പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷത്തിന്‍റെയും കുതിരക്കച്ചവടത്തിന്‍റെയും ബലത്തില്‍ നാനാ വര്‍ണ്ണങ്ങളുള്ള ഒരു ദേശത്തെ കാവിച്ചായത്തില്‍ മുക്കിക്കൊല്ലാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.അവര്‍ ഇച്ഛിക്കുന്ന ഒരു ഇന്ത്യയുണ്ട്.അതിനു വേണ്ടി ഏതുവിലകുറഞ്ഞ നീച കൃത്യവും ചെയ്യാന്‍ അവര്‍ ഒരുക്കമാണ്.ഘര്‍വാപസിയില്‍ ആരംഭിച്ച് ഗോമാതാവിനുള്ള ആള്‍ക്കൂട്ട കൊലകളിലൂടെ ജയ്ശ്രീറാം വിളിക്കാത്തവരെ കത്തിച്ചു കൊല്ലുന്നത് വരെ എത്തി നില്‍ക്കുന്നു അഛാദിന്‍റെ ഉപജ്ഞാതാക്കളുടെ പേക്കൂത്തുകള്‍.ഇത്തരം ഹൃദയം നുറുങ്ങുന്ന വാര്‍ത്തകള്‍ കേട്ട് ഭാരതീയര്‍ തരിച്ച് നില്‍ക്കുമ്പോഴാണ് മറ്റൊരു ഭാഗത്ത് മൗലികാവകാശത്തിന്‍റെ പച്ചയായ ലംഘനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.വ്യാപകമായി ചൂഷണം ചെയ്യപ്പെടാവുന്ന യു എ പി എ യും മുസ്ലിം സ്ത്രീകള്‍ക്കായി മുതലക്കണ്ണീരൊഴുക്കി മുത്വലാഖും പൗരന്‍റെ പഞ്ചേന്ദ്രിയങ്ങളെ താഴിട്ടുപൂട്ടുന്ന വിവരാവകാശ നിയമ ഭേദഗതിയും ഇരുസഭകളിലും പ്രതിപക്ഷ ഭിന്നിപ്പിലൂടെ പാസ്സാക്കിയെടുത്ത ബി ജെ പി സര്‍ക്കാര്‍ ഏകസിവില്‍ കോഡിന്‍റെ അടിത്തറ സുശക്തമാക്കിത്തീര്‍ത്തിരിക്കുന്നു.
കഴിഞ്ഞ തവണ ഓരോ ബില്ലും ലോക്സഭ പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭ കടന്നിരുന്നില്ല പക്ഷെ ഇത്തവണ വോട്ടെടുപ്പില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നടക്കമുണ്ടായ അപ്രതീക്ഷിത ചുവടു മാറ്റം ഞെട്ടലോടെയാണ് മതേതര ഇന്ത്യ കണ്ടത്.പലരും സഭയില്‍ പലരും പങ്കെടുത്തില്ല.മറ്റു ചിലര്‍ വോട്ടു ചെയ്യാതെ ഇറങ്ങിപ്പോയി.അവസരം മുതലെടുത്ത ബി ജെ പി എളുപ്പത്തില്‍ ബില്ലുകള്‍ പാസ്സാക്കിയെടുത്തു.മതേതര ജനാധിപത്യ ഇന്ത്യയുടെ മുഖഛായക്ക് മങ്ങലേല്‍പ്പിച്ച പ്രസ്തുത ബില്ലുകള്‍ നിയമമാകുന്നതോടെ വരും ദിനങ്ങള്‍ കരി ദിനങ്ങളായി മാറിയേക്കാം. മുഖ്യമായും ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ് ലിംകളെ ലാക്കാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്‍റെ നീചമായ നീക്കങ്ങള്‍ ലോക തലത്തില്‍ ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതാണ്.
സഭയിലെ ഭൂരിപക്ഷ ബലത്തില്‍ ഇനി ഞങ്ങള്‍ക്കെന്തുമാകാമെന്ന ഭരണകൂട ഭാവത്തെ പിടിച്ചുകെട്ടല്‍ ഓരോ പൗരന്‍റെയും ബാധ്യതയാണ്.കത്വ, ഉന്നാവോ എന്നീ സ്ത്രീ സുരക്ഷക്ക് ഭീഷണിയായ സംഭവങ്ങളിലും ബാബരി കേസ് വാദങ്ങളിലും ഇതര സ്ഫോടനക്കേസുകളിലും അധികാര ദണ്ഡുപയോഗിച്ചുള്ള ഭരണകൂട വിളയാട്ടം നാം കണ്ടതാണ്.ഈ മാനസിക ബലം തന്നെയാണ് തുടര്‍ച്ചയായുള്ള ഭരണഘടനാ ലംഘനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കുന്നതും.ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെയും കിരാതമായ ന്യൂനപക്ഷ വേട്ടക്കെതിരെയും നിയമം കൊണ്ടുവരുന്നതിന് പകരം ജനാധിപത്യത്തിന്‍റെ കിളിവാതിലുകള്‍ ഓരോന്നായി ബി ജെ പി കൊട്ടിയടക്കുന്നത് കൊണ്ടാണ് പരമോന്നത സ്ഥാനത്തുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘രജ്ഞന്‍ ഗൊഗോയ്’ പോലും ‘ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്’ എന്ന് ചോദിച്ച് പോയത്.
Be the first to comment