ആർക്കൊപ്പം സര്‍ക്കാർ; ആരോടാണ് കരുതല്‍

ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന രാപകല്‍സമരം 11 ദിവസം പിന്നിട്ടു. ആകാശംമുട്ടുന്ന ആഗ്രഹങ്ങളൊന്നുമല്ല സമരരംഗത്തുള്ള സ്ത്രീകളുടേത്. വേതനം വര്‍ധിപ്പിക്കണമെന്നും തുച്ഛമായ ഓണറേറിയമെങ്കിലും കുടിശികയാക്കരുതെന്നും തൊഴില്‍സ്ഥിരത ഉറപ്പുവരുത്തണമെന്നുമൊക്കെയാണ് അവരുടെ ന്യായമായ ആവശ്യങ്ങള്‍. വനിതകളുടെ ഈ അതിജീവനസമരം അനാവശ്യമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ഭാഷ്യം. ആശാവര്‍ക്കര്‍മാരെ ആരൊക്കെയോ കെട്ടിവലിച്ചാണ് തലസ്ഥാനത്തെത്തിച്ചതെന്നും മന്ത്രി പരിഹസിക്കുന്നു. എന്നാല്‍ ആരും കെട്ടിവലിക്കാതെയും ഒരു പ്ലക്കാര്‍ഡുപോലും പിടിക്കാതെയും ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍.

രാഷ്ട്രീയനിയമനം വഴി സര്‍ക്കാര്‍ ലാവണത്തില്‍ കയറിപ്പറ്റിയവര്‍ക്കാണ് ഈ ക്ഷാമകാലത്തും ഭീമമായ ശമ്പളം വാരിക്കോരി നല്‍കുന്നത്. പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കുമാണ് 1.6 ലക്ഷം രൂപയിലേറെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ചെയര്‍മാന്റെ ശമ്പളം 2.24 ലക്ഷത്തില്‍നിന്ന് 3.87 ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തില്‍നിന്ന് 3.80 ലക്ഷം രൂപയായുമാണ് വര്‍ധിപ്പിച്ചത്. പ്രതിമാസം പെന്‍ഷന്‍ ഇനത്തില്‍ ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ രണ്ടു ലക്ഷത്തിനു മുകളിലും. ഒപ്പം, ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ശമ്പളത്തിലും ഭാരിച്ച വര്‍ധനയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. കേരളം രോഗാതുരമാകാതിരിക്കാന്‍ അവിശ്രമം ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ ശമ്പളം കൂട്ടാതിരിക്കാന്‍, രാജ്യത്തെ ഉയര്‍ന്ന നിരക്കാണ് അവര്‍ക്കു നല്‍കുന്നതെന്ന മുടന്തന്‍ ന്യായം പറഞ്ഞ ആരോഗ്യമന്ത്രികൂടിയാണ് ഈ ഭീമന്‍ ശമ്പളവര്‍ധനയ്ക്കു ചൂട്ടുപിടിച്ചത്. തൊട്ടുപിന്നലെ, രാജ്യതലസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന്റെ യാത്രാബത്തയില്‍ ഇരട്ടിയിലധികം വര്‍ധന വരുത്താന്‍ മുഖ്യമന്ത്രി ഭരിക്കുന്ന പൊതുഭരണവകുപ്പും തീരുമാനിച്ചു. യാത്രാബത്ത അഞ്ച് ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷമായി ഉയര്‍ത്തിയത് കെ.വി തോമസ് സമരത്തിനിറങ്ങിയിട്ടല്ലെന്ന് ബാലഗോപാലിനും വീണാജോര്‍ജിനുമൊക്കെ അറിയാമായിരിക്കും. പി.എസ്.സി അംഗത്തിന്റെ ഒരു മാസത്തെ ശമ്പളത്തിനൊപ്പമെത്താന്‍ ആശാവര്‍ക്കര്‍ മൂന്നുകൊല്ലം എല്ലുമുറിയെ പണിയെടുക്കണമെന്ന ബോധ്യമെങ്കിലും ഈ മന്ത്രിമാര്‍ക്കുണ്ടായിരുന്നെങ്കില്‍ അനിവാര്യസമരത്തെ അപഹസിക്കാതിരിക്കുകയെങ്കിലും ചെയ്‌തേനെ.

ഈ വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പും അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഒരു വിഭാഗത്തിനു മാത്രം വാരിക്കോരി കൊടുക്കാനും അടിസ്ഥാനവര്‍ഗത്തെ അവഗണിക്കാനുമുള്ള ധൈര്യം എവിടെനിന്നാണ് പിണറായി സര്‍ക്കാരിന് കിട്ടുന്നത്. കരുതലും കൈത്താങ്ങുമാകുമെന്നു കരുതി നിങ്ങളെ അധികാരത്തിലേറ്റിയവരുമുണ്ട് സെക്രട്ടേറിയറ്റിനു മുന്നില്‍  ഗതികെട്ട് സമരത്തിനിറങ്ങിയവരിലെന്നെങ്കിലും ഓര്‍ക്കണം. ലക്ഷങ്ങളുടെ ശമ്പളവര്‍ധനയ്ക്കല്ല അവർ തെരുവിലിറങ്ങിയത്. കുടുംബംപുലര്‍ത്താന്‍ മാസശമ്പളം ഏഴായിരത്തില്‍നിന്ന് 21000 രൂപയാക്കണമെന്ന ആവശ്യം അന്യായമാണെന്ന് ഏത് യുക്തിയുടെ ബലത്തിലാണ് നമ്മുടെ മന്ത്രിമാര്‍ക്ക് തോന്നുന്നത്. 

