Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ഇബ്‌നുഖല്‍ദൂന്‍‌

ചരിത്രം വിമര്‍ശനവിധേയമാക്കാന്‍ തുടങ്ങുന്നത് പുരാതന സംസ്‌കാരങ്ങളുടെ അടുത്ത ഘട്ടത്തിലാണ്. ദൈവികവും ഇതിഹാസപരവുമായ വിവരണങ്ങള്‍ക്കപ്പുറം അക്കാലയളവിലെ ചരിത്രകാരന്മാര്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ചരിത്ര രചനക്ക് (ഔാലിശേെശര ഒശേെീൃ്യ) തുടക്കം കുറിച്ചു. ഹെറിഡോട്ടസിനെ പോലെയുള്ള ഗ്രീക്ക് ചിന്തകന്മാര്‍ ചരിത്രത്തെ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണയം ചെയ്യുന്നതിന്റെ ആവശ്യകതയെ കുറിച്ച് തീര്‍ത്തും ബോധവാന്മാരായിരുന്നുവെങ്കിലും അതിനുപയോഗിക്കേണ്ട രീതികളെ കുറിച്ചും ശാസ്ത്രീയ മാനദണ്ഡങ്ങളെ കുറിച്ചു തീര്‍ത്തും അജ്ഞരായിരുന്നു. ഈയൊരു സാഹചര്യം റോമന്‍ കാലഘട്ടം വരെ തുടര്‍ന്നു കൊണ്ടിരുന്നു. പ്രമുഖ റോമന്‍ ഹിസ്റ്റോറിയനായ ലിവി (ഘശ്്യ)യുടെ അഭിപ്രായത്തില്‍ ഗതകാല സംഭവങ്ങള്‍ വിമര്‍ശിക്കപ്പെടുകയോ ഉറപ്പിക്കപ്പെടുകയോ അരുത് എന്നാണ്. അതുപോലെത്തന്നെ ആദ്യകാല കൃസ്ത്യന്‍ ചരിത്രകാരന്മാരും വിമര്‍ശകാത്മക ചരിത്രത്തോട് വിമുഖത പുലര്‍ത്തിയവരായിരുന്നു. കാരണം ദൈവിക ഗ്രന്ഥമായ ബൈബിളിന്റെ പൗരോഹിത്യ ഭാഷ്യത്തെ ഔദ്യോഗിക ചരിത്രമായി അന്ധമായി അംഗീകരിക്കുകയായിരുന്നു ഇവര്‍.
ആദ്യകാല മുസ്‌ലിം ചരിത്രകാരന്മാരും വിമര്‍ശന പഠനവും
ആരോഗ്യകരമായ യുക്തിയെയും വിമര്‍ശനങ്ങളെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നതായി കാണാം (6:142, 148; 10:36, 55; 49:12; 53:28 എന്നീ ഖുര്‍ആനിക വചനങ്ങള്‍ കാണുക). ആദ്യകാല ഇസ്‌ലാമിക പരിസരങ്ങളിലെ ചരിത്ര വിമര്‍ശനത്തിന്റെ ആദ്യാനുഭവം ഖുര്‍ആനിക വചനങ്ങള്‍ ശേഖരിക്കുന്നതിന് മുസ്‌ലിംകള്‍ പുലര്‍ത്തിയ അതീവ ശ്രദ്ധയില്‍ നമുക്ക് കാണാവുന്നതാണ്. ഹിജ്‌റക്ക് ശേഷം ആദ്യ ദശകങ്ങളില്‍ മുസ്‌ലിംകള്‍ ഹദീസിനെയും പ്രാചീന അറബ് സാഹിത്യത്തെയും ചരിത്രത്തെയും വിമര്‍ശന പഠനവിധേയമാക്കി.
