
അയ്യൂബ് (അ) മൂസ്വിന്‍റെ മകനായി ജനിച്ചു. റൂം ദേശക്കാരനായിരുന്നു. ഇബ്റാഹീം നബിയുടെ സന്താന പരമ്പരയില്‍ പെട്ട ആളുമായിരുന്നു. അല്ലാഹു പറയുന്നു: ഇബ്റാഹീമിന്‍റെ സന്തതികളില്‍ നിന്ന് ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ എന്നിവരെയും മാര്‍ഗദര്‍ശനം ചെയ്തു (അന്‍ആം 84). അദ്ദേഹത്തിന്‍റെ മാതാവ് ലൂത്വ്(അ)ന്‍റെ മകളാണ് (ഇബ്നു അസാക്കിര്‍). അദ്ദേഹം അമ്പിയാക്കളില്‍ വഹ്യ് നല്‍കപ്പെട്ടുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയവരില്‍ പെട്ടവരാണ്. “നൂഹ് നബിക്കും തന്‍റെ ശേഷം വന്ന പ്രവാചകډാര്‍ക്കും നാം ദിവ്യബോധനം നല്‍കിയതു പോലെ താങ്കള്‍ക്കും നാം വഹ്യ് നല്‍കി. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ് തന്‍റെ സന്തതി പരമ്പര ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നീ നബിമാര്‍ക്കും നാം ദിവ്യ സന്ദേശമേകി (നിസാഅ് 163). അയ്യൂബ് (അ) ധാരാളം സമ്പത്തും അടിമകളും ഹൗറാനില്‍ ഭൂമിയും ഉള്ളയാളായിരുന്നു. അദ്ദേഹത്തിന് ധാരാളം മക്കളും കുടുംബക്കാരുമുണ്ടായിരുന്നു. അദ്ദേഹത്തിനൊക്കെയും നഷ്ടപ്പെട്ടു. രോഗം കൊണ്ട് പരീക്ഷിക്കപ്പെടുകയും ചെയ്തു. രോഗം പിടിപെടാത്തതായി ഹൃദയവും നാവും മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തെ ജനങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കി. കൂടെ ഭാര്യ മാത്രമാണുണ്ടായത്. മഹതി വീടുകളില്‍ വേല ചെയ്യുകയും അദ്ദേഹത്തിനുള്ള മരുന്നിനും ഭക്ഷണത്തിനുള്ള വക കണ്ടെത്തുകയും ചെയ്തു. ധനവും സന്താനങ്ങളും നഷ്ടപ്പെട്ടതില്‍ മഹതി ക്ഷമിക്കുകയും ഭര്‍ത്താവിന് സേവനമെടുത്ത് ജീവിക്കുകയും ചെയ്തു (തഫ്സീര് ത്വബരി 23/107) അയ്യൂബ് (അ) വര്‍ഷങ്ങളോളം രോഗ പീഢയില്‍ കഴിഞ്ഞു (7 വര്‍ഷവും മാസങ്ങളുമെന്ന് അഭിപ്രായം). തന്‍റെ ഭാര്യ വെണ്ണീര്‍ കൊണ്ടുവരികയും അദ്ദേഹത്തിന് വിരിപ്പാക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മഹതി ചോദിച്ചു, അങ്ങേയ്ക്ക് ഈ രോഗം ഭേദമാവാന്‍ റബ്ബിനോട് ദുആ ചെയ്തുകൂടെ? അപ്പോള്‍ അയ്യൂബ് (അ) പറഞ്ഞു: ഞാന്‍ 70 വര്‍ഷം ആരോഗ്യവാനായി ജീവിച്ചു. ഇനി ഏഴ് വര്‍ഷം ക്ഷമിപ്പിക്കാന്‍ അല്ലാഹുവിന് ചെറിയതല്ലേ (തഫ്സീര്‍ ത്വബരി 23/107) പിന്നീട് അയ്യൂബ് നബി(അ)ന്‍റെ ഭാര്യയാണെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ശിക്ഷ ഭയന്ന കാരണത്താല്‍ മഹതിക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തു. ഒരിക്കല്‍ തന്‍റെ ഒരുപിടി മുടിക്ക് പകരം ഭക്ഷണവുമായി വന്നപ്പോള്‍ അയ്യൂബ് (അ) അന്വേഷിച്ചു. വേല ചെയ്ത് കിട്ടിയതാണെന്ന് മറുപടി പറഞ്ഞു. പിറ്റേ ദിവസവും ഒരു പിടി മുടിക്ക് പകരം നല്ല ഭക്ഷണവുമായി മഹതി വന്നപ്പോള്‍ അയ്യൂബ് (അ) പറഞ്ഞു, ഇതിന്‍റെ സത്യാവസ്ഥ അറിയുന്നതു വരെ ഭക്ഷിക്കുകയില്ല. അപ്പോള്‍ മഹതി തട്ടത്തിനുള്ളിലെ തന്‍റെ മുണ്ഡനം ചെയ്ത ശിരസ്സ് കാട്ടിക്കൊടുത്തു. തദനന്തരം അദ്ദേഹം പ്രാര്‍ത്ഥിച്ചു: ‘ദുരിതം തന്നെ പിടികൂടുക തന്നെ ചെയ്തിരിക്കുന്നു. നീ ഏറ്റം വലിയ കാരുണ്യവാനാണല്ലോ (അമ്പിയാഅ് 83). പ്രാര്‍ത്ഥന സ്വീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: ‘താങ്കളുടെ പാദം കൊണ്ട് മണ്ണില്‍ തൊടുക. ഇതാ ശീതളമായ സ്നാന ജലവും പാന ജലവും’ (സ്വാദ് 42). തന്നെ ബാധിച്ച ദുരിതം ദൂരീകരിക്കുകയും കുടുംബാംഗങ്ങളെയും അവരൊന്നിച്ച് അത്രയും പേരെ വേറെയും അദ്ദേഹത്തിന് നല്‍കുകയും ചെയ്തു (അമ്പിയാഅ് 84). അയ്യൂബ് നബി സ്വ പത്നി ഏതോ കുറ്റം ചെയ്തതിന് സ്വ പത്നിയെ നൂറുവട്ടം അടിക്കുമെന്ന് ശപഥം ചെയ്തിരുന്നു. അത് സാക്ഷാത്കരിക്കാനായി അല്ലാഹു ബോധനം നല്‍കി. താങ്കള്‍ ഒരുപിടി പുല്ല് കയ്യിലെടുക്കുകയും അതുകൊണ്ട് അടിക്കുകയും സത്യം ചെയ്തത് ലംഘിക്കാതിരിക്കുകയും ചെയ്യുക (സ്വാദ് 44). രോഗം ഭേദമായ ശേഷം അദ്ദേഹം റൂം ദേശത്ത് ജീവിക്കുകയും തന്‍റെ 93 ാം വയസ്സില്‍ വഫാത്താവുകയും ചെയ്തു.
Be the first to comment