ഫാഷിസം നടത്തുന്നത് മാനസിക വിഭജനം; പ്രതിരോധം, വൈവിധ്യത്തിലൂന്നിയുള്ള പോരാട്ടം

കെ. സച്ചിദാനന്ദന്‍/ ഇജാസ് ഹസന്‍ ഹസനി

താങ്കളുടെ ‘മുസ്ലിം’ എന്ന കവിതയില്‍ മുസ്ലിം സമുദായത്തിന്‍റെ ആത്മാഭിമാനം ഉണര്‍ത്തുന്ന നിരവധി പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഭീതിയുടെ ഇക്കാലത്ത് നാം പേടിച്ചിരിക്കുകയാണോ, അതല്ല ആത്മാഭിമാനത്തോടെ വെല്ലുവിളികളെ നേരിടുകയാണോ വേണ്ടത്?

അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്ലാമിനും മുസ്ലിംകള്‍ക്കും അധമത്വബോധം തോന്നേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയെ വികസിപ്പിക്കുന്നതില്‍, ഭാഷകള്‍, സംഗീതം, വാസ്തുശില്‍പ്പം തുടങ്ങിയവ വികസിപ്പിക്കുന്നതില്‍, പേര്‍ഷ്യന്‍ ഭാഷ കൊണ്ടുവരുന്നതില്‍, അവയില്‍ നിന്ന് ഉര്‍ദു പോലുള്ള ഭാഷ ഉടലെടുക്കുകയും അവയില്‍ മഹിതമായ സാഹിത്യത്തിന് രൂപം നല്‍കിയതില്‍ എന്നിവയിലെല്ലാം മുസ് ലിം നേതൃത്വം ഉണ്ടായിട്ടുണ്ട്. എന്നുവേണ്ട ഇന്ത്യ പലപ്പോഴും പുറത്തറിയപ്പെടുന്ന താജമഹല്‍ പോലുള്ള സ്മാരകങ്ങളുടെ പേരിലാണ്, അത്തരം നിരവധി സംഭാവനകള്‍ മുസ് ലിം ഭരണാധികാരികള്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഇസ് ലാമിക വാസ്തുശില്‍പ്പം ഇന്ത്യയുടെ പൈതൃകത്തിന്‍റെ ഭാഗമായിട്ടുണ്ട്. അതുപോലെ ഹിന്ദുസ്ഥാനി സംഗീതത്തില്‍, ഖവ്വാലി പോലുള്ളവ മാത്രമല്ല. ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി സംഗീതം, വായ്പ്പാട്ട്, ഉപകരണ സംഗീതം എന്നിവയിലെല്ലാം സംഭാവന നല്‍കിയ വലിയ വിഭാഗം ആളുകള്‍ മുസ്ലിംകളാണ്. സിത്താര്‍, ഷെഹനായി, സരോദ് തുടങ്ങിയവയിലെല്ലാം വിദഗ്ദര്‍ മുസ്ലിംകളുണ്ട്.
ശാസ്ത്രത്തോട് ഏറെ പ്രതിപത്തി പുലര്‍ത്തുന്നവരാണ് മുസ്ലിംകള്‍, അവരൊരിക്കലും ശാസ്ത്രത്തെ മതവിരുദ്ധമായി കണ്ടിട്ടില്ല. മാത്രമല്ല ശാസ്ത്രീയ കണ്ടെത്തലുകള്‍ മതത്തെ ശക്തിപ്പെടുത്തുന്നതായി കാണുന്നുണ്ടുതാനും. പ്രപഞ്ച രഹസ്യങ്ങളറിയാനുള്ള അന്വേഷണമായാണ് കാണുന്നത്. അതിനാല്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്കായി. ജ്യോതിശാ്സ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാനിയങ്ങളിലും കപ്പല്‍നിര്‍മാണം പോലുള്ള നൈപുണികളിലും അനേകം നേട്ടങ്ങള്‍ മുസ് ലിംകളുടേത് മാത്രമായിട്ടുണ്ട്. മുസ് ലിംകളുടെ നേട്ടങ്ങളാണ് യൂറോപ്യന്‍ നവേത്ഥാനത്തിന് പ്രചോദനമായെതെന്ന് സമകാലിക ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. ബ്ലാക് അഥീന പോലുള്ള പുസ്തകങ്ങളില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. ഒട്ടേറെ പ്രഭാഷണങ്ങളുമുണ്ട്. പൗരസ്ത്യ ഇസ് ലാമിക ലോകത്ത് നിന്ന് സംക്രമിച്ച പല ആശയങ്ങളുമാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് അടിത്തറായായി പ്രവര്‍ത്തിച്ചത്. ഇങ്ങനെ വിവിധ തരത്തില്‍ ഇന്ത്യന്‍ സംസ്കാരത്തിനും ലോകസംസ്കാരത്തിനും സംഭാവന നല്‍കിയ മതമെന്ന നിലക്ക് ഇസ്ലാമിന് അധമത്വം തോന്നേണ്ടതില്ല. ആകെയുള്ളത് ഇന്ത്യയില്‍ എണ്ണത്തില്‍ കുറവാണെന്നതേയുള്ളൂ. അവ സ്വഭാവികമായി സംഭവിക്കുന്നതുമാണ്. ഈ ന്യൂനപക്ഷതം മുതലെടുത്ത് അവരെ പീഡിപ്പിക്കുന്നത് ഭൂരിപക്ഷം ജനങ്ങളല്ല, ഭൂരിപക്ഷത്തിന്‍റെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന അധികാരം കയ്യിലുള്ള ന്യൂനപക്ഷം മാത്രമാണ്. അവര്‍ ഇസ് ലാമിനെ പ്രത്യേകിച്ചും ക്രിസ്ത്യാനിസം പോലുള്ള മതന്യൂനപക്ഷങ്ങളെയും പൊതുവായും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. അത് കൊണ്ട് മുസ് ലിംകള്‍ തങ്ങളുടെ സര്‍ഗാത്മകമ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുകയും തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ തങ്ങളുടെ സ്വാതന്ത്ര്യ സമരപങ്കാളിത്തവും ഈ നാട്ടില്‍ തന്നെ ജനിച്ചുവളര്‍ന്നവരെന്ന അഭിമാനവും പ്രകടിപ്പിക്കുകയാണ് വേണ്ടത്. തങ്ങളുടെ വിശ്വാസ സ്വതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുകയുമാണ് വേണ്ടത്. ഒരു തരത്തിലുള്ള അധമബോധവും നമ്മെ വേട്ടയാടാന്‍പാടില്ല.
പുതിയ കാലം ഭീതിപ്പെടുത്തുന്നത് മുസ്ലികളെ മാത്രമല്ല, സ്വതന്ത്രരായി സംസാരിക്കുന്ന, ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം ഭയപ്പെടുത്തുന്നുണ്ട്. പക്ഷേ ഭയപ്പെടുത്തുന്നവരുടെ നേട്ടം ബാക്കിയുള്ള ഭയപ്പെടുന്നുവെന്നതാണ്. അതിനാല്‍ നിര്‍ഭയമായി ഭരണകൂട നയങ്ങളെ വിമര്‍ശിക്കുക, ഭരണഘടനാ സ്വതന്ത്ര്യങ്ങളെ മുറുകെ പിടിച്ച് പ്രതിപക്ഷമായി പ്രവര്‍ത്തിക്കണം. പലതരം പ്രതിപക്ഷങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിത്. മുസ്ലികള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ജൈനരും പാഴ്സികളും ആദിവാസികളടക്കമുള്ള ഇതര ന്യൂനപക്ഷരും പ്രത്യേയശാസ്ത്ര വിഭിന്നത പുലര്‍ത്തുന്നവരും ഉള്‍പ്പെടുന്ന ഇരകളുടെ മഹാസഖ്യത്തിന് മാത്രമേ ആസുരമായി വളരുന്ന ശക്തിയെ തളക്കാനാകൂ.

