയർന്നുവന്ന ചോദ്യങ്ങൾ തീർച്ചയായും ആശങ്കാജനകമാണ്. വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്നും അതിൽ തെരഞ്ഞെടുപ്പ് കമ്മിഷനും പങ്കാളിയായെന്നുമുള്ള ആരോപണം ഗൗരവമുള്ളതാണ്. തങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ച് എല്ലാ പാർട്ടികളെയും ബോധ്യപ്പെടുത്താനുള്ള മികച്ച അവസരമാണിത്. വോട്ടർപട്ടിക പരസ്യപ്പെടുത്തുകയെന്ന ലളിതമായ നടപടിയിലൂടെ ഇപ്പോഴത്തെ സംശയങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് ദൂരീകരിക്കാവുന്നതേയുള്ളൂ. തങ്ങൾ ജനാധിപത്യത്തിന്റെ കാവൽ മാലാഖയാണെന്ന് കമ്മിഷന് രാജ്യത്തെ ബോധ്യപ്പെടുത്താൻ ഇനിയും അവസരമുണ്ട്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*