രാജ്യത്തിന്‍റെ പൈതൃകവും പൗരന്‍റെ സുരക്ഷിതത്വവും അപകടത്തിലോ..?

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്ക്കൂളില്‍ ക്ഷേത്രാചാരങ്ങളോടു കൂടിയ രാമായണ മാസാചാരണവും ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് നിര്‍ബന്ധിത പാദപൂജയും നടത്തിയിരിക്കുന്നു. ജൂണില്‍ ഡി.പി.ഐ പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ മറപിടിച്ചാണ് ഈ മതാചാരം ഇതര മതസ്ഥരായ വിദ്യാര്‍ത്ഥികളില്‍ പോലും അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം ചടങ്ങിന് കേരള സര്‍ക്കാറിന്‍റെ പച്ചക്കൊടിയുണ്ട് എന്നത് ഖേദകരമാണ്. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഇത്തരം പ്രവണതകള്‍ സാക്ഷര കേരളത്തിന് നാണക്കേടാണ്.

കേരള വിദ്യാഭ്യാസ മനോഭാവത്തെ തകിടം മറിക്കുന്ന രീതികളാണ് മുന്‍ എ.ബി.വി.പിക്കാരനായ വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥന്‍റെ ഓഫീസില്‍ നിന്ന് രണ്ടുവര്‍ഷമായി പുറത്തിറങ്ങുന്നത്. ദീന്‍ ദയാല്‍ ഉപാദ്യയുടെ ജന്മശദാബ്ദി ആചരിക്കലും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവകതിന് സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി കൊടുത്തതും തുടങ്ങി നിരവധി ആര്‍.എസ്.എസ് പ്രീണന നയങ്ങള്‍ ഇക്കാലയളവില്‍ കാണാനാവും. ഗുരുനാഥനെ വന്ദിക്കാനെന്ന പേരില്‍ അരങ്ങേറിയ ഈ ആചാരം നിലവില്‍ കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാവുന്ന ഇത്തരം വീഴ്ചകള്‍ കേരളത്തിന്‍റെ മുഖച്ഛായ തന്നെ വികൃതമാക്കുമെന്നതില്‍ സംശയമില്ല. വൈവിധ്യം നിറഞ്ഞ രാജ്യത്തെ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇളം മനസ്സില്‍ തന്നെ വിഷം കുത്തിയിറക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ഇനിയും ആവര്‍ത്തിക്കരുത്.

ഇന്ത്യ ഹിന്ദുവിന്‍റേതെന്ന് നിശബ്ദമായി വിളിച്ചുപറയുകയാണ് അസമിലെ പൗരത്വ വിഷയം. അസം ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനെ സംബന്ധിച്ച് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ (എന്‍.ആര്‍.സി) ജൂലൈ 30 ന് പ്രസിദ്ധീകരിച്ചിരിക്കുന്നു. മുസ്ലിം ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും മുസ്ലിമീംകള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്‍റെ ഹീനമായ നീക്കം രാജ്യത്തെ ഛിഹ്നഭിന്നമാക്കും. രാജ്യത്ത് മുപ്പത് വര്‍ഷം സൈനിക സേവനം ചെയ്ത മുഹമ്മദ് അസ്മല്‍ ഹഖും ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫഖ്റുദ്ധീന്‍ അലി അഹമ്മദിന്‍റെ സഹോദരന്‍റെ കുടുംബവും മുന്‍ മുഖ്യമന്ത്രിയും പട്ടികയില്‍ നിന്ന് പുറത്തായെങ്കില്‍ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും നരേന്ദ്ര മോദി പ്രധാന ‘മൗനി’യായി തുടരുകയാണ്. പശുക്കടത്തല്‍, ഇറച്ചി സൂക്ഷിക്കല്‍ എന്ന പേരില്‍ നടത്തുന്ന ഈ ആള്‍ക്കൂട്ട തെമ്മാടിത്തത്തിന് തടയിടാന്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം വന്നപ്പോള്‍ മാത്രമാണ് നിയമ നിര്‍മ്മാണത്തെ പോലും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നുള്ളതെങ്കില്‍ ഭരണകൂടത്തിന്‍റെ നിസ്സംഗത എത്ര വലുതാണ്. ദാദ്രിയിലെ അഖ്ലാഖില്‍ നിന്ന് തുടങ്ങി ആല്‍വാറിലെ അക്ബര്‍ ഖാന്‍ വരെ നീണ്ടുനിന്ന ഇത്തരം കൊലപാതകങ്ങള്‍ ചെയ്തത് മുഴുവനും ഒരേയൊരു പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണെന്നുള്ളത് അത്ഭുതമുള്ളതല്ലെങ്കിലും മുസ്ലിം-ദലിത് വിഭാഗങ്ങളില്‍ ഇത് വല്ലാത്ത ആശങ്ക വരുത്തുന്നുണ്ട്. അതിനു പുറമെ ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ ഇതിനെ നിസ്സാരവല്‍ക്കരിക്കുകയും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് വേദിയാകാതിരിക്കുകയും ഒപ്പം അക്രമ സംഘത്തിന് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഭരണകൂടത്തില്‍ നിന്ന് ഉണ്ടാവുകയും ചെയ്യുന്നത് രാജ്യം ദിശ മാറി സഞ്ചരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

