എന്താണ് പെഗാസസ്
2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്‌സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്‌സ്ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
ഇതിലൂടെ നിരവധിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന് തങ്ങളുടെ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ വാട്ട്‌സ്ആപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്ന് തന്നെ ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരുകള്‍ക്കായി സൈബര്‍ ചാരപ്പണി ചെയ്യുന്ന കമ്പനിയുടെ സാന്നിധ്യം വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചിരുന്നു. ഇസ്രാഈല്‍ ആസ്ഥാനമായ എന്‍എസ്ഒ എന്ന സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്.
പെഗാസസ് എന്ന എന്‍സ്ഓയുടെ ചാര സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍ നടത്തിയത്. ആക്രമിക്കപ്പെട്ട ഫോണിന്റെ ക്യാമറയുടെയും മൈക്രോഫോണിന്റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗാസസ്. 2019 ലെ പെഗാസസിന്റെ വാട്ട്‌സ്ആപ്പ് ആക്രമണ ഇരകളില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.
20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്‌സാപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ ശരിക്കും പുറത്തുവന്നത്.
അന്ന് സംഭവം വിവാദമായതിന് പിന്നാലെ പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ സമയം അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ സോഫ്റ്റ്‌വെയര്‍ വില്‍ക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രാഈല്‍ കമ്പനിയായ എന്‍എസ്ഒ പറയുന്നത്. കമ്പനി സ്വയം പെഗാസസ് ഹാക്കിങ്ങിനായി ഉപയോഗിക്കാറില്ലെന്നും എന്‍എസ്ഒ വ്യക്തമാക്കിയിരുന്നു. എന്‍എസ്ഓയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ടെല്‍ അവീവ് കോടതിയെ സമീപിക്കുകയും ചെയ്തു. കേസില്‍ ഇതുവരെ തീര്‍പ്പു കല്‍പിച്ചിട്ടില്ല.
Be the first to comment