ദുല്‍ഖുവൈസ്വിറത്തിന്‍റെ സന്താനങ്ങള്‍

ഉനൈസ് റഹ്മാനി വളാഞ്ചേരി

“എന്‍റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തിന്‍റെ മേല്‍ അടിയുറച്ച് നില്‍ക്കുമെന്ന്” (തുര്‍മുദി)മുത്ത് നബി(സ്വ)യുടെ തിരുവചനം കാണാം.ആ സത്യം പ്രതിനിധീകരിക്കുന്നത് അഹ്ലുസ്സുന്നത്തിവല്‍ ജമാഅയാണെന്നതില്‍ ആര്‍ക്കും സന്ദേഹമില്ല.പില്‍ക്കാലത്ത് മുസ്ലിം സമുദായത്തിനിടയില്‍ അനേകം ഛിദ്രശക്തികള്‍ ഉടലെടുക്കുമെന്നു കൂടി നബി തിരുമേനി (സ്വ) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു.
തദവസരത്തില്‍ എന്തു നയം സ്വീകരിക്കണമെന്ന് സ്വഹാബത്ത് ചോദിക്കാതിരുന്നില്ല.അപ്പോള്‍ “എന്‍റെയും എന്‍റെ ഖുലഫാഉറാശിദുകളുടെയും ചര്യ മുറുകെ പിടിക്കുക” എന്നതായിരുന്നു റസൂല്‍(സ്വ)യുടെ പ്രതികരണം.മാത്രമല്ല,ഛിദ്ര പ്രസ്ഥാനത്തിന്‍റെ വക്താക്കളെയും പ്രയോക്താക്കളെയും അത്തരക്കാരുടെ,സ്വഭാവനില,പാരമ്പര്യം,സംസ്കാരം എന്നിവകളെല്ലാം മുത്ത് റസൂല്‍ (സ്വ)പ്രസ്ഥാവിച്ചിട്ടുണ്ട്.അതോടൊപ്പം ആവിശ്യമായ താക്കീതുകളും തല്‍സബന്ധമായി സമുദായത്തെ ബോധവല്‍ക്കരിക്കുക കൂടി ചെയ്തിരുന്നു.

ഇസ്ലാമിക ചരിത്രത്തിന്‍റെ ജാജ്വല്യമാനമായ ഏടുകളിലെ സുപ്രധാന യുദ്ധങ്ങളില്‍ ഒന്നായിരുന്നു ഹുനൈന്‍ യുദ്ധം.പൂര്‍വയുദ്ധങ്ങളിലേക്കാളുപരി സുശക്തവും വൈപുല്യവുമായ സൈനിക സജീകരണങ്ങളോടെയുള്ള ആസൂത്രണങ്ങളെല്ലാം ശത്രുക്കള്‍ക്കുണ്ടായിട്ടുപോലും അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ മുസ്ലിംകള്‍ക്ക് വിജയം വഴിമാറിക്കൊടുത്തു.മുസ്ലിംസൈന്യം അതുല്യമായ വിജയമുണ്ടായി.യുദ്ധാര്‍ജ്ജിത സമ്പത്തിന്‍റെ ഒരു വലിയ ഭാഗം തന്നെ ഗനീമത്തായി ലഭിച്ചിരുന്നു.

മടക്കത്തില്‍ ജിഅ്റാനില്‍ വച്ച് ഗനീമത്ത് മുതല്‍ ഓഹരിവച്ചു.തല്‍സമയം ചരിത്രത്തില്‍ മനോഹരചിഹ്നമായി സ്ഥാനം പിടിച്ചിരുന്ന മക്കാ വിജയ ദിനത്തില്‍ ഇസ്ലാമിന്‍റെ സാദ്വല തീരത്തേക്കണഞ്ഞ പുതുവിശ്വാസികള്‍ക്ക് അവരുടെ മനസ് ഇസ്ലാമില്‍ സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യനബി (സ്വ)ഗനീമത്തില്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയുണ്ടായി. അങ്ങനെ പലര്‍ക്കും വിഹിതം കൊടുത്തു.അന്‍സ്വാറുകള്‍ക്കും മുഹാജിറുകളില്‍പെട്ട പ്രമുഖര്‍ക്കും യുദ്ധാര്‍ജിത സമ്പത്തില്‍നിന്നും വിഹിതം നല്‍കിയിരുന്നുമില്ല.
മുത്ത്നബി(സ്വ)യുടെ ഈ വിഭജനത്തില്‍ അനീതി ആരോപിച്ച് മുനാഫിഖുകളില്‍ ഒരാള്‍ പറഞ്ഞു : “മുഹമ്മദ് നീ നീതി നിര്‍വഹിക്കുക!ഈ വിഭജനത്തില്‍ നീതി ചെയ്തിട്ടില്ല.അല്ലാഹുവിന്‍റെ വജ്ഹ് ഉദ്ദേശിച്ചിട്ടുമില്ല”.ബനൂ തമീം ഗോത്രത്തില്‍ പെട്ട ദുല്‍ഖുവൈസ്വിറയായിരുന്നു അയാള്‍.റസൂലിന്‍റെ പ്രതികരണം മഹാനായ ഇമാം മുസ്ലിം(റ) ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ട് നമുക്കിങ്ങനെ ഗ്രഹിക്കാം.

