ഉച്ചഭാഷിണിയും വന്‍ദോഷവും

സയ്യിദ് മുഹമ്മദ് ശാക്കിര്‍

ഹുദൈഫത്തുല്‍ യമാനി(റ) വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു.നബി(സ്വ) അരുളി:’ വിജ്ഞാനത്തിന്‍റെ മഹത്വം ആരാധനയെക്കാള്‍ ശ്രേഷ്ഠമാകുന്നു.നിങ്ങളുടെ മത കാര്യങ്ങളില്‍ ഏറ്റവും ഉത്തമം സൂക്ഷ്മതയാണത്രേ..’ സൂക്ഷ്മതയിലൂന്നിയ ജീവിത രീതിയെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്.ആരാധനകള്‍ സൂക്ഷമതയിലാകുമ്പോള്‍ അതിന് ആത്മാര്‍ത്ഥതയും അഭിരുചിയും വര്‍ദ്ധിക്കുന്നു.എന്നാല്‍ ചില വിഷയങ്ങളില്‍ സൂക്ഷ്മതയുടെ പേരില്‍ നിരവധി പൊള്ളത്തരങ്ങള്‍ സാമുദായിക വിഷയങ്ങളില്‍ കാണാന്‍ കഴിയും.മതത്തിന്‍റെ വിഷയങ്ങളെ പ്രസ്ഥാനിക വല്‍ക്കരിക്കാന്‍ ഉച്ചഭാഷിണി വിഷയത്തില്‍ സമസ്താനക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളും അത്തരത്തിലൊന്നാണ്.ഈ ഉപകരണം യഥാര്‍ത്ഥത്തിലുള്ള ശബ്ദം അല്ല,അത് കൊണ്ട് ഇത് മഹാ പാപത്തിലേക്ക് വരെ വഴി നടത്തുന്നു എന്നത് പോലോത്ത അവരുടെ വാദങ്ങള്‍ അബദ്ധജഢിലമാണ് എന്ന് മറുപടിയായി രംഗത്തുവന്ന പണ്ഡിതന്മാരില് നിന്നും സുവ്യക്തമാണ്.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചകള്‍ പുരോഗമനം പ്രാപിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ശാസ്ത്രലോകം സംഭാവന ചെയ്ത ഒരു സാങ്കേതിക ഉപകരണമാണ് മൈക്രോഫോണ്‍.1877-ലാണ് ഇത് പ്രത്യക്ഷത്തില്‍ വരുന്നത്.കൗതുകം നിറഞ്ഞ മൈക്രോഫോണ്‍,ലൗഡ് സ്പീക്കര്‍ ഉപയോഗം ക്രമേണ എല്ലായിടത്തും വ്യാപിക്കാന്‍ തുടങ്ങി.അനന്തരം ഈ കൗതുകം സുപരിചിതമായി തുടങ്ങി.മാര്‍ക്കറ്റുകളിലും പള്ളികളിലുമായി ഇതിന്‍റെ ഉപയോഗം വര്‍ദ്ധിച്ചതോടെ പ്രസ്തുത ഉപകരണം എല്ലാവരുടേയും സുപരിചിതത്തിലേക്കു നീങ്ങി.ഇതൊരു ആധുനിക സംരംഭമായത് കൊണ്ടും സംഗീതത്തിനുവേണ്ടി ഉപയോഗിക്കുന്ന കാരണത്താലും വിഷയം പണ്ഡിതര്‍ക്കിടയില്‍ ഒരു നീണ്ട ചര്‍ച്ചക്ക് വഴിയൊരുക്കി.മുശാവറയിലെത്തിയ ചര്‍ച്ചയില്‍ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു.

څ08-04-1967چന് മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം ഇങ്ങനെയാണ്.പി.ഇബ്രാഹിം മുസ്ലിയാര്‍ ഖുതബ,ബാങ്ക് എന്നിവയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുന്നതിനെ പറ്റി നല്‍കിയ ചോദ്യത്തെ പറ്റി ദീര്‍ഘമായി ആലോചന നടത്തുകയും ലൗഡ്സ്പീക്കര്‍ ബാങ്കിലും ഖുതുബയിലും ഉപയോഗിക്കുന്നതിന് യാതൊരു വിരോധവുമില്ലെന്ന് ഏകാഭിപ്രായമായി തീരുമാനിക്കുകയും ചെയ്തു’.ആധികാരിക വിഷയത്തെ കുറിച്ച് അഗാധ പഠനം നടത്തിയും വിലയിരുത്തിയുമുള്ള നിസ്വാര്‍ത്ഥരായ ഒരു കൂട്ടം പണ്ഡിതന്മാരുടെ അഭിപ്രായം കൂടിയായിരുന്നു.എന്നാല്‍ ശംസുല്‍ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും തരംതാഴ്ത്താന്‍ വേണ്ടി ചില സംസ്ഥാന മൗലവിമാര്‍ ഇതിനെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നു.ഉച്ചഭാഷിണി ശബ്ദത്തെ മാറ്റി മറിക്കുമെന്നും അത് പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും കാലത്ത് ഉപയോഗത്തിലുള്ളതല്ല എന്നീ രണ്ട് കാരണങ്ങളാണ് സമസ്താനക്കാര്‍ ഉന്നയിക്കുന്നത്.

