ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന റക്ബര്‍ ഖാനെ സാരമായി പരുക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ നാലുമണിക്കൂര്‍ പൊലിസ് കസ്റ്റഡിയില്‍ വച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
റക്ബറിനെ വാഹനത്തില്‍ കയറ്റിയ പൊലിസ് നാലുമണിക്കൂര്‍ വെകിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനുമുന്‍പ് ഇവര്‍ പിടിച്ചെടുത്ത പശുക്കളെ ഗോശാലയിലെത്തിച്ചു. തുടര്‍ന്ന് പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ആശുപത്രിയിലേക്കുള്ള വഴി ചായ കുടിക്കാന്‍ കയറുകയും ചെയ്തു.
ഗോശാലയിലേക്കുള്ള പശുക്കളുടെ വാഹനം കാത്ത് അവര്‍ ചായക്കടയിലിരുന്നു. ഇതിനുശേഷം ഇവര്‍ പൊലിസ് സ്റ്റേഷനിലേക്കാണ് ഗുരുതരമായി പരുക്കേറ്റ റക്ബറിനേയും കൊണ്ടുപോയത്.
തുടര്‍ന്നാണ് പൊലിസ് റക്ബറിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും റക്ബര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകുമ്പോഴാണ് 28കാരനായ റക്ബര്‍ മരിച്ചതെന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. രാത്രി 12.41ഓടെയാണ് അക്രമത്തെക്കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്.
തുടര്‍ന്ന് 1.20ഓടെ പൊലിസെത്തി രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബി.ജെ.പി നേതാവായ കിഷോര്‍ എന്നയാളുടെ വീട്ടിലും ഇതിനിടയില്‍ പൊലിസ് പോയി.
തുടര്‍ന്ന് കിഷോറിന്റെ സഹായത്തോടെ പശുക്കളെ ഗോശാലയിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കി. പിന്നീട് ഗോശാലയിലെത്തി പശുക്കള്‍ അവിടെ എത്തിയെന്ന് ഉറപ്പുവരുത്തി.
ഇതിനിടെ പൊലിസ് വാഹനത്തില്‍ വച്ച് ആരെയോ മര്‍ദിക്കുന്നത് കണ്ടതായി കിഷോറിന്റെ ബന്ധുവായ മായ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
അപ്പോള്‍ അയാള്‍ക്ക് ജീവനുണ്ടായിരുന്നതായും മായ പറഞ്ഞു. ആശുപത്രിയിലെ രജിസ്റ്റര്‍ പ്രകാരം പുലര്‍ച്ചെ നാലിനാണ് പൊലിസ് സംഘം റക്ബറിനെ എത്തിച്ചത്. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട റക്ബര്‍ ഖാന്‍.
Be the first to comment