സാമുദായികമായി നിരവധി സംഭാവനകള്‍ മുസ് ലിംകള്‍ നല്‍കിയിട്ടുണ്ടെന്ന നേരത്തെ പറഞ്ഞു. എന്നാല്‍ മലയാളത്തിലടക്കം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ദൂശ്യവശങ്ങള്‍ മാത്രമല്ലേ?

ലോകതലത്തില്‍ തന്നെ മാധ്യമങ്ങള്‍ ഇസ്ലാമിന്‍റെ വാര്‍പ്പുമാതൃകകള്‍ സ്ൃഷ്ടിക്കുന്നുണ്ട്. ഇസ് ലാമിന് തീവ്രവാദവുമായി സ്വാഭാവികമായ ബന്ധമുണ്ടെന്ന തരത്തിലാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. ഇന്ത്യയില്‍ മലോഗാവ്, മക്ക മസ്ജിദ് എന്നിവിടങ്ങളില്‍ നടന്ന ഒട്ടേറെ ബോംബ് സ്ഫോടനങ്ങളില്‍ പലതിന്‍റെയും പിറകില്‍ ഹിന്ദുത്വ ഭീകരരാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഹിന്ദു ഭീകരര്‍ എന്ന് മാധ്യമങ്ങള്‍ പ്രയോഗിച്ചിട്ടില്ല. അത് വിചിത്രമാണ് കാരണം മതവുമായി ബന്ധപ്പെട്ട കാര്യമല്ല. നിരപരാധികളെ കൊന്നൊടുക്കുന്ന പ്രസ്ഥാനങ്ങളെയാണ് നാം ഭീകരരെന്ന് വിളിക്കുന്നത്. ഒരു മതവും നിരപരാധികളെ കൊന്നുതീര്‍ക്കാന്‍ കല്‍പ്പിക്കുന്നില്ല. തീവ്രവാദികള്‍ക്ക് വല്ല ബന്ധവുമുണ്ടെങ്കില്‍ അത് തീര്‍ത്തും മാനസിക വിഭ്രാന്തിയുമായി ബന്ധപ്പെട്ടാണ്. നിഷ്കളങ്കരായ മനുഷ്യരെ കൊല്ലുന്നവരെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്താനാകില്ല.
ഇസ്ലാം വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന മുസ്ലിം നാമധാരികളെ മതവുമായി ബന്ധപ്പെടുത്തുകയും അല്ലാത്തെ മതസ്ഥര്‍ ചെയ്യുന്നതിനെ അത്തരത്തില്‍ ബന്ധിപ്പിക്കാതിരിക്കുകയുമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത്. അമേരിക്കയിലും മറ്റും നിരവധി ക്രിസ്തീയ നാമധാരികള്‍ സ്കൂളുകളിലും മറ്റും കൂട്ടക്കശാപ്പുകള്‍ നടത്തുന്നു. ഇതൊന്നും യേശുവിന്‍റെ പേരില്‍ ചേര്‍ക്കാനാകില്ല, കാരണം യേശു സ്നേഹിക്കാന്‍ പഠിപ്പിച്ച, അതിനുവേണ്ടി മരിച്ചയാളാണ്.
പത്രങ്ങളെ ഡികണ്‍സ്ട്രക്റ്റ് ചെയ്തുവായിക്കുന്നയാളാണ് ഞാന്‍. അവ വായിച്ചുസത്യമറിയാന്‍ വരികള്‍ക്കിടയിലൂടെ വായിക്കണം. പലപ്പോഴും സത്യം നേര്‍വിപരീതമായിരിക്കും.
പലതരം കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളുണ്ടായാലും മുസ്ലിം പ്രതിയായ സംഭവങ്ങളെ വലുതായി കാണിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റു സംഭവങ്ങളെ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നു, റിപ്പോര്‍ട്ട് ചെയ്താല്‍ അപ്രധാനമായി അവതരിപ്പിക്കുന്നു. ഒരേ സംഭവത്തില്‍ തന്നെ വിവിധ മതസ്ഥര്‍ പ്രതിയായിട്ടുണ്ടെങ്കിലും മുസ് ലിംകളുടെ പേരുകളും പടങ്ങളും മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുമുണ്ട്. മുസ് ലിംകളെ മുഴുവന്‍ ഭീകരവാദികളും കുറ്റവാളികളുമായി ചിത്രീകരിക്കുന്ന പ്രവണത വളരെ ശക്തമായി മാധ്യമങ്ങളിലുണ്ട്.
എല്ലാ മതങ്ങളിലുമെന്ന് പോലെ കുറ്റവാളികള്‍ മുസ് ലിംകള്‍ക്കിടയിലുമുണ്ട്. എന്നാല്‍ ഇവരെ ഇസ് ലാമുമായി ചേര്‍ത്തുകെട്ടാന്‍ പ്രത്യക്ഷമായും പരോക്ഷമായും ശ്രമങ്ങള്‍ നടക്കുന്നു. പ്രത്യക്ഷമായുള്ള ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരെ നമുക്ക് തെളിവു നിരത്തി വാദിക്കാന്‍ സാധിക്കും. എന്നാല്‍ മുഖ്യധാരാ പത്രമാധ്യമങ്ങളിലൂടെയും വിനോദപരിപാടികളിലൂടെയുമുള്ള പരോക്ഷമായ മുദ്രകുത്തല്‍ പെട്ടെന്ന് തിരിച്ചറിയാനാകാത്തതും അത്യന്തം അപകടകരവുമാണ്. നേരിട്ട് മറുപടി പറയാനാകാത്ത ഏകഭാഷണങ്ങളാണിത്. മാത്രമല്ല സൂക്ഷ്മവും പരോക്ഷവുമായ ഇത്തരം മുദ്രണങ്ങള്‍ അവയുടെ അവതരണത്തിലുള്ള പ്രാധാന്യവും സ്ഥലവുമൊക്കെ പരിഗണിക്കുമ്പോള്‍ അനാരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നതായി കാണാം. ബോധപൂര്‍വം നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത ആവശ്യമുണ്ട്. കൗണ്ടര്‍ കറന്‍റ്സ് പോലെയുള്ള വെബ്സൈറ്റുകളും മാസികകളും സ്ഥാപിക്കപ്പെടേണ്ടതുണ്ട്. മുഖ്യധാര പത്രങ്ങളില്‍ മിക്കപ്പോഴും ഇതേ രീതിയിലാണ് വാര്‍ത്താവതരണം നടക്കുന്നത്. പ്രാദേശിക പത്രങ്ങളുടെ ശൈലിയും വ്യത്യസ്ഥമല്ല. പുതിയ കാലത്ത് ഇത്തരം വാര്‍ത്തവതരണങ്ങള്‍ക്കെതിരെയുള്ള ശ്രമങ്ങള്‍ സജീവമാകേണ്ടതുണ്ട്.

ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യന്‍ ഫാഷിസം മതത്തെ ദേശീയതയുമായി ചേര്‍ത്ത് അവതരിപ്പിക്കുന്നില്ലേ, തന്‍റെ ദൈവം ഇതരെ കൊന്നൊടുക്കാന്‍ കല്‍പ്പിക്കുന്നുവെന്ന തരത്തില്‍ ദേശീയത രൂപപ്പെടുന്നത് കൂടുതല്‍ അപകടകരമല്ലേ?

ദേശീയത എന്ന് വാക്ക് ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും അതൊരിക്കലും പൂര്‍ണ്ണ അര്‍ത്ഥത്തിലലല്ല. ജര്‍മന്‍ ഫാഷിസം പറഞ്ഞത് ആര്യډാരുടെ ദേശീയതതയാണ്. യഹൂദവിരുദ്ധമായി അവര്‍ നിര്‍മിച്ചെടുത്ത ദേശീയ രൂപത്തെയാണ് മുന്നോട്ടുവെച്ചത്. നാസിയെന്നാല്‍ നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. പേരു കേട്ടാല്‍ സോഷ്യലിസത്തിന് സമത്വത്തിന് വേണ്ടി നിലനില്‍ക്കുന്നവരാണെന്ന് തോന്നും. ദൈവം അവരുടെ തന്നെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ബൈബിള്‍ പറയുന്നുണ്ട്. അതുപോലെ അവരുടെ ഇഷ്ടാനുസരണം ദേശീയത സൃഷ്ടിക്കുകയായിരുന്നു ഫാഷിസ്റ്റുകള്‍. അതില്‍ നാം കാണുന്ന ഒരുപാട് അംശങ്ങളില്ല. ഇന്ത്യയില്‍ അനേകം ഭാഷകള്‍, സംസ്കാരങ്ങള്‍ ചേര്‍ന്നുള്ള ദേശീയതയാണുള്ളത്. ഇന്ത്യ നിലനില്‍ക്കുന്നത് ഈ വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടാണ്. വൈവിധ്യത്തെ ചോദ്യം ചെയ്യുകയും ഏകശിലാരൂപത്തിലേക്കും ഏകമതത്തിലേക്കും ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനും ശ്രമിക്കുന്ന ആ നിമിഷം രാജ്യം ശിഥിലമാകും. രാജ്യത്തെ ഫാഷിസ്റ്റുകള്‍ ചെയ്യുന്നതത് അതാണ്. ഇന്ത്യ ഹിന്ദുവെന്ന മതരാഷ്ട്രമാണ്. ഹിന്ദുവിന് മാത്രമെണെന്ന് അവര്‍ പറയുന്നു. വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള സംഘടനകള്‍ അവരുടെ വെബ്സൈറ്റില്‍ ഇക്കാര്യം തുറന്നു പറയുന്നുണ്ട്.

