ഉമ്മുഐമന്‍: ചരിത്രത്തിലെ അതുല്ല്യ സാനിധ്യം.

എം.ഇര്‍ശാദ് വേങ്ങര

ഇസ്ലാമിക ചരിത്രവായനയിലെ സുപരിചിതയാണ് ഉമ്മുഐമന്‍ (റ).മഹതി സ്വഹാബി വനിതകളുടെ കൂട്ടത്തില്‍ അതുല്ല്യവ്യക്തിത്വം എന്ന് വിശേഷണത്തിന് എന്ത് കൊണ്ടും അര്‍ഹയാണ് .ഇസ്ലാമിക വഴിയില്‍ അര്‍പ്പണബോധത്തോടെ ജീവിച്ചതും പ്രാവാചകനോടുള്ള അതിരറ്റ സ്നേഹവുമാണ് ഉമ്മുഐമന്‍ (റ) യെ ചരിത്രത്തിലെ മഹോന്നതയാക്കിയത്.’ഉമ്മുഐമന്‍’എന്ന പേരിലാണ് പ്രസിദ്ധയെങ്കിലും മഹതിയുടെ യഥാര്‍ത്ഥ നാമം ബറക്ക ബിന്‍ത്ത് സഅലബ എന്നാണ്.
പ്രവാചകന്‍ കുട്ടികാലത്ത് അനാഥത്ത്വത്തിന്‍റെ വിഷമതകള്‍ അഭിമുഖീകരിച്ചെങ്കിലും മാതൃതുല്യ വാത്സല്യത്തിലൂടെ അവകളെ പരിഹരിച്ച് ഉമ്മയുടെ സ്ഥാനത്ത് ഉമ്മുഐമന്‍ (റ) നിലകൊണ്ടു.അതിനാല്‍ പലപ്പോഴും സംസാരത്തിനിടയില്‍ ഉമ്മ എന്നായിരുന്നു പ്രവാചകന്‍ ഉമ്മുഐമന്‍ (റ) യെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്.

അബ്സീനിയയാണ് മഹതിയുടെ ജന്മദേശം.ഒരുപാട് കാലം പ്രവാചകന്‍റെ പിതാവ് അബ്ദുല്ലയുടെ അടിമ സ്ത്രീയായി സേവനം ചെയ്തു.അഞ്ച് വയസ്സ് വരെ പ്രവാചകന്‍ (സ്വ) ബനു സഅദ് ഗോത്രത്തിലെ ഹലീമ സഅദീയയുടെ പരിചരണത്തിലായിരുന്നു വളര്‍ന്നത്.പിന്നീട് പ്രവാചകനെ മാതാവിന്‍റെയടുക്കലേക്ക് തിരികെകൊണ്ടുവന്നു.ആറ് വയസ്സ് തികഞ്ഞപ്പോള്‍ ആമിനാ ബീവി പ്രവാചകനെയും കൂട്ടി അബ്ദുല്‍ മുത്തലിബിന്‍റെ അടുക്കലേക്ക് യാത്ര തിരിച്ചു.അടിമ സ്ത്രീ ബറക്ക ബിന്‍ത്ത് സഅലബയും അവരോടൊപ്പം ഉണ്ടായിരുന്നു.എന്നാല്‍ യാത്ര അബവയിലെത്തിപ്പോള്‍ ആമിന ബീവി വഫാത്തായി.മാതാവിന്‍റെ വിയോഗത്തില്‍ ദുഃഖിതനായ പ്രവാചകന്‍ (സ്വ) യെ ബറക്ക സമാശ്വസിപ്പിച്ചു.

പ്രവാചകന്‍ (സ്വ) വളര്‍ന്ന് വലുതായപ്പോള്‍ ബറക്കയെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു.ഖസ്റജ് ഗോത്രക്കാരനായ ഉബൈദ് ബിന്‍ സൈദിനെ അവള്‍ വിവാഹം ചെയ്തു.ബറക്ക (റ) ഇസ്ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തു. ഉബൈദ് ഇസ്ലാമിനെ പുല്‍കാന്‍ ഒരുക്കമല്ലായിരുന്നു.അവസാനം അവര്‍ തമ്മില്‍ വേര്‍പിരിച്ചിലില്‍ കലാശിച്ചു.ആ ദാമ്പത്യത്തില്‍ പിറന്ന കുട്ടിയാണ് ഐമന്‍.അവന്‍റെ നാമത്തിലൂടെയാണ് ബറക്ക(റ) പിന്നീട് അറിയപ്പെട്ടത്.ഐമന്‍ (റ) പ്രവാചകന്‍റെ സന്തതസഹാചാരിയായി മാറി.നിഴല്‍ പോലെ അദ്ധേഹം പ്രവാചകന്‍റെ കൂടെ നിന്നു.

