ഖാലിദുബ്നുല്‍ വലീദ് (റ): അടര്‍ക്കളത്തിലെ ധീര ശബ്ദം..!

ശബീര്‍ അലി ടി.പി കിഴിശ്ശേരി

ഖാലിദ് (റ)! ലോക മുസ്ലിം ചരിത്രത്തില്‍ ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉജ്ജ്വല നാമം. പരിശുദ്ധ റസൂല്‍ (സ്വ) തങ്ങളാല്‍ ‘സൈഫുല്ലാഹ്’ എന്ന് നാമകരണം ചെയ്യപ്പെട്ട മഹാവ്യക്തിത്വം. ഇസ്ലാമിക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ധീരതയുടെ പര്യായം. ഇസ്ലാമിന്‍റെ വിജയത്തിനായി സമാനതകളില്ലാത്ത സംഭാവനകള്‍ സമര്‍പ്പിച്ച ഉന്നത പ്രതിഭ. പരാജയം അല്‍പം പോലും അനുഭവിക്കാത്ത ധീര യോദ്ധാവ്..!

ബാല്യകാലം തൊട്ടേ യുദ്ധത്തോട് അതിയായ താല്‍പര്യമുള്ള വ്യക്തിയായിരുന്ന അദ്ദേഹം ഇസ്ലാമാശ്ലേഷണത്തിന് മുമ്പ് ഉഹ്ദിലും ഹുദൈബിയ്യയിലും അവിശ്വാസി സൈന്യങ്ങളുടെ പടത്തലവനായിരുന്നു.

ശരീര പ്രകൃതിയിലും മറ്റും ഉമറുബ്നുല്‍ ഖത്താബ്(റ)നോട് സാദൃശ്യമുള്ളവരായിരുന്നു ഖാലിദ് (റ). അദ്ദേഹത്തിന്‍റെ വലീദ് എന്ന സഹോദരന്‍ മുമ്പേ ഇസ്ലാം മതം സ്വീകരിക്കുകയും നബിയോടു കൂടെ ഹിജ്റ പോയി അവിടെ താമസമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹം ഖാലിദ്(റ)നെ ഇസ്ലാമിന്‍റെ തീരത്തേക്ക് ക്ഷണിച്ചുകൊണ്ട് നിരന്തരം കത്തെഴുതാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇപ്രകാരം എഴുതി:

“അങ്ങേയറ്റം ആഗ്രഹത്തോടെ നബി (സ്വ) തങ്ങള്‍ നിന്നെ അന്വേഷിക്കുന്നു. സത്യമതത്തില്‍ നിന്നുമുള്ള നിന്‍റെ ഈ അകല്‍ച്ച നബിയെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. നീ നിന്‍റെ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കുകയും ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്യണം”.

ഇസ്ലാം സ്വീകരിക്കുകയെന്ന ദൃഢനിശ്ചയവുമായി ഖാലിദ് (റ) മദീനയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ അംറുബ്നു ആസ്വ്, ഉസ്മാനുബ്നു അബീ ത്വല്‍ഹ എന്നിവരെ കണ്ടുമുട്ടി. അവരും മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.

അവരെ കണ്ടമാത്രയില്‍ നബി (സ്വ) പറഞ്ഞു: “മക്ക അതിന്‍റെ കരളിന്‍റെ കഷ്ണങ്ങളെ പുറപ്പെടുവിച്ചിരിക്കുന്നു”. അവര്‍ നബിയോട് സലാം പറഞ്ഞു. ശഹാദത്ത് ചൊല്ലിക്കൊണ്ട് ഖാലിദ് (റ) ഇസ്ലാം സ്വീകരിക്കുകയും മുന്‍കാല പാപങ്ങള്‍ പൊറുത്തുതരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി നബിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിക്കലോടു കൂടെ താങ്കളുടെ മുന്‍കാല പാപങ്ങളെല്ലാം അല്ലാഹു തആല പൊറുത്തുതന്നിരിക്കുന്നുവെന്ന് നബി തങ്ങള്‍ പ്രതിവചിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശേഷം മറ്റു രണ്ടുപേരും ഇസ്ലാം സ്വീകരിക്കുകയും തന്മൂലം നബി തങ്ങളും അനുയായികളും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

