ജീവിത വിജയത്തിന് ഇസ്ലാമിക വഴികള്‍

കെ.എച്ച് ത്വയ്യിബ് കുക്കാജെ

ലോകത്തുള്ള ഏതൊരു മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യം അവന്‍റെ ജീവിതം വിജയിക്കുക എന്നുള്ളതാണ്.അതിന്ന് വേണ്ടിയാണ് ഒരു മനുഷ്യന്‍ അവന്‍റെ ആയുസ്സ് മുഴുവന്‍ കഷ്ടപ്പെടുന്നതും കഠിനാധ്വാനം ചെയ്യുന്നതും.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനാഗ്രഹിക്കുന്നത് ഇഹപര വിജയമാണുതാനും.ഈ ഒരു ലക്ഷ്യ സാക്ഷാത്കാരത്തിന്ന് വേണ്ടിയാണ് ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകന്മാര്‍ മാനവരുടെ മേല്‍ നിയോഗിക്കപ്പെട്ടത്.ജനനം മുതല്‍ മരണം വരെ ഒരു മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പരിശുദ്ധ ഇസ്ലാം വ്യക്തമായി തന്നെ പഠിപ്പിക്കുന്നുണ്ട്.മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്നത് കൊണ്ട് തന്നെ പല ചുറ്റുപാടുകളോടും അവന്ന് സംവദിക്കേണ്ടി വരുന്നു.നമ്മുടെ ഓരോ ഇടപഴകലിലും ഓരോ ബന്ധങ്ങളും സുദൃഢമാക്കേണ്ടതുണ്ട്.

ഓരോ മനുഷ്യനും അവന്‍റെ ജീവിതത്തിന് ലക്ഷ്യമുണ്ടായാല്‍ മത്രമേ അവന്‍റെ ജീവിതത്തിന്ന് അര്‍ത്ഥമുണ്ടാവുകയുള്ളൂ.ആ ലക്ഷ്യത്തെ എത്തിപ്പിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിത ലക്ഷ്യം സ്വര്‍ഗ്ഗമായിരിക്കണം.അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പലതാണ്.പ്രഥമവും പ്രധാനവുമായത് മനുഷ്യന്‍ ഒരു വിദേശിയെപ്പോലെയോ ഒരു സഞ്ചാരിയെപ്പോലെയോ ആയിരിക്കണം ഈ ഭൂമുഖത്ത് ജീവിക്കേണ്ടത്.അത് അവന്‍റെ ചിന്തകളെ ലക്ഷ്യത്തില്‍ കുരുക്കിയിടുമെന്നതില്‍ സംശയമില്ല.സാഹചര്യമാണ് മറ്റൊന്ന്.

മനുഷ്യ പ്രകൃതം ശുദ്ധമാണ്.സാഹചര്യങ്ങളാണ് പിന്നെ അവനെ ചീത്തയാക്കുന്നത്.ടി.വിയുള്ള വീട്ടില്‍ ജനിക്കുന്ന ഒരു കുട്ടി സ്വാഭാവികമായും ടി.വി കാണുന്നതിന്ന് പ്രേരിതനാകും.പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍.നല്ല സാഹചര്യങ്ങള്‍ നാം പടുത്തുയര്‍ത്തേണ്ടതുണ്ട്.ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത് പോലും ഹറാമിന്‍റെ ഇടയിലേക്കാണ്.

