കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ (നഃമ): കര്‍മ്മവിശുദ്ധിയുടെ ആറരപ്പതിറ്റാണ്ട്

ആശിഖ് പി പയ്യനാട്

ഊര്‍ജ്ജസ്വലമായി ചിന്തിക്കുകയും കര്‍മ്മനിരതനായി പ്രവര്‍ത്തിക്കുകയും ചെയ്ത് ബഹുമുഖ മേഖലകളില്‍ അക്ഷീണം പ്രയത്നിച്ച് സജീവ ഇടപെടലുകളാല്‍ മുസ്ലിം സമൂഹത്തിന് അത്ഭുതം കൂറുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്നവരാണ് മര്‍ഹൂം കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍.ബൗദ്ധികമായി ചിന്തിച്ച് ഇടപെടുന്ന മേഖലകള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന മാസ്റ്റര്‍ ബ്രെയിനായി സമുദായ സമുദ്ധാരണത്തിന് വേണ്ടി സര്‍വ്വം സമര്‍പ്പിച്ച ആറരപ്പതിറ്റാണ്ടിന്‍റെ വിശുദ്ധജീവിത പ്രകാശമായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാര്‍.

കേരളീയ മുസ്ലിം സമാജത്തിന് ആദര്‍ശവിശുദ്ധിയുടെ നറുമണം പരത്തിത്തന്ന സത്യ സമസ്തയുടെ പ്രഥമകാല സാത്വികനും ഒട്ടനവധി പണ്ഡിതന്മാര്ക്ക് ജ്ഞാനത്തിന്‍റെ പ്രഭ ചൊരിഞ്ഞ് കൊടുത്ത ബഹുമുഖ പ്രതിഭയും സൂഫിയുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നവരുടെ സന്താനങ്ങളില്‍ രണ്ടാമനായി 1952 ഫെബ്രുവരി 10 ന് കാളമ്പാടിയില്‍ വെച്ചായിരുന്നു ബാപ്പു ഉസ്താദിന്‍റെ ജനനം.ഉസ്താദു പിറന്നു വീണത് സമസ്തയുടെ പ്രഥമകാല നേതാവും സൂഫീ വര്യരുമായിരുന്ന കോമു മുസ്ലിയാരുടെ വീട്ടിലായിരുന്നു.

ചെറുപ്പത്തില്‍ തന്നെ ബുദ്ധിശാലിയായിരുന്ന ബാപ്പു ഉസ്താദ് മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തത പാലിച്ചിരുന്നു.കളി തമാശകള്‍ കൊണ്ട് സജീവമായ ഉസ്താദ് എല്ലാ കളികളിലും വ്യാപൃതനായിരുന്നു.ഫുട്ബോളിനോട് പ്രത്യേക താല്‍പര്യമാണ് ഉസ്താദിന് ഉണ്ടായിരുന്നത്.ആദ്യത്തെ അഞ്ച് വര്‍ഷം ഉസ്താദ് താമസിച്ചത് പെരിങ്ങോട്ടുപുലത്തായിരുന്നു.ശേഷം ഉസ്താദിന്‍റെ കുടുംബം 1957 കാളമ്പാടിയിലേക്ക് താമസം മാറി.ഇടപെടല്‍ കൊണ്ടും ബുദ്ധിമികവ് കൊണ്ടും ഒരുപാട് കൂട്ടുകാരെ സമ്പാദിക്കാന്‍ ഉസ്താദിന് കഴിഞ്ഞു.

കാളമ്പാടിയിലെ വീടിനടുത്തുള്ള പള്ളിയില്‍ വെച്ചായിരുന്നു ഉസ്താദിന്‍റെ പ്രഥമ പഠനം. മൊയ്തീന്‍ മൊല്ല എന്ന മഹാനുഭാവന്‍റെ കീഴില്‍ വിശുദ്ധ വിജ്ഞാനത്തിന്‍റെ പ്രഭയെ മനസ്സിലേക്കാവാഹിച്ച ഉസ്താദ് അതിന് വേണ്ടിയുള്ള അക്ഷീണ യത്നത്തിലായിരുന്നു.പള്ളിയിലെ ദര്‍സ് പഠനത്തോടൊപ്പം മലപ്പുറം ടൗണ്‍ ജുമാ മസ്ജിദിന്‍റെ മാനേജ്മെന്‍റിന് കീഴിലെ ഒരു എല്‍ പി സ്കൂളില്‍ പഠനം നടത്തി.അവിടെ നാലാം ക്ലാസ്സ് വരെയാണ് ഉസ്താദ് പഠനം നടത്തിയത്.

