എന്റെ കുടുംബം മതവിശ്വാസങ്ങളെ തൊട്ട് അകലം പാലിച്ചിരുന്നതിനാൽ
വളർന്നുവരുമ്പോൾ ഞാൻ ഒരിക്കലും മതത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഫോം പൂരിപ്പിക്കേണ്ടി വരുബോൾ മാത്രം ഞങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടായി രേഖകളിൽ മാറുമെന്നല്ലാതെ ക്രിസ്ത്യാനിറ്റിയുമായോ മറ്റു മതങ്ങളുമായോ ഞങ്ങൾക്കൊരു ബന്ധവുമില്ലായിരുന്നു. വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, നാമകരണങ്ങൾ എന്നിവയ്ക്ക് ഞങ്ങളെ ക്ഷണിച്ചാൽ ഇടക്കൊക്കെ ഞങ്ങൾ അത്തരം സംഗമങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ചർച്ചിൽ പോകാറുണ്ടായിരുന്നുവെന്നു മാത്രം.
പൊതുവേ, സന്തോഷകരമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാൽ കൗമാരപ്രായത്തിലെത്തിയപ്പോൾ ചില പ്രശ്നങ്ങളൊക്കെ എനിക്കുണ്ടായിരുന്നു. ടീനേജ് കാലത്ത് ഏതൊരാൾക്കും ഉണ്ടായേക്കാവുന്ന എടുത്തു ചാട്ടത്തിന്റെയും ചാപല്യത്തിന്റെ യും പ്രശ്നങ്ങളായിരുന്നു അതൊക്കെയും.
അങ്ങനെ പതിനെട്ടാം വയസ്സിൽ യൂണിവേഴ്സിറ്റി പഠനത്തിനായി ഞാൻ വീടുവിട്ടു. മിക്ക യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും പോലെ യൂണിവേഴ്സിറ്റി ജീവിതം ഞാൻ നന്നായി ആസ്വദിച്ചു. മതം അപ്പോഴും എന്റെ ജീവിതത്തിലെ ഒരു ഘടകമായിരുന്നില്ല.
ഇരുപതുകളുടെ തുടക്കത്തിൽ കേവലം ഭൗതികമായ ജീവിതത്തിനപ്പുറത്ത് മനുഷ്യ ജീവിതത്തിന് എന്തൊക്കെയോ അർത്ഥതലങ്ങളുണ്ടെന്നെനിക്കു തോന്നി തുടങ്ങുകയും അതേക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ട എനിക്ക് ആ ശക്തിയിലേക്കെത്താനുള്ള വഴി ഏതെന്നറിയാതെ ഞാനൊരു അജ്ഞേയവാദിയായി മാറി. ചില ഉയർന്ന ശക്തികളുണ്ടെന്ന് ഞാൻ വിശ്വസിച്ചു, നമ്മൾ മരിക്കുമ്പോൾ നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുമെന്നും ഞാൻ വിശ്വസിച്ചു, പക്ഷേ അതെന്താണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.
യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞപ്പോൾ ഞാൻ ലണ്ടനിലേക്ക് മാറി. നാല് വർഷത്തോളം അവിടെ കഴിഞ്ഞു. ഞാനും എന്റെ സുഹൃത്തുക്കളും ലണ്ടൻ ജീവിതം ശരിക്കും ആസ്വദിച്ചു. ആഴ്ചയിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും വാരാന്ത്യത്തിൽ പബ്ബുകളിലും ക്ലബ്ബുകളിലും പോയി ആർത്തുല്ലസിക്കുകയും ചെയ്തു.
അതിനിടക്ക് ഒരു ഈസ്റ്റർ സമയത്ത് ഞാനെന്റെ എ മാതാപിതാക്കളെ സന്ദർശിക്കാൻ വീട്ടിൽ പോയി . ‘ക്രിസ്തുവിന്റെ പാഷൻ’ എന്ന സിനിമ തിയേറ്ററുകളിൽ റിലീസായ സമയമായിരുന്നു അത്. ഞങ്ങൾക്ക് മതപശ്ചാത്തലമില്ലായിരുന്നുവെങ്കിലും ആ സനിമക്ക് നല്ല റിവ്യൂസുകൾ ഉണ്ടെന്നറിഞ്ഞ് ഞങ്ങളും ആ സിനിമ കാണാൻ പോയി. ക്രിസ്ത്യൻ കുട്ടികളിൽ നിന്ന് ഈസ്റ്റർ കഥകൾ ഒരുപാട് കേട്ടിരുന്നതിനാൽ ഈ സിനിമ മതപരമാണോ അല്ലയോ എന്നത് എനിക്ക് നന്നായി തിരിച്ചറിയാൻ പറ്റുമായിരുന്നു. അങ്ങനെ സിനിമ കണ്ടതിനുശേഷം ഞാനും അമ്മയും ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു: “ യേശു പ്രധാനപ്പെട്ട ആളാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അദ്ദേഹം ദൈവത്തിന്റെ മകനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ”
ഞങ്ങൾ ഇതിനെക്കുറിച്ച് ഒരുപാടു നേരം സംസാരിച്ചു.മരണശേഷം എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ഈ ജീവിതത്തിൽ നമ്മൾ ചെയ്യുന്നതെന്തും നമ്മൾ മരിക്കുമ്പോൾ എവിടെ പോകുമെന്നാണ് പ്രതിഫലിപ്പിക്കുന്നതെന്ന തിനെക്കുറിച്ചുമെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. പതുക്കെ, ജോലി ചെയ്ത് ജീവിക്കുന്നതിനപുറത്ത് കൂടുതൽ അർത്ഥവത്തായ ജീവിതമുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി.