എന്നാല്‍ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുന്നത് സംസാരിക്കുന്നവന്‍റെ ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രജ്ഞന്മാര് നിരന്തരമായ പരിശ്രമത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.പാക്കിസ്ഥാനിലെ ദാറുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലും ചീഫ് മുഫ്തിയുമായ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഇന്‍റെ ‘ആലാത്ത് ജദീദകെശര്‍ഈ അഹ്കാം’ എന്ന ഗ്രന്ഥം മൈക്കിനെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും പഠനങ്ങളും ഉള്‍ക്കൊണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം തന്‍റെ അന്തിമ തീരുമാനം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ‘കൂലങ്കശമായി ചിന്തിച്ചതില്‍ നിന്നും സ്പീക്കറില്‍ കൂടി കേള്‍ക്കുന്ന ശബ്ദം സംസാരിക്കുന്നവന്‍റെ ശബ്ദം തന്നെയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.അതുപയോഗിക്കുന്നത് കൊണ്ട് യാതൊരു തകരാറും സംഭവിക്കുന്നില്ല.ഇനി തതുല്യമായ മറ്റൊരു ശബ്ദമാണെങ്കിലും ദോഷമില്ല. (ആലാത്ത് പേജ്-7).തതുല്യമായ മറ്റൊരു ശബ്ദമാണ് പുറത്ത് വരുന്നതെങ്കില്‍ അത് ഇബാദത്തിനെയോ മറ്റോ ബാധിക്കുന്നില്ല എന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുമ്പോള്‍ മനസ്സിലാകും.ഇവിടെ പ്രതിവാദത്തിന്ന് യാതൊരുവിധ പ്രസക്തിയുമില്ലയെന്ന്.

അവര്‍ ഉന്നയിക്കുന്ന മറ്റൊരു വിഷയമാണ് ഖുതുബയിലെ മൈക്ക് ഉപയോഗം.ഉച്ചഭാഷിണി ഉപയോഗ യോഗ്യമല്ലാത്തത് കൊണ്ട് തന്നെ ഖുതുബയില്‍ അതുപയോഗിക്കല്‍ വന്‍ദോഷമാണെന്നും അതുപയോഗിക്കുന്നവര്‍ ഫാസിഖ് ആണെന്നും സംസ്ഥാന മൗലവിമാര്‍ വാദിക്കുന്നു. വെള്ളിയാഴ്ച്ചയിലെ ജുമുഅ ഖുതുബ നാല്‍പ്പത് പേരെ കേള്‍പ്പിക്കണമെന്നാണ് ശാഫിഈ ഗ്രന്ഥങ്ങള്‍ സകലതും സാക്ഷ്യപ്പെടുത്തുന്നത്.പ്രബല ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫയില്‍ ഇമാം ഇബ്നു ഹജര്‍(റ)ശര്‍ത്തായി പരിഗണിക്കുന്നത് യോഗ്യരായ നാല്‍പ്പത് ആളുകളെ ഖുതുബ കേള്‍പ്പിക്കുക എന്നതാണ്.ഫുഖഹാഅ് ഇതിനെ നിരുപാധികമായി പറഞ്ഞത്കൊണ്ട് തന്നെ ഇത് മാധ്യമം മുഖേനെയാവട്ടെ അല്ലാതെയാവട്ടെ രണ്ടും സ്വീകാര്യയോഗ്യമാണ്.ഉപാധികളോട് കൂടി സ്വീകാര്യമാവുന്ന മാസം കാണല്‍ പോലുള്ള കാര്യങ്ങള്‍ ഫുഖഹാഅ് ഉപാധികളോട് കൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്ന ശബ്ദം ശബ്ദിക്കുന്നവന്‍റെതല്ലെന്ന് കേവലം പ്രതിവാദത്തിന് വേണ്ടി സമ്മതിച്ചാലും ഖുതുബ അസാധുവാകുന്നില്ല.ഉച്ചഭാഷിണിയുടെ മാധ്യമത്തോടെയോ അല്ലാതെയോ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ നിബന്ധനയൊത്ത മുപ്പത്തിയൊമ്പത് പേര്‍ കേട്ടാല്‍ മതി.അഥവാ കേള്‍ക്കത്തക്ക രീതിയില്‍ അവിടെ ശബ്ദമുണ്ടായാല്‍ മതി.