ഹിജ്റ എട്ടാം വര്‍ഷം മുവ്വായിരം വരുന്ന മുസ്ലിം സൈന്യം രണ്ട് ലക്ഷം വരുന്ന റോമന്‍ സൈന്യവുമായി സിറിയയിലെ ബല്‍ഖാഇല്‍ വെച്ച് ഏറ്റുമുട്ടി. പ്രസ്തുത യുദ്ധത്തില്‍ മുസ്ലിം സൈനിക മേധാവികളായ സൈദുബ്നു ഹാരിസ, ജഅ്ഫറുബ്നു അബീ ത്വാലിബ്, അബ്ദുല്ലാഹിബ്നു റവാഹ തുടങ്ങിയവര്‍ ശഹീദായി. തദവസരം മുസ്ലിംകള്‍ പരിഭ്രാന്തരാവുകയും നേതൃത്വം ഖാലിദ്(റ)നെ ഏല്‍പിക്കുകയും ചെയ്തു. വിജയശ്രീലാളിതരായി തിരിച്ചുവന്ന മുസ്ലിംകളെ നബി തങ്ങള്‍ ഇരുകൈ നീട്ടി സ്വീകരിച്ചു.

അബൂബക്കര്‍(റ)ന്‍റെ കാലത്ത് ഖാലിദ് (റ) ഇറാഖില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കെ യുദ്ധം അവസാനിപ്പിച്ച് സിറിയയില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിംകളെ സഹായിക്കുകയെന്ന ആവശ്യാര്‍ത്ഥം ഖലീഫ ഒരു കത്തെഴുതി. ഇറാഖില്‍ നിന്നും സിറിയയിലെത്തിച്ചേരാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതുണ്ടായതിനാല്‍ അവര്‍ സാഹസികമായി മരുഭൂമി മുറിച്ചുകടക്കാന്‍ തീരുമാനിച്ചു. ആശങ്കാഭരിതമായ ഈ സന്ദര്‍ഭത്തില്‍ “അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ഒരു സൈനികന് യാതൊരു ഭയവും വേണ്ട” എന്ന ആശയം അദ്ദേഹം സൈന്യത്തെ ധരിപ്പിച്ചു. തുടര്‍ന്നുള്ള പല സംഘട്ടനങ്ങളിലും മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കാനും വിജയം കൈവരിക്കാനും അദ്ദേഹത്തിന് സാധിച്ചു. നബി തങ്ങളുടെ ജീവിതാവസാനം വരെ സഹചാരിയായി കൂടെക്കഴിയുകയും ചെയ്തു.

നബി തങ്ങളുടെ വഫാത്തിന് ശേഷം ചില അറബ് ഗോത്രങ്ങള്‍ സകാത്ത് നല്‍കാന്‍ വിസമ്മതിക്കുകയും ചില വ്യാജ പ്രവാചകന്മാര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ അവരെ പ്രതിരോധിക്കുന്നതിലും ഇസ്ലാമിനെ സംരക്ഷിക്കുന്നതിലും ഖാലിദ് (റ) വഹിച്ച പങ്ക് സ്തുത്യര്‍ഹവും നിസ്തുലവുമാണ്.

പ്രക്ഷോഭ സാഹചര്യം പരിഗണിച്ച് പലപ്പോഴും സ്വേഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു ഖാലിദ് (റ). അത് പലപ്പോഴും ഖലീഫക്ക് എതിരായാല്‍ പോലും അബൂബക്കര്‍ (റ) അനുവാദം നല്‍കിയിരുന്നു. എങ്കിലും ഖലീഫ ഉമര്‍ (റ) പ്രസ്തുത പ്രവൃത്തി മൂലം അദ്ദേഹത്തെ ആക്ഷേപിച്ചു.

ഉമര്‍ (റ) ഖലീഫയായപ്പോള്‍ ഖാലിദ്(റ)നെ നേതൃസ്ഥാനത്തു നിന്ന് നീക്കുകയും അബൂ ഉബൈദ(റ)യെ പകരം നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഒരു സാധാരണ സൈനികനായി ജീവിതം നയിച്ചു.
ഡമസ്കസ് മുസ്ലിംകള്‍ക്ക് അധീനതയിലായപ്പോള്‍ അബൂഉബൈദ (റ) ഖാലിദ്(റ)നെ സിറിയയിലേക്ക് അയക്കുകയും അവിടെ അദ്ദേഹം വിജയം കൊയ്തെടുക്കുകയും ചെയ്തു. അവിടെ നിന്നും അവര്‍ അങ്ങേയറ്റം യുദ്ധമുതല്‍ ഒരുമിച്ചു കൂട്ടുകയും അത് കവികള്‍ക്കും മറ്റു ദരിദ്രര്‍ക്കും വീതിച്ചു നല്‍കുകയും ചെയ്തു. ഇതറിഞ്ഞ ഉമര്‍ (റ) കുപിതനായി.