ഈസ്റ്റർ അവധി കഴിഞ്ഞ് വീണ്ടും ലണ്ടനിലെത്തി ജോലി തുടർന്നു. എല്ലാ വാരാന്ത്യത്തിലും പാർട്ടിക്ക് പോകുകയും പിന്നീട് ആഴ്ചയിൽ അതിന് പണമില്ലാതാവുകയും ചെയ്തു. അങ്ങനെ ഞാനും സുഹൃത്തുക്കളും അവിടെ ഒരു ഓഫീസ് ജോലി ആരംഭിച്ചു, ഈ കമ്പനിക്ക് കെയ്റോയിലും ഒരു ഓഫീസ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻമാരുമായി ജോലി സംബന്ധമായ കാര്യങ്ങൾക്കു വേണ്ടിമെസഞ്ചർ” ടൈപ്പ് സിസ്റ്റത്തിൽ ഞങ്ങൾ നിരന്തരം ബന്ധപ്പെടുമായിരുന്നു .
ഈ ജോലി തുടങ്ങി മാസങ്ങൾ കഴിഞ്ഞതിനു ശേഷം ഒരു ഉപഭോക്താവുമായി എനിക്ക് ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാൻ ഞാൻ കെയ്റോയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ എന്നെ സഹായിക്കാൻ ആരെയും കിട്ടിയില്ല. ഒടുവിൽ ഒരാളെക്കിട്ടിയപ്പോൾ അയാൾ റമദാൻ വ്രതത്തിലാണെന്ന് പറഞ്ഞു.
റമദാൻ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു, അതിനാൽ ഞാൻ അയാളോട് അതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ ചോദിച്ചു. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ മുസ്ലീങ്ങൾ തിന്നുകയോ കുടിക്കുകയോ ചെയ്യാതെ നിൽക്കുന്ന ഒരു വിശിഷ്ട ആരാധനാ കർമ്മമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, മുസ്ലീങ്ങൾ ഭ്രാന്തന്മാരായിരിക്കണം എന്ന് ഞാൻ കരുതി. ഇങ്ങനെ ചിന്തിക്കുബോൾ ഇനി വരുന്ന റമദാൻ എന്റെ ആദ്യ റമളാനായിരിക്കുമെന്ന് എനിക്കറിയുക പോലുമില്ലായിരുന്നു.
വാർത്തകളിലൂടെയും മറ്റും ഞാനറിഞ്ഞ ഇസ്ലാം കുഴപ്പങ്ങൾ നിറഞ്ഞതായിരുന്നു. അതിനാൽ മുസ്ലീങ്ങളെക്കുറിച്ച് എന്റെ മനസ്സിൽ പതിഞ്ഞ സാധാരണ ചോദ്യങ്ങൾ എന്റെ മുസ്ലിം സുഹൃത്തുക്കളോട് ഞാൻ ചോദിക്കുകയും അതിന്റെ ശരിയായ ഉത്തരങ്ങൾ ഞാൻ അവരിൽ നിന്നും മനസ്സിലാക്കുകയും ചെയ്തു. കൂടാതെ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ചില പുസ്തകങ്ങൾ വായിക്കുകയും ചെയ്തു.പക്ഷേ ഈ വായനകൊണ്ടൊന്നും മതം അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഇസ്ലാമിൽ പല കാര്യങ്ങളിലും യുക്തിസഹമായ വിശദീകരണമുണ്ടെന്ന് എനിക്ക് മനസ്സിലായി. അതുപോലെ പരിശുദ്ധ ദീൻ എത്രമാത്രം പൊതു സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും എനിക്കു ബോധ്യപ്പെട്ടു. പക്ഷേ അപ്പോഴും എന്നെ ഇസ്ലാമിൽ നിന്നും പിന്തിരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഇസ്ലാമിനെക്കുറിച്ചുള്ള പഠനങ്ങൾ ഞാൻ തുടർന്നു.
പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡോക്ടർ മോറിസ് ബുക്കായി ഭ്രൂണശാസ്ത്രത്തെക്കുറിച്ച് എഴുതിയ “ഖുർആനും ആധുനിക ശാസ്ത്രവും “വുമെന്ന പുസ്തകം മുഴുവൻ അധ്യായവും വായിക്കുന്നതുവരെ ഇസ്ലാം ഒരു യഥാർത്ഥ മതമാണെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ ഈ പുസ്തകം വായിച്ചു കഴിഞ്ഞതോടെ എന്റെ ഇസ്ലാമിനേക്കുറിച്ചുള്ള എല്ലാ തെറ്റയ ധാരണകളും മാറി കിട്ടി. 1400 വർഷങ്ങൾക്കുമുമ്പ് ജനിച്ച ഒരു മനുഷ്യന് ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങള കൃത്യമായി പറയാൻ കഴിഞ്ഞെങ്കിൽ അയാൾ യതാർത്ഥ ദൈവദൂതനും ആ കാര്യം പ്രതിപാദിച്ച ഗ്രന്ഥം ദൈവീക ഗ്രന്ഥമാണെന്നും മനസ്സിലാക്കാൻ ആർക്കാണ് കഴിയാത്തത് . അങ്ങനെ ഇസ്‌ലാം പരിപൂർണ്ണമായും സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. കൂടാതെ ഞാൻ മരിച്ചതിനുശേഷം എനിക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള എന്റെ മുൻ നിഗമനങ്ങൾ മുസ്ലീം വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നതായി എന്റെ തുടർന്നുള്ള വായനകളിൽ എനിക്ക് കണ്ടെത്താനും സാധിച്ചു.
ഒടുവിൽ അധികം വൈകാതെ 2005 മെയ് മാസത്തിൽ കൈറോയിലെ ഒരു മുസ്ലീം സഹപ്രവർത്തകന്റെ സഹായത്തോടെ ശഹാദത്ത് കലിമ ചൊല്ലി ഞാൻ ഇസ്ലാം സ്വീകരിച്ചു. ഞാനെടുത്ത ഈ തീരുമാനത്തിൽ എനിക്ക് വളരെ സന്തോഷം തോന്നി. പക്ഷേ ഞാൻ ഇസ്ലാം സ്വീകരിച്ച വിവരം ആരോടും പറഞ്ഞില്ല.വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതറിയുമായിരുന്നുള്ളൂ.
നിസ്കാരമടക്കമുള്ള ആരാധനാ കർമ്മങ്ങൾ ഞാൻ ഘട്ടംഘട്ടമായി പഠിച്ചെടുത്തു. ആദ്യ റമളാൻ വ്രതവും കുറച്ചു പ്രയാസപ്പെട്ടിട്ടാണെങ്കിലും ഞാൻ പൂർത്തിയാക്കി.
ഇസ്ലാം സ്വീകരിച്ച് ഒരു വർഷത്തിനുശേഷം കെയ്റോയിലെ എന്റെ ഒരു സഹപ്രവർത്തകനെ ഞാൻ വിവാഹം കഴിച്ചു. എന്റെ മതപരിവർത്തനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.എന്നിരുന്നാലും ഞങ്ങൾ വിവാഹിതരായതുമുതൽ മതപരിവർത്തനത്തിന്റെ ഭാഗമായി എനിക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രശ്നങ്ങളിൽ നിന്നുമെന്നെ സംരക്ഷിച്ച നല്ലൊരു വ്യക്തിയാണദ്ദേഹം. കൂടാതെ അല്ലാഹുവിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ജീവിക്കാൻ ഇന്ന് എന്നെ സഹായിക്കുന്നതും എന്റെ ഭർത്താവ് തന്നെയാണ്. അദ്ദേഹവും
അദ്ദേഹത്തിന്റെ കുടുംബവും എന്നോട് കാണിക്കുന്ന സ്നേഹവും പരിഗണനയും കാണുബോൾ ഞാൻ അനുഭവിക്കുന്ന സന്തേഷം വിവരണാതീതമാണ്. ചുരുക്കത്തിൽ ,പല വിധത്തിലും അല്ലാഹു എന്നെ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇസ്ലാമിലേക്കുള്ള ഈ യാത്ര എളുപ്പമായിരുന്നില്ലെങ്കിലും 16 വർഷങ്ങൾക്കു ശേഷവും ഞാൻ ഈ മതത്തിൽ സന്തോഷവതിയും സംതൃപ്തയുമാണ്.
Be the first to comment