ഉമ്മുഐമന്‍ (റ) പിന്നീട് സൈദ് ബിന്‍ ഹാരിസ(റ) യെ വിവാഹം ചെയ്തു.അദ്ധേഹം മുസ്ലിം സൈന്യത്തിന്‍റെ നായകനായിരുന്നു.ഇസ്ലാമികസംരക്ഷണത്തില്‍ പ്രതിജ്ഞാബന്ധമായിരുന്നു അദ്ധേഹം.മുഅ്ത്ത യുദ്ധത്തില്‍ സൈദ് ബിന്‍ ഹാരിസ(റ)രക്തസാക്ഷിത്വം വരിച്ചു.ആ ദാമ്പത്ത്യത്തിലാണ് മഹാനായ ഉസാമ(റ) ജനിക്കുന്നത്.പിതാവിനെ പോലെ മുസ്ലിം സൈന്യത്തിന്‍റെ സേനാധിപനായി പിന്നിട് അദ്ധേഹം അവരോധിക്കപ്പെട്ടു.

പ്രവാചകജീവിതത്തിന്‍റെ നിഖില മേഖലകളില്‍ ഉമ്മുഐമന്‍ (റ) ഇടപെട്ടിരുന്നു.പ്രിയപത്നി ഖദീജബീവി മരണപ്പെട്ടപ്പോള്‍ കുളിപ്പിക്കുകയും കഫന്‍ചെയ്യുകയും ചെയ്തത് ഉമ്മുഐമന്‍ (റ)ആയിരുന്നു. മാത്രമല്ല,പ്രവാചകപുത്രി സൈനബ ബീവി മരണപ്പെട്ടപ്പോഴും മരണനാന്തരകര്‍മങ്ങള്‍ക്ക് ഉമ്മുഐമന്‍(റ) നേതൃത്വം നല്‍കി.
ഉമ്മുഐമന്‍ (റ) യെ സന്ദര്‍ശിക്കുന്ന പതിവ് റസൂല്‍(സ്വ) ക്കുണ്ടായിരുന്നു.പ്രവാചകന്‍ വരുന്ന ദിവസങ്ങളില്‍ നല്ല ഭക്ഷണങ്ങളൊരുക്കി ഉമ്മുഐമന്‍ (റ) അതിത്ഥിയെ സല്‍ക്കരിക്കും.ഭക്ഷണം നോമ്പെടുത്തതിനാലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ കഴിക്കാതിരുന്നാല്‍ ഉമ്മുഐമന്‍ (റ) സ്നേഹം കലര്‍ന്ന ഭാഷയില്‍ ദേഷ്യത്തോടെ കാരണങ്ങള്‍ ആരായുമായിരുന്നു.മഹതിയുടെ ചോദ്യത്തിന് മുമ്പില്‍ പ്രവാചകന്‍ (സ്വ) ചിരിയിലൂടെ മറുപടി നല്‍കും.

മകനായ ഉസാമ(റ)യുടെ രൂപം ഉമ്മുഐമന്‍ (റ) നോടാണ് സാദൃശ്യതയുണ്ടായിരുന്നത്.നാട്ടിലെ ചിലര്‍ ഇത് ഉപയോഗിച്ച് ഉമ്മുഐമന്‍ (റ)ക്കെതിരെ ആരോപണം ഉന്നയിച്ച് മാനസികമായി തളര്‍ത്തി.അവരുടെ കുപ്രചരണങ്ങള്‍ പ്രവാചകന്‍റെ മനസ്സിനെയും കുത്തിനോവിച്ചു.ആഇശ (റ) പറയുന്നു: ഒരിക്കല്‍ പ്രവാചകന്‍ (സ്വ) പുഞ്ചിരിക്കുന്ന മുഖവുമായി വീട്ടിലേക്ക് പ്രവേശിച്ചു. ഈ അസാധാരണസന്തോഷത്തിന്‍റെ കാരണങ്ങള്‍ ഞാന്‍ ചോദിച്ചു. പ്രവാചകന്‍( സ്വ) മറുപടി പറഞ്ഞു:’ അതെ! അസാധാരണ സംഭവം ഉണ്ടായിരിക്കുന്നു.സൈദ് ബിന്‍ ഹാരിസയും മകന്‍ ഉസാമ ബിന്‍ സൈദും മുഖം മറച്ച് കിടന്നുറങ്ങുയായിരുന്നു.അവരുടെ കാല്‍പാദങ്ങള്‍ പുതപ്പിനടിയിലൂടെ പുറത്തേക്ക് വെളിവായി.അവരുടെ അരികിലൂടെ മുഖലക്ഷണത്തില്‍ വിദഗ്ദനായ മജ്സാസ് കടന്നു പോയി.കിടന്നുറങ്ങുന്ന അവരെ കണ്ടിട്ട് അദ്ധേഹം പറഞ്ഞു: ‘ കാലിന്‍റെ ആകൃതി കണ്ടിട്ട് പിതാവും മകനുമാണ് ഈ കിടന്നുറങ്ങുന്നതെന്ന് മനസ്സിലാവുന്നു.’ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു.