ഓത്തുപള്ളിയും അതിനോടൊപ്പമുള്ള സ്കൂള്‍ പഠനവുമായി മുന്നോട്ട് നീങ്ങിയ ഉസ്താദ് ശേഷം കേരളത്തിലെ പ്രസിദ്ധമായ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ വന്ദ്യപിതാവിന്‍റെ കീഴില്‍ ദര്‍സ് പഠനം തുടങ്ങി.തന്‍റെ പതിനൊന്നാം വയസ്സിലായിരുന്നു പനയത്തില്‍ പള്ളിയില്‍ ചേര്‍ന്നത്.അക്കാലത്ത് കേരളത്തിലെ വലിയ പ്രസിദ്ധമായ ഒരു പള്ളിയായിരുന്നു പനയത്തില്‍ പള്ളി.ശംസുല്‍ ഉലമയെ പോലോത്ത വിജ്ഞാന കുലപതികള്‍ വിദ്യ അഭ്യസിച്ച ഇടമാണ് എന്നതിനാല്‍ ബാപ്പു ഉസ്താദ് വളരെ സന്തോശവാനായിരുന്നു.>

പനയത്തില്‍ പള്ളിയിലെ ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം വന്ദ്യപിതാവ് പട്ടിക്കാട് പോയപ്പോള്‍ പുത്രന്‍ ബാപ്പു ഉസ്താദിനെയും കൊണ്ട് പോയി.രണ്ട് ഘട്ടമായിട്ടായിരുന്നു ഉസ്താദിന്‍റെ ജാമിഅ പഠനം.ഉസ്താദ് അവിടെ എത്തുമ്പോള്‍ ഉണ്ടായിരുന്ന പ്രായം പന്ത്രണ്ട് ആയിരുന്നു.അന്നവിടെ ഓതിയിരുന്ന കിതാബുകള്‍ മുഖ്ത്വസറും മുതവല്ലിയുമൊക്കെയായിരുന്നു.അതിനാല്‍ തന്നെ കോട്ടുമല ഉസ്താദ് മകന്ന് രാത്രി സമയത്ത് റൂമില്‍ വെച്ച് ഫത്ഹുല്‍ മുഈന്‍ അല്‍ഫിയ്യയും ഓതിക്കൊടുത്തു.അങ്ങനെയിരിക്കെ 1963 ല്‍ പട്ടിക്കാട് തുടങ്ങിയ ക്രസന്‍റ് ബോര്‍ഡിംഗ് മദ്രസയില്‍ ഉസ്താദിനെ ചേര്‍ത്തു.ബോര്‍ഡിംഗ് മദ്രസയില്‍ നിന്നും പട്ടിക്കാട് സ്കൂളില്‍ നിന്നുമായി ഉസ്താദ് പഠനം തുടര്‍ന്നു.