ഹദീസിലെയും ഇസ്‌ലാമിക ചരിത്രത്തിലെയും പഠന വിഷയങ്ങള്‍ സമാനത പുലര്‍ത്തുന്നതിനാല്‍ തന്നെ ഈ രണ്ട് വിജ്ഞാന ശാഖകളും ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഏകദേശം ഒരേ കാലയളവിലാണ് ശാസ്ത്രീയ ജ്ഞാന ശാഖയായി വികാസം പ്രാപിക്കുന്നത്. രണ്ടും പ്രവാചകന്റെയും സ്വഹാബത്തിന്റെയും ചരിത്ര വിശകലനങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഇതേ സമയം ഹിജ്‌റക്കു മുമ്പുള്ള പുരാതന ചരിത്രം അനാവരണം ചെയ്യുന്ന അപൂര്‍വ്വം ചില ശ്രമങ്ങളും അക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമികാഗമനത്തിന് മുമ്പ് ജനിക്കുകയും ഉമവി ഭരണാധികാരിയായ അബ്ദുല്‍ മലികിന്റെ കാലം വരെ ജീവിക്കുകയും ചെയ്ത അബ്ദുല്ലാഹി ബിനു ശരീഹിന്റെ അഖ്ബാര്‍ അബ്ദുല്ലാഹിബ്‌നു ശരീഹ് എന്ന് ഗ്രന്ഥം ഈ ഗണത്തില്‍ പെടുന്നതാണ്.
വിജ്ഞാനം ശാഖയായി രൂപപ്പെട്ടതു പോലത്തന്നെ ഹദീസിലും ചരിത്രത്തിലും ഒരേ സമയത്താണ് വിമര്‍ശന പഠനവും തുടങ്ങുന്നത്. ഹദീസ് നിവേദക പരമ്പരയിലെ വ്യക്തികളെ കൃത്യമായി പഠിച്ച് വിലയിരുന്നുന്നത് തന്നെയാണ് ആദ്യ കാല ചരിത്ര രചനകളിലും ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ പരിസരങ്ങളില്‍ മാത്രം സനദ് പ്രചാരത്തിലുള്ളതിനാല്‍ അറേബ്യക്കു പുറത്തുള്ള ചരിത്ര സംഭവങ്ങള്‍ സനദ് വഴി അല്ല ലഭ്യമായിരുന്നത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ചരിത്ര വസ്തുതകളെ വിലയിരുത്തുന്നത് പല ചരിത്രകാരന്മാരും വ്യത്യസ്ത രീതിയാണ് അവലംബിച്ചിരിക്കുന്നുത്. അല്‍ മസ്ഊദി (മ: 346/957), അല്‍ ബല്‍ഖി (മ: ഹി. 4ാം നൂറ്റാണ്ട്), അല്‍ബിറൂനി (മ: 440/1048) തുടങ്ങിയവര്‍ ചരിത്ര വിമര്‍ശനത്തിന്റെ നിയമ രീതികളെക്കുറിച്ച് തങ്ങളുടെ ഗ്രന്ഥങ്ങളുടെ മുഖവുരയില്‍ വിശദീകരിക്കുന്നുണ്ട്.
ആദ്യകാല വിമര്‍ശനാത്മക ചരിത്ര പഠന ഗ്രന്ഥങ്ങളില്‍ പലതും നഷ്ട്ടപ്പെട്ടിട്ടുണ്ട്. അല്‍ ബല്‍ഖിയുടെ കിതാബുല്‍ ഇല്‍മി വത്തഅല്ലും, അല്‍ ബിറൂനിയുടെ തന്‍ഖീഹുത്തവാരീഖ് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നതാണ്. അല്‍ ബദ്ഉ വത്താരീഖ് എന്ന ഗ്രന്ഥത്തില്‍ മേല്‍പരാമൃഷ്ട ഗ്രന്ഥത്തില്‍ ചരിത്ര വിമര്‍ശനത്തിന്റെ നിയമ രീതികളെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഭൂരിപക്ഷം മുസ്‌ലിം ചരിത്രകാരന്മാരും തങ്ങളുടെ ചരിത്ര വസ്തുതകളെയും ഉറവിടങ്ങളെയും മൂല്യ നിര്‍ണയം നടത്തുന്നതില്‍ നിരൂപണാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അവരുടേതായ നിയമ രീതികള്‍ ചരിത്ര വിശകലനത്തിനു വേണ്ടി അവര്‍ രൂപപ്പെടുത്തുകയും അന്ധമായ ചരിത്ര അനുകരണങ്ങളെ ശക്തിയുക്തം പ്രതിരോധിക്കുകയും ചെയ്തു. അല്‍ യഅ്ഖൂബി (മ: 384/897), അബൂബക്കര്‍ ബിന്‍ അറബി (മ: 543/1148) എന്നിവര്‍ പര്‍വതീകരിക്കപ്പെട്ട ഇതിഹാസ കഥകളെ അപ്പടി പകര്‍ത്തുന്ന ചരിത്രകാന്മാരെ നിശിതമായി വിമര്‍ശിക്കുന്നത് കാണാം. അല്‍ മസ്ഊദി മുര്‍ജ്ജുദ്ദഹബ് എന്ന തന്റെ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ എന്‍പത്തിരണ്ടോളം ആദ്യ കാല ചരിത്ര രചയിതാക്കളുടെ ഗ്രന്ഥങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. അവര്‍ക്കു വന്ന അപാകതകളെ ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം സൂക്ഷമവും കൃത്യവുമായ വിശകലനത്തിന്റെയും ഇവ്വിഷയകമായ വിപുലമായ പാണ്ഡിത്യത്തിന്റെയും ആവശ്യകതയിലേക്ക് മസ്ഊദി വിരല്‍ ചൂണ്ടുന്നു. അല്‍ബിറൂനി ചരിത്ര ഉറവിടങ്ങളെ മൂല്യ നിര്‍ണയം നടത്തുന്ന രീതിയും സമീപനങ്ങളും കൂടുതല്‍ വസ്തുനിഷ്ഠമാക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മതഭ്രാന്ത്, ചില പ്രത്യേക വിഭാഗങ്ങളോടുള്ള പക്ഷപാതിത്വം തുടങ്ങിയ പല കാരണങ്ങള്‍ ചരിത്രത്തിന്റെ വസ്തുനിഷ്ഠതയെ ബാധിക്കുന്നുവെന്ന് ഇതിനെ വിശദീകരിച്ചുകൊണ്ട് അല്‍ ബല്‍ഖി അഭിപ്രായപ്പെടുന്നു.
ഇബ്‌നു ഖല്‍ദൂനും വിമര്‍ശന പഠനവും
ഈ ചരിത്രകാരന്മാരെല്ലാം വ്യത്യസ്ത രാജ്യങ്ങളുടേയോ വര്‍ഗത്തിന്റെയോ ആചാരങ്ങള്‍ക്കോ ജീവിത സാഹചര്യങ്ങള്‍ക്കോ യാതൊരു പരിഗണനയും നല്‍കാതെയാണ് രചന നിര്‍വ്വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവര്‍ അവതരിപ്പിച്ച സാമ്രാജ്യങ്ങളുടെ ചരിത്രങ്ങളെല്ലാം ബലം നല്‍കാവുന്ന തെളിവുകളുടെ അഭാവം മൂലവും സാഹചര്യങ്ങളോട് വിരുദ്ധമായതിനാലും മുഖ്യധാരാ ചരിത്ര രചനക്ക് അസ്വീകാര്യമായിരുന്നു. അവര്‍ ഒരു സാമ്രാജ്യത്തിന്റെ തുടക്കം, ഒടുക്കം, വികാസം, തകര്‍ച്ചക്കുള്ള കാരണങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മൗനമവലംബിച്ചു. വ്യത്യസ്ത തലമുറകളില്‍ ചരിത്ര വിശകലനത്തോട് സ്വീകരിക്കുന്ന സമീപനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചും ഇവര്‍ അജ്ഞരായിരുന്നു. കൂടാതെ പലരും രാജാക്കന്മാരുടെ പേരും രാജ്യത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ചുരുങ്ങിയ വിശദീകരണങ്ങള്‍ കൊണ്ടും തൃപ്തിയടയാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്.
