അബൂസഈദ് ഹസനുബ്നു അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതന്‍ ബസ്വറ സ്വദേശി.വിജ്ഞാനം,സൂക്ഷ്മത,ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യന്‍. സൈദ്ബ്നു സാബിത്ത്(റ)വിന്‍െ അടിമയായിരുന്നു ഇദ്ധേഹത്തിന്‍െ പിതാവ്.മാതാവ് ‘ഖൈറ’ ഉമ്മുസലമ(റ)യുടെ അടിമസ്ത്രീയായിരുന്നു.ചിലപ്പോള്‍ ഖൈറ വല്ല ആവശ്യത്തിനും പുറത്തുപോകും.തിരിച്ചെത്താന്‍ വൈകിയാല്‍ മുലകുടി മാറാത്ത ഹസന്‍ കരയും.അപ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ)തന്‍െ മുല കുട്ടിയുടെ വായില്‍വച്ച് കൊടുക്കും.മാതാവ് വരും വരെ കുട്ടി അത് ഈമ്പി അടങ്ങിയിരിക്കും.പാല്‍ ഈമ്പിക്കുടിക്കുകയും ചെയ്യും.ഈ ബര്‍കത്താണ് ഹസനുല്‍ ബസ്വരിക്ക് ജ്ഞാനവും യുക്തിയും വാകാചാതുര്യവും നേടിക്കൊടുത്തതെന്ന് പണ്ഡിതലോകം മനസ്സിലാക്കുന്നു.
അറബി സാഹിത്യത്തില്‍ വളരെ പാണ്ഡിത്യമുണ്ടായിരുന്നു ഹസനുല്‍ ബസ്വരി(റ)വിന്.അംറ്ബുനുല്‍ അലാഅ് പറയുന്നു;’ഹസന്‍ ബസ്വരി, ഹജ്ജാജ്ബ്നു യൂസുഫ് എന്നിവരെക്കാള്‍ വലിയ ഒരു സാഹിത്യകാരനെയും ഞാന്‍ കണ്ടിട്ടില്ല. ഇവരില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ മികവ് എന്ന് ചോദിച്ചപ്പോള്‍ ഹസന്ന്(റ)എന്നായിരുന്നു മറുപടി.
ബസ്വറ സ്വദേശികളില്‍ വച്ച് ഏറ്റവും സുന്ദരനായിരുന്നു ഇമാം.പിന്നീട് വാഹനപ്പുറത്ത് നിന്ന് വീണ് മൂക്കിന് ക്ഷതമേല്‍ക്കുകയുണ്ടായി.ഉമര്‍(റ)വിന്‍റെ ഖിലാഫത്ത് കാലത്താണ് ജനിച്ചത്.ഇസ് ലാമിക സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായിരുന്ന മദീനയില്‍ അദ്ധേഹം വളര്‍ന്നു.ഉസ്മാന്‍(റ)വിന്‍റെ ഖുതുബ പല പ്രാവശ്യം കേട്ടിട്ടുണ്ട്.ഉസ്മാന്‍(റ)വധിക്കപ്പെടുമ്പേള്‍ ഹസന്‍ ബസ്വരിക്ക് 14 വയസ്സായിരുന്നു പ്രായം.ആ ദുരന്തമുഹൂര്‍ത്തത്തില്‍ 14കാരനായ ഹസനും സ്ഥലത്തുണ്ടായിരുന്നു.
ധീരനായ ഹസന്‍ ധാരാളം യുദ്ധങ്ങളില്‍ പന്കെടുത്തിട്ടുണ്ട്.യുദ്ധം,വിജ്ഞാനം,കര്‍മം ഇവയിലായിരുന്നു ഹസന്‍(റ)വിന്‍റെ താല്‍പര്യം.മുആവിയാ(റ)വിന്‍റെ ഭരണകാലത്ത് ഖുറാസാന്‍ ഗവര്‍ണര്‍ റബീഉബ്നു സിയാദിന്‍റെ എഴുത്തുകാരനായും ജോലി ചെയ്തു. ഉസ്മാന്‍(റ),ഇംറാനുബ്നു ഹുസൈന്‍(റ),മുഖീറത്തുബ്നു ശുഅ്ബ(റ),അബ്ദുറഹ്മാനുബ്നു സമുറ(റ),സമുറത്ത്ബ്നു ജുന്‍ദുബ്(റ),ജുന്‍ദുബുല്‍ ബജ്ലി ഇബ്നു അബ്ബാസ് ഇബ്നു ഉമര്‍(റ)തുടങ്ങിയവരില്‍ നിന്ന് ഇദ്ധേഹം ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖതാജ,അയ്യൂബ്,ഇബ്നുല്‍ ഔന്‍ തുടങ്ങിയ ധാരാളം പ്രമുഖര്‍ ഈ പണ്ഡിതനില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ പെടും.