ട്ടിക്കാട് രണ്ട് വര്‍ഷത്തെ പഠന ശേഷം ബാപ്പു ഉസ്താദ് പ്രസിദ്ധമായ ആലത്തൂര്‍ പടി ദര്‍സില്‍ ചേര്‍ന്നു.കെ കെ അബൂബക്കര്‍ ഹസ്രത്തിന്‍റെ കീഴില്‍ വിജ്ഞാനത്തിന്‍റെ പുതിയ വാതായനങ്ങള്‍ ഉസ്താദിന്‍റെ മുമ്പെ മലര്‍ക്കെ തുറക്കപ്പെടുകയായിരുന്നു.അവിടെ വെച്ച് തഫ്സീര്‍,മിശ്കാത്ത്,ശറഹുത്തഹ്ദീബ് എന്നിങ്ങനെയുള്ള നിരവധി കിതാബുകള്‍ ഓതിത്തുടങ്ങി.രണ്ട് വര്‍ഷമായിരുന്നു ബാപ്പു ഉസ്താദ് ആലത്തൂര്‍ പടി ദര്‍സില്‍ പഠിച്ചത്.കെ കെ അബൂബക്കര്‍ ഹസ്രത്ത് പൊട്ടിച്ചിറ അന്‍വരിയ്യയില്‍ പോയപ്പോള്‍ അവിടേക്കും ബാപ്പു ഉസ്താദ് പോയി.ഇല്‍മിനോടുള്ള ഉസ്താദിന്‍റെ ആവേശം നമുക്ക് വായിച്ചെടുക്കാം.പൊട്ടിച്ചിറ അന്‍വരിയ്യയില്‍ വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍,കോക്കൂര്‍ കുഞ്ഞി മുഹമമദ് മുസ്ലിയാര്‍ എന്നിവരെല്ലാമാണ് കെ കെ അബൂബക്കര്‍ ഹസ്രത്ത് എന്നവര്‍ കൂടാതെയുള്ള അദ്ധ്യാപകര്‍.ആലത്തൂര്‍ പടി ദര്‍സില്‍ നിന്ന് തുടക്കം കുറിച്ച മഹല്ലി ഒന്നാം ഭാഗം പൂര്‍ത്തിയാക്കുകയും മുഖ്ത്വസര്‍,ജലാലൈനി,മിശ്കാത്ത് എന്നീ കിതാബുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കുകയും ചെയ്തത് പൊട്ടിച്ചുിറ അന്‍വരിയ്യയില്‍ നിന്നായിരുന്നു.

അന്‍വരിയ്യയിലെ രണ്ട് വര്‍ഷത്തെ പഠന നിലവാരം ,മെച്ചപ്പെട്ടശേഷം ഉസ്താദ് വീണ്ടും പട്ടിക്കാട്ടേക്ക് മടങ്ങി.ആറാം ക്ലാസ്സില്‍ ചേര്‍ന്നു.രണ്ടാം ഘട്ടത്തിലെ നാല് പിരീയഡ് പോലെ.ബാപ്പു ഉസ്താദ് 1975 ല്‍ ഫൈസി ബിരുദം നേടി.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ബാപ്പു ഉസ്താദും.അവരിരരുവരും സഹപാഠികളായിരുന്നു.ഏതേ സങ്കീര്‍ണ്ണമായ മസ്അലകള്‍ക്കും സരളമായ രീതിയിലള്ള പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ ഉസ്താദിന് പ്രത്യേകമായ ജ്ഞാനം ഉണ്ടായിരുന്നു.സഹപാഠികള്‍ക്കിടയില്‍ ഒരു മുദരിസിന്‍റെ പരിവേഷം ഉസ്താദിനുണ്ടായിരുന്നു.പഠനക്കാലയിളവില്‍ ്നല്ലോരു ആദര്‍ശപ്രഭാശഷകനും ബിദഇകള്‍ക്കു പേടി സ്വപ്നവുമായിരുന്നു.അതറിയാവുന്നതിനാലാണ് ഉസ്താദ് എഴുന്നേല്‍ക്കാതിരുന്നത്.

പിറവി മുതല്‍ ഉസ്താദിന്‍റെ ജീവിതം സൗഭാഗ്യം നിറഞ്ഞതായിരുന്നു.മഹാനായ പിതാവിന്‍റെ പുത്രന്‍,മഹാനായ മറ്റൊരു പിതാവിന്‍റെ പുത്രിയെ ഇണയായി സ്വീകരിച്ചു എന്നിങ്ങനെ ശൈഖുനയുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു കൊണ്ടിരിുന്നു.സൂഫീ ചക്രവാളത്തിലെ സൂര്യതേജസ്സായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മകളെയായിരുന്നു ഉസ്താദിന് ഇണയായി ലഭിച്ചത്.

വിവാഹം കഴിക്കുമ്പോള്‍ ഉസ്താദിന് പത്തൊമ്പത് വയസ്സ് മാത്രമാണുണ്ടായിരുന്നത്.ഈ ഭാര്യയില്‍ നിന്നാണ് ഉസ്താദിന്‍റെ ആറ് മക്കളും ജനിച്ചത്.ഇവരുടെ വിയോഗ ശേഷം രണ്ടാമതൊരു വിവാഹം കഴിച്ചെങ്കിലും അതില്‍ സന്താനങ്ങളില്ല.

