മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ രൂപപ്പെടുത്തിയ തായിരുന്നു തിരുനബി മാതൃക. അനീതിയില്‍ സ്ഥിരതപൂണ്ട സമൂഹത്തിലേക്കാണ് തിരുനബി (സ്വ) നിയോഗിതരായത്. നീതി ശാസ്ത്രത്തിന്റെ നല്ല പാഠങ്ങള്‍ ആ സമൂഹത്തിലേക്ക് പഠിപ്പിച്ചു കൊടുത്തത് അവിടുത്തെ ജീവിത പ്രവര്‍ത്തിക ളിലൂടെയായിരുന്നു.
ഇസ്ലാം ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന നീതി സാര്‍വ്വലൗകികവും കാലദേശാതീതവുമാണ്, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മൂന്ന് തത്വങ്ങളും ഇസ്ലാമിന്റെ തത്വസംഹിതകളില്‍ പ്രാധാനമര്ഹിക്കുന്നവയാണ്. ഇത്തരം നീതീകരണളുടെ ധ്വജവാഹകനായിരുന്നു നബി (സ്വ). കേവലം ഇവകള്‍ ഒരു തത്വമായി നിലനില്‍ക്കുന്നവയായിരുന്നില്ല. മറിച്ച്, ഇവകള്‍ പ്രതിഫലിക്കുന്ന നിരവധി ചരിത്ര സംഭവങ്ങള്‍ കാണാം. ഉമര്‍ (റ) ന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവര്‍ണര്‍ ആയിരുന്ന അംറ് ബ്നു ആസ് (റ) ഒരു കോപ്റ്റിക് അടിമയെ മര്‍ദിച്ചു. ഇതറിഞ്ഞ അംറിനോട് ഉമര്‍ (റ) ചോദിച്ചു; “അംറേ, എന്ന് മുതലാണ് നീ ജനങ്ങളെ അടിക്കാന്‍ തുടങ്ങിയത്. സ്വതന്ത്രരായാണ് അവരുടെ മാതാപിതാക്കള്‍ അവരെ പ്രസവിച്ചത്”. പ്രവാചകനായിരുന്നു നീതിയുടെയും സമത്വദര്‍ശനത്തിലും ഉമര്‍ (റ) ന്റെ മാതൃക.
ഏതവസ്ഥയിലും നീതി കൈവിടാതെ ഉറച്ച ഒരു ഭരണാധികാരിയായിരുന്നു തിരു നബി (സ്വ). സമത്വവും, തുല്യനീതിയും രൂപീകരിച്ചുള്ള അവിടുത്തെ നീതി ശാസ്ത്രം തികച്ചും അത്ഭുതമായിരുന്നു. മോഷണം നടത്തിയവള്‍ തന്റെ മകള്‍ ഫാത്തിമയാണെങ്കിലും അവളുടെ കൈ അറുക്കണമെന്ന് കല്‍പ്പിച്ച നേതാവ് കൂടിയായിരുന്നു അവര്‍. അവിടുന്ന് പകര്‍ന്നു തന്ന നൈതിക മൂല്യങ്ങളെ ഉയര്‍ത്തുന്ന വചനങ്ങള്‍ നിരവധിയാണ്. നബി (സ്വ) പറയുന്നു : “അക്രമിയായ രാജാവിന്റെ മുമ്പില്‍ നീതിക്ക് വേണ്ടി ശബ്ദിക്കലാണ് ഏറ്റവും വലിയ ജിഹാദ്”.
ഒരിക്കല്‍ പ്രവാചക ശിഷ്യന് ബഷീര്‍ (റ) നബി (സ്വ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു : നബിയേ ഞാനെന്റെ പുത്രന് നുഅ്മാന് നല്ലൊരു സമ്മാനം നല്കിയിരിക്കുന്നു, നബി (സ്വ) ബഷീറിനോട് ചോദിച്ചു. നിന്റെ എല്ലാ മക്കള്‍ക്കും അപ്രകാരം സമ്മാനം നല്‍കിയോ. ബഷീര്‍ (റ) പറഞ്ഞു ഇല്ല. ഈ ഘട്ടത്തില്‍ നബി (സ്വ) പറഞ്ഞു മനുഷ്യരേ, നിങ്ങള്‍ പ്രപഞ്ച നാഥനെ സൂക്ഷിക്കുവീന്‍, മക്കളുടെ കാര്യത്തില്‍ നീതി പാലിക്കുക.
നീതി പൂര്‍വ്വമായി ജീവിക്കാന്‍ ഖുര്‍ആന്‍ നിരന്തരം കല്‍പ്പിക്കുന്നതായി കാണാം. “സത്യ വിശ്വാസികളേ, നിങ്ങള്‍ നീതി നിലനിര്‍ത്തുന്നവരും അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാവുക. അത് നിങ്ങളുടെ മാതാപിതാക്കള്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കും നിങ്ങള്‍ക്ക് തന്നെയും എതിരാണങ്കില്‍ പോലും. കക്ഷി ധനികനോ ദരിദ്രനോ ആവട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്”. (4:135)
വിവേചനമാണ് ഏറ്റവും വലിയ അനീതിയെന്ന് തിരിച്ചറിഞ്ഞ തിരുനബി (സ്വ) സമുദായത്തിന്റെ എല്ലാവിധ മേഖലകളിലും കണിശതയോടെയും നീതിപൂര്‍ണ്ണമായും ഇടപെട്ടുകൊണ്ടേയിരുന്നു. മാനവികതയുടെ മതില്‍ക്കെട്ടുകളെ തകര്‍ക്കാതെ ആത്മീയവും സാംസ്കാരികവുമായ സഹവര്‍ത്തിത്വം നബി (സ്വ) തന്റെ സമുദായവുമായി വെച്ചുപുലര്‍ത്തിയിരുന്നു. ഒരിക്കല്‍ പരുത്ത സ്വരത്തില്‍ ഒരു ഗ്രാമീണന് ചോദിക്കുകയുണ്ടായി: “മുഹമ്മദേ, ഈ ധനം അല്ലാഹുവിന്റേതോ പിതാവിന്റേതോ?” ഇതു കേട്ടപാടെ ഉമര്‍ (റ) വാളുമായി ചാടി. അവരെ തടഞ്ഞുകൊണ്ട് നബി തങ്ങള്‍ ഇങ്ങനെ പറഞ്ഞു: “അയാളെ വിട്ടേക്ക്. അവകാശികള്‍ക്ക് വര്‍ത്തമാനത്തിനുള്ള അവകാശമുണ്ട്”. ഇത്തരം നീതിയുടെ താല്പര്യങ്ങളെ നബി തങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.
അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ നബി(സ്വ)യുടെ സമീപനങ്ങള്‍ ഒട്ടും പുറകിലായിരുന്നില്ല. ഒരിക്കല്‍ സകാത്ത് പിരിക്കാനയക്കപ്പെട്ടയാള് മുതലുകള്‍ കൊണ്ടുവന്ന് ഒരുമിച്ചു കൂട്ടിയപ്പോള്‍ അതില്‍ ചിലത് തനിക്ക് സ്വന്തമായി തന്നതാണെന്ന് അറിയിക്കുകയുണ്ടായി. ഇത് കേട്ടപാടെ നബി (സ്വ) ചാടിയെഴുന്നേറ്റു കൊണ്ട് മിമ്പറില്‍ കയറി ഗൗരവ പൂര്‍വ്വം പ്രഭാഷണം നടത്തി: “അല്ലാഹു എന്നെ ഏല്പിച്ച ചില കാര്യങ്ങള്‍ക്ക് നിങ്ങളെ ഞാനേല്പിക്കുന്നു. പിന്നീട് അയാള്‍ വന്ന് ചിലത് നിങ്ങള്‍ക്കും ഇത് എനിക്കും ഹദ്യ കിട്ടിയതാണെന്ന് അവകാശപ്പെടുകയോ?! അങ്ങനെയെങ്കില്‍ അയാളുടെ ഉപ്പയുടെ വീട്ടിലിരുന്നുകൂടായിരുന്നോ..!! അയാള്‍ക്ക് കിട്ടാനുള്ളത് അങ്ങോട്ട് കൊണ്ടുവന്നു തരില്ലേ… അല്ലാഹുവിനെ തന്നെയാണ് സത്യം, നിങ്ങളില്‍ ആര് അനര്‍ഹമായത് എടുത്തോ അതും ചുമന്ന് നാളെ പരലോകത്ത് അവന് വരിക തന്നെ ചെയ്യും”.
വാക്കുകളിലും പ്രവൃത്തികളിലും നീതിയുക്തമായ രീതി സ്വീകരിച്ചെന്നു മാത്രമല്ല, അനീതിയുടെ വക്താക്കളെ അകറ്റി നിര്‍ത്താനും നബി (സ്വ) ഉപദേശിച്ചിരുന്നു. അതിനു പുറമെ പരലോകത്ത് അനീതിക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും അവിടുന്ന് പറഞ്ഞിട്ടുണ്ട്: “കഴിവിന്റെ പരമാവധി നിങ്ങള്‍ അക്രമത്തെ സൂക്ഷിക്കുക. തീര്‍ച്ചയായും ധാരാളം നډയുമായി ഒരാള്‍ പരലോകത്ത് വരും. ആ നന്മകള് രക്ഷിക്കുമെന്നവന് ഉറപ്പിക്കുന്നു. അപ്പോഴായിരിക്കും മറ്റൊരാള്‍ ഇവന് ചെയ്ത അനീതികളെയും അക്രമങ്ങളെയും കുറിച്ച് അല്ലാഹുവിനോട് പരാതി പറയുക. തുടര്‍ന്ന് ഓരോ പരാതിക്കനുസരിച്ച് അവന്റെ നന്മകള് മായ്ക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കും. അവസാനം അവന്ന് ഒറ്റ നന്മയും ബാക്കിയുണ്ടാവില്ല”. ഇത്തരത്തിലുള്ള ശിക്ഷകളെക്കുറിച്ച് ഹദീസുകളില്‍ ധാരാളമായി വന്നിട്ടുണ്ട്.
നീതിയുക്തമായ ജീവിതം നയിക്കുകയെന്ന ലക്ഷ്യം നാം ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അനീതികളെയും വിവേചന സംസ്ക്കാരത്തെയും ഇല്ലായ്മ ചെയ്ത പുണ്യ റസൂലിന്റെ പിന്മുറക്കാരായ നാം, അവിടുന്ന് കാണിച്ചു തന്ന നീതിസാരത്തെയാണല്ലോ പിന്തുടരേണ്ടത്. അതെ,നബിയെ അങ്ങ് നീതിയെ കല്പ്പിച്ചു,അതിനെ പ്രവര്‍ത്തിച്ചു,നീതിയുടെ പര്യായമായ തിരുനബി (സ്വ) ലോകൈക ജനതക്ക് ഒരു നിതാന്ത നിദര്‍ശനം തന്നെയാണ്. അവിടുത്തെ പാത പിന്തുടരാന് അല്ലാഹു തൗഫീഖ് നല്കട്ടെ, ആമീന്‍.
Be the first to comment