അജ്മീര്‍ ഖ്വാജ (റ); ഇന്ത്യയുടെ സുല്‍ത്താന്‍

-മുഹമ്മദ് നിയാസ് സി.എച്ച് പനമരം

ജീവിതത്തിലെ സകല മേഖലകളിലും തഖ് വ യും ആത്മാര്‍ത്ഥതയും കൊണ്ട് ഹര്‍ഷ പുളകിതമാക്കി അല്ലാഹുവിന്‍റെ അടുക്കല്‍ ഉന്നത പദവി കരസ്ഥമാക്കാന്‍ സാധിച്ചിട്ടുള്ള ഒരുപാട് ഔലിയാക്കന്മാരുണ്ട്.അല്ലഹുവിന്‍റെ ഔലിയാക്കളില്‍ പ്രസിദ്ധനും പ്രമുഖനുമായ ആത്മീയ ചക്രവാളത്തെ പ്രഫുല്ലമാക്കിയ സൂഫീവര്യനും ശിര്‍ഖിന്‍റെ കോട്ടക്കൊത്തളങ്ങളെ തൗഹീദിന്‍റെ പടവാള്‍കൊണ്ട് തകര്‍ത്തെറിഞ്ഞവരാണ് ശൈഖ് അജ്മീര്‍ ഖ്വാജാ ചിശ്തി(റ).മഹാനവര്‍കളെ കേള്‍ക്കാത്തവര്‍ ആത്മീയത കൊതിക്കുന്നവരിലുണ്ടാവില്ല.ഇന്ത്യയുടെ സുല്‍ത്താനായി മഹാന്‍ ഇന്നും ആത്മീയമായി ഇന്ത്യയെ നയിച്ച്കൊണ്ടിരിക്കുകയാണ്.ആത്മീയമായി പുരോഗതി നേടിയവര്‍ക്ക് അല്ലാഹു നല്‍കുന്ന കറാമത്ത് മഹാനുഭവന്‍റെ ജീവിതത്തിലുടനീളം നമുക്ക് കാണാന്‍ സാധിക്കും.

ശൈഖ് അജ്മീര്‍ തങ്ങളുടെ ജന്മ വര്‍ഷത്തെ സംബന്ധിച്ച് പല അഭിപ്രായ വ്യത്യാസങ്ങളുണ്ട്.ചരിത്ര പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായ പ്രകാരം ഹിജ്റ:537 റജബ് 14 തിങ്കളാഴ്ച്ച സുബ്ഹിയോടടുത്ത സമയത്താണ്.എന്നാല്‍ ജനന തിയ്യതിയില്‍ പലവിധ അഭിപ്രായക്കാരുമുണ്ട്.മുഈനുദ്ദീന്‍ ഹസന്‍ എന്നതാണ് മഹാനവര്‍കളുടെ യഥാര്‍ത്ഥ നാമം.മുഈനുദ്ദീനാണ് ശരിയായ നാമമെന്നും ഹസന്‍ എന്നത് ഓമനപ്പേരുമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.അദ്ധ്യത്മിക സരണികളിലൊന്നായ ചിശ്തീ ത്വരീഖത്തില്‍ അംഗമായതിനാല്‍ പേരിനോടൊപ്പം ‘ചിശ്തി’ എന്നുകൂടി ചേര്‍ത്തുവിളിക്കപ്പെടുന്നു.

ശൈഖ് അബൂ ഇസ്ഹാഖ് ശാമി (റ) എന്ന മഹാനിലൂടെയാണ് ചിശ്തി ത്വരീഖത്ത് വരുന്നത്.ഖുറാസാനിലെ പ്രസിദ്ധ നഗരമാണ് ‘ചിശ്ത്’ ഇവിടെ വളര്‍ന്നു വികസിച്ചതിനാല്‍ ഈ ത്വരീഖത്തിന് ‘ ചിശ്തിയ്യ’ എന്ന് നാമകരണം ചെയ്യപ്പെട്ടു.ഇന്ത്യയില്‍ ഈ ത്വരീഖത്ത് പ്രചരിപ്പിക്കുന്നതില്‍ ഖ്വാജ മുഈനുദ്ദീന്‍(റ) പറഞ്ഞറിയിക്കാന്‍ കഴിയാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