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച ദിവസം തന്നെയാണ് അഞ്ചുവര്‍ഷമായി ചില്ലിക്കാശുപോലും ശമ്പളം ലഭിക്കാത്തതിന്റെ വേദനയില്‍ കോഴിക്കോട് കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക ജീവിതമവസാനിപ്പിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂള്‍ അധ്യാപികയായ വളവനാനിക്കല്‍ അലീനയെന്ന ഇരുപത്തൊന്‍പതുകാരിയാണ് ജോലി സ്ഥിരപ്പെടാത്തതിലും വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്തതിലും മനംനൊന്ത് ജീവനൊടുക്കിയത്. അലീനയുടെ മരണത്തില്‍ വിദ്യാഭ്യാസവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് താമരശ്ശേരി രൂപതയുടെ ആരോപണം. എന്നാല്‍ വീഴ്ച മാനേജമെന്റിന്റെ ഭാഗത്താണെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. സ്ഥിരനിയമനത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നും വിദ്യാഭ്യാസവകുപ്പ് ഇടപെട്ടില്ലെന്നുമാണ് മാനേജ്‌മെന്റ് വാദം. ഇത്തരത്തില്‍, ചെയ്ത ജോലിക്ക് ശമ്പളംപോലും കൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കുമ്പോഴാണ് കാര്യമായ ജോലിയൊന്നുമില്ലാത്ത പി.എസ്.സി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍, കണ്ണുംപൂട്ടി ശമ്പളം വര്‍ധിപ്പിക്കുന്നത്. പി.എസ്.സി നിയമനങ്ങള്‍ നാലിലൊന്നാവുകയും സര്‍ക്കാര്‍ ലാവണങ്ങളിലെ തൊഴിലവസരങ്ങള്‍ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയും ചെയ്യുമ്പോഴാണ് രാഷ്ട്രീയ പിന്‍ബലത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് വഴിവിട്ട ശമ്പളവര്‍ധന. 

ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത് ധനക്ലേശത്തിന്റെ നാളുകള്‍ കേരളം മറികടക്കുകയാണെന്നാണ്. ഈ ധനക്ലേശം മറികടന്നതിന്റെ ഗുണമനുഭവിക്കുന്നതാകട്ടെ സര്‍ക്കാരിന്റെ ഇഷ്ടക്കാരായ പി.എസ്.സി അംഗങ്ങളും പ്ലീഡര്‍മാരും ഡല്‍ഹിയിലെ പ്രതിനിധികളും മാത്രമാകുന്നത് എന്തൊരു  വൈരുധ്യമാണ്. ആ മുന്‍ഗണനയില്‍ രാപകല്‍ പണിയെടുക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരോ അഷ്ടിക്കു വകയില്ലാത്ത ആശാവര്‍ക്കര്‍മാരോ അങ്കണവാടി ജീവനക്കാരോ ക്ഷേമപെൻഷൻകാരോ വരില്ലെന്നുമാത്രം. 
പി.എസ്.സി നിയമനങ്ങളിലെ സുതാര്യതയെപ്പറ്റി കുറച്ചുവര്‍ഷം മുമ്പാണ് കേരളം കൂലങ്കഷമായി ചര്‍ച്ച ചെയ്തത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ കേരള പൊലിസിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ആദ്യ റാങ്കുകളിലെത്തിയപ്പോഴായിരുന്നു അത്. ഭരണവര്‍ഗ മുന്നണികള്‍ വീതംവയ്ക്കുകയും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും ചെയ്യുന്ന പി.എസ്.സിയുടെ വിശ്വാസ്യതയാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടത്. അംഗങ്ങള്‍ക്കുള്ള ശമ്പള വര്‍ധനയിലൂടെ ഇടതുസര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കു കൂടിയാണ് ഇപ്പോൾ ഇളക്കംതട്ടുന്നത്. യാതൊരു സേവന-വേതന വ്യവസ്ഥകളുമില്ലാതെ സമൂഹത്തിൻ്റെ താഴേത്തട്ടിൽ കാലങ്ങളായി അവിശ്രമം തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനു പേരുണ്ട് കേരളത്തിൽ. സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമപെന്‍ഷനുമൊക്കെ മാസങ്ങളായി കുടിശികയാണ്. കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങി കുത്തുപാളയെടുത്തു നിൽക്കുകയാണ് സർക്കാർ. അവശ്യസാധനങ്ങളില്ലാതെ നമ്മുടെ പൊതുവിതരണ സംവിധാനവും താറുമാറായി കിടക്കുന്നു. താഴേത്തട്ടിലുള്ള ജീവനക്കാർക്ക് കഞ്ഞികുടിക്കാൻ ഗതിയില്ലാത്തപ്പോഴും ഒളിവും മറവുമില്ലാതെ ഇഷ്ടക്കാർക്ക് മൃഷ്ടാന്നം വിളമ്പാനുള്ള ഔദ്ധത്യത്തിന് ഈ സർക്കാർ കണക്കുപറയേണ്ടി വരുമെന്നുറപ്പ്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*