കുടുബകത്തെ ഭര്‍ത്താവിന്‍റെ ഇടവും സ്ഥാനവും

ത്വയ്യിബ് റഹ്മാനി കുയ്തേരി

അല്ലാഹു പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ(പുരുഷന്‍മാരെ) ചിലരെക്കാള്‍(സ്ത്രീകളെക്കാള്‍) ഉല്‍കൃഷ്ടരാക്കിയതുകൊണ്ടും അവരുടെ (പുരുഷന്മാരുടെ) ധനത്തില്‍ നിന്ന് അവര്‍ (സ്ത്രീകള്‍ക്ക്) ചെലവ് ചെയ്യുന്നതുകൊണ്ടുമാണ്(അങ്ങനെ നിശ്ചയിച്ചത്). അതുകൊണ്ട് ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും, അല്ലാഹു അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക.(അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക.(അതും ഫലപ്രദമായില്ലെങ്കില്‍) അവരെ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരുമാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു. (അന്നിസാഅ് : 34)

സ്ത്രീകളുടെ വിഷയത്തില്‍ പുരുഷനാണ് അധികാരമുള്ളത്. ഭരണാധികാരികള്‍ ഭരണീയരോടെന്നപോലെ ഭാര്യമാരോട് വേണ്ടത് കല്‍പ്പിക്കാനും അരുതായ്മകള്‍ തടയാനും ഭര്‍ത്താവിനാണ് അവകാശമുള്ളത്. ബുദ്ധിശക്തി, ശരീരശേഷി, മനക്കരുത്ത്, ധൈര്യം തുടങ്ങിയ പലകാര്യത്തിലും പുരുഷന്‍ പൊതുവെ സ്ത്രീയെ കവച്ചുവെക്കുന്നു. പ്രവാചകത്വം, ഖിലാഫത്ത്, ഇമാമത്ത്, ഖാളി സ്ഥാനം എന്നീസ്ഥാനങ്ങള്‍ പുരുഷന്‍മാര്‍ക്കുള്ളതാണല്ലോ. സ്ത്രീയുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ പുരുഷന്‍റെ സമ്പത്തുപയോഗിച്ചാണ് നല്‍കേണ്ടത്. നികാഹ്, ത്വലാഖ് എന്നീ ഇടപാടുകള്‍ നടത്തുന്നത് പുരുഷനാണ്.

അനന്തരാവകാശത്തില്‍ രണ്ട് സ്ത്രീകളുടെ ഓഹരി ഒരു പുരുഷന് ലഭിക്കുന്നു. സ്ത്രീകള്‍ ആര്‍ത്തവവതിയാവുമ്പോള്‍ ആരാധനാകര്‍മ്മങ്ങള്‍ നിലക്കുന്നതിനാല്‍ മതനിഷ്ഠയില്‍ സമ്പൂര്‍ണ്ണര്‍ പുരുഷന്‍മാരാണ്. ഇങ്ങനെ വരുമ്പോള്‍ സ്ത്രീകള്‍ തികഞ്ഞ അച്ചടക്കത്തോടെ പുരുഷന് അനുസരിച്ച് ജീവിക്കേണ്ടവളാണെന്ന് വ്യക്തമാവും. പുരുഷന്‍ വീടിന്‍റെ നെടുംതൂണാണെന്നും അടിസ്ഥാന ശിലയാണെന്നും വ്യക്തമാക്കുന്ന നിരവധിതെളിവുകള്‍ നമുക്ക് കാണാന്‍ കഴിയും. 

സ്ത്രീയില്‍ നിന്ന് പുരുഷനെ വ്യതിരിക്തമാക്കുന്ന പ്രത്യേകതകള്‍

1. നുബുവ്വത്തും രിസാലത്തും

2. ചെറുതും വലുതുമായ ഇമാമത്ത്

3. ബാങ്ക്, ഇഖാമത്ത് പോലുള്ള മതചിഹ്നങ്ങള്‍ നിലനിര്‍ത്തുന്ന വിഷയത്തില്‍

4. നികാഹ്, ത്വലാഖ് തുടങ്ങിയ ഇടപാടുകള്‍

5. അനന്തരാവകാശത്തില്‍ ഭാര്യയുടെ ഇരട്ടി വിഹിതം ഭര്‍ത്താവിന് ലഭിക്കുന്നു.

6. പുരുഷന്‍റെ ഓഹരിയുടെ നേര്‍പകുതിയാണ് സ്ത്രീക്ക് ലഭിക്കുന്നത്.

7. ബുദ്ധിയില്‍ പരിപൂര്‍ണ്ണത പുരുഷനാണ്.

8. ഹൈള്, നിഫാസ് ഘട്ടത്തില്‍ സത്രീകള്‍ ഇബാദത്തുകളില്‍ നിന്ന് മാറിനില്‍ക്കുന്നതിനാള്‍ അവരെക്കാള്‍ ദീനില്‍ പൂര്‍ണ്ണത.