നൂറ്റാണ്ടുകളായി രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷങ്ങളെ വിദേശികളായി മുദ്രകുത്തുക. അവരുടെ കല, സംസ്കാരം, ഭക്ഷണരീതി, വസ്ത്ര ധാരണശൈലി, ആചാരം തുടങ്ങിയവയൊക്കെ വൈദേശികമായി മുദ്രകുത്തുകയാണ് ഇന്ത്യന്‍ ഫാഷിസം. ഇങ്ങനെ ഇക്കൂട്ടരെ വന്നുകൂടിയവരായി കാണുന്ന അപരവത്കരണമാണ് ഇവര്‍ ചെയ്തുകൂട്ടുന്നത്. രാജ്യത്തിന്‍റെ ഉള്ളില്‍ തന്നെ അവര്‍ വിഭജനം നടത്തി കഴിഞ്ഞിരിക്കുന്നു. മുമ്പ് നടന്നത് ഭൂമിശാസ്ത്രപരമായ വിഭജനമാണെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് മാനസികമായ വിഭജനമാണ്. കൂടുതല്‍ അപകടകരമായ ഈ വിഭജനം നമ്മുടെ മനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ച് തുടങ്ങിയിരിക്കുന്നു. ചിലപ്പോഴൊക്കെ നമ്മുടെ സുഹൃത്തുക്കളോട് സംസാരിച്ച് കൊണ്ടിരിക്കെ, ആദ്യത്തെ വാചകത്തില്‍ മതേതരനായി തോന്നിച്ചൊരാള്‍ മൂന്നാമത്തെ വാചകമെത്തുമ്പോഴേക്ക് ‘നമ്മള്‍’ എന്ന് പറഞ്ഞു തുടങ്ങും. ഒരു മതത്തില്‍ ജനിച്ചുവെന്നല്ലാതെ കൃത്യമായ മതമില്ലാതെ ജീവിക്കുന്ന, ഗാന്ധിജിയെ മാതൃകയായി കാണുന്നൊരാളാണ് ഞാന്‍. എന്നോട് സംസാരിക്കുമ്പോള്‍ പോലും പലരും ‘നമ്മള്‍’ ‘അവര്‍’ എന്ന് പറഞ്ഞുപോകുന്നു. പ്രഥമ പുരുഷ ബഹുവചനവും ത്രിതീയ പുരുഷ ബഹുവചനവും പ്രത്യക്ഷപ്പെടുന്നു. ഭാഷയിലും ചേഷ്ഠകളിലും അത് കാണാന്‍ തുടങ്ങിയിരിക്കുന്നു. കേരളം പോലുള്ള നാട്ടില്‍ അങ്ങനെയായി തീര്‍ന്നിരിക്കുന്നുവെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. കമലിന്‍റെയും എംടിയുടെയും കാര്യങ്ങളില്‍ അക്കാര്യം നാം കണ്ടതാണല്ലോ.
എന്‍റെ സ്വദേശം കൊടുങ്ങല്ലൂരാണ്. ആദ്യമായി മുസ്ലിമായ ചേരമാന്‍ പെരുമാളിന്‍റെയും രാജ്യ കണ്ട വലിയ ദേശ

