സൈനുല്‍ ഉലമഃവിനയസൗരഭ്യത്തിന്‍റെ ജ്ഞാനശോഭ

ആശിഖ് പിവി കോട്ടക്കല്‍

ഹിക്മത്തിന്‍റെ നിലാവ് പെയ്ത ഓര്‍മ്മകളുടെ ഓളങ്ങളില്‍ ജ്ഞാനത്തിന്‍റെ നിധിയെ കേരളീയ മുസ്ലിം സമാജത്തിന് തുറന്ന് തന്ന ആത്മീയാചാര്യനായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്. പഴമയുടെ ചരിത്രം പേറുന്ന ദര്‍സീ പാരമ്പര്യത്തില്‍ നിന്ന് വിഭിന്നമായി പുതിയ ഭാവങ്ങള്‍ നല്‍കി ഇസ്ലാമിക യൂനിവേഴ്സിറ്റിയായി വളര്‍ന്ന ദാറുല്‍ ഹുദയുടെ നാനോന്മുഖ പുരോഗതിയിലെ ചാലക ശക്തിയായി വര്‍ത്തിക്കുകയും രണ്ട് പതിറ്റാണ്ട് കാലം ദീര്‍ഘവീക്ഷണത്തിന്‍റെ നേതൃപാടവം തീര്‍ത്ത് സത്യസമസ്തുടെ നായകത്വം വഹി ക്കുകയും ചെയ്ത ഹിക്മത്തിന്‍റെ ചന്ദ്രശോഭയായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍.ആര്‍ദ്രത നിറഞ്ഞ് നില്‍ക്കുന്ന സ്നേഹ ധവളിമയുള്ള പുഞ്ചിരി കൊണ്ടും വിനയത്വം തുളുമ്പി നില്‍ക്കുന്ന ശാന്തമായ വാക്കുകള്‍ കൊണ്ടും സൈനുല്‍ ഉലമയെന്ന വന്ദ്യഗുരുനാഥന്‍ ആത്മീയ സൗരഭ്യത്തിന്‍റെ തിളക്കം കേരളീയ ജനതയുടെ സിരകളുടെ ഊര്‍ജ്ജപ്രഭാവമായിരുന്നു.

ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും മൊറയൂരിലെ ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി 1937 (ഹി 1356 റജബ് 20) ഒക്ടോബറില്‍ മാതൃ ഗൃഹത്തിലായിരുന്നു മഹാനായ മര്‍ഹൂം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ജനനം. പള്ളി പറമ്പില്‍ ശൈഖ് മൊല്ലാക്കയുടെ ഓത്ത് പള്ളിയില്‍ അല്‍പകാലവും കൊണ്ടോട്ടി സ്കൂളില്‍ എട്ട് വര്‍ഷവുമായിരുന്നു ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം .പിന്നീട് പിതാവ് മുഹമ്മദ് മുസ്ലിയാരിലൂടെ കിതാബുകളുടെ ലോകത്തേക്ക് തിരിഞ്ഞു. പിതാവിന്‍റെ സന്നിദ്ധിയില്‍ ഏഴ് വര്‍ഷത്തോളം മതവിഷയങ്ങളെല്ലാം ഗഹനമായി പഠിച്ച ശേഷം മഞ്ചേരിയില്‍ ഓവുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷം വീണ്ടും വിജ്ഞാനം കരസ്ഥമാക്കി.

വൈജ്ഞാനിക ലോകത്ത് ജീവിതം സമര്‍പ്പിച്ച ഉസ്താദ് പഠന ശേഷം ആദ്യമായി ദര്‍സ് തുടങ്ങിയ കോടങ്ങാട്ട് മൂന്ന് വര്‍ഷം അദ്ധ്യാപനം നടത്തി.വീണ്ടും വിജ്ഞാന ദാഹിയായി അവിടെ നിന്നും ലീവെടുത്ത് പല ദര്‍സുകളിലും വെച്ച് കിതാബുകള്‍ പഠിച്ചു.ഇരുപത്തിയെട്ട് വര്‍ഷം പഠനങ്ങളില്‍ ഏര്‍പ്പെട്ടു.1957 ല്‍ അദ്ധ്യാപകനായി ദര്‍സിലെത്തിയ ചെറുശ്ശേരി ഉസ്താദ് ശിഷ്യഗണത്തിന് പറഞ്ഞ് കൊടുത്ത കിതാബിലെ വരികളും മഹാന്‍റെ ജീവിതവും അവര്‍ക്ക് മറക്കാനാവാത്തതായിരുന്നു.

