Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

തസ്വവ്വുഫ്‌ത്വരീഖത്ത്

തസവ്വുഫ്‌

 
ഖാളി ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി (റ) നിര്‍വചിക്കുന്നു. ശാശ്വത വിജയം കൈവരിക്കുന്നതിന്‌ വേണ്ടി ആത്മ സംസ്‌കരണത്തിന്റെയും വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ നിര്‍മിതിയുടെയും സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനുള്ള വിജ്ഞാനമാണ്‌ തസവ്വുഫ്‌. ശൈഖ്‌ അഹ്മദ്‌ സര്‍റൂഹ്‌ (റ) അതിനെ നിര്‍വചിച്ച്‌ കൊണ്ട്‌ എഴിതുന്നത്‌ ഇങ്ങനെയാണ്‌. ഹൃദയങ്ങളെ സംസ്‌കരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നുമൊക്കെ അവയെ മാറ്റി ഏഗാഗ്രമാക്കലും ലക്ഷീകരിക്കുന്ന വിജ്ഞാന ശാഖയാണ്‌ തസവ്വുഫ്‌.
കര്‍മങ്ങള്‍ നന്നാക്കുന്നതിലും അവയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിലും വിധി വിലക്കുകളിലെ ദൈവിക യുക്തി പ്രകടമാക്കുന്നതിലുമുള്ള വിജ്ഞാനമാണ്‌ ഫിഖ്‌ഹ്‌. ഇല്‍മു തൗഹീദ്‌ (വിശ്വാസ ശാസ്‌ത്രം) ആകട്ടെ സിദ്ധാന്തങ്ങളെ ദൃഷ്യാന്തങ്ങള്‍ വഴി സാക്ഷാല്‍കരിക്കുന്നതിനും ശരീര സംരക്ഷണത്തിന്‌ വൈദ ശാസ്‌ത്രമെന്ന പോലെയും ഭാഷാ ശുദ്ദീകരണത്തിന്‌ വ്യാകരണമെന്ന പോലെയും വിശ്വാസത്തെ ദൃഢീകരണം കൊണ്ട്‌ അലങ്കരിക്കുന്നതിനുമുള്ള അറിവാകുന്നു.
ശരീഅത്തിന്റെ പണ്‌ഡിതന്മാരുടെയും ത്വരീഖത്തിന്റെ ശൈഖുമാരുടെയും സാരഥി എന്നറിയപ്പെടുന്ന ഇമാം ജുനൈദുല്‍ ബാഗ്‌ദാദി തസവ്വുഫിനെ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌. ഉദാത്ത സ്വഭാവങ്ങളൊക്കെ പ്രയോഗ വത്‌കരിക്കലും ഹീന സ്വഭാവങ്ങള്‍ മുഴുവന്‍ കൈവെടിയലുമാണ്‌ തസവ്വുഫ്‌. മറ്റു ചില മഹാന്മാരുടെ വാക്കുകളില്‍ മുഴുക്കെ സല്‍ സ്വഭാവങ്ങളാണ്‌ അത്‌. തന്മൂലം ആരു നിനക്ക്‌ സല്‍സ്വഭാവ സമ്പന്തിയായ വിഷയങ്ങള്‍ കൂടുതല്‍ പഠിപ്പിച്ച്‌ തരുന്നുവോ അയാള്‍ തസവ്വുഫ്‌ അധികം പഠിപ്പിച്ചു തരുന്നു.
ഇമാം അബുല്‍ ഹസന്‍ അശ്ശാദുലി(റ) ന്റെ ഭാഷയില്‍ അല്ലാഹുവിന്‌ അടിമ വൃത്തി ചെയ്യുന്നതിനും യജമാനെന്റെ വിധി വിലക്കുകള്‍ അനുഷ്‌ഠിക്കുന്നതിനും ശരീരത്തെ പരിശീലിപ്പിച്ചെടുക്കലാണ്‌ തസവ്വുഫ്‌. ഇമാം ഇബ്‌നു അജീബ (റ) ന്റെ കാഴ്‌ച്ചപ്പാട്‌ ഇതാണ്‌. രാജാധി രാജനായ റബ്ബിന്റെ സംതൃപ്‌ത സന്നിധിയില്‍ എങ്ങനെ എത്തിച്ചേരാമെന്നും നികൃഷ്‌ട സ്വഭാവങ്ങളില്‍ നിന്നും അന്തരങ്ങളെ എങ്ങനെ സ്‌ഫുടം ചെയ്‌തെടുക്കാമെന്നും സ്രേഷ്‌ട സ്വഭാവങ്ങള്‍ വഴി അവയെ എങ്ങനെ സുന്ദരമാക്കാമെന്നും ഗ്രഹികക്കാന്‍ കഴിയുന്ന ഒരു വിജ്ഞാന ശാഖയാണ്‌ തസവ്വുഫ്‌.