സ്നേഹി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെയും നാടാണ്. വിവിധ മതസ്ഥര്‍ ആഘോഷവേളകളില്‍ പരസ്പരം ക്ഷണിക്കുന്നത് നാട്ടില്‍ വളരെ സര്‍വസാധാരണമായിരുന്നു. സുഹൃത്തുക്കളെന്ന നിലക്ക് പരസ്പരം ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇന്നത് വളരെ കുറഞ്ഞുവന്നിരിക്കുന്നു. സൗഹാര്‍ദത്തിന്‍റെ തകര്‍ച്ച സംഭവിക്കുന്നു. ഇതേ യാദൃശ്ചികമായുണ്ടാകുന്നതല്ല, ബോധപൂര്‍വമായ പ്രചാരണത്തിന്‍റെയും അപരവത്കരണത്തിന്‍റെയും അനന്തരഫലമാണ്.
ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് വിഭജിച്ചു കഴിഞ്ഞ ദേശമേ ആവശ്യമുള്ളു, ഹിന്ദുക്കള്‍ മാത്രമുള്ള ദേശം. കേന്ദ്രമന്ത്രി സുഷമ സ്വരാജാണ് സംസ്കൃതത്തില്‍ നിന്നാണ് എല്ലാ ഭാഷകളുമുണ്ടായതെന്ന് പറഞ്ഞത്. ഒരു ഭാഷാ ശാസ്ത്രജ്ഞനും അംഗീകരിക്കുന്ന പ്രസ്താവനയല്ലിത്, യഥാര്‍ത്ഥത്തില്‍ ഏഴെട്ട് ഭാഷാ കുടുംബങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഭാഷകള്‍ രൂപപ്പെട്ടത്. സയാമീസും ഇന്‍ഡോ ടിബറ്റനും ഉള്‍പ്പെടെയുള്ള ഭാഷാകുടുംബ്ങ്ങള്‍, അല്ലെങ്കില്‍ മലയാളമുള്‍പ്പെടെയുള്ളവ ഉണ്ടായി ദ്രാവിഡ ഭാഷകളില്‍ നിന്നാണ് ഇതര ഇന്ത്യന്‍ ഭാഷകളുണ്ടായത്. ആദിവാസി ഭാഷകളില്‍ വേറിട്ട തരത്തിലുള്ള ഭാഷാകുടുംബങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ വിവിധം എന്നതാണ് ഇന്ത്യയുടെ സ്വത്വം. ഇതിനെ ഏകം എന്നതിലേക്ക് മാറ്റാനാണ് ഇവരുടെ ശ്രമം. ഒരു മതം, ഒരു ഭാഷ, ഒരു വംശം എന്നിങ്ങനെ മാറ്റിയെടുക്കാനാണ് ഇവരുടെ ശ്രമം. ആര്യډാര്‍ രാജ്യത്ത് തന്നെ പിറന്നവരാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ റോമില ഥാപ്പര്‍, ഡി.ഡി കൊസാംബി, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ചരിത്രകാരډാരെല്ലാം പറയുന്നത് ബി സി പതിനെട്ടാം നൂറ്റാണ്ടില്‍ വന്ന് ഇന്‍ഡോ ഇറാനിയന്‍ വംശീയരാണ് ആര്യډാരെന്നാണ്. അവര്‍ പ്രദേശത്ത് വന്നുചേരുകയും തദ്ദേശീയരെ ദക്ഷിണ ദേശങ്ങളിലേക്ക് തള്ളിനീക്കുകയും സ്വന്തം സംസ്കൃതി സ്ഥാപിക്കുകയുമായിരുന്നു. ഇവരുടെ വാദഗതി അനുസരിച്ചാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട് ആദിവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. പദപ്രയോഗം അംഗീകരിക്കാനാകില്ലെങ്കിലും ആദ്യ വിദേശികള്‍ ആര്യډാരാണ്. ഇവരുടെ അധിനിവേശം ഡി.ഡി കൊസാംബിയൊക്കെ തെളിവുകള്‍ സഹിതം പറയുന്നുണ്ട്. എങ്ങനെയാണ് ഇവര്‍ പുഴകള്‍ വറ്റിച്ചതെന്നും നിലനിന്നിരുന്ന വംശങ്ങളെ ഓടിച്ചതെന്നും തങ്ങളുടെ ദേവډാരെ കൊണ്ടുവന്നെന്നും കൊസാംബി വ്യക്തമാക്കുന്നു. തങ്ങളുടെ ഭാഷയായ സംസ്കൃതം ഔദ്യോഗികമാക്കി. ഇതില്‍ മത-വംശ-ഭാഷ മഹിമവാദമാണ് വ്യക്തമാകുന്നത്. ഇങ്ങനെ അസത്യത്തില്‍ അധിഷ്ഠതമായ ദേശീയവാദമാണ് ഹിന്ദുത്വവാദികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അത് കൊണ്ട് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കവില്ല.
ആര്‍ഗ്യുമെന്‍റേറ്റീവ് ഇന്ത്യന്‍ എന്ന പുസ്തകത്തില്‍ അമര്‍ത്യാസെന്‍ പറയുന്നത് പോലെ ഇന്ത്യ എക്കാലത്തും സംവാദങ്ങളുടെ നാടായിരുന്നു. അനേകം തരം വിശ്വാസങ്ങള്‍ നിലനിന്ന മണ്ണ്. വിശ്വാസികളും വിശ്വാസമില്ലാത്തവരും തമ്മിലുള്ള സംവാദങ്ങള്‍ നടന്നയിടം. നിരീശ്വരവാദത്തിനും നമ്മുടെ നാട്ടില്‍ വലിയ പാരമ്പര്യമുണ്ട്. ചാര്‍വാകനെ പോലെയുള്ളവരും ബൗദ്ധികവാദികളുമടക്കമുള്ളവരുടെ ചരിത്രം. ബുദ്ധനെ പോലെയുള്ളവരുടെ വ്യത്യസ്ഥ ജീവിത വീക്ഷണം ഇവിടെയുണ്ടായിരുന്നു. ഇതിനൊക്കെയെ അന്യമാക്കികൊണ്ടാണ് സംവാദരഹിതമായ ഏകഭാഷണത്തിന്‍റെ സംസ്കാരം കൊണ്ടുവരാന്‍ ഇവര്‍ ശ്രമിക്കുന്നത്, അപ്പോള്‍ ദേശത്തിന്‍റെ പാരമ്പര്യത്തെ നിഷേധിക്കുന്ന ഇവരാണ് യഥാര്‍ത്ഥ ദേശദ്രോഹികള്‍. വൈവിധ്യത്തെയും നാട്ടിലെ ജനങ്ങളെയും അംഗീകരിക്കാത്തതാണ് യഥാര്‍ത്ഥ ദേശവിരുദ്ധ പ്രവര്‍ത്തനം, അല്ലാതെ ദേശീയ പതാകയെ വണങ്ങാത്തതോ, ദേശീയ ഗാനം പാടത്തതോ അല്ല. അവരുടെ ദേശീയ സങ്കല്‍പത്തെ തള്ളിക്കൊണ്ട് വേണം സമത്വവും സൗഹൃദവും നിലനില്‍ക്കുന്ന ദേശീയത നാം ഉയര്‍ത്തിപിടിക്കാന്‍.

അക്കാദമിക രംഗത്തെ നേട്ടങ്ങള്‍ പൊളിച്ചുകളയുന്ന രീതിയില്‍ മിത്തുകള്‍ ശാസ്ത്രീയനേട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നുണ്ട്. പാണ്ഡവരുടെ ജനനം ബയോടെക്നോളജിയുടെ ഫലമാണ്, ഗണപതിയുടെ തുമ്പിക്കൈ കോസ്മറ്റിക് സര്‍ജിറിയിലൂടെയാണ് എന്നിങ്ങനെയുള്ള മിത്തുകളെ ശാസ്ത്രസത്യങ്ങളായോ ചരിത്ര സത്യങ്ങളായോ അവതരിപ്പിക്കുന്നു. തികഞ്ഞ അസംബന്ധമാണിത്.
രാമയണത്തിലെ പുഷ്പക വിമാനം വിമാന ടെക്നോളജി ഉണ്ടായതിന് തെളിവായി വ്യഖ്യാനിക്കുന്നതൊക്കെ നമ്മുടെ ശ്സ്ത്രീയ വിക്ഷണത്തെ തകര്‍ക്കുന്നതാണ്.

സിലബസുകളിലെ സര്‍ക്കാര്‍ ഇടപെടലുകള്‍?