ഒരു മനുഷ്യനെ വിലയിരുത്തപ്പെടുന്നത് അവന്‍റെ അറിവിന്‍റെ തോതനുസരിച്ചാണ്.അറിവുള്ളവര്‍ പ്രബുദ്ധനായിരിക്കും.അറിവ് അവനെ പ്രകാശിപ്പിക്കുന്നു.അത് അവന്ന് തിരിച്ചറിവ് നല്‍കുന്നു.നന്മയും തിന്മയും തിരഞ്ഞെടുക്കല്‍ ലളിതമാകുകയും ചെയ്യുന്നു.ഇക്കാരണം കൊണ്ടാണ് പിരശുദ്ധ ഇസ്ലാം വിജ്ഞാനത്തിനും അത് സമ്പാദിക്കുന്നവര്‍ക്കും വലിയ പദവികളും സ്രേഷ്ടതകളും നല്‍കിയത്.അതു സംബന്ധമായി അനവധി ഖുര്‍ആനിക സൂക്തങ്ങളും തിരുവചനങ്ങളും സുവ്യക്തമാണ്.അറിവ് കൊണ്ട് നാം ഹൃദയം പ്രകാശ പൂരിതമാക്കണം.ആ പ്രകാശം നമ്മുടെ ജീവിതകാലമത്രയും പരന്നൊഴുകുകയും ചെയ്യണം.അല്ലാതെ ഇന്ന് കാണുന്ന വിദ്യാഭ്യാസ രീതികള്‍ പോലെയാവരുത്.ഇന്ന് കാണുന്ന വിദ്യാഭ്യാസ രീതികള്‍ പണ സമ്പാദനത്തിനുള്ള ഒരു ബിസിനസ്സ് സംരംഭം മാത്രമായി മാറിയിട്ടുണ്ട്.

നമുക്ക് വേണ്ടത് ആത്മീയതയിലൂന്നിയ വിജ്ഞാനമാണ്.അതിന്നു മാത്രമേ നമ്മുടെ ജീവിതത്തിന് വഴി വെട്ടിത്തെളിക്കാന്‍ സാധിക്കുകയുള്ളൂ.വിജ്ഞാനം വര്‍ധിക്കണമെങ്കില്‍ വായനാശീലരാകണം.പരിശുദ്ധ ഖുര്‍ആന്‍ തുടങ്ങുന്നത് വായനയെ പ്രോത്സാഹിപ്പിച്ച് കൊണ്ടാണ്.എന്നതില്‍ നിന്ന് തന്നെ വായനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.കുഞ്ഞുണ്ണി മാഷുടെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്.’ വായിച്ചാല്‍ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചില്ലെങ്കില്‍ വളയും വായിച്ചാല്‍ വിളയും’.

അറിവുള്ളവന്‍ എപ്പോഴും വിനയാന്വിതനായിരിക്കും.ഫലമുള്ള മരത്തിന്‍റെ ചില്ലകള്‍ താഴുന്നത് പോലെയായിരിക്കണം നമ്മുടെ ജീവിതം.മനുഷ്യ മനസ്സിനെ ബാധിക്കുന്ന അഹങ്കാരം,അസൂയ,ലോകമാന്യത തുടങ്ങിയവ ഒന്നും നമ്മുടെ ഹൃദയത്തെ തൊട്ടു തീണ്ടരുത്.പിന്നീട് ഒരു മനുഷ്യനുണ്ടാവേണ്ട പ്രധാനപ്പെട്ട സവിശേഷതയാണ് ക്ഷമ.ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ടുപോകാനുള്ള മാനസിക ദൃഢത ലഭിക്കാന്‍ ക്ഷമയെ ഉള്‍ക്കൊള്ളണം.എടുത്ത് ചാട്ടം അവന്‍റെ നാശത്തിലേക്ക് എത്തിക്കുന്നതാണ്.നമ്മുടെ ലക്ഷ്യം ഇഹപര വിജയമായത് കൊണ്ട് തന്നെ,പരലോകത്ത് അത്യുന്നത സ്ഥാനങ്ങള്‍ കൈവരിക്കാന്‍ ക്ഷമ അവന്ന് വേദിയൊരുക്കുമെന്നതില്‍ സംശയമില്ല.

