NRC യും CAA യും ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

കെ.കെ സിദ്ധീഖ് വേളം

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വോഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ബില്ല് ഇന്ത്യന്‍ മതേതര സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.വൈദേശിക ശക്തികളില്‍ നിന്നും ഇന്ത്യാ മഹാരാജ്യത്തെ മോചിപ്പിച്ചെടുത്ത ബഹുസ്വര കൂട്ടായ്മയിലെ നിറ സാന്നിദ്ധ്യമായിരുന്ന മുസ്ലിം സമൂഹത്തെ രാജ്യത്തു നിന്നും പുറത്താക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു ഭേദഗതി ബില്‍ കൊണ്ടുവന്നിരിക്കുന്നത്.രാജ്യത്തിന്‍റെ ജനാധിപത്യ മതേതരത്വ ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഈ ബില്‍ ഫാസിസ്റ്റ് ഭരണകൂടത്തോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

1955-ലെ പൗരത്വ ഭേദഗതി ബില്ലിന്‍റെ അടിസ്ഥാനത്തില്‍ അസമില്‍ NRC (The National Registration Of Citizenship)നടപ്പിലാക്കിയപ്പോള്‍ 19 ലക്ഷത്തോളം വരുന്ന അസം നിവാസികള്‍ രാജ്യത്തിന്‍റെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടു.സ്വാഭാവികമായും അസമില്‍ NRC ക്കെതിരെ ശക്തമായ പ്രതിഷേധാഗ്നി തന്നെ കത്തിയുയര്‍ന്നു.വര്‍ഷങ്ങളായി അസമില്‍ അധിവസിച്ചിരുന്ന മുസ്ലിം വിഭാഗത്തെ ഉന്നം വെച്ചായിരുന്നു ഫാസിസ്റ്റ് ഭരണാധികാരികള്‍ NRC നടപ്പാക്കിയതെങ്കില്‍ അതവര്‍ക്കു തന്നെ തിരിച്ചടിയാവുകയാണ് ചെയ്തത്.പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം പേരില 6 ലക്ഷം പേര്‍ മാത്രമായിരുന്നു മുസ്ലിംകള്‍.ബാക്കി വരുന്ന 13 ലക്ഷം പേരും ഹൈന്ദവ മതവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നുതങ്ങള്‍ക്ക് അമളി പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ അമിത് ഷാ പൗരത്വ ബില്ലില്‍ ഭേദഗതി കൊണ്ടുവരുമെന്നും മുംസ്ലിംകളല്ലാത്ത അസം ജനത പേടിക്കേണ്ടതില്ലെന്നും തുറന്നു പറഞ്ഞു.ഈ സംഭവത്തിനു ശേഷമാണ് ലോക് സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ (CAB) കൊണ്ടു വരുന്നത് .ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മുസ്ലിംകളല്ലാത്ത ആറ് വിഭാഗം ആളുകള്‍ക്ക് 2014 മുതല്‍ 5 വര്‍ഷം ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചതിന്‍റെയും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെയും അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു CAB. ഇന്ത്യയിലെ ഒരു സമൂഹത്തെ മാത്രം മാറ്റി നിര്‍ത്തിയുള്ള തീര്‍ത്തും ഭരണ ഘടനയുടെ 24,25,14 ആക്ടുകള്‍ക്ക് എതിരായയ പ്രമാഥമായ ഈ ബില്‍ പാര്‍ലമെന്‍റിലെ ഇരു സഭകളിലും അതിനുശേഷം രാഷ്ട്രപതി ഒപ്പിട്ട് അത് ആക്ടായി മാറി വന്ന സന്ദര്‍ഭത്തിലും രാജ്യത്തെ മതേതര ജനത ശക്തമായി തന്നെ ഇതിനെതിരെ പ്രതിഷധിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു.ആ പ്രതിഷേധങ്ങളുടെയും പ്രക്ഷേഭങ്ങളുടെയും ഇളം കാറ്റുകള്‍ ഇന്ന് ഒരു കൊടുങ്കാറ്റായി രാജ്യത്താകമാനം അടിച്ചു വീശിക്കൊണ്ടിരിക്കുകയാണ്.