ദീനനാഥ് ബത്രയുടെ ശിക്ഷാ ബച്ചാവോ ആന്ദോളന്‍- വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള വിപ്ലവം ആണ് പ്രധാനമായും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കകുന്നത്. ഇവരാണ് ആര്‍എസ്എസിന് വിദ്യാഭ്യാസ രംഗത്ത് ഉപദേശങ്ങള്‍ നല്‍കുന്നത്. ഗുജറാത്തിലെ പാഠപുസ്തകങ്ങളിലെ പലകാര്യങ്ങളും പുറത്തുവന്നിരുന്നു. മിത്തുകളെ പാഠ്യക്രമത്തില്‍ ഉ്ള്‍പ്പെടുത്തുക വഴി ശ്രീരാമനും ശ്രീകൃഷ്ണനും ചരിത്രപുരുഷډാരായി മാറുന്നു. കാവ്യ സങ്കല്‍പങ്ങളില്‍ ജീവിച്ച, അല്ലെങ്കില്‍ ജീവിച്ചിരുന്നവെന്നതിന് കൃത്യമായ ചരിത്രമില്ലാത്ത പുണ്യപുരുഷډാരെ ചരിത്രവസ്തുതയായി അവതരിപ്പിക്കുക, കാവ്യഭാവനകളെ ശാസ്ത്രീയ നേട്ടങ്ങളായി സമര്‍ഥിക്കുകയുമാണ് സിലബസുകളില്‍ ഇവര്‍ ചെയ്യുന്നത്. ഇന്ത്യയുടെ പുണ്യപുസ്തകം ഭഗവത് ഗീതയാണെന്നും സുഷമാ സ്വരാജ് പറഞ്ഞിരുന്നു. ഇങ്ങനെ മുമ്പ് തങ്ങളുടെ കീഴിലുള്ള സരസ്വതി വിദ്യാലയങ്ങളിലൂടെ അവര്‍ നടപ്പാക്കിയ പാഠ്യക്രമം പൊതു വിദ്യാഭ്യാസത്തിലും കൊണ്ടുവരികയാണ്. വിദേഷ പ്രചാരണങ്ങളടക്കമുള്ളവ നടത്തി എല്ലാ വിദ്യലങ്ങളെയും സരസ്വതി വിദ്യാലയങ്ങളാക്കാനുള്ള ശ്രമമാണ നടക്കുന്നത്.

ചരിത്രരചനയിലെ വക്രീകരണം?

