കൂട്ടക്കുരുതി തുടരുന്ന ഇസ്‌റാഈൽ

വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയ്ക്കുമേൽ തീമഴ പെയ്യിക്കുകയാണ് ഇസ്‌റാഈൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 110 ഫലസ്തീനികളെ കൊന്നു. രണ്ട് ദിവസത്തിലധികമായി തുടരുന്ന ആക്രമണത്തിൽ 500 ഓളം പേരെ കൊലപ്പെടുത്തി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇസ്റാഈൽ ഗസ്സയിലുടനീളം ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ വിദേശ സഹായപ്രവർത്തകനും മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും. ഒരു പ്രകോപനവുമില്ലാതെയാണ് വെടിനിർത്തൽ ലംഘിച്ചുള്ള കൂട്ടക്കൊല. ആക്രമണത്തിൽ 678 പേർക്ക് പരുക്കേറ്റെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കുറിപ്പിലുണ്ട്. യഥാർഥ സംഖ്യ ഈ കണക്കുകളെക്കാൾ കൂടുതലാണ്. ഇടതടവില്ലാതെ ഇസ്‌റാഈൽ വ്യോമാക്രമണം നടക്കുമ്പോൾ കൃത്യമായ കണക്കെടുപ്പ് സാധ്യമല്ല.
സാധാരണക്കാർക്കുനേരെ മാത്രമല്ല, യു.എൻ കേന്ദ്രങ്ങൾക്കെതിരേയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ വിദേശ പൗരരുമുണ്ട്.  യു.എൻ കേന്ദ്രമാണ് എന്നറിഞ്ഞുതന്നെയാണ് ഇസ്റാഈൽ ആക്രമണം നടത്തിയത്. ഗസ്സയെ രണ്ടായി തിരിക്കുന്ന നെറ്റ്സരീം ഇടനാഴി ഇസ്റാഈൽ പിടിച്ചെടുത്തു. തങ്ങളുടെ അതിർത്തിയോടു ചേർന്ന ഗസ്സയുടെ മേഖലയിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്റാഈൽ നിർദേശം നൽകിയിട്ടുണ്ട്. ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ കഥകഴിക്കാനും വംശഹത്യ പുനരാരംഭിക്കാനും ഇസ്‌റാഈലിന് ആഴ്ചകളേ വേണ്ടിവന്നുള്ളൂ. കരാറുകൾ പാലിക്കൽ ഒരിക്കലും ഇസ്‌റാഈൽ രീതിയായിരുന്നില്ല.
 പരമാവധി സാധാരണക്കാരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ചൊവ്വാഴ്ച പുലർച്ചെ ഫലസ്തീനികൾ അത്താഴം കഴിക്കാൻ ഒരുമിച്ചുകൂടുന്ന സമയം കണക്കാക്കിയാണ് ഇസ്‌റാഈൽ ആക്രമണം ആരംഭിച്ചത്. 100 വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം നടന്ന ആക്രമണങ്ങൾ അവരുടെ ലക്ഷ്യം നേടി. ഗസ്സയ്ക്കെതിരായ 15 മാസത്തെ യുദ്ധത്തിനിടെ ഇസ്‌റാഈൽ സൈന്യം നടത്തിയ ഏറ്റവും ക്രൂര കശാപ്പുകളിലൊന്നായി ഇത് മാറി.
ഇസ്‌റാഈലി ആക്രമണങ്ങൾ ദുരന്തത്തിന് മുകളിൽ ദുരന്തം കൂട്ടിച്ചേർക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക്ക് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പല ലോകരാഷ്ട്രങ്ങളും ആക്രമണത്തെ അപലപിച്ചെങ്കിലും ഈ കൂട്ടക്കൊലയ്ക്ക് ആയുധം നൽകുന്ന അമേരിക്ക നിശബ്ദമാണ്. ജോ ബൈഡൻ ഭരണകൂടത്തിലും ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിലും വംശഹത്യയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇൗ രാജ്യത്തിന്റെ നിലപാട് അപ്രതീക്ഷിതമല്ല. 
വെടിനിർത്തൽ നിലവിൽ വന്നപ്പോൾതന്നെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 48,577 ആയിരുന്നു. ഈ കണക്കിൽപ്പെടാത്ത അനവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുകിടക്കുന്നതിനാൽ ഫെബ്രുവരിയിൽ, ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് മരണസംഖ്യ ഏകദേശം 62,000 ആയി രേഖപ്പെടുത്തി. അതിന് മുകളിലാണ് ഇപ്പോൾ ആളുകളെ വീണ്ടും കൊന്നൊടുക്കുന്നത്. ഗസ്സ മുനമ്പിൽ വീണ്ടും ക്രൂരമായ ദുരന്തം അരങ്ങേറുമ്പോൾ ഇത് അവസാനിപ്പിക്കാൻ അന്താരാഷ്ട്രതലത്തിൽ വിസമ്മതിക്കുന്നതുതന്നെ ക്രൂരതയാണ്.