ഇക്കാരണങ്ങളാല്‍ തന്നെ ഇബ്‌നു ഖല്‍ദൂന്‍ ഉപര്യുക്ത ആദ്യകാല ചരിത്രകാരന്മാരെ വിശ്വാസ യോഗ്യരായോ അവലംബിക്കാവുന്നവരായോ പരിഗണിക്കുന്നില്ല. രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ്, വിശ്വാസയോഗ്യമായ ഉറവിടം, വിഷയങ്ങളുടെ എല്ലാ വശങ്ങളെ കുറിച്ചും വിപുലമായ ജ്ഞാനം, ഭൂത, വര്‍ത്തമാന സംഭവങ്ങളെ താരതമ്യം ചെയ്യാനുള്ള പ്രാപ്തി, വിവിധ സാമ്രാജ്യങ്ങളുടെയും മത സമൂഹങ്ങളുടെയും ഉത്ഭവ, വികാസ പരിണാമങ്ങളെ കുറിച്ചുള്ള അറിവ്, വിവര കൈമാറ്റ പ്രക്രിയയിലെ കൃത്യമായി പരിശോധന തുടങ്ങിയവയാണ് ഇബ്‌നു ഖല്‍ദൂന്‍ ചരിത്രത്തില്‍ വരുന്ന അപാതകളെ പരിഹരിക്കാന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍. പാരമ്പര്യത്തോടുള്ള അന്ധമായ വിശ്വാസം, ഉദ്വേഗജനകമായ വിവരണങ്ങളോടുള്ള അമിതമായ അഭിനിവേശം, സ്വയം വിമര്‍ശന-വിവേചനത്തിന്റെ അഭാവം തുടങ്ങിയ കാര്യങ്ങളാണ് ചരിത്രത്തില്‍ പാകപ്പിഴവുകള്‍ വരാനുള്ള പ്രധാന കാരണങ്ങള്‍. ഇത്തരം കാരണങ്ങളെ പരമാവധി പരിഹരിച്ച് കൃത്യമായ മാനദണ്ഡങ്ങളോടെ രചന നിര്‍വഹിക്കാന്‍ ഇബ്‌നു ഖല്‍ദൂന് സാധിച്ചിട്ടുണ്ട്. ചരിത്ര വിവരണങ്ങളില്‍ തെറ്റുകളും ഊഹാപോഹങ്ങളും സാധാരണയായതു കൊണ്ടുതന്നെ നിരൂപണാത്മക മനസ് എപ്പോഴും ജാകരൂഗനായിരിക്കണമെന്ന് ഖല്‍ദൂന്‍ ആവശ്യപ്പെടുന്നു. നിവേദക പരമ്പരയെ മാത്രം ആശ്രയിക്കുകയും ചരിത്രത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെയും സാംസ്‌കാരിക പ്രകൃതത്തെയും സാമൂഹിക സ്ഥാപനങ്ങളുടെ അധികാര വ്യവസ്ഥകളെയും കുറിച്ചുള്ള തികഞ്ഞ അവഗണന ചരിത്ര രചനയില്‍ യാഥാര്‍ഥ്യത്തോടു നീതി പുലര്‍ത്താനാവാതെ വഴുതിപ്പോവാന്‍ ഇടയാക്കുമെന്ന് ഖല്‍ദൂന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രകാരന്മാരുമാണ് തുടര്‍ച്ചയായി ഈ അബദ്ധത്തില്‍ പെട്ട് അയഥാര്‍ഥ കാര്യങ്ങളെ നിരന്തരമായി തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. കൃത്യമായ ഒരു ഫിലോസഫിയുടെയും ചരിത്രപരമായ ഉള്‍ക്കാഴ്ച്ചയുടെയും അഭാവത്തോടെ രചിച്ച ഇത്തരം സംഭവങ്ങള്‍ കഥ പറച്ചിലുകാരുടെ കല്‍പ്പിത കഥകളെപ്പോലെ പാഴ്‌വാക്കുകളായി മാറുന്നു.
ഇബ്‌നു ഖല്‍ദൂന്‍ വിമര്‍ശന പഠനത്തെ കുറിച്ചുള്ള തന്റെ വിവരണം അവസാനിപ്പിക്കുന്നത് ചരിത്ര ഗ്രന്ഥങ്ങളിലുള്ള നിരവധി ചരിത്രകാരന്മാരെ വിമര്‍ശിച്ചുകൊണ്ടാണ്. ആറ് ലക്ഷത്തോളം പട്ടാളക്കാരോടുകൂടിയാണ് പ്രാവചകന്‍ മൂസാ (അ) ന്റെ നേതൃത്വത്തില്‍ ബനൂ ഇസ്രാഈലികള്‍ ഈജിപ്ത് വിട്ടതെന്ന് അല്‍ മസ്ഊദിയുടെ കണക്കുകൂട്ടലിനെ സാമൂഹിക ശാസ്ത്രപരമായി വിശകലനം ചെയ്ത് ഇബ്‌നു ഖല്‍ദൂന്‍ ഖണ്ഡിക്കുന്നുണ്ട്. മറ്റു നിരവധി ചരിത്ര കഥകള്‍ സാഹചര്യ സന്ദര്‍ഭങ്ങള്‍ക്ക് കടകവിരുദ്ധമായി യുക്തിഹീനമായി അവതരിപ്പിക്കപ്പെട്ടതിനാല്‍ പല വിഷയങ്ങളെയും ശക്തിയുക്തം എതിര്‍ക്കാന്‍ ഇബ്‌നു ഖല്‍ദൂന്‍ ശ്രമിക്കുന്നുണ്ട്.