 
പ്രഥമമായി വിജ്ഞാനവും തുടര്‍ന്ന്‌ കര്‍മ്മവുമാണതിന്‌ ആവശ്യം. തുടര്‍ന്ന്‌ ദൈവിക വരധാനം കൈവരികയായി. വിശ്വവിഖ്യാധ ഗ്രന്ഥമായ കശ്‌ഫുദ്ദുനൂനില്‍ പറയുന്നു. മര്‍ത്യ സഞ്ചയത്തില്‍ നിന്നും പൂര്‍ണ്ണത പ്രാപിച്ചവര്‍ തങ്ങളുടെ വിജയ പാതകളില്‍ എങ്ങനെയൊക്കെയാണ്‌ പുരോഗതി പ്രാപിച്ചത്‌ എന്ന്‌ ഗ്രഹിക്കാന്‍ സാധിക്കുന്ന്‌ വിജ്ഞാന ശാഖയാണത്‌.
രണ്ടായിരത്തോളം രീതിയില്‍ തസവ്വുഫ്‌ വിവരിക്കപ്പെടുകയും മറുവചന വിധേയമാകുകയും ചെയ്‌തിട്ടുണ്ട്‌. അവയുടെയൊക്കെ ആകെതുക അല്ലാഹുവിനെ സത്യ സന്ധമായി അഭിമുഖീരിക്കാനുള്ളതാണ്‌ ഈ വിജ്ഞാന ശാഖ എന്നെത്രെ.നിര്‍വചനങ്ങള്‍ അതിന്റെ ഭിന്നമായ അവതരണ രീതികളാണെന്ന്‌ മാത്രം.
ചുരുക്കത്തില്‍ ഭൗതികതയുടെ മാലിന്യങ്ങളില്‍ നിന്നും ഹൃദയത്തെ സ്‌ഫുടം ചെയ്‌തെടുക്കുകയെന്നതാണ്‌ തസവ്വുഫിന്റെ സ്‌തംബം.ഇതിന്റെ നില നില്‍പ്പാകട്ടെ മഹോന്നതനായ സൃഷ്‌ടാവിനോട്‌ മനുഷ്യനുള്ള ബന്ധമാണ്‌. അല്ലാഹുവിന്‌ വേണ്ടി ഏതൊരുളുടെ ഹൃദയം തെളിമയുറ്റതായോ അല്ലാഹുവുനോടുള്ള അവന്റെ സമീപനങ്ങള്‍ കളങ്ക രഹിതമായോ അവനാണ്‌ സ്വീഫി. അങ്ങനെയാകുമ്പോള്‍ നാഥനായി റബ്ബിന്റെ പക്കല്‍ നിന്നുള്ള ആദരം അയാള്‍ക്ക്‌ സ്വഛമായി ലഭിക്കുകയും ചെയ്യും.

 
ചുരുക്ക ഖുര്‍ആനിക നിര്‍ദേശങ്ങളിലും പ്രവാചകാധ്യാപനങ്ങളിലും ആന്തരിക സംസ്‌കരണത്തിനും ആത്മ ശുദ്ധീകരണത്തിനും വര്‍ദ്ധിത പ്രാധാന്യം കല്‍പ്പിക്കപ്പെട്ട്‌ കാണാനുള്ള കാരണം ഇതു തന്നെയാണ്‌. ആത്മ ശുദ്ധി കൈവരിച്ചവര്‍ നിശ്ചയം വിജയിച്ചിരിക്കുന്നു. (വി ഖു 87-14) വെന്നതാണ്‌ ഒരിടത്ത്‌ ഖുര്‍ആനിന്റെ പരാമര്‍ശം. പ്രവാചക തിരുമേനി ഒരിക്കല്‍ പറഞ്ഞു. അറിയുക. മനുഷ്യ ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്‌. അത്‌ നന്നായാല്‍ ശരീരമൊട്ടുക്കും നന്നായി.അത്‌ ചീത്തയായാല്‍ ശരീരമാസകലം ചീത്തയായി. അതെത്രെ ഹൃദയം. (ബുഖാരി) മറ്റൊരിക്കല്‍ അവിടുന്ന്‌ പറഞ്ഞു. നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ ബാഹ്യ രൂപങ്ങളിലേക്കോ നോക്കുന്നില്ല. അവന്റെ നോട്ടം നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്‌. (മുസ്‌്‌ലിം).
ഹൃദയ ശുദ്ധിയുടെ പ്രസക്തിയും പ്രാധാന്യവുമാണ്‌ ഈ മഹല്‍ വചനങ്ങളിലെല്ലാം ഉദ്‌ഘോഷിക്കുന്നത്‌. അന്ത്യ നാളിന്റെ ഭയ വിഹ്വലതയും സ്വഭാവ വിശേഷങ്ങളും പരാമര്‍ശിക്കവെ ഖുര്‍ആന്‍ വിവരിക്കുന്നു. സമ്പത്തും സന്താനങ്ങളുമൊന്നും ഒട്ടും ഉപകാരപ്പെടാത്ത ദിനം ശുദ്ധ ഹൃദയവുമായി തന്റെ നാഥനെ സമീപിച്ചവര്‍ക്കൊഴികെ..(സൂറത്തുശ്ശുഅറാഅ്‌)

 
ആത്മ സംസ്‌കരണം അര്‍ഹിക്കുന്ന അദ്ദ്യൂദിയ പ്രാമുഖ്യമാണിവിടെയെല്ലാം നാം തൊട്ടറിയുന്നത്‌. ഇഹപര മോക്ഷങ്ങളുടെ ആകെ തുക തന്നെ ഇതാകുമെന്ന്‌ പറയുന്നതാവും ശരി. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഇമാം ഗസ്സാലിയെ പോലെയുള്ള മഹാത്മാര്‍ ഈ വിജ്ഞാന ശാഖ ഫര്‍ള്‌ ഐനാണെന്ന പക്ഷക്കാരായതും. ഇമാം ജലാലുദ്ദീന്‍ സുയ്യുദി ഈ വസ്‌തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ആന്തര ശുദ്ധില്ലാതെ ബാഹ്യാലങ്കാരങ്ങള്‍ കൊണ്ട്‌ മോടിപ്പിടിപ്പിക്കല്‍ മാലിന്യങ്ങള്‍ കൊണ്ട്‌ മ്ലേച്ചവും മലീമസവുമായ ശരീരം പട്ടു വസ്‌ത്രമിട്ട്‌ അലങ്കരിക്കുന്നത്‌ പോലെയാണെന്ന്‌ ഇമാം ബാജൂരി തങ്ങളുടെ പക്ഷം.

 

അല്ലാമാ ഇബ്‌നു ആബിദീ്‌ന്‍ തങ്ങള്‍ രേഖപ്പെടുത്തുന്നു. ഇഖ്‌ലാസ്‌ തുടങ്ങിയ സത്‌ ഗുണങ്ങളും അഹന്ത, അസൂയ, ലോകമാന്യം തുടങ്ങിയ ദുര്‍ഗുണങ്ങളുമൊക്കെ അറിഞ്ഞിരിക്കല്‍ ഫര്‍ള്‌ ഐനാണ്‌.മനസ്സിനെ വഞ്ചിക്കുന്ന അഹങ്കാരം,ലുബ്ദത,പക,ക്രോധം തുടങ്ങിയ ദുര്‍ഗുണങ്ങളെല്ലാം ദുരീകരിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധകാര്യമാണ്‌. അതിന്‌ അവയുടെ അര്‍ത്ഥങ്ങളും അടയാളങ്ങളും അറിഞ്ഞിരിക്കല്‍ അത്യന്താപേക്ഷിതമാണ്‌. കാരണം ഒരു തിന്മയെ അറിവില്ലാത്തവനാണ്‌ അതില്‍ ചെന്നു ചാടുക (ഹാശിത്തുബ്‌നി ആബിദീന്‍ )

 


