
കൊല്ലം: കൊട്ടിയത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ സിത്താര ജംഗ്ഷനിലുള്ള സർവീസ് റോഡിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയായിരുന്നു.
ജിഎസ്ടി റോഡിന്റെ നിർമാണം പുരോഗമിക്കവേ, ആവശ്യമായ ഓടകളുടെയും ഗട്ടറുകളുടെയും നിർമ്മാണം തക്കവിധം നടത്താത്തതാണ് വെള്ളക്കെട്ടുണ്ടാകാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. റോഡിൽ നിന്നുള്ള വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാതായതോടെ മഴ വെള്ളം ആകെ റോഡിൽ കെട്ടി കിടക്കുകയായിരുന്നു .
ഇതോടെ രൂക്ഷമായ ഗതാഗത തടസം ഉണ്ടായി ഇതേ തുടർന്ന് സ്ഥിതിഗതികൾ ഗുരുതരമായതോടെ അധികൃതർ ഇടപെട്ടു. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വെള്ളം ഒഴുക്കിയതിനുശേഷമാണ് റോഡിൽ വാഹനങ്ങൾ നീങ്ങാൻ തുടങ്ങിയതും ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചതും.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടതെന്ന വിമർശനങ്ങളും ശക്തമായിട്ടുണ്ട്. പെട്ടന്നുള്ള മഴയിൽ ഇത്തരം പ്രശ്നങ്ങൾ തുടരാനുള്ള സാധ്യത ഉയർന്ന സാഹചര്യത്തിൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.
Be the first to comment