ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി റസൂലുള്ളാഹി (സ) യുടെ ഈ ചേര്‍ത്തിപ്പറയല്‍ തന്നെ ധാരാളമാണ്.

ശൈഖ് ജീലാനി (റ) പറയുന്നു  ശഅബാന്‍എന്നതില്‍ അഞ്ച് അറബി അക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു. അവയില്‍ ഓരോന്നും ഓരോ ആത്മീയമാനങ്ങള്‍ അര്‍ത്ഥമാക്കുന്നു. ഒന്നാമത്തെ അക്ഷരം ശീന്‍,ശറഫിനെ സൂചിപ്പിക്കുന്നു.ശറഫ് എന്നാല്‍ മഹത്വം എന്നാണ് അര്‍ത്ഥം.തുടര്‍ന്നുവരുന്ന അക്ഷരങ്ങള്‍ സൂചിപ്പിക്കുന്ന പദങ്ങളും അര്‍ത്ഥങ്ങളുമാണിനി പറയുന്നത്. ഐന്‍ ഉലുവ്വ് ഉന്നതി ,ബാഅ് ബിര്‍റ് ഗുണം, അലിഫ് ഇല്‍ഫത്ത് ഇണക്കം, നൂന്‍ നൂര്‍ പ്രഭ ഈപറഞ്ഞ ആത്മീയ നേട്ടങ്ങള്‍ ഈ മാസത്തെ ധന്യമാക്കിയാല്‍ കിട്ടുമെന്നാണ് നാം മനസിലാക്കേണ്ടത്.പാപങ്ങള്‍ പൊറുക്കുന്ന,  നന്മകള്‍ വര്‍ദ്ധിക്കുന്ന, തിരുനബിയുടെ പേരില്‍ സ്വലാത്തുകള്‍ പെരുകുന്ന,ഉപരി ലോക ഗുണങ്ങള്‍ പെയ്തിറങ്ങുന്ന മാസമത്രേ ശഅ്ബാന്‍(ഗുന്‍യത്)

ശഅ്ബാന്‍ മാസത്തില്‍ ഇബാദത്തുകളില്‍ മുഴുകുന്നതില്‍ നാം തീര്‍ച്ചയായും ബദ്ധശ്രദ്ധരാവേണ്ടതുണ്ട്. നബി (സ) ശഅ്ബാന്‍ രാവുകളില്‍ വളരെ നേരം നിസ്കരിക്കുകയും പകലില്‍ നോമ്പെടുക്കാറുണ്ടായിരുന്നു. റമളാന്‍ കഴിഞ്ഞാല്‍ ശഅബാനിലല്ലാതെ ഒരു മാസക്കാലത്തോളം നോമ്പെടുക്കാറുണ്ടായിരുന്നില്ല എന്ന് ഹദീസുകളില്‍ കാണാം.
ശഅ്ബാനിലെ പുണ്യമേറിയ 15ാം രാവായ ബറാഅത്ത് രാവില്‍ ദിക്ര്‍ ദുആകളില്‍ മുഴുകിയും പകലില്‍ നേമ്പെടുത്തും മുസ്ലിം സമൂഹം ഏറെക്കാലമായി ശഅബാനിനെ ആദരിച്ചുവരുന്നു. പക്ഷെ അവാന്തര വിഭാഗങ്ങളിലെ ചില കുബുദ്ധികള്‍ 15ാം രാവിലെയും പകലിലെയും അനുഷ്ഠാന കര്‍മ്മങ്ങളെ തങ്ങളുടെ സ്വാര്‍തഥ താല്‍പര്യങ്ങല്‍ക്കു വേണ്ടി ഇകഴ്ത്തിക്കാണിക്കാറുണ്ട് . അത് തീര്‍ച്ചയായും അപലപനീയമാണ്.