9. ഒരേ സമയം ഒന്നിലധികം ഇണകളെ സ്വീകരിക്കാനുള്ള സ്വാതന്ത്യം.

10. കുട്ടികളെ പുരുഷനിലേക്കാണ് ചേര്‍ത്തുക.

11. ഭാരിച്ച ജോലികള്‍ ചെയ്യാനുള്ള കഴിവ്

12. സ്ത്രീകള്‍ക്ക് ചിലവ് കൊടുക്കാനുള്ള കല്‍പ്പന പുരുഷനാണ് നല്‍കപ്പെട്ടത്

13. സ്ത്രീക്ക് പുറത്തിറങ്ങാന്‍ ഭര്‍ത്താവിന്‍റെ സമ്മതം ആവശ്യമാണ്.

14. വിവാഹ സദ്യ നല്‍കേണ്ടത് പുരുഷനാണ്.

15. സത്രീ പുറത്തിറങ്ങുമ്പോള്‍ മഹ്റം കൂടെയുണ്ടാവണം. പുരുഷന് അതില്ല.

16. പുരുഷന്‍മാരുടെ സ്വഫുകളില്‍ ശ്രേഷ്ഠമായത് ഒന്നാം സ്വഫും സ്ത്രീകളുടെ സ്വഫുകളില്‍ നിന്ന് ശ്രേഷ്ഠമായത് അവസാന സ്വഫുമാണ്.

പുരുഷനെ സ്ത്രീയില്‍ നിന്നും വ്യതിരിക്തമാക്കുന്ന ഏതാനും സവിശേഷതകളാണ് ഇവിടെ ഉദ്ധരിക്കപ്പെട്ടത്. പുരുഷന്‍ സ്ത്രീയുടെ കാര്യകര്‍ത്താവാണെന്ന ഖുര്‍ആന്‍ സൂക്തത്തിന് പിന്‍ബലം നല്‍കുന്ന തെളിവുകളില്‍ ചിലതുകൂടിയാണിത്. ഇങ്ങനെ വരുമ്പോള്‍ കുടുംബത്തിന്‍റെ നെടുംതൂണും അടിസ്ഥാന ശിലയുമാണ് പുരുഷനെന്ന് വ്യക്തമാവും.  പുരുഷന്‍ നന്നാവുമ്പോള്‍ സ്വാഭാവികമായും കുടുംബം നന്നാവും. പുരുഷന്‍റെ സ്വഭാവദൂഷ്യങ്ങള്‍ കുടുംബ സംവിധാനത്തിന്‍റെ തകര്‍ച്ചക്ക് കാരണമാവുന്നു. കപ്പലിലെ കപ്പിത്താന്‍റെ ഉത്തരവാദിത്വമാണ് കുടുംബത്തില്‍ ഭര്‍ത്താവിനുള്ളത്. കുടുംബത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ അംഗീകരിക്കുന്നതോടൊപ്പം പുരുഷന് നല്‍കപ്പെട്ടിട്ടുള്ള സവിശേഷതകളും ഉത്തരവാദിത്വങ്ങളും യഥാവിധി നിര്‍വ്വഹിക്കപ്പെടുമ്പോഴേ ഗൃഹാന്തരീക്ഷം സമാധാനപൂര്‍ണ്ണമാവുകയുള്ളൂ.

വൈവാഹിക ജീവിതത്തിലെ കൊടുക്കലുകളും വാങ്ങലുകളും ശരിയായ രീതിയില്‍ നടക്കുന്നതിന് ഭാര്യഭര്‍ത്താക്കന്‍മാര്‍ അവരുടെ ചുമതലകളും കടമകളും നിര്‍വ്വഹിച്ചേ മതിയാവൂ. ഇസ്ലാം കല്‍പ്പിക്കുന്നതിനനുസരിച്ച് ഭര്‍ത്താവ് തന്‍റെ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ ആവീട്ടില്‍ സന്തോഷം കടന്നുവെരുമന്നതില്‍ സംശയമില്ല. മഹ്റും താമസസൗകര്യവും വസ്ത്രവും അന്നപാനീയങ്ങളും സേവകരുമടങ്ങുന്ന ചെലവുകളും ഭര്‍ത്താവിന്‍റെ ഉത്തരവാദിത്വമാണ്. മക്കള്‍ക്ക് വേണ്ടി സദ് വൃത്തയായ ഉമ്മയെ തെരഞ്ഞെടുക്കലും നല്ല പരിചരണം നല്‍കലും പിതാവിന്‍റെ ഉത്തരവാദിത്വത്തില്‍പ്പെട്ടത് തന്നെ.

Be the first to comment

Leave a Reply

Your email address will not be published.


*