ഇതിനായി വലിയ സൈന്യം തന്നെ അവര്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ റോമില ഥാപ്പറും ഡി.ഡി കൊസാംബിയും ഇര്‍ഫാന്‍ ഹബീബും ആര്‍ എസ് ശര്‍മയുമൊക്കെയാണ് നമ്മുടെ ചരിത്രകാരډാര്‍. എന്നാല്‍ ഇവരെയൊക്കെ സ്യൂഡോസെക്യുലറിസ്റ്റായും കമ്യൂണിസ്റ്റായും മുദ്രകുത്തുന്നു. റോമില ഥാപ്പര്‍ യഥാര്‍ത്ഥത്തില്‍ റഷ്യയുടെയും ചൈനയുടെയും വലിയ വിമര്‍ശകയായിരുന്നു. ഡി.ഡി കൊസാംബി വരുന്നത് ബുദ്ധ പാരമ്പര്യമുള്ള കുടുംബത്തില്‍ നി്ന്നാണ്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെല്ലാം ചരിത്രരചന നടത്തിയത്. എന്നാല്‍ ഇവരെയെല്ലാം തള്ളിക്കളഞ്ഞ്, മോഹന്‍ഭാഗവത് പറഞ്ഞതു പോലെ ഹിന്ദു ചരിത്രം നിര്‍മിക്കുകയാണ് ഇവര്‍.
ഇതിനായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ തലവനായി സുദര്‍ശന്‍ റാവുവിനെ നിശ്ചയിച്ചത്. ആര്‍ എസ് എസിന്‍റെ ചരിത്രസംഘനയുടെ തലവനായിരുന്നു ഇദ്ദേഹം. നിരന്തരമായി ആര്‍ എസ് എസിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു ഇദ്ദേഹം. യഥാര്‍ത്ഥത്തില്‍ നെഹ്റുവിന്‍റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒട്ടനവധി സ്വതന്ത്ര സ്ഥാപനങ്ങളുണ്ട്. ഐ സി എസ് എസ് ആര്‍ ഈ ഗണത്തില്‍ ശാസ്ത്രീയ ഗവേഷണത്തിനായി സ്ഥാപിക്കപ്പെട്ടതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍, നാഷണല്‍ ലബോറട്ടറികള്‍, ദേശീയ തലത്തിലുള്ള അക്കാദമികള്‍, നാഷണല്‍ ബുക് ട്രസ്റ്റ് എന്നിവയെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ്. എന്നാല്‍ ഇവയെല്ലാം ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ളവരുടെ കീഴിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യത്തിന്‍റെ പത്രാധിപരായിരുന്ന ആളാണ് നാഷണല്‍ ബുക് ട്രസ്റ്റിന്‍റെ ചെയര്‍മാന്‍.
അ്ക്കാദമികള്‍ നേരിട്ട് പിടിച്ചെടുക്കാന്‍ ഭരണഘടനാ പ്രയാസമുള്ളതിനാല്‍ ബജറ്റില്‍ ഫണ്ട് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
നെഹ്റു മ്യൂസിയം പോലെയുള്ള അധികാരികള്‍ രാജിവെച്ച് മാറേണ്ടി വന്നു. ലളിത കലാ അക്കാദമിയില്‍ അവര്‍ സ്വന്തം പ്രതിനിധിയെ നിയോഗിച്ചു. ഇത് പതുക്കെ ജെ.എന്‍യുവും ഹൈദരാബാദും അടക്കമുള്ള സര്‍വകലാശാലകളിലേക്കും നീങ്ങുന്നത് നാം കാണുന്നു, അതിന്‍റെ സ്വാഛന്ത്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്വന്തം ആളുകളെ മേലാധികരാകളായി നിയമിക്കുന്നു. ഇങ്ങനെ ഏതെങ്കിലും മതത്തെയോ ഇസത്തെയോ മാത്രമല്ല സ്വതന്ത്രമായ സംവാദത്തിനും ജനാധിപത്യത്തിനുമെതിരായുള്ള ആസൂത്രിതവും വിപുലവുമായ സാംസ്കാരിക ആക്രമണമാണ് നടക്കുന്നത്.
ചരിത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പദ്ധതികള്‍ നിര്‍മിക്കപ്പെടുന്നതിനാല്‍ അവ പ്രധാനമാണ്. പക്ഷേ ചരിത്രത്തെ മാറ്റിയെഴുതുക മാത്രമല്ല, അതിലെ കളങ്കങ്ങള്‍ മായ്ച്ചുകളയുകയെന്നത് അവരുടെ ആവശ്യമാണ്. വി ഡി സവര്‍ക്കറെ പോലെയുള്ളൊരാള്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ്, നിങ്ങളെ സേവിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി ജയില്‍മോചനം നേടിയത് അവര്‍ക്ക് മറച്ചുവെക്കണം. ആര്‍ക്കെവ്സില്‍ നിന്ന് അത്തരം രേഖകള്‍ കാണാതാകുന്നത് എപ്പോഴാണെന്ന് എനിക്കറിയില്ല. ഇത്തരം രേഖകള്‍ കാണാതാകുന്നുണ്ടെന്ന് പലരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഗാന്ധിവധത്തെ സംബന്ധിച്ചുള്ള രേഖകള്‍, രേഖപരമായി ഗോധ്സെക്ക് ആര്‍.എസ്.എസുമയി ബന്ധമുണ്ടായില്ലെന്നത് തന്നെ ആലോചിച്ചെടുത്ത തീരുമാനമായിരിക്കണം. വധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ആര്‍.എസ്.എസിനെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കം. എന്നാല്‍ ഗോധ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോധ്സെ വളരെ വ്യക്തമായി പറയുന്നുണ്ട്, ഗോധ്സെ ആര്‍.എസ്.എസിലൂടെ വളര്‍ന്നു വന്ന ആളാണെന്നും അതിന് തന്നെ തീവ്രത പോരെന്ന് കരുതിയ ആളാണെന്നും. ഇങ്ങനെ നിരവധി രേഖകള്‍ അവര്‍ക്ക് മറച്ചുവെക്കേണ്ടതായുണ്ട്. ബ്രിട്ടീഷുകാരെ സഹായിച്ചതടക്കമുള്ള പല കറുത്ത കാര്യങ്ങളും മറച്ചുവെക്കാനാണ് അവര്‍ പുതിയ ചരിത്ര നിര്‍മിതി നടത്തുന്നത്. ആദ്യം പട്ടേലിനെയും പിന്നീട് അംബേദ്കറിനെയും സ്വന്തമാക്കി, ഇപ്പോള്‍ ഗാന്ധിയെ സ്തുതിക്കുകയാണ് അവര്‍. അംബേദ്കറിന്‍റെ ആശയങ്ങളെ അവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാനാകില്ല. ദലിതര്‍ക്ക് വേണ്ടി നിലകൊള്ളുകയും ഹിന്ദുമതം ഉപേക്ഷിച്ചാലേ അവര്‍ക്ക് രക്ഷയുള്ളെന്ന് കരുതുകയും ചെയ്തു ബുദ്ധമതം സ്വീകരിച്ചയാളായിരുന്നു അദ്ദേഹം. അവരുടെ സത്തയല്ല ഇവര്‍ സ്വീകരിക്കുന്നത്, പ്രതിമ നിര്‍മിച്ചുകൊണ്ട് പൊള്ളയായ ഉള്‍ക്കൊള്ളലാണ് ഇവര്‍ നടത്തുന്നത്. ആര്‍ എസ്. എസിനെ നിരോധിക്കണമെന്ന് പറഞ്ഞ പട്ടേലിനെയടക്കം അവര്‍ സ്വന്തമായി അവതരിപ്പിക്കുകയാണ്. ചില ദുര്‍ഗ്രഹതകള്‍ അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിലുണ്ടായിരുന്നെങ്കിലും അദ്ദേഹം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാളാണ്.
അവര്‍ക്ക് ചെറുതായെങ്കിലും ഉള്‍ക്കൊള്ളാവുന്നവരെ ഉയര്‍ത്തിക്കാട്ടുകയും തീരെ സ്വീകരിക്കാനാവാത്തവരെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. ഉദാഹരണത്തിന് നെഹ്റുവിനെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ഒട്ടും മതവിശ്വാസിയായിരുന്നില്ല അദ്ദേഹം, സെക്കുലറിസവുമായി ബന്ധപ്പെടുത്താതെ ആലോചിക്കാന്‍ പോലുമാകാത്ത അദ്ദേഹത്തെ സ്വീകരിക്കാതിരിക്കുന്നതിന് പിറകില്‍ രാഷ്ട്രീയമായ കാരണങ്ങള്‍ കൂടിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പോലും ഒരു കുടുംബമല്ല സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ശരിയാണ്, പക്ഷേ നെഹ്റുവിനെ നിരാകിരച്ച് കൊണ്ട് ഇന്ത്യയുടെ ചരിത്രമെഴുതാനാകില്ല. സ്വീകരിക്കാനാകുന്നവരെ സ്വാംശീകരിക്കുകയും അല്ലാത്തവരെ അവഗണിക്കുകയുമെന്നത് കൃത്യമായ ഫാഷിസ്റ്റ് തന്ത്രമാണ്.