ചുരുക്കത്തില്‍ ഇല്‍മുത്തസവ്വുഫ്‌ സുപ്രധാനവും പ്രധാന ഗണനീയവുമായ ഒരു വിജ്ഞാന ശാഖയാണിത്‌. മനുഷ്യജീവിതത്തിന്റെ ആത്യന്തിക ല്‌കഷ്യമായ ഇഹപര മോക്ഷത്തിന്റെ നിദാനം തന്നെ ആത്മ വിശുദ്ധിയാകയാല്‍ തസവ്വുഫ്‌ ജീവിത വിജയത്തിന്റെ തന്നെ മൂലശിലയാണെന്നാണ്‌ വാസ്‌തവം. അതല്ലാതെ ചില ജനങ്ങളുടെ അപധാരണ പോലെ പൗരോഹിത്യ ശൈലി പ്രധാനമായ ഭജനരീതകളോ ജപനധ്യാനമുറകളോ ആയി തള്ളപ്പെടേണ്ടതല്ല.
ഇസ്‌്‌ലാമിക സമൂഹത്തിന്‌ വിനഷ്ടമായി കൊണ്ടിരിക്കുന്ന്‌ പൂര്‍വ്വ പ്രതാപവും പ്രൗഢിയുമെല്ലാം നില നിര്‍ത്താന്‍ കഴിയാതെ പോകുന്നത്‌ നാം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തിനും വിശ്വാസദര്‍ശനത്തിനും മങ്ങലേറ്റു പോകുന്നതു കൊണ്ടാണെന്നത്‌ യാധാര്‍ഥ്യമാണ്‌.

 


പൂര്‍വ്വസൂരികള്‍ക്കും വിജയ ശ്രീലാളിതരായ മുന്‍ഗാമികള്‍ക്കുമെല്ലാം തങ്ങളുടെ മഹിതമൂല്യങ്ങള്‍ പകര്‍ന്നു കൊടുത്ത വീര്യവും ആവേശവുമാണ്‌ അവരെ വിജയത്തിന്റെ ഉന്നത ശ്രേണികളിലേക്ക്‌ വഴി നടത്തിയത്‌. അതു കൊണ്ടൊക്കെ തന്നെയാണ്‌ മഹാരഥന്‍മാരായ മുന്‍കാല ആലിമീങ്ങളും അഇമ്മത്തുമെല്ലാം സൂഫിസത്തിന്റെ പാത തെരഞ്ഞെടുക്കുന്നതും അതിലൂടെ നടന്ന്‌ ചെല്ലാന്‍ പൊതുജനസാമാന്യങ്ങളെ ഗുണദോഷിച്ചതും. ഇമാം ഗസ്സാലി (റ) തസവ്വുഫിന്റെ മാര്‍ഗ്ഗം പരിരംഭണംചെതയതോടെയാണ്‌ ഊ ജീവിതത്തിന്റെ തന്നെ അലകും പിടിയും അടിമുടി മാറിയത്‌. ഗസ്സാലി തങ്ങള്‍ പറയുന്നു. സൂഫിസത്തിന്റെ മാര്‍ഗ്ഗമവംലംബിക്കല്‍ ഫര്‍ള്‌ ഐനാണ്‌. കാരണം അമ്പിയാക്കളൊഴികെ ആരും പാപ സുരക്ഷതരല്ല. ഇമം അബുല്‍ ഹസ്സന്‍ ശാദുരി തങ്ങള്‍ പറയുന്നു. നമ്മുടെ വിജ്ഞാനത്തില്‍ ഊളിയിട്ട്‌ ഇറങ്ങി ചെല്ലാത്തവനാരോ അവന്‍ പാപങ്ങളില്‌ ആഴ്‌ന്ന്‌ പൂണ്ട്‌ തന്നെ മരിക്കും.
ഉപര്യുക്ത വസ്‌തുതകളില്‍ നിന്നും ഉദ്ധ്യത മഹല്‍ വചനങ്ങളില്‍ ്‌ നിന്നും നമുക്ക്‌ ഇല്‍മുത്തസവ്വുഫിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യമാണ്‌.

 


തസവ്വുഫിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതം ആത്മാവ്‌ നഷ്ടപ്പെട്ട ജഢത്തിനോട്‌ സമമായിരിക്കുമെന്ന പണ്ഡിത വചനത്തിന്റെ അര്‍ത്ഥ പൂര്‍ണത ഇവിടെയാണ്‌ വ്യക്തമാവുന്നത്‌. നമുക്കേവര്‍ക്കും സര്‍വ്വ ശക്തന്‍ സല്‍പന്ഥാവിലൂടെ ചലിക്കാനും വജയസോപാനത്തിലെത്തച്ചേരാനുള്ള സൗഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.