ശൈഖ് അജ്മീരിയുടെ പ്രാഥമിക വിദ്യാഭ്യാസം സ്വന്തം വീട്ടില്‍ വെച്ച് തന്നെയായിരുന്നു.മഹാനവര്‍കള്‍ ഒമ്പതാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കി.പിന്നീട് സന്‍ജറിലെ ഒരു മത പഠന ശാലയില്‍ ചേര്‍ന്നു.തുടര്‍ന്ന് തഫ്സീര്‍,ഹദീസ്,ഫിഖ്ഹ് തുടങ്ങിയ ഇസ്ലാമിക വിഷയങ്ങള്‍ പഠിച്ചു.അധികം വൈകാതെ തന്നെ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം മാതാവും വിടപറഞ്ഞു.

മാതാപിതാക്കളുടെ മരണശേഷം തുടര്‍ന്ന് ഒരു തോട്ടവും ജലധാര യന്ത്രവുമാണ് മഹാനവര്‍കള്‍ക്ക് അനന്തര സ്വത്തായി ലഭിച്ചത്.പിന്നീടങ്ങോട്ട് പിതാവില്‍ നിന്ന് പൈതൃകമായി ലഭിച്ച തോട്ടം പരിപാലിക്കുകയായിരുന്നു മഹാനവര്‍കളുടെ പ്രധാന തൊഴില്‍.പതിനഞ്ച് വയസ്സായിരുന്നു അന്നദ്ദേഹത്തിന്‍റെ പ്രായം.പിന്നീട് കുറച്ച് വര്‍ഷക്കാലം മഹാനവര്‍കള്‍ ആ തോട്ടത്തില്‍ തന്‍റെ ജീവിതം ചെലവഴിച്ചു.

ഒരു ദിവസം ഒരു സൂഫി വര്യന്‍ തോട്ടത്തിലേക്ക് കടന്നു വന്നു.ആ സമയം ശൈഖ് അജ്മീര്‍ തങ്ങള്‍ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചിരുത്തി.പിന്നീട് മഹാനവര്‍കള്‍ തോട്ടത്തില്‍ നിന്ന് കുറച്ച് മുന്തിരിക്കുലകള്‍ പറിച്ചെടുത്ത് അദ്ദേഹത്തിന് നല്‍കി.സസന്തോഷം അദ്ദേഹം അത് ഭക്ഷിച്ചു.ശൈഖിന്‍റെ സ്വീകരണത്തില്‍ അതീവ സംതൃപ്തനായ സൂഫി സഞ്ചി തുറന്ന് എന്തോ ഭക്ഷ്യ സാധനമെടുത്ത് പല്ല്കൊണ്ട് കടിച്ച് മുറിച്ച് ഒരു കഷ്ണം ശൈഖിന് നല്‍കി.മഹാനവര്‍കള്‍ ഇത് കഴിച്ചപ്പോയേക്കും തന്നില്‍ നിന്ന് വലിയ പ്രതിഫലനങ്ങള്‍ ദൃശ്യമായി.ആത്മീയ പ്രഭയില്‍ മനസ്സകം പ്രകാശിച്ചു.തുടര്‍ന്ന് ഐഹിക വിരക്തിയില്‍ പ്രചോദിതനായി തന്‍റെ സ്വന്തം തോട്ടവും മറ്റു അനന്തര സ്വത്തുക്കളും വിറ്റ് പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും ധാനം ചെയ്തു.ശൈഖ് അജ്മീരിയുടെ ആത്മീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സൂഫീ വര്യനുമായുള്ള കൂടിക്കാഴ്ച്ച.ശൈഖ് ഇബ്റാഹീം ഖന്‍ദോസി (റ) എന്ന മഹാനായിരുന്നു ഈ സൂഫി വര്യന്‍.