ലൗഡ്സ്പീക്കര്‍ വിഷയത്തില്‍ ശംസുല്‍ ഉലമ,ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ അഭിപ്രായം പറഞ്ഞത് സംശയമുള്ളത് ഉപേക്ഷിച്ച് സംശയമില്ലാത്തത് സ്വീകരിക്കുക എന്ന റസൂല്‍(സ്വ)യുടെ തിരുവചനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.ഇപ്രകാരം തന്നെയായിരുന്നു കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ നിലപാടും. എന്നാല്‍ ഈ അഭിപ്രായത്തോടെല്ലാം വിയോജിച്ച് കൊണ്ട് സംസ്ഥാന മൗലവി പ്രതികരിക്കുന്നതിങ്ങനെയാണ്. “വിശ്വസിക്കുന്നവന് വിശ്വസിക്കാം അല്ലാത്തവന് അവിശ്വാസിയുമാകാം” എന്ന ആയത്ത് ഓതി കൊണ്ട് കുഫ്റിന് വേണമെങ്കില്‍ അല്ലാഹുവിന്‍റെ സമ്മതവും അംഗീകാരവുമുണ്ടെന്ന് വാദിക്കാവുന്നതുമാണ്’.(നുസ്രത്ത് ആഗസ്ത് 2013).

ഉച്ചാഭാഷിണിയുപയോഗം വന്‍ ദോഷമായി മാറുകയാണ് ചെയ്യുന്നതെന്ന സംസ്ഥാന മൗലവിയുടെ വാദത്തോടൊപ്പം ചേര്‍ത്ത് വെക്കുന്നത് ഇതാണ്.’നമ്മുടെ വീക്ഷ്ണത്തില്‍ അവര്‍ നിശിദ്ധമായ വന്‍ദോഷമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അവരുടെ വിശ്വാസത്തില്‍ അവര്‍ ഹറാമല്ല പ്രവര്‍ത്തിക്കുന്നത്.നമ്മുടെ വിഷയത്തില്‍ ഹറാമണെന്ന പറയുന്ന കാര്യത്തെ അനുവദനീയമാണെന്ന് ശരിയായവണ്ണം തഖ്ലീദ് ചെയ്തു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ സ്വന്തം വിശ്വാസ പ്രകാരം ഹറാമായ കാര്യമല്ല പ്രവര്‍ത്തിക്കുന്നത്.അവര്‍ ഫാസിഖുകളാണെന്ന് വിധികല്‍പ്പിക്കാനും സാധ്യമല്ല’.കല്ലുവെച്ച നുണയാണ് മൗലവി പ്രസ്താവിക്കുന്നത്.ശരിയായ വണ്ണം തഖ്ലീദ് ചെയ്ത് പ്രവര്‍ത്തിക്കുന്നവര്‍ നിശിദ്ധമായ വന്‍ദോഷം പ്രവര്‍ത്തിക്കുന്നവരല്ല.നമ്മുടെ വീക്ഷണത്തിലും അവരുടെ വീക്ഷണത്തിലും ഈ ലളിത സത്യം ഫിഖ്ഹ് അരച്ച് കുടിച്ച മൗലവി പഠിച്ചിട്ടില്ലേچچ(നുസ്രത്ത്:2013മാര്‍ച്ച്).ഇത്തരം പ്രസക്തിയില്ലാത്ത വാദങ്ങളുമായാണ് സമസ്താനക്കാര്‍ രംഗത്തുവരുന്നത്.വിഢിത്തങ്ങളുടെ പെരുമഴ പെയ്യിച്ചുകൊണ്ട് മതത്തെ പ്രാസ്ഥാന വല്‍ക്കരിക്കാനുള്ള ഇവരുടെ കുത്സിത ശ്രമങ്ങളാണ് ഈ വാദങ്ങളത്രയും.യഥാര്‍ത്ഥ ആശയങ്ങള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നാഥന്‍ തുണക്കട്ടെ-ആമീന്‍

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*