മനുഷ്യന്‍റെ വിജയ വഴികളില്‍ വിലങ്ങുതടിയാകുന്ന ഒരു മനുഷ്യ അവയവമാണ് നാവ്.കളവ്,വാക്കുലംഘനം,പരദൂഷണം,തര്‍ക്കം,ആത്മസ്തുതി,ശാപം,എതിരില്‍പ്രാര്‍ത്ഥിക്കുക,പരിഹസിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് നാവിനെ പിടിച്ചുനിര്‍ത്താനായാല്‍ അവന്ന് വിജയ വഴിയില്‍ സ്വാഭിമാനത്തോടെ മുന്നേറാം.ഇന്ന് ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന കാലമാണ്.ബന്ധങ്ങള്‍ക്ക് വളരെയേറെ വിലകല്‍പിക്കുന്ന ഒരു മതമാണ് പരിശുദ്ധ ഇസ്ലാം.ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തുന്നതിനെ ഇസ്ലാം ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്.കുടുംബബന്ധമായാലും സൗഹൃദ് ബന്ധമായാലും ഭാര്യഭര്‍തൃബന്ധമായാലും ശരി.ബന്ധങ്ങള്‍ അവനെ വിജയവഴിയിലേക്ക് കൈപിടിച്ച് നടത്തും.ബന്ധങ്ങള്‍ക്കിടയില്‍ നാം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വിശ്വസിച്ചാല്‍ വഞ്ചിക്കാതിരിക്കുക,തന്‍റെ സഹോദരന്‍റെ മനസ്സിന് വേദനയുണ്ടാകുന്നതൊന്നും ചെയ്യാതിരിക്കുക.അവനെ ഉപദ്രവിക്കാനോ,നിന്ദിക്കാനോ,ആളുകള്‍ക്കിടയില്‍ വഷളാക്കാനോ മുതിരാതിരിക്കുക.അവന്‍റെ കുറ്റങ്ങള്‍ ചൂഴ്ന്നന്വേഷിക്കാതിരിക്കുക.എന്നിവ ബന്ധങ്ങള്‍ സുദൃഢമാകാന്‍ ഒരുപരിധി വരെ സഹായകമാകും.ബന്ധങ്ങള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ഒന്നാണ് പിണക്കം.എന്നാല്‍ പിണങ്ങിയാല്‍ ഇണങ്ങാനും പഠിക്കണം.ഇവ്വിഷയകമായി ഗൗരവതരമായ ഹദീസുകള്‍ റസൂലുല്ലാഹി (സ്വ) തങ്ങള്‍ ഉത്ബോധിപ്പിക്കുന്നുണ്ട്.

ബന്ധങ്ങള്‍ ഉഴച്ചിലില്ലാതെ മുന്നോട്ട് ഗമിക്കണമെങ്കില്‍ ചില വഴികള്‍ നാംസ്വാംശീകരിക്കേണ്ടതുണ്ട്.സുഹൃത്തിനെ വീട്ടീലേക്ക് ക്ഷണിക്കുക,ചെയ്തുതരുന്ന ഉപകാരങ്ങള്‍ക്കോ നല്‍കുന്ന സമ്മാനങ്ങള്‍ക്കോ നന്ദി
പ്രകടിപ്പിക്കുക.സമ്മാനങ്ങള്‍ നല്‍കുക,വിശേഷങ്ങള്‍ അന്വേഷിക്കുക.നല്ലപേര് വിളിക്കുക.തുടങ്ങിയവ അവയില്‍ ചിലതാണ്.ബന്ധങ്ങളിലുണ്ടാകുന്ന അകലം കുറക്കാനുളള ഏറ്റവും നല്ല മാര്‍ഗമാണ് സലാമിനെ അധികരിപ്പിക്കലും ഹസ്തദാനം നടത്തലും.മറ്റൊന്ന് ദു:ഖങ്ങളിലും സന്തോഷങ്ങളിലും പങ്ക് ചേരുക.
ലോകവും മനുഷ്യനും വളരുന്നതിനനുസരിച്ച് ദു:ഖങ്ങളും,ടെന്‍ഷന്‍കളും ഇന്നു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടും പകര്‍ച്ചാവ്യാദികള്‍ കൊണ്ടും മറ്റും നമ്മുടെ മനസ്സിനെ വേട്ടയാടികൊണ്ടിരിക്കുന്നു.ഇവിടെയാണ് പ്രാര്‍ത്ഥനയെ നമ്മുടെ കൂടപ്പിറപ്പായി കൊണ്ടുനടക്കേണ്ടത്.ജീവിതത്തിന്‍റെ തെളിനീരാണ് പ്രാര്‍ത്ഥന.അത് ആസ്വദിച്ച് കുടിക്കാന്‍ സാധിച്ചാല്‍ മനസ്സിന് സുഖം ലഭിക്കുന്നു.സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം പ്രാര്‍ത്ഥനയാണ്.പ്രാര്‍ത്ഥന തന്നെ ഒരു ആരാധനയാണ്.അത്കൊണ്ട് തന്നെ ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും നിരാശനാകരുത്.’ഒരു സത്യവിശ്വാസിയായ മനുഷ്യന്‍ എപ്പോഴും ഭയത്തിന്‍റെയും പ്രതീക്ഷയുടെയും ഇടയിലായിരിക്കണം’എന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.