ചുരുക്കത്തില്‍ ചരിത്ര രചനാ ശാസ്ത്രത്തില്‍ മുസ്‌ലിം ചരിത്രകാരന്മാരുടെ സംഭാവനകള്‍ അവിസ്മരണീയമാണ്. ചരിത്ര രചനയുടെ രീതിശാസ്ത്രത്തെ നിര്‍ണയിക്കുന്നതിലും വിമര്‍ശനാത്മക ചരിത്ര രചനക്ക് കൃത്യമായ രൂപം നല്‍കുന്നതിലും മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഏറെകുറെ വിജയിച്ചിട്ടുണ്ട്. അവരുടെ രചനകള്‍ ഈ വിജ്ഞാന ശാഖയിലെ ആദ്യ രചനകളായി പരിഗണിക്കപ്പെടുന്നു. ഇബ്‌നു ഖല്‍ദൂനാണ് ഈ ചരിത്ര രചനാ സമ്പ്രദായത്തിന് ശാസ്ത്രീയമായൊരു മാനം പകര്‍ന്ന് നല്‍കിയത്. അക്കാലത്ത് ഏറെ അംഗീകരിക്കപ്പെട്ടിരുന്ന പലചരിത്രകാരന്മാരെയും ഖുര്‍ആന്‍ വ്യാഖ്യാതകളെയും നിശിതമായി വിമര്‍ശിക്കാന്‍ ഇബ്‌നു ഖല്‍ദൂന്‍ മുതിര്‍ന്നു. മുന്‍കാല ചരിത്രകാരന്മാര്‍ പ്രവാചക വചനങ്ങളെ പോലെ ചരിത്രങ്ങളെയും വെറും നിവേദക പരമ്പരയുടെ ബലംമാത്രം പരിഗണിച്ച് സമീപിച്ചപ്പോള്‍, ശാസ്ത്രീയമായ രീതിയില്‍ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളെയും അവരുടെ ജീവിത ക്രമത്തെയും അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ വിശകലനം ചെയ്യാന്‍ ആദ്യമായി മുന്നോട്ടുവന്നത് ഇബിനു ഖല്‍ദൂനാണ്. ഇസ്മിക ജ്ഞാന ലോകവും ഇസ്‌ലാമിക ചരിത്രശാസ്ത്രവും ഏറെ ബലഹീനമായൊരു സാഹചര്യത്തിലാണ് ഇബ്‌നു ഖല്‍ദൂനിന്റെ രംഗപ്രവേശനം. അത് കൊണ്ട് തന്നെ സമകാലികരായ ചരിത്രകാരന്മാര്‍ക്കോ പിന്‍ഗാമികള്‍ക്കോ ഇബ്‌നുഖല്‍ദൂന്‍ തുടങ്ങിവെച്ച വിപ്ലവത്തെ കാര്യമായ ശ്രദ്ധകൊടുക്കാനോ പിന്തുടര്‍ച്ച അവകാശപ്പെടാനോ സാധിക്കാതെ പോയി. ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമ ചരിത്ര ശാസ്ത്രത്തിനു പുറമെ സാമൂഹിക ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയ മീമാംസ തുടങ്ങിയ ജ്ഞാന ശാഖകളിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായി മാറി. 1697 മുതലാണ് യൂറോപ്യന്‍ രചനകളില്‍ ഇബ്‌നു ഖല്‍ദൂന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 1806 ആയപ്പോഴേക്കും വിഖ്യാത ഗ്രന്ഥമായ മുഖദ്ദിമ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ നിന്ന് ഒരു പ്രധാന റഫറന്‍സായി മുഖദ്ദിമ ഉപയോഗിച്ച് പോരുന്നു.