പല അത്ഭുതസംഭവങ്ങളും ഉമ്മുഐമന്‍ (റ) യുടെ ജീവിതത്തില്‍ അരങ്ങേറിയിട്ടുണ്ട്.മദീനയിലേക്കുള്ള പലായന വേളയില്‍ കഠിനവിശപ്പ് കാരണം മരണത്തെ മുഖാമുഖം കണ്ട നിമിഷം.

ഊഷരമരഭൂമിയില്‍ ദാഹജലത്തിന്‍റെ യാതൊരുവിധ അടയാളങ്ങളും കണാനില്ല.പെട്ടൊന്ന് ഒരു തൂവെള്ള കയറില്‍ബന്ധിച്ച നിലയില്‍ വെള്ളം നിറച്ച കോപ്പ ആകാശത്ത് നിന്നും ഉമ്മുഐമന്‍ (റ) നേരെ ഇറങ്ങി വരുന്നു.മുഖത്തിനടുത്തത്തെയപ്പോള്‍ ആ പാത്രം നിന്നു.മഹതി മതിവരുവോളം അതില്‍ നിന്നും വെള്ളം കുടിച്ച് ദാഹവും വിശപ്പും അകറ്റി.ഈ സ്വര്‍ഗ്ഗീയ വെള്ളം കുടിച്ചതിന് ശേഷം ഉമ്മുഐമന്‍ (റ) ക്ക് ചൂട് കഠിനമായ ദിവസങ്ങളില്‍ നോമ്പനുഷ്ടിച്ചാല്‍ പോലും ദാഹം അനുഭവപ്പെട്ടിരുന്നില്ല.

നിരവധിയുദ്ധങ്ങളില്‍ സജീവയായി ഉമ്മുഐമന്‍ (റ) പങ്കെടുത്തു.ചില സന്ദര്‍ഭങ്ങളില്‍ അടര്‍കളത്തിലിറങ്ങി പട വെട്ടിയും മറ്റു നേരങ്ങളില്‍ പടയാളികള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയും മഹതി ദൗത്യം നിര്‍വഹിച്ച് കൊണ്ടിരുന്നു.ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിലും ദാഹിച്ചവര്‍ക്ക് വെള്ളമെത്തിച്ച് കൊടുക്കുന്നതിലുമായിരുന്നു ഉമ്മുഐമന്‍ (റ) വ്യാപൃതയായിരുന്നത്.എന്നാല്‍ ഖൈബര്‍ യുദ്ധത്തില്‍ ശത്രുക്കള്‍ക്കെതിരെ പടപൊരുതിയ ഇരുപത് സ്ത്രീയോദ്ധാക്കളില്‍ ഒരുവളായിരുന്നു ഉമ്മുഐമന്‍ (റ).കുതിരയുടെ രോഗം കാരണത്താല്‍ ഖൈബറില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മകനെ ഭീരുവെന്നാണ് മഹതി വിളിച്ചത്.പക്ഷെ ഹുനൈന്‍ യുദ്ധത്തില്‍ ഐമന്‍(റ) ധീരരക്തസാക്ഷിത്വം വരിച്ചു.സ്വന്തം മകന്‍ വഫാത്തായെങ്കിലും ഉമ്മുഐമന്‍ (റ) പുത്രവിയോഗം ക്ഷമയോടെ സഹിച്ച് മാതൃക കാണിച്ചു.