വിജ്ഞാനശാഖകളില്‍ അഗാധജ്ഞാനം ഉണ്ടായിരുന്ന ഹസന്‍ ബസരി ഇബാദത്തില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു.സത്യം തുറന്നു പറയുന്നതില്‍ ആരെയും ഭയപ്പെട്ടിരുന്നില്ല.ഹിജ്റ 103ാം വര്‍ഷം യസീദുബ്നു അബ്ദുല്‍ മലികിന്‍റെ ഭരണകാലം.ഇറാഖില്‍ ഉമറുബ്നു ഹുബൈറ ഗവര്‍ണറായി നിയമിതനായി.ഗവര്‍ണര്‍ ഹസന്‍ ബസ്വരി(റ),ശഅ്ബി(റ),ഇബ്നുസീരീന്‍(റ) എന്നിവരെ വിളിപ്പിച്ചു.മൂന്ന് പണ്ഡിത പ്രമുഖരും ഗവര്‍ണറുടെ വീട്ടിലെത്തി.ഇബ്നു ഹുബൈറ അവരോട് പറഞ്ഞു;അല്ലാഹുവിന്‍റെ ഖലീഫയായ യസീദ് എന്നെ ഇവിടെ ഗവര്‍ണറായി നിയോഗിച്ചിരിക്കുകയാണ്.അദ്ധേഹത്തിന്‍റെ കല്‍പനകള്‍ അടുത്തു തന്നെ വന്നു തുടങ്ങും.നിങ്ങളുടെ അഭിപ്രായമെന്ത്?
ഇബ്നു സീരീനും ശഅ്ബിയും ഒഴിഞ്ഞുമാറുന്ന വിധത്തിലായിരുന്നു സംസാരിച്ചത്.’ഹസന്‍! താങ്കള്‍ എന്തു പറയുന്നു? ഗവര്‍ണര്‍ ചോദിച്ചു,ഹസന്‍(റ)ഒന്നും മറച്ചുവെക്കാതെ പറഞ്ഞു തുടങ്ങി.ഇബ്നു ഹുബൈറാ! യസീദിന്‍റെ വിഷയത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെടുക.അല്ലാഹുവിന്‍റെ കാര്യത്തില്‍ യസീദിനെ ഭയപ്പെടരുത്.യസീദില്‍ നിന്ന് താങ്കളെ അല്ലാഹു രക്ഷിക്കും.അല്ലാഹുവില്‍ നിന്ന് തങ്കളെ യസീദ് രക്ഷിക്കില്ല…ഇങ്ങനെ നീണ്ടുപോയി ഉപദേശം.”
ഇബ്നു ഹുബൈറ മൂന്നുപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹസന്‍ ബസരിക്ക് മറ്റു രണ്ടു പേരുടേതിലും ഇരട്ടി സമ്മാനം നല്‍കുകയുണ്ടായിഉമറുബ്നു അബ്ദുല്‍ അസീസ്(റ) ഭരണമേറ്റപ്പോള്‍ അദ്ധേഹം ഹസന്‍(റ)ന് എഴുതി;”ഞാന്‍ ഈ കാര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുകയാണ് എനിക്ക് കുറച്ച് സഹായികളെ താങ്കള്‍ കണ്ടുപിടിക്കണം.”ഹസന്‍(റ)മറുപടി അയച്ചു;’ഭൗതിക ചിന്താഗതിക്കാരെ താങ്കള്‍ ഉദ്ധേശിക്കുന്നുണ്ടാവില്ല.പാരത്രിക ചിന്താഗതിക്കാരാവട്ടെ ആ പ്രവൃത്തി ആഗ്രഹിക്കുകയുമില്ല.ആയതിനാല്‍ അല്ലാഹുവിനെ കൊണ്ട് സഹായം തേടുക.വസ്സലാം.’ഇങ്ങനെ ഹസന്‍(റ)വിന്‍റെ വാക്കുകള്‍ അധികവും മഹത്തായ തത്വജ്ഞാനങ്ങളായിരുന്നു.