പിന്നീട് മഹാനവര്‍കള്‍ ഒരുപാട് യാത്രകള്‍ നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
ഹജ്ജ് കര്‍മ്മത്തിന് ശേഷം മദീനയിലെത്തി മസ്ജിദുല്‍ ഖുബാഇല്‍ ഇബാദത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് അല്ലാഹുവിന്‍റെ റസൂല്‍ തിരുമേനി(സ്വ) മഹാനവര്‍കളുടെ സ്വപ്നത്തില്‍ വന്ന്കൊണ്ട് പറഞ്ഞു:’ഓ മുഈനുദ്ദീന്‍,നിങ്ങള്‍ നമ്മുടെ ദീനിന്‍റെ സഹായിയാണ്.നിങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക.ജിഹാദിന് പുറപ്പെട്ട എന്‍റെ മക്കളിലൊരാളായ സയ്യിദ് ഹുസൈനുബ്നു ഇബ്റാഹീം അജ്മീറില്‍ രക്ത സാക്ഷിയായിട്ടുണ്ട്.ഇപ്പോള്‍ അവിടം അവിശ്വാസികളുടെ കരങ്ങളിലാണ്.

നിന്‍റെ ആഗമനം കാരണം അവിടെ ഇസ്ലാം പ്രോജ്ജ്വലിക്കും.അപ്പോള്‍ അവിശ്വാസികള്‍ പരാജയപ്പെടും’ എന്ന നിര്‍ദ്ദേശത്തോടെ ഒരു റുമ്മാന്‍ സ്വപ്നത്തിലൂടെ നല്‍കപ്പെട്ടു.അതിലൂടെ മഹാനവര്‍കള്‍ നോക്കിയപ്പോള്‍ അജ്മീറും,അവിടെയുള്ള മലകളുമെല്ലാം ദൃശ്യമായി.തങ്ങളവര്‍കള്‍ക്ക് ലക്ഷ്യ സ്ഥാനത്തെപ്പറ്റി നല്ല ധാരണ ലഭിച്ചു.കുറച്ച് കാലങ്ങള്‍ക്ക് ശേഷം ശൈഖും സംഘവും ലാഹോറിലേക്ക് പുറപ്പെട്ടു.ലാഹോറിലെ പണ്ഡിതന്മാരുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്തു.ഏകദേശം എട്ടു മാസം ലാഹോറില്‍ താമസിച്ച ശേഷം ശൈഖും സംഘവും ഡല്‍ഹിയിലേക്ക് തിരിച്ചു.അവിടെനിന്ന് മഹാനവര്‍കള്‍ തന്‍റെ കഴിവുകള്‍ പ്രകടമാക്കാന്‍ തുടങ്ങി.മഹാനുഭവന്‍റെ കഴിവുകള്‍ കണ്ട് അനുചരന്മാര്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

ലോകത്തിന്‍റെ വിവിധ ദിക്കുകള്‍ യാത്ര ചെയ്ത് അവസാനം നാല്‍പ്പത് അനുചരന്മാരോടൊപ്പം ശൈഖ്(റ) അജ്മീരിലെത്തി.ആ സമയം അജ്മീര്‍ ഭരണാധിപന്‍ പൃഥിരാജ് ആയിരുന്നു.ശൈഖും സംഘവും നല്ലൊരു തണല്‍ വൃക്ഷമുള്ള സ്ഥലം വിശ്രമത്തിനായ് തെരെഞ്ഞെടുത്തു.കുറച്ച് കഴിഞ്ഞപ്പോള്‍ രാജാവിന്‍റെ പരിചാരകന്മാര്‍ വന്ന്കൊണ്ട് അവിടെ നിന്ന് മാറുവാന്‍ പറഞ്ഞു.ശൈഖും സംഘവും അവിടെ നിന്ന് മാറി ഒരു കുളിക്കരയില്‍ മാറി താമസിച്ചു.പിന്നീട് അവിടെ നടന്നത് തീര്‍ത്തും വിവര്‍ണ്ണനാതീതമായ സംഭവങ്ങളായിരുന്നു.ഹൃദയസ്പ്ന്ദമായ വാക്കുകളിലൂടെ മധുരമൂറുന്ന ശബ്