വൈവിധ്യങ്ങള്‍ക്കെതിരെയാണ് ഫാഷിസ്റ്റുകളുടെ പോരാട്ടം, എന്നാല്‍ ഇതിനെതിരെയുള്ള പ്രതിരോധത്തില്‍ പോലും മതവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതിരിക്കുന്നത് ശരിയാണോ? ഉദാഹരണത്തിന് മനുഷ്യസംഗമത്തില്‍ നിന്ന് പലരെയും മാറ്റിനിര്‍ത്തിയിരുന്നു.

ഫാഷിസത്തിനെതിരെയുള്ള പ്രതിരോധമെന്ന നിലക്ക് മനുഷ്യസംഗമത്തില്‍ പങ്കെടുത്തൊരാളാണ് ഞാന്‍. അതില്‍ നിന്ന് ചിലരെ മാറ്റിനിര്‍ത്തിയിരുന്നുവെന്നത് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അതൊട്ടും ശരിയായിട്ടു തോന്നുന്നില്ല. സ്വത്വം കൈവെടിഞ്ഞിട്ടു വേണ്ട ഒന്നിന്‍റെ കൂടെ നില്‍ക്കാന്‍. ഇന്ത്യയെന്ന ദേശീയതക്കൊപ്പം നില്‍ക്കുന്നത് നമ്മുടെ സ്വത്വം വെടിഞ്ഞില്ല. അറബ് വസന്തത്തിനൊപ്പം ജനങ്ങള്‍ നിലകൊണ്ടത് സ്വതം നിലനിര്‍ത്തിയാണ്. സ്വത്വ നിരാസമില്ലാതെ തന്നെ ഒന്നിക്കുകയാണ് വേണ്ടത്. അങ്ങനെ ഒന്നിക്കാനായില്ലെങ്കില്‍ അതില്‍ വിഭാഗീയതയുണ്ടെന്നാണ് പറയാനുള്ളത്.

കേരളത്തിലെ സ്വത്വരാഷ്ട്രീയത്തെ കുറിച്ച്

മുസ്ലിം ലീഗടക്കമുള്ള സംഘടനകളെ ഞാന്‍ കാണുന്നത് ന്യൂനപക്ഷ രാഷ്ട്രീയ സംഘങ്ങളായാണ്. അവരാരും മതപ്രബോധനം നടത്തി മുസ്ലികളുടെ എണ്ണം കൂട്ടാന്‍ പരിശ്രമിക്കുന്നവരല്ല. എന്നാല്‍ ഭരണഘടനാനുസൃതമായ മത-രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്നിക്കുന്നവരാണ്.
യഥാര്‍ത്ഥ്യത്തില്‍ ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷങ്ങളാണ്. ജനാധിപത്യം നിലനില്‍ക്കേണ്ടിതിന് മത-വര്‍ഗ-ലിംഗ ന്യൂനപക്ഷ സംഘടനകള്‍ അനിവാര്യമാണ്.

ഇ അഹമ്മദിന്‍റെ മരണവും കേന്ദ്ര ഇടപെടലുകളും?

ഇ. അഹമ്മദിന്‍റെ മരണത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം മതപരമായ അവഗണനോയോ കേവലം രാഷ്ട്രീയ പ്രശ്നമോ അല്ല. അത് മനുഷ്യന്‍റെ അന്തസിന്‍റെ പ്രശ്നമാണ്. ഒരു പാര്‍ലമെന്‍റ് അംഗം മരിച്ചാല്‍ പിന്തുടരേണ്ട പ്രോട്ടോക്കോള്‍ തന്നെയുണ്ട്. അതൊന്നും പിന്തുടര്‍ന്നില്ല. വല്ലാത്തൊരു അവഗണനായായിരുന്നു ഇ. അഹമ്മദിനോട് കാണിച്ചത്. അദ്ദേഹം മരിച്ചുകിടക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുക. ഒരു ദിവസം അത് നീട്ടിവെച്ചത് കൊണ്ട് പ്രത്യേകിച്ചൊന്നും രാഷ്ട്രത്തിന് വരാനുണ്ടായിരുന്നില്ല. അതിന് പകരം അദ്ദേഹത്തിന്‍റെ ഖബറടക്കം നീണ്ടുപോകുന്ന തരത്തിലുള്ള കാര്യങ്ങളാണുണ്ടായത്. ഇത് ജനാധിപത്യത്തെ അവഹേളിക്കലാണ്. ഒരു വ്യക്തിയെയെ, മതത്തെയെ അല്ല. ജനാധിപത്യത്തെ നിന്ദിച്ച ഹീനപ്രവൃത്തിയാണത്.

ഇ അഹമ്മദിന് ഈയനുഭവം മുസ്ലിമായത് കൊണ്ട് സംഭവിച്ചതാണോ?

വളരെ സാധ്യതയുണ്ട്, കാരണം ഇപ്പോഴത്തെ സര്‍ക്കാറിന്‍റെ നയങ്ങള്‍ നമുക്കറിയാം. എങ്ങനെയാണ് മുസ് ലിംകള്‍ അപരവത്കരിക്കപ്പെടുന്നതെന്നും. മുസ് ലിംകള്‍ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമണങ്ങള്‍ നടക്കുന്നതെന്നും നമുക്കറിയാം. നിഷ്കളങ്കരായ എത്രയോ മുസ് ലിം സഹോദരങ്ങള്‍ ജയിലുകളില്‍ കിടക്കുന്നു. തീവ്രവാദ കേസുകളില്‍ പിടിക്കപ്പെട്ട സഹോദരങ്ങള്‍ അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിത്വം തെളിഞ്ഞ് പുറത്തുവന്നു. അനേകം വര്‍ഷങ്ങളുടെ ജീവിതമാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഇ. അഹമ്മദ് മുസ്ലിമായത് കൊണ്ടും ഈ അവഹേളനത്തിന് പാത്രമായെന്ന് ഞാന്‍ കരുതുന്നു.

About Ahlussunna Online 723 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*