ഹജ്ജാജ്ബ്നു യൂസുഫുമായി ബന്ധപ്പെട്ട് ചില ഭീതിജനകമായ അനുഭവങ്ങള്‍ ഇദ്ധേഹത്തിന് ഉണ്ടാവുകയുണ്ടായി.അവയില്‍ നിന്നെല്ലാം രക്ഷപ്പെട്ടു.ഹജ്ജാജാ ചിലപ്പോള്‍ ഇദ്ദേഹത്തിന്‍റെ സദസ്സില്‍ വരുമായിരുന്നു.ഇമാം എഴുന്നേറ്റു നില്‍ക്കില്ല.ഹജ്ജാജാ സദസ്സിന്‍റെ ഒരുഭാഗത്ത് ഇരിക്കും.ഹസന്‍(റ)നടത്തിക്കൊണ്ടിരുന്ന ദര്‍സ് നിര്‍ത്തിവച്ച് ഹജ്ജാജിനെ ശ്രദ്ധിക്കുമായിരുന്നില്ല.ഹസന്‍ ബസ്വരിയുടെ ദര്‍സ്സില്‍ ധാരാളം പ്രഗത്ഭര്‍ പഠിച്ചിരുന്നു.പിഴച്ച വിശ്വാസങ്ങള്‍ തല പൊക്കിക്കൊണ്ടിരുന്ന അക്കാലത്ത് യഥാര്‍ത്ഥ വിശ്വാസകാര്യങ്ങള്‍ മനസ്സില്ക്കാന്‍ ജനങ്ങള്‍ ഹസനെ(റ)സമീപിക്കുമായിരുന്നു.ഒരിക്കല്‍ ഒരാള്‍ ഇമാമിന്‍റെ ദര്‍സ്സില്‍ കയറി വന്നു അദ്ധേഹം പറഞ്ഞു ;’യാ ഇമാമദ്ദീന്‍!വന്‍ദോഷങ്ങള്‍ ചെയ്യുന്നവര്‍ കാഫിറാണെന്ന് പറയുന്ന ഒരു വിഭാഗം ഇക്കാലത്ത് ഇറങ്ങിയിട്ടുണ്ട്.വന്‍ദോഷം അവരുടെ കാഴ്ച്ചപ്പാടില്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചുപോകുന്ന വിധം കുഫ്റാണ്.ഖവാരിജിലെ വഈദിയ: എന്ന വിഭാഗത്തിനാണ് ഈ വാദമുള്ളത്.മറ്റൊരു വിഭാഗം പറയുന്നത് വിശ്വാസമുണ്ടെങ്കില്‍ വന്‍ദോഷം ഒരു ബുദ്ധിമുട്ടും വരുത്തില്ലെന്നാണ്.. മാത്രമല്ല,കര്‍മ്മം ഇവരുടെ വീക്ഷണത്തില്‍ വിശ്വാസത്തിന്‍റെ ഘടകമേ അല്ല.വിശ്വാസമുണ്ടെങ്കില്‍ ദോഷം ചെയ്യല്‍ ഉപദ്രവം ചെയ്യില്ല.അവിശ്വോസത്തോടൊപ്പം വഴിപ്പാട് ഉപകാരവും ചെയ്യില്ല.ഇതില്‍ അങ്ങ് വിശ്വാസപരമായി എന്തു വിധിയാണ് നല്‍കുന്നത്?