മുഅ്ത യുദ്ധത്തില്‍ ഉമ്മുഐമന്‍ (റ) ന്‍റെ ഭര്‍ത്താവ് സൈദ് ബിന്‍ ഹാരിസ (റ) മുസ്ലിം സൈന്യത്തിന്‍റെ നായകനായി നിയോഗിക്കപ്പെട്ടു.പ്രവാചകന്‍ (സ്വ) പറഞ്ഞു: ‘ യുദ്ധത്തില്‍ സൈദ് ബിന്‍ ഹാരിസ കൊല്ലപ്പെടുകയാണെങ്കില്‍ ജഅ്ഫറ് ബിന്‍ അബീത്വാലിബായിരിക്കും സൈന്യാധിപന്‍.അദ്ധേഹവും വധിക്കപ്പെടുകയാണെങ്കില്‍ അബ്ദുല്ല ബ്നു റവാഹയായിരിക്കും ആ സ്ഥാനത്ത്.അദ്ധേഹവും വധിക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അനുയോജ്യനായവനെ തിരഞ്ഞെടുക്കണം’
നബിയുടെ പ്രവചനം പോലെ അവര്‍ ഓരോരുത്തരായി ശത്രുക്കളുടെ വാളിന് ഇരകളായി.ഭര്‍ത്താവിന്‍റെ നഷ്ടം വലിയ സഹനശക്തിയോടെ ഉമ്മുഐമന്‍ (റ) തരണം ചെയ്തു. മാത്രമല്ല,പുത്രന്‍ ഉസാമയോടും പിതാവിന്‍റെ വിയോഗത്തില്‍ ക്ഷമ കൈകൊള്ളാന്‍ ഉപദേശിക്കുകയും ചെയ്തു.

സ്വദേശം അബ്സീനിയയാതിനാല്‍ ഉമ്മുഐമന്‍ (റ)ന്‍റെ സംസാരത്തില്‍ എത്യോപ്യന്‍ ശൈലി കടന്നുവന്നിരുന്നു.അതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ അറബിയിലെ ഉച്ചാരണവാക്യങ്ങള്‍ മൊഴിയുന്നതില്‍ ഉമ്മുഐമന്‍ (റ) പ്രയാസപ്പെട്ടു.ഉച്ചാരണത്തില്‍ എന്തെങ്കിലും പിശക് സംഭവിക്കുമ്പോള്‍ പ്രവാചകന്‍ (സ്വ) തിരുത്തികൊടുക്കുമായിരുന്നു. ഉമ്മുഐമന്‍ (റ)ക്ക് ശരിയാം വിധത്തില്‍ സലാം ചൊല്ലാന്‍ സാധിച്ചിരുന്നില്ല.മഹതിയോട് ‘ സലാം’ എന്ന് മാത്രം മൊഴിയാന്‍ പ്രവാചകന്‍ (സ്വ) ഉപദേശിച്ചു.ചില പ്രാര്‍ത്ഥനവചനങ്ങളിലും ഉച്ചാരണപിഴവുകള്‍ സംഭവിച്ചപ്പോള്‍ മൗനം ദീക്ഷിക്കാനാണ് പ്രവാചകന്‍(സ്വ) ആവശ്യപ്പെട്ടത്.
എപ്പോഴും സത്യത്തിന്‍റെ പക്ഷത്തായിരുന്നു ഉമ്മുഐമന്‍ (റ) നിലനിന്നത്.

ബനൂ മുസ്തലഖ് യുദ്ധം കഴിഞ്ഞ് മടങ്ങിവന്ന അവസരത്തില്‍ ആഇശ(റ) യെപറ്റി ചിലര്‍ അപവാദപ്രചരണം നടത്തി.എന്നാല്‍ ഈ അപവാദം അടിസ്ഥാനരഹിതവും ആഇശബീവി നിഷ്കളങ്കയുമാണെന്ന് ഉമ്മുഐമന്‍ (റ) അസനിഗ്ദമായി പറഞ്ഞു. ഉമ്മുഐമന്‍ (റ) ന്‍റെ ഈ ധീരമായ നിലപാട് ആഇശബീവിയെ സന്തോഷവതിയാക്കി.ആഇശ ബീവിയുടെ മനസ്സില്‍ ഉമ്മുഐമന്‍ (റ) ന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

പ്രവാചകന്‍റെ അവസാനനാളുകളില്‍, ഫലസ്തീനിലെ റോമന്‍ ആധിപത്യം തകര്‍ക്കാന്‍ ഉസാമ ബിന്‍ സൈദ്(റ) ന്‍റെ നേതൃത്വത്തില്‍ സൈന്യത്തെ ഒരുക്കി.പ്രവാചകജീവിതത്തിലെ അവസാന സൈനികനീക്കമായിരുന്നു അത്.അബൂബക്കര്‍(റ),ഉമര്‍(റ) തുടങ്ങിയവര്‍ സൈനികരുടെ കൂട്ടത്തിലുണ്ടായിരുന്നു.ചിലര്‍ ഉസാമ(റ)ന്‍റെ നിയമനത്തില്‍ അതൃപ്തി പ്രകടപ്പിച്ചെങ്കിലും പ്രവാചകന്‍ (സ്വ)യുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.അദ്ധേഹത്തോട് അല്ലാഹുവിന്‍റെ നാമത്തില്‍ സൈനിക നടപടി ആരംഭിക്കാന്‍ പ്രവാചകന്‍ (സ്വ) നിര്‍ദേശിച്ചു.