പക്ഷെ, രാജ്യത്തെ പിടിച്ചു കുലുക്കുന്ന പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിട്ടും ഒരു കുലുക്കവുമില്ലാത്ത മോദിയും അമിത് ഷായും ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണ യജ്ഞത്തില്‍ നിന്നും പിറകോട്ടില്ലെന്ന ധാര്‍ഷ്ട്യവുമായി മുന്നോട്ട് പോവുകയാണ്. സ്വന്തം സഖ്യ കക്ഷികളില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ ശക്തമായിട്ടും സ്വന്തം അനുഭാവികള്‍ പോലും പ്രക്ഷോഭത്തിനിറങ്ങിയിട്ടും ചില പ്രതേക ആളുകളാണ് പ്രക്ഷോഭമുണ്ടാക്കുന്നതെന്നും അവരെ വേഷം കൊണ്ട് തിരിച്ചറിയാനാകുമെന്ന വിചിത്ര വാദമാണ് മോദിയും അമിത് ഷായും പറഞ്ഞു നടക്കുന്നത്.മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്ലില്‍ പറഞ്ഞിലല്ലോ. പിന്നെന്തിനാണ് മുസ്ലിംകള്‍ പ്രശ്നമുണ്ടാക്കുന്നതെന്ന തലക്ക് വെളിവില്ലാത്ത വാദവും അമിത്ഷാ ഇടക്കിടെ വിളിച്ചുപറയുന്നുണ്ട്.

പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്ലിം സമൂഹത്തെ രാജ്യത്തു നിന്ന് പുറത്താക്കാനല്ല കേന്ദ്രഭരണകൂടം ലക്ഷ്യം വെച്ചതെങ്കില്‍ പിന്നെ എന്ത് കൊണ്ട് അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്ന അഭയാര്‍ത്ഥികളില്‍ നിന്ന് മുസ്ലിംകളെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുമെന്ന വ്യവസ്ഥ വെച്ചുള്ള ഇന്ത്യക്ക് ഈ മൂന്ന് രാജ്യങ്ങള്‍ മാത്രമാണോ അയല്‍രാജ്യങ്ങളുള്ളത്.?.എന്ത് കൊണ്ട് ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളെയും പാകിസ്ഥാനിലെ അഹ്മദിയ്യാ മതക്കാരെയും മാറ്റി നിര്‍ത്തി ?.മ്യാന്മര്,ഭൂട്ടാന്‍,നേപ്പാള്‍,പോലുള്ള രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ വരുന്നില്ലെ…….പിന്നെ എന്ത് കൊണ്ട് അവര്‍ക്ക് പൗരത്വം നല്‍കുന്നില്ല.?.ഈ വക ചോദ്യങ്ങള്‍ക്ക് ധിക്കാരികളായ ഫാസിസ്റ്റുകള്‍ക്ക് ഉത്തരം കിട്ടില്ലെന്നുറപ്പാണ്.ഈ ചോദ്യങ്ങള്‍ക്ക് ഫാസിസ്റ്റ് ഭരണകൂടം ഉന്നത നീതി പീഢത്തിന് മുമ്പില്‍ വിയര്‍ക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.

മുസ്ലിംകള്‍ അധികമൊന്നും അഭയാര്‍ത്ഥികളായി വരാത്ത അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളെ മാത്രം ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതിലൂടെ ഒരു കാര്യം വ്യക്തമാണ്.മുസ്ലിംകളെ രാജ്യത്തു നിന്നും മാറ്റി നിര്‍ത്തി ഇസ്രായേലിനെ പോലെ രാജ്യത്തിനു പുറത്തുള്ള ഹിന്ദുക്കളെ രാജ്യത്തെത്തിച്ച് പൗരത്വം നല്‍കി പ്രഖ്യാപിത ഹിന്ദു രാഷ്ട്രം സാക്ഷാത്കരിക്കാനുള്ള ഗൂഢ തന്ത്രങ്ങളുടെ ഫലമാണിത്.രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക,ഇന്ത്യയില്‍ ജീവിക്കുന്ന കോടിക്കണക്കിന് മതേതര വിശ്വാസികള്‍ മണ്ടന്മാരല്ല.അവര്‍ക്ക് തിരിച്ചറിവുണ്ട്.തിരിച്ചടിക്കാനുള്ള ശേഷിയുണ്ട്.ഈ തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടായാല്‍ നന്ന്.

Be the first to comment

Leave a Reply

Your email address will not be published.


*