ഖാലിദ് (റ) അന്യായമായ രീതിയിലാണ് യുദ്ധമുതല്‍ ചിലവഴിച്ചതെന്ന് ഖലീഫ മനസ്സിലാക്കുകയും ഇതുകാരണമായി അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ വിധിക്കുകയും ചെയ്തു. അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയ ധനം പൊതു ധനത്തില്‍ നിന്നുള്ളതാണെങ്കില്‍ വഞ്ചനക്കുറ്റം ചുമത്താനും സ്വന്തം ധനത്തില്‍ നിന്നുള്ളതാണെങ്കില്‍ അമിതവ്യയത്തിന്‍റെ കുറ്റം ചുമത്താനും ഏതുതന്നെയായാലും തല്‍സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാനും തീരുമാനിച്ചു.

പിന്നീട് ഉമര്‍ (റ) ഖാലിദ്(റ)നെ മദീനയിലേക്ക് ക്ഷണിക്കുകയും അങ്ങേയറ്റം ആഥിത്യ മര്യാദയോടു കൂടി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. കൂടാതെ തല്‍സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത് തെറ്റിദ്ധാരണ മൂലമല്ലെന്നും താന്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന സിറിയയിലെ യുദ്ധമുതല്‍ കവികള്‍ക്കും മറ്റും നല്‍കിയതിനാലാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

ഒരിക്കല്‍ ഖാലിദ് (റ) പറഞ്ഞു: “അല്ലാഹു തആല എന്‍റെ സ്നേഹിതന്‍ അബൂബക്കര്‍(റ)നെ തിരിച്ചു വിളിക്കുകയും പകരം ഉമര്‍(റ)നെ നിയോഗിക്കുകയും ചെയ്തു. മറ്റുള്ള ആരെക്കാളും തനിക്കേറ്റവും ദേഷ്യം തോന്നിയ വ്യക്തിയായിരുന്നു ഉമര്‍ (റ). എന്നാല്‍ ഇന്ന് അദ്ദേഹത്തിന്‍റെ സ്നേഹം എന്നെ ഇരുത്തിക്കളഞ്ഞു”. മരണം വരെ ഉമര്‍ (റ) ഖാലിദ്(റ)ന്‍റെ കുടുംബത്തില്‍ ഒരു പിതാവിനെപ്പോലെ വര്‍ത്തിച്ചു. ഉമര്‍ (റ) ഖാലിദ്(റ)നെക്കുറിച്ച് പറഞ്ഞു: “ഖാലിദ്(റ)നെ പോലെയുള്ള ധീര പുരുഷരെ പ്രസവിച്ച ഒരു മാതാവും ഈ ലോകത്തില്ല”.

പരാജയം എന്തെന്നറിയാത്ത ഖാലിദ് (റ) മുസ്ലിം സമുദായത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ഹിജ്റ 21 ാം വര്‍ഷം ഇഹലോകത്തു നിന്നും എന്നെന്നേക്കുമായി വിടപറഞ്ഞു. സിറിയയിലെ ഹിംസ് എന്ന പ്രദേശത്തായിരുന്നു മഹാന്‍റെ അന്ത്യം. ഒരു ശഹീദാവാന്‍ കഴിയാതെ പോയതിലായിരുന്നു അദ്ദേഹത്തിന്‍റെ നൊമ്പരം.

ജീവിത കാലത്ത് നബിയോടൊപ്പവും അല്ലാതെയും നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത, നിരവധി പ്രദേശങ്ങള്‍ ഇസ്ലാമിന്‍റെ അധീനധയില്‍ വരുത്തിയ ഖാലിദ്(റ)ന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ ഉമര്‍ (റ) ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. അവസാന സമയത്ത് കേവലം ഒരു കുതിരയും വാളുമല്ലാതെ മറ്റൊന്നും തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നില്ല. വിശ്രമമെന്തെന്നറിയാത്ത അടര്‍ക്കളത്തിലെ ധീര ശബ്ദത്തിനുടമ ഇസ്ലാമിക ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമായി ഇന്നും നിലകൊള്ളുന്നു.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*