ദീര്‍ഘകാലത്തെ വിദ്ധ്യാര്‍ത്ഥി ജീവിതത്തിന് ശേഷം അരിപ്രയിലെ വേളൂര്‍ ജുമാമസ്ജിദില്‍ രണ്ട് വര്‍ഷവും നന്തി ദാറുസ്സലാമില്‍ ഒരു വര്‍ഷവും സേവനം നടത്തിയ ബാപ്പു ഉസ്താദിന്‍റെ പിന്നീടുള്ള ജീവിതം കടമേരിക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു.കേരളത്തില്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ ദീപശിഖ കാണിച്ച കടമേരി റഹ്മാനിയ്യയുടെ ചരിത്രങ്ങള്‍ക്ക് തിളക്കം നല്‍കിയത് ബാപ്പു ഉസ്താദിന്‍റെ കാലഘട്ടമായിരുന്നു.കര്‍മ്മനൈരന്തര്യത്തിന്‍റെ പുതിയ പാതകള്‍ വെട്ടിക്കീറി സ്ഥാപനത്തിന് സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ഉസ്താദ് കര്‍മ്മനിരതരായിരുന്നു.

ഏത് പ്രതിസന്ധിയെയും പുഞ്ചിരി കൊണ്ട് നേരിടുന്ന ഉസ്താദിന്‍റെ മുഖം ഓര്‍മ്മകളില്‍ നിന്ന് മായുന്നില്ല.ഏത് തിരക്കിനിടയിലും സ്ഥാപനത്തിലേക്ക് കടന്ന് വരുമ്പോള്‍ മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി മറക്കാനാവില്ല.::പുഞ്ചിരി സ്വദഖയാണെന്ന;;ഈ പ്രവാചക വചനത്തിന് അടിവരയിടുന്നതാണ് ബാപ്പു ഉസ്താദിന്‍റെ സ്വഭാവ രീതി.വിദ്ധാര്‍ത്ഥികളോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്ന ഉസ്താദിന്‍റെ വാക്കുകള്‍ ശ്രവണപുടങ്ങളില്‍ അലയടിക്കുന്നു.കുട്ടികളുടെ സങ്കടം കേള്‍ക്കാനും പരിഹാരം നിര്‍ദേശിക്കാനും ഉസ്താദ് പ്രത്യേകം സമയം കണ്ടിരുന്നു.തനിക്കെതിരെ ഉയര്‍ന്നു വന്ന വ്യാജ വാര്‍ത്തകളുടെ പൊരുളുകള്‍ കുട്ടികള്‍ക്ക് കേള്‍പ്പിച്ച് കൊടുത്തത് ഓര്‍മ്മയില്‍ ഉദിച്ചുയരുന്നു.കുട്ടികള്‍ക്ക് ത്വരീഖത്തിനെ കുറിച്ചും സമസ്തയെ കുറിച്ചും കൃത്യമായ അവബോധം നല്‍കാനും തിരക്കിട്ട ജീവിതത്തിനിടയില്‍ ഉസ്താദ് മറന്നില്ല.

വിട പറയുന്ന നാള്‍ വരേക്കും കടമേരിക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഒരു സ്മര്യ പുരുഷനാണ് ബാപ്പു ഉസ്താദ്.ഏറ്റവുമൊടുവില്‍ വല്ലാര്‍പ്പാടം കണ്ടെയ്നറിന്‍റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള തിരക്കിനിടയിലാണ് ആകസ്മികമായി ആ ചന്ദ്രശോഭ അണഞ്ഞു പോയത്.കടമേരിയുടെ ഓരോ മണ്‍തരികള്‍ക്കും സുപരിചിതമായ നാമമായി ഇന്നും ശൈഖുനാ ബാപ്പു ഉസ്താദ് അവശേഷിക്കുന്നുവെങ്കില്‍ അതിന്‍റെ അര്‍ത്ഥം തേടിയുള്ള യാത്രക്ക് അന്ത്യമില്ല.