ഹമാസ് ഇപ്പോഴും ഒപ്പിടുന്ന കരാറുകളിൽ ഉറച്ചുനിൽക്കുന്ന സായുധ സംഘമാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കരാർ പലതവണ ലംഘിച്ച്, അച്ചടക്കമില്ലാത്ത ഭീകരരെപ്പോലെ പ്രവർത്തിക്കുന്നത് ഇസ്‌റാഈലാണ്. ചൊവ്വാഴ്ചത്തെ ആക്രമണത്തിനുമുമ്പുതന്നെ, വെടിനിർത്തൽ സമയത്ത് ഇസ്‌റാഈൽ ഗസ്സയിൽ 150 ലധികം ഫലസ്തീനികളെ കൊന്നൊടുക്കിയിരുന്നു. കരാറിൽ നിർദേശിച്ചിരിക്കുന്നതുപോലെ ഒന്നാം ഘട്ടത്തിന്റെ 16ാം ദിവസം രണ്ടാംഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിൽ ഇസ്‌റാഈൽ വീഴ്ചവരുത്തി. ഫിലാഡൽഫി ഇടനാഴിയിൽനിന്ന് പിന്മാറണമെന്ന കരാർ പാലിക്കാൻ ഇസ്‌റാഈൽ തയാറായില്ല. ഫലസ്തീൻ തടവുകാരുടെ മോചനം ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചു.
 അഴിമതിക്കേസുകൾ നേരിടുന്ന ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാഷ്ട്രീയഭാവി സുരക്ഷിതമാക്കാനാണ് ഈ ആക്രമണം നടത്തുന്നത്. ചൊവ്വാഴ്ചത്തെ ബോംബാക്രമണം ഒരു പ്രധാന ബജറ്റ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വരുന്നതും യാദൃച്ഛികമല്ല. തീവ്ര ഓർത്തഡോക്‌സ് നിയമസഭാംഗങ്ങൾ അവരുടെ സമൂഹത്തെ നിർബന്ധിത സേവനത്തിൽനിന്ന് ഒഴിവാക്കുന്ന നിയമം പാസാക്കിയില്ലെങ്കിൽ സർക്കാരിനെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മുൻ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ അന്ത്യശാസനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിലേക്ക് നയിച്ച പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷൻ വേണമെന്ന പൊതുജനങ്ങളുടെ വർധിച്ചുവരുന്ന ആഹ്വാനം വേറെയുമുണ്ട്. അതിനിടയിൽ ഫലസ്തീനി കുഞ്ഞുങ്ങളുടെ ചോരകൊണ്ട് രാഷ്ട്രീയഭാവി സുരക്ഷിതമാക്കാൻ നോക്കുകയാണ് നെതന്യാഹു. 
മാർച്ച് ഒന്നിന് ആരംഭിക്കേണ്ടിയിരുന്നതും ഇസ്‌റാഈലി സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതുമായ വെടിനിർത്തലിന്റെ രണ്ടാംഘട്ടത്തെ ബഹുമാനിക്കാൻ നെതന്യാഹു ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. കരാറിനെ തകർക്കാൻ മാനുഷികസഹായം തടഞ്ഞു. ജല, വൈദ്യുതി വിതരണങ്ങൾ വിച്ഛേദിച്ചു. രണ്ടാംഘട്ടം നടപ്പാക്കൽ വൈകിപ്പിച്ചു. ചർച്ചകൾ തടസപ്പെടുത്തി. മറ്റു മാർഗങ്ങളിലൂടെ യുദ്ധം നടത്തി. ഈ പ്രകോപനങ്ങൾ പരാജയപ്പെട്ടപ്പോൾ ഹമാസ് ഏകപക്ഷീയമായി കൂടുതൽ ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിർത്തൽ കാലാവധി നീട്ടണമെന്നും നിർബന്ധിച്ചു.
മേഖലയിലെ സമാധാനം നെതന്യാഹു ആഗ്രഹിക്കുന്നില്ല. ഇപ്പോഴും 59 ഇസ്‌റാഈലി തടവുകാർ ഹമാസിന്റെ കൈയിലുണ്ട്. അവരുടെ ജീവൻകൂടിയാണ് നെതന്യാഹു അപകടത്തിലാക്കിയിരിക്കുന്നത്. നെതന്യാഹു ഇസ്‌റാഈലിനും ഗസ്സയിലെ കുട്ടികൾക്കും ലോകത്തിനും ഒരുപോലെ അപകടമാണ്. ഇസ്‌റാഈലി ആക്രമണങ്ങളിൽ പങ്കാളിയാണെന്ന് അഭിമാനത്തോടെ സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിന്റെ ഗസ്സ കുടിയൊഴിപ്പിക്കൽ അസംബന്ധ പദ്ധതി ഇപ്പോൾ എവിടെയും കാണാനോ കേൾക്കാനോ ഇല്ല. എങ്കിലും ട്രംപിന്റെ ഒളിഞ്ഞിരിക്കുന്ന പദ്ധതികളെ കാണാതിരിക്കുന്നത് നിഷ്‌കളങ്കമായിരിക്കും. ചില മുൻ യു.എസ് പ്രസിഡന്റുമാരെപ്പോലെ, ചരിത്രത്തെക്കുറിച്ച് അജ്ഞതയോടെ, സാമ്രാജ്യത്വ ഇച്ഛാശക്തിയുടെ പ്രവൃത്തിയിലൂടെ പശ്ചിമേഷ്യയെ പുനർനിർമിക്കാൻ കഴിയുമെന്ന് ട്രംപ് വിശ്വസിക്കുന്നു. ട്രംപിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതിയും നെതന്യാഹുവിന്റെ ഫലസ്തീനികളെ ഇല്ലാതാക്കിയുള്ള ശാശ്വതസുരക്ഷാ സിദ്ധാന്തവും കൂട്ടിമുട്ടുന്ന സ്ഥലമാണ് ഫലസ്തീൻ. ഈ ഭ്രാന്ത് അവസാനിപ്പിക്കാനും ഇസ്‌റാഈലിനെ നിലക്കുനിർത്താനും അന്താരാഷ്ട്രസമൂഹം മുന്നിട്ടിറങ്ങിയേ മതിയാവൂ.

About Ahlussunna Online 1402 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*