ചെറുശ്ശേരി ഉസ്താദിന്‍റെ പ്രധാന സേവന രംഗം അദ്ധ്യാപനമായിരുന്നു.(1957-2016)വരെയുള്ള ആറ് പതിറ്റാണ്ട് നീണ്ട് നിന്ന അദ്ധ്യാപന ജീവിതവും ഉസ്താദിനെ വിജ്ഞാന വലയമാക്കി.കര്‍മ്മവീഥിയിലൂടെയും ആദര്‍ശ വിശുദ്ധിയിലൂടെയും മുസ്ലിം ഉമ്മത്തിന് താങ്ങും തണലുമായിരുന്ന ഉസ്താദ് സമസ്തയുടെ നാലാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു.1996 ല്‍ ശംസുല്‍ ഉലമയുടെ വിയോഗാനന്തരമാണ് സമസ്തയുടെ ജനറല്‍ സെക്രട്ട്റി പദവി ഉസ്താദിനെ ഏല്‍പ്പിക്കപ്പെടുന്നത്.

സമസ്തയുടെ പരമ്പരാഗത പണ്ഡിതരെ പോലെ ഇല്‍മും അമലും ഒത്തിണങ്ങിയ മഹാനായിരുന്നു ചെറുശ്ശേരി ഉസ്താദ്.തന്‍റെ മുന്‍ഗാമികളില്‍ നിന്നും സ്വീകരിച്ച പാതകള്‍ ഉസ്താദിന്‍റെ കര്‍മ്മസരണിയില്‍ നിഴലിച്ചു നിന്നു. പ്രസ്ഥാനത്തിന്‍റെ നിലപാടുകളുടെ കാര്യത്തില്‍ സൈനുല്‍ ഉലമയുടെ സേവനം വിലമതിക്കാനാവാത്തതാണ്.വിഷയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ഉസ്താദിന്‍റെ പ്രഭാഷണ ശൈലി സമൂഹം ഏറെ ആകാംക്ഷയോടെ ശ്രവിച്ചിരുന്നു.

കര്‍മ്മരംഗത്തെ തിരക്കുകളും ശാരീരിക അസുഖങ്ങളുമെല്ലാം വകവെക്കാതെ ദാറുല്‍ ഹുദയിലെ ശിഷ്യഗണങ്ങള്‍ക്ക് ഹദീസും തുഹ്ഫയും പകര്‍ന്ന് കൊടുത്തായിരുന്നു ശൈഖുന ദാറുല്‍ ഹുദയെന്ന ജ്ഞാനലോകത്ത് നിന്ന് വിട്ട് പിരിഞ്ഞത്.നാഥനായ അല്ലാഹുവിനെ ആദരങ്ങളര്‍പ്പിച്ച് ദിക്റിലും ഔറാദിലുമായി കഴിച്ചു കൂട്ടുന്നതായിരുന്നു അവിടുത്തെ അവസാന നാളുകള്‍.അല്ലാഹുവിനെ പുല്‍കാന്‍ തയ്യാറായി നിന്നിരുന്ന ആ മനസ്സ് ഈമാനിനാല്‍ സുകൃതമാവുകയായിരുന്നു.

സുകൃതങ്ങളാല്‍ ധന്യമായിരുന്നു മര്‍ഹൂം ചെറുശ്ശേരി ഉസ്താദിന്‍റെ ജീവിതം.ഇസ്ലാമിക ചൈതന്യം തലമുറകളിലേക്ക് പകര്‍ന്ന് നല്‍കിയ മുഖ്യകണ്ണിയായിരുന്നു ചെറുശ്ശേരി ഉസ്താദ്.2016 ഫെബ്രുവരി 18 ലെ ഉദയ സൂര്യന്‍ ഉദിച്ചുയരാന്‍ മടികാണിച്ചു.ഏഴര പതിറ്റാണ്ടിന്‍റെ ആ ധന്യജീവിതം ഈ ഭൂമുഖം വിട്ട് ഏകവീട്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ യാത്രയാക്കാന്‍ ദാറുല്‍ ഹുദയുടെ തിരുമുറ്റത്തേക്ക് ഈറനണിഞ്ഞ് ഓടിയെത്തിയവരില്‍ നിന്നും ആ ജീവിതത്തിന്‍റെ സുകൃതങ്ങള്‍ നമുക്ക് വായിച്ചെടുക്കാമായിരുന്നു.സര്‍വ്വശക്തനായ അല്ലാഹു മഹാനവറുകള്‍ ചെയ്തു തീര്‍ത്ത കര്‍മ്മങ്ങളെ ഖബറില്‍ സുകൃതങ്ങളാക്കിക്കൊടുക്കട്ടെ.ആമീന്‍

Be the first to comment

Leave a Reply

Your email address will not be published.


*