ഹസന്‍(റ)ചോദ്യം ശ്രദ്ധിച്ചുകേട്ടു.സദസ്സില്‍ ധാരാളം ശിശ്യډാരുണ്ട്.അവരും പ്രശ്നം മനസ്സില്ക്കി.ഇമാം അല്‍പനേരം ആലോചിച്ചു.അദ്ധേഹം മറുപടി പറയും മുമ്പ് സദസ്സില്‍ നിന്നും ഒരു ശബ്ദം.വാസ്വിലുബ്നു അത്വാഅ് എന്ന ശിശ്യനാണ് അദബ് പരിഗണിക്കാതെ പറഞ്ഞുതുടങ്ങിയത്.വന്‍ദോഷി നിരുപാതികം മുഅ്മിനാണെന്ന് ഞാന്‍ പറയില്ല.നിരുപാതികം കാഫിറാണെന്നും പറയില്ല.അവന്‍ ഈ രണ്ടു വിഭാഗത്തിനുമിടയിലുള്ള ഒരിടത്താണ് സ്ഥിതിചെയ്യുന്നത്.മുഅ്മിനുമല്ല കാഫിറുമല്ല!. ഇതും പറഞ്ഞ് അദ്ധേഹം ഉടനെ എണീറ്റു.ശേഷം ഒരു തൂണിന്‍റെ അടുത്തുപോയിരുന്നു തന്‍റെ വാദം ചിലര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ തുടങ്ങി.ഇമാം ഹസന്‍ ബസ്വരി(റ)പറഞ്ഞു:വാസ്വില്‍ നമ്മില്‍ നിന്ന് അകന്നുപോയി.അങ്ങനെയാണ് വാസ്വിലിനും കൂട്ടര്‍ക്കും മുഅ്തസില: അഥവാ അകന്നവര്‍ എന്ന പേരുവന്നത്.
വൈജ്ഞാനിക രംഗത്ത് പ്രശോഭിച്ച ഈ പണ്ഡിതന്‍ ഹിജ്റ: 110 റജബ് ആദ്യത്തില്‍ ബസ്വറയിലാണ് വഫാത്തായത്. നിരവധി പേര്‍ ശേഷക്രിയകളില്‍ പങ്കുകൊണ്ടു. ഹുമൈദുത്വവീല്‍ അത് വിശദീകരിക്കുന്നു…ഹസന്‍(റ) വ്യാഴാഴ്ച്ച വൈകുന്നേരം വഫാത്തായി.വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ഞങ്ങള്‍ ‘ജനാസ’ എടുത്തു,തടിച്ചുകൂടിയ ജനം മുഴുവന്‍ ജനാസയെ പിന്തുടര്‍ന്നു. പള്ളിയില്‍ ആരുമില്ലാത്തതിനാല്‍ അന്ന് ‘അസറി ‘ന് അവിടെ ജമാഅത്ത് നടന്നില്ല.മുമ്പ് ഒരിക്കലും പള്ളിയില്‍ ജമാഅത്ത് മുടങ്ങിയതായി അറിവില്ല.. ഇമാം മരണ വേദനയില്‍ ബോധക്ഷയനാവുകയുണ്ടായി.കുറച്ചുകഴിഞ്ഞു ബോധം തെളിഞ്ഞപ്പോള്‍ അദ്ധേഹം പരഞ്ഞു:’സ്വര്‍ഗലോകം,അരുവികള്‍ അതിമഹത്തായ സ്ഥാനം.ഇവയില്‍നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നത്.
ഹസന്‍(റ) വഫാത്താകും മുമ്പ് ഒരാള്‍ ഇബ്നുസീരീനോടു വന്നു പറഞ്ഞു:’പള്ളിയില്‍ നിന്ന് ഏറ്റവും നല്ല ഒരു ചരല്‍കല്ല് ഒരു പക്ഷി എടുത്തുകൊണ്ടുപോകന്നത് ഞാന്‍ സ്വപ്നം കണ്ടു.സ്വപ്നം സത്യമാണിങ്കില്‍ ഹസന്‍ മരിച്ചിരിക്കുന്നു’ ഇതായിരുന്നു അദ്ധേഹത്തിന്‍റെ പ്രതികരണം.അധികം കഴിയും മുമ്പാണ് ഹസന്‍(റ) വഫാത്തായത്.
Be the first to comment