ഒരു മുസ്ലിമായ മനുഷ്യന്‍റെ ജീവിതവിജയത്തിന്‍റെ അടിസ്ഥാന ഘടകം ഇസ്ലാമിന്‍റെ നിയസംഹിതകള്‍ക്കനുസരിച്ച് ജീവിക്കലാണ്.നിര്‍ബന്ധമായതും സുന്നത്തായതുമായ കാര്യങ്ങള്‍ അതിന്‍റെ മുറപോലെ നിര്‍വ്വഹിക്കണം.അതില്‍ നാം ഒരു വീഴ്ചയും വരുത്തരുത്.മാത്രമല്ല,നമ്മുടെ വേഷവിതാനങ്ങളിലും തലമുടി മറ്റു കാര്യങ്ങളിലും നാം ഇസ്ലാമിന്‍റെ പരിധി വിട്ട്കൂടാ.അത് പോലെതന്നെ നാം ചെറുതെന്നു വിചാരിക്കുന്ന പലതും നാം മുഖവിലക്കെടുക്കേണ്ടതുണ്ട്.അത് ഒരു മനുഷ്യന്‍റെ പുഞ്ചിരിയാണെങ്കില്‍ പോലുമെന്ന് ഹദീസില്‍ നമുക്ക് കാണാനാകും.

ചുരുക്കത്തില്‍ നമ്മുടെ ജീവിതം വിജയിക്കണമെങ്കില്‍ നാം ചിലതൊക്കെ മാറ്റേണ്ടതുണ്ട്.ഇസ്ലാമിന്‍റെ വഴിയിലാകണം നമ്മുടെ ജീവിതകാലമത്രയും നാം ജീവിക്കേണ്ടത്.മരണവും മറ്റൊരു ലോകവും നമ്മിലേക്ക് വിളിക്കാത്ത അതിഥിയായി വരാനുണ്ട് എന്ന ഉത്തമ ബോധം നമുക്കെപ്പോഴും ഉണ്ടായിരിക്കണം.മാത്രവുമല്ല നമ്മുടെ ലക്ഷ്യം സ്വര്‍ഗ്ഗമാണെന്നത് നാം വിസ്മരിക്കാവതല്ല.പരിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം നാം നമ്മുടെ ഹൃദയത്തില്‍ കൊത്തിയിടേണ്ടതുണ്ട്.അല്ലാഹു പറയുന്നു:’ നിങ്ങള്‍ സ്വയം മാറാത ഒരു സമുദായത്തെയും മാറ്റുകയില്ല’.അതിനാല്‍ സ്വയം നന്നായി സമുദായത്തിന് ഉപകാരമായി നാം ജീവിക്കേണ്ടതുണ്ട്

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*