ആധാര്‍ സുരക്ഷിതമാണ് എന്ന് പെരുമ്പറ കൊട്ടിയവര്‍ക്ക് തന്നെ ഹാക്കര്‍മാര്‍ ചെണ്ട കൊട്ടിയതോടെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നുണ്ട്. ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മക്കാണ് കരണത്തടിയേറ്റത്. വെല്ലുവിളിച്ച് മണിക്കൂറുകള്‍ക്കകം മൊബൈല്‍ നമ്പറും ബാങ്ക് വിവരങ്ങളുമടക്കം എല്ലാം ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്യുകയും അതിനു പുറമെ ചെയര്‍മാന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും പുറത്തു വിട്ടിരിക്കുന്നു.

പൗരന്‍റെ സ്വകാര്യ കാര്യങ്ങള്‍ കുട്ടിക്കളിയല്ലെന്ന ബോധം ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് വേണം. എല്ലാ കാര്യങ്ങളും ആധാറുമായി കണക്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആദ്യം ആധാറിന്‍റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. ജനങ്ങളുടെ സ്വത്തിനും മറ്റും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ അത് നശിപ്പിക്കാനുള്ള വഴി ഒരുക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന്‍റെ വിപരീത ഫലം അനുഭവിക്കുക തന്നെ ചെയ്യും. നിലവില്‍ പുറത്തു വിട്ടതൊന്നും ആധാര്‍ വഴിയല്ലാതെ കണ്ടെത്താന്‍ കഴിയില്ലെന്ന് യു.ഐ.ഡി.ഐ വാദിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്‍റെ ആശങ്ക അകറ്റുന്നതിന്‍റെ പൂര്‍ണ്ണമായ ബാധ്യത അവര്‍ക്ക് തന്നെയാണ്.

എല്ലാ ജനങ്ങളെയും സഹിഷ്ണുതയോടെ കാണുകയും ഇഷ്ടപ്പെട്ട ആരാധന കര്‍മ്മം ചെയ്യാന്‍ അനുമതി കൊടുത്തതിന്‍റെയും പൈതൃകം പേറി നടക്കുന്ന രാജ്യത്തിലെ ഒരു പ്രബുദ്ധ സംസ്ഥാനത്തിലെ വിദ്യാലയത്തിലാണ് നിര്‍ബന്ധിത പാദപൂജ നടന്നിട്ടുള്ളത്. വിദ്യാലയങ്ങള്‍ തന്നെ വിഷം കുത്തിയിറക്കുന്ന ഇത്തരം നിലപാടില്‍ സമൂഹം ജാഗരൂകരാകണം. ഒപ്പം അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണം. മ്യാന്‍മറിലെ റോഹിംഗ്യകളും പലസ്തീനിലെ ജനങ്ങളും പൊടുന്നനെ വിദേശികളായതു പോലെയാണ്. അഭയാര്‍ത്ഥികളായ 40 ലക്ഷം ജനങ്ങളെ സ്വീകരിച്ച് പാരമ്പര്യമുള്ള രാജ്യമാണ് സ്വന്തം പൗരന്മാരെ അഭയാര്‍ത്ഥികളാക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെങ്കിലും പലസ്തീനും റോഹിംഗ്യയും പോലെയല്ല ഇന്ത്യയെന്ന് ബി.ജെ.പിക്കാര്‍ മനസ്സിലാക്കുന്നത് നന്ന്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൊന്നുതിന്നുന്നതില്‍ ഇന്ത്യയുടെ ബഹുസ്വരതയെയാണ്. ഇതിനെ തടയാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാറുകളും അതിവേഗം നിയമം കൊണ്ടുവരണം. അക്രമി സംഘത്തെ മാത്രമല്ല, അതിന്‍റെ സൂത്രധാരന്മാരെയും അഴിക്കുള്ളിലാക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. പൗരന്‍റെ സ്വകാര്യങ്ങള്‍ പരസ്യമാക്കുന്നുവോ എന്ന ആശങ്ക നിലവില്‍ ആധാറിലുണ്ട്. ആധാറിന്‍റെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും അതല്ല, അതിന് സാധ്യമല്ലെങ്കില്‍ ഉടനെ പരിഹാരം കാണാനും അധികൃതര്‍ തയ്യാറാകണം.

Be the first to comment

Leave a Reply

Your email address will not be published.


*