പഠനകാലത്തു തന്നെ സംഘടനാ രംഗത്തു സജീവമായിരുന്നു ശൈഖുന.അതിനുള്ള അര്‍ഹതയായിട്ടാണ് 2004 സെപ്തംബര്‍ 8 ന് ചേര്‍ന്ന മുശാവറാ യോഗത്തില്‍ ഉസ്താദിനെ മെമ്പറായി തിരഞ്ഞെടുത്തത്.ഓരോ കാലത്തും സമസ്തക്ക് പൊതുസമൂഹത്തെ അഭിസംബോധനം ചെയ്യാന്‍ ഒരാള്‍ ഉണ്ടാവാറുണ്ട്.പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്കും ശംസുല്‍ ഉലമക്കും ശേഷം അവരുടെ പകരക്കാരനായി വന്നത് ശൈഖുനയായിരുന്നു.2004 മുതല്‍ 2017 വരെയുള്ള സമസ്തയുടെ കാലഘട്ടം ബാപ്പു ഉസ്താദിന്‍റെ കീഴില്‍ മുന്നേറുകയായിരുന്നു.സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശമായി ഉസ്താദ് നില കൊണ്ടു.ഇക്കാലയളവില്‍ കേരളീയ പരിസരത്ത് സമസ്തയുടെ അജയ്യത വിളിച്ചോതിയ രണ്ട് സമ്മേളനങ്ങളുടെ(2012 ലെ 85 ാം വാര്‍ഷികം,2017 ലെ 90 ാം വാര്‍ഷികം)വിജയ ശില്‍പി ബാപ്പു ഉസ്താദ് അല്ലാതെ മറ്റാരുമായിരുന്നില്ല.സെക്രട്ടറി എന്നതിനപ്പുറം ഒരു വളണ്ടിയറെ പോലെ ബാപ്പു ഉസ്താദ് പ്രവര്‍ത്തിച്ചു.

പുതിയ കാലത്തെ നേതൃവാഹകര്‍ക്ക് ഉത്തമ മാതൃകയായി സമസ്തയുടെ സെക്രട്ടറി സ്ഥാനവും ,കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും മഹാന്‍ കര്‍മ്മനൈരന്തര്യം കൊണ്ട് അലങ്കരിച്ചു.സമസ്തയുടെ സുമോഹനമായ ചരിത്രത്തിന് പിന്നിലെ ചാലക ശക്തിയായ ബാപ്പു ഉസ്താദ് “മത സംഘടനയായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എങ്ങനെ പത്രം തുടങ്ങും,എങ്ങനെ മുന്നോട്ട് പോവും”എന്ന വിമര്‍ശനവുമായി വന്നവര്‍ക്ക് തക്കതായ മറുപടി നല്‍കി “സുപ്രഭാതം “ദിനപത്രം പുറത്തിറക്കി.തൊട്ടതെല്ലാം പൊന്നാക്കുന്നതായിരുന്നു ഉസ്താദിന്‍റെ നേതൃഗുണം.

കര്‍മ്മകുശലതയുടെ സജീവമായ ഇടപെടലില്‍ കേരളീയ മുസ്ലിം ഉമ്മത്തിന് ദിശാബോധം നല്‍കി ആത്മീയതയുടെ കെടാവിളക്കായി മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതത്തിന്‍റെ ഇല്ലായ്മകള്‍ മറന്ന് കര്‍മ്മമണ്ഡലത്ത് പ്രോജ്ജ്വലിച്ചു നില്‍ക്കുന്നതിനിടയില്‍ ആകസ്മികമായി 2017 ജനുവരി 9 ന് ഒരു നട്ടുച്ച നേരത്താണ് ആ കര്‍മ്മസൂര്യന്‍ അണഞ്ഞത്.വിശുദ്ധ കര്‍മ്മ സഞ്ചാരങ്ങള്‍ കൊണ്ട് ആകാശം പണിത ഒരാള്‍ വിശ്രമജീവിതം തിരഞ്ഞെടുത്തു.

കേരളീയ മുസ്ലിം ഉമ്മത്തിനെ അനാഥമാക്കി ആ ദീപസ്തംഭം മണ്‍മറഞ്ഞു പോയെങ്കിലും മനസ്സിന്‍റെ ഉള്ളില്‍ നിറയെ വേദനയുടെയും നൊമ്പരത്തിന്‍റെയും കണ്ണുനീര്‍ തുള്ളി ഉതിര്‍ത്തവര്‍ ആത്മീയസൗരഭ്യം പരത്തുന്നു.നാഥാ,ആ ആത്മീയ പ്രഭ ഞങ്ങളില്‍ ചൊരിക്കണേ……

Be the first to comment

Leave a Reply

Your email address will not be published.


*