അവരുടെ യാത്ര മദീനക്കടുത്ത ജര്‍ഫിലെത്തിയപ്പോള്‍ ഉമ്മുഐമന്‍ (റ) ഒരു ദൂതനെ പറഞ്ഞയച്ച് പ്രവാചകന്‍ (റ)യുടെ രോഗം ഗുരുതരമാണെന്ന് അറിയിച്ചു.സൈന്യം യാത്ര നിര്‍ത്തുകയും ജര്‍ഫില്‍ തമ്പടിക്കുകയും ചെയ്തു. ഉസാമ (റ) മദീനയിലേക്ക് തിരിച്ച് വന്നപ്പോഴേക്കും പ്രവാചകന്‍ (സ്വ) ഇഹലോകവാസം വെടിഞ്ഞിരുന്നു.ഉമ്മുഐമന്‍ (റ) പ്രവാചകന്‍റെ വഫാത്ത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.സങ്കടം കണ്‍തടങ്ങളിലൂടെ കണ്ണ് നീരായി ഒലിച്ചിറങ്ങി.അവിടെ കൂടിയവര്‍ക്കെല്ലാം ഉമ്മുഐമന്‍ (റ)യെ ആശ്ചര്യത്തോടെ നോക്കി.ഭര്‍ത്താവും പുത്രനും യുദ്ധത്തില്‍ ശഹീദായപ്പോള്‍ സഹനപൂര്‍വ്വം വേദനകടിച്ചമര്‍ത്തിയ ഉമ്മുഐമന്‍ (റ) വിങ്ങിപൊട്ടുന്നത് അവര്‍ക്ക് അത്ഭുതമായിരുന്നു.പ്രവാചകസ്നേഹത്തിന്‍റെ അനിര്‍വചനീയപ്രകടനമായിരുന്നു അത്.

പ്രവാചകവിയോഗത്തിന് കുറച്ച് നാളുകള്‍ക്ക് ശേഷം അബൂബക്കര്‍(റ),ഉമര്‍(റ) എന്നിവര്‍ ഉമ്മുഐമന്‍ (റ) യെ സന്ദര്‍ശിക്കാന്‍ ചെന്നു.പ്രവാചകനെയോര്‍ത്ത് വിതുമ്പുകയായിരുന്നു ഉമ്മുഐമന്‍ (റ).അവര്‍ ചോദിച്ചു: ‘ എന്തിനാണ് നിങ്ങള്‍ കരയുന്നത് ?.അല്ലാഹുവിന്‍റെ കൂടെ ഏറ്റവും അനുഗ്രഹീതമായസ്ഥാനത്തല്ലേ പ്രവാചകന്‍ (സ്വ) ഇപ്പോഴുള്ളത്.’മഹതി പറഞ്ഞു :’ അതെ എനിക്കറിയാം.പക്ഷെ പ്രവാചകന്‍റെ വിടവാങ്ങലോട് കൂടെ വഹ് യും നിലച്ചില്ലേ.അതോര്‍ത്തിട്ടാണ് ഞാന്‍ കരയുന്നത്.’ഉമ്മുഐമന്‍ (റ)യുടെ മറുപടി കേട്ട് അവരും കരയാന്‍ തുടങ്ങി.
പ്രവാചകന്‍ (സ്വ) യുടെ വഫാത്തിന്‍റെ ആറ് മാസങ്ങള്‍ക്ക് ശേഷം ഉമ്മുഐമന്‍ (റ)യും ലോകത്തോട് വിടപറഞ്ഞു.ഉമ്മുഐമന്‍ (റ) ജീവിതത്തില്‍ അനുകരണീയ മാതൃകകള്‍ നിരവധിയുണ്ട്.പ്രവാചകസ്നേഹത്തിന്‍റെ പ്രതീകവും സഹനത്തിന്‍റെ സ്വരൂപവുമായി മഹതി ജീവിതത്തില്‍ തിളങ്ങി നിന്നു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*