അലി (റ) നിന്നുള്ള ഉദ്ധരണിയില്‍  ഇങ്ങനെ കാണാം ‘ശഅബാന്‍ 15ാം രാവില്‍ നിങ്ങള്‍ നിസ്കരിക്കുക, അതിന്‍റെ പകലില്‍ നോമ്പനുഷ്ഠിക്കുക,ആ രാവില്‍ സൂര്യാസ്തമയം വരെ നാഥന്‍റെ സവിശേഷമായ കാരുണ്യ വെളിപാട് പ്രഥമാകാശത്തില്‍ നടക്കുന്നതാണ്.മാപ്പപേക്ഷകര്‍ക്ക് പാപമുക്തി, അന്നപാനാദികള്‍ തേടുന്നവര്‍ക്ക് അവ, ആരോഗ്യമാരായുന്നവര്‍ക്ക് ആരോഗ്യം, തത്തുല്ല്യ ആവിശ്യങ്ങള്‍ തേടുന്നവര്‍ക്ക് അവയെല്ലാം നല്‍കാന്‍ അവന്‍ സന്നദ്ധമാകുന്ന രാവാകുന്നു ഇത് ‘(ഇബ്നു മാജ).

ബറാഅത്തിന്‍റെ പകലിലുള്ള നോമ്പിനു ഈ ഹദീസ് മതിയായ തെളിവാണെങ്കില്‍ അതിന്‍റെ രാവിലുള്ള ഇബാദത്തുക്കളുടെ മഹത്വത്തെക്കുറിച്ച് മഹ്നായ ഇബ്നു ഹജര്‍ ഹൈതമി (റ) ഇങ്ങനെ പറയുന്നുണ്ട് ‘ബറാഅത്ത് രാവിന് പ്രത്യേക മഹത്വവും മാപ്പും സവിശേഷമായി തന്നെ ലഭിക്കുന്ന രാവാകുന്നു ഇത്.  പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന രാവെന്ന് ഇമാം ശാഫിഈ പുകഴ്ത്തിപ്പറഞ്ഞത് ഇതിനു മതിയായ തെളിവാകുന്നു’ (ഫതാവല്‍ കുബ്റാ 2/80)

ബറാഅത്ത് രാവില്‍ മൂന്ന് തവണ യാസീന്‍ ഓതണമെന്നും അവയിലൊന്ന് ദീര്‍ഘായുസ്സിനും മറ്റുള്ളവ ഭക്ഷണത്തിന്‍റെ സുഭിക്ഷതയ്ക്കും സല്‍മരണത്തിനും വേണ്ടിയാകണമെന്നും ഇത് ഇശാ മഗ്രിബിനിടയിലായി ഓതണമെന്നും മഹാനായ ഇബ്റാഹീം തമീരി പറഞ്ഞതായി കാണാം.  ഇതിനു പുറമെ സൂറത്തു ദുഖാനും ഓതേണ്ടതാണ്. ഇതേ ആശയം മഹാനായ മുഹമ്മദുദ്വിംയാതി(റ)ന്‍റെ വാക്കുകളിലും കാണാം. അദ്ദേഹം പറയുന്നു:ശഅ്ബാന്‍റെ പകുതിയില്‍ (അഥവാ പതിനഞ്ചാം രാവില്‍) പ്രത്യേകമായി ചെയ്യേണ്ടത് മൂന്ന് യാസീന്‍ ഓതലും അന്യ സംസാരങ്ങള്‍ വെടിയലുമാണ്. ഒന്നാമത്തേത് അവനും അവന്‍ പ്രിയം വെക്കുന്നവര്‍ക്കും വയസ്സില്‍ ബറകത്തുണ്ടാകുവാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ വിശാലതയുണ്ടാകുവാനും മൂന്നാമത്തേത് വിജയികളില്‍ ഉള്‍പ്പെടുത്തലിനെയും നിയ്യത്ത് വെക്കേണ്ടതാണ്. ശേഷം ദുആ ചെയ്യുകയും വേണം (നിഹായത്തുല്‍ അമല്‍ 280)

ചുരുക്കത്തില്‍ മഹത്വങ്ങളുടെ നിറകുടമായ പരിശുദ്ധ റമളാനിലേക്കുള്ള കവാടങ്ങളാണ് ശഅ്ബാന്‍ മാസവും റജബും.  ഇവകളെ ബഹുമാനിച്ചവര്‍ക്കും ആദരിച്ചവര്‍ക്കും മാത്രമേ റമളാന്‍റെ വൈശിഷ്ട്യം ആവാഹിക്കാന്‍ സാധ്യമാകൂ. വരാനിരിക്കുന്ന ബറാഅത്ത് രാവടങ്ങുന്ന ശഅ്ബാനിലെ ദിനരാത്രങ്ങളെ ധന്യമാക്കാന്‍ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ, ആമീന്‍.

About Ahlussunna Online 1155 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*