നബി(സ്വ) പറഞ്ഞു : “നിനക്ക് നാശം.ഞാന്‍ നീതി ചെയ്യുന്നില്ലെങ്കില്‍ പിന്നെ നീതി ചെയ്യുന്നവന്‍ ആര്? കോപത്തോടുകൂടിയായിരുന്നു തിരുമേനി(സ്വ)യുടെ പ്രതികരണം.ഉടനെ സ്വഹാബികളില്‍ പ്രമുഖന്‍ ഉമര്‍(റ) പറഞ്ഞു : “”\അല്ലയോ തിരുദൂതരെ….. ഞാന്‍ ഈ മുനാഫിഖിനെ വധിക്കട്ടെയോ?..
ഖാലിദുബ്നു വലീദും അയാളെ വധിക്കാന്‍ തയ്യാറായി.പക്ഷേ,നബി(സ്വ)അനുമതി നല്‍കിയില്ല.അവിടുന്ന് ്അരുളി : “അയാളെ അവന്‍റെ പാട്ടിന് വിടുക.മുഹമ്മദ് തന്‍റെ അനുയായികളെ വധിക്കാന്‍ തുടങ്ങിയെന്ന കപട ജനസമൂഹത്തിന്‍റെ അവസരത്തെതൊട്ട് ഞാന്‍ നാഥനോട് അഭയം തേടുന്നു”.
തുടര്‍ന്ന് റസൂല്‍(സ്വ)പറഞ്ഞു : “അവന്‍റെ പരമ്പരയില്‍ ഒരു ജനത ഉടലെടുക്കും.അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യും.പക്ഷേ,അത് അവര്‍ ഉള്‍ക്കൊള്ളുകയില്ല.അവര്‍ക്കത് ഫലമുളവാക്കുകയുമില്ല.മുസ്ലിങ്ങളോടവര്‍ സായുധസമരത്തിലേര്‍പ്പെടും.വിഗ്രഹാരാധനയെ ഒഴിവാകും.വേട്ടമൃഗത്തില്‍ പതിച്ച അമ്പ് അതില്‍ തുളച്ച് പുറത്ത് പോകും പ്രകാരം അവര്‍ ഇസ്ലാമില്‍നിന്ന് പുറത്ത്പോകുന്നതാണ്.അവരെ കണ്ടിരുന്നെങ്കില്‍ ഞാന്‍ ഒന്നിനെയും ബാക്കിവയ്ക്കാതെ കൊല്ലുമായിരുന്നേനെ…”

മുസ്ലിം സമുദായത്തില്‍ ചേരിതിരിവും ഭിന്നിപ്പും ഉണ്ടാകുന്ന ഘട്ടത്തിലായിരിക്കും അവരുടെ പടപ്പുറപ്പാട്.എന്നിട്ട് സത്യപ്രസ്ഥാനത്തോട് അവര്‍ സമരം ചെയ്യും.നല്ല ആഘര്‍ഷകമായ വാക്കുകള്‍ ഉരിയാടും.നിങ്ങളില്‍ ഒരാള്‍ അവരുടെ ഇബാദത്തുകളുമായി തട്ടിച്ച് നോക്കിയാല്‍ തന്‍റെ ആരാധനകള്‍ തുലോം തുച്ഛമായിരിക്കും.എന്നാല്‍,സൃഷ്ടികളില്‍ നികൃഷ്ടരാണവര്‍.അവരെ കണ്ടുമുട്ടിയാല്‍ അവരോട് സമരം ചെയ്യുക.
ദുല്‍ഖുവൈസ്വിറത്തിന്‍റെ സന്താനപരമ്പരയില്‍ ജന്മംകൊള്ളുന്ന പ്രസ്തുത വിഭാഗത്തെപ്പറ്റി മുത്ത് നബി(സ്വ)നല്‍കിയ വിവരണം പിന്നീട് അഹ്ലുസ്സുന്നത്തി വല്‍ജമാഅക്കെതിരെ രംഗത്തുവന്ന പ്രഥമ ബിദഈ പ്രസ്ഥാനമായ ഖവാരിജുകളെ കുറിച്ചായിരുന്നുവെന്നതില്‍ പണ്ഡിത ലോകത്ത് പക്ഷാന്തരങ്ങളില്ല.
ഇസ്ലാമിക ചരിത്രത്തില്‍ വലിയ സ്ഥാനമലങ്കരിച്ച അവസാന ഖലീഫ അലി(റ)ന്‍റെ കാലത്തായിരുന്നു ഇവരുടെ പടപ്പുറപ്പാട്.മഹാനായ അലി(റ)വും മുആവിയ (റ)വും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്‍റെ ഘട്ടത്തിലായിരുന്നു അത്.

അലി(റ)വിനെതിരെ സായുധസമരം പ്രഖ്യാപിച്ച് “സത്യ പ്രസ്ഥാനത്തിനെതിരേ അവര്‍ യുദ്ധം ചെയ്യുമെന്ന” പ്രവാചക പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാല്‍കരിച്ചു.മുത്തുനബി(സ്വ) അരുള്‍ ചെയ്ത സര്‍വ്വലക്ഷണങ്ങളും അലി(റ)വിനോട് യുദ്ധം ചെയ്ത ഖവാരിജുകളുടെ നേതാവിനുണ്ടായിരുന്നുവെന്ന് ദൃസാക്ഷിയായ പ്രമുഖ സ്വഹാബിവര്യന്‍ അബൂ സഈദുല്‍ ഖുദ്രി(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യഥാര്‍ത്ഥ ഭരണാധിപനും അഹ്ലുല്‍ ഹഖിനു(സത്യപ്രസ്ഥാനം)മെതിരില്‍ പുറപ്പെട്ടവരായതുകൊണ്ടാണ് അവര്‍ക്ക് ഖവാരിജ് എന്ന പേര് വീണത്.സൃഷ്ടാവായ അല്ലാഹുവിനൊഴികെ വിധി കര്‍ത്യത്വമില്ലെന്നായിരുന്നു അവര്‍ ഉദ്ഘോഷിച്ച മുദ്രാവാക്യം.’വാക്യം സത്യം ഉദ്ദേശം വ്യാജം’എന്നായിരുന്നു അതിന് അലി(റ) പ്രതികരിച്ചത്.
അല്ലാഹുവിന്‍റെ വിധികര്‍ത്യത്വം നിഷേധിക്കുന്നവരോ അതില്‍ സന്ദേഹിക്കുന്നവരോ ആ സമൂഹത്തില്‍ ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്നെങ്കില്‍ അത്തരക്കാരെ ബോധവല്‍ക്കരിക്കാനാണ് ഇത് പറഞ്ഞതെന്ന് വെയ്ക്കാമായിരുന്നു.നേരെമറിച്ച്,ഖലീഫ യഥാര്‍ത്ഥത്തില്‍ വിധികര്‍ത്താവല്ല അതിനാല്‍ അദ്ദേഹത്തെ അനുസ്മരിക്കേണ്ടതില്ലെന്ന് വരുത്തലായിരുന്നു ഖവാരിജുകളുടെ ഉദ്ദേശ്യം.അത് മനസ്സിലാക്കി തന്നെയാണ് മഹാനവര്‍കള്‍ ഇത്തരമൊരു പ്രതികരണത്തിന് മുതിര്‍ന്നതും.അതിനുപുറമെ പല പുത്തന്‍ വാദഗതികളും ഖവാരിജുകള്‍ക്കുണ്ടായിരുന്നു.

ഇസ്ലാമിക നിയമ സംഹിതകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ വഴികേടിലേക്ക് നയിക്കുന്ന ഈ പുത്തന്‍വാദികളെ കടിഞ്ഞാണിടാന്‍ ഖലീഫ അലി(റ) നിര്‍ബന്ധിതനായി.വഴികേടില്‍നിന്നും ധിക്കാരത്തില്‍നിന്നും അനുസരണത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാതയിലേക്ക് കടന്നുവരാന്‍ മഹാന്‍ ഉപദേശിച്ചെങ്കിലും അതു ഫലംകണ്ടില്ല.

ഉടനെ ആയുധമെടുക്കാനായിരുന്നു ഖലീഫയുടെ ആഹ്വാനം.താമസിയാതെ അലി(റ)വും സൈനിക നടപടി സ്വീകരിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.ഖവാരിജുകളായിരുന്നു യുദ്ധം തുടങ്ങിയത്.അത് അവരുടെ അവസാന യുദ്ധവുമായിരുന്നു.ഖലീഫ അലി(റ)വിന്‍റെ സായുധ സൈന്യത്തെ ചെറുക്കാന്‍ കഴിയാതെ ഖവാരിജുകള്‍ പരാജയം ഏറ്റുവാങ്ങി.

ദബര്‍ജാന്‍ പാലത്തിനു സമീപം ഏറ്റുമുട്ടിയ പ്രസ്തുത യുദ്ധമായിരുന്നു ബിദ്അത്തുകാരോടുള്ള പോരാട്ടത്തിന്‍റെ തുടക്കം.ഇന്നും ആ പോരാട്ടം അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.ആയുധസജ്ജരല്ലെങ്കിലും പില്‍ക്കാലത്ത് ഖവാരിജുകളുടെ പിന്‍തലമുറക്കാരായി കടന്നുവന്നവരോട് ഒന്നുകില്‍ വംശീയമായിത്തന്നെ അല്ലെങ്കില്‍ ആദര്‍ശപരമായി പോരാടിയ ചരിത്രമാണ് അഹ്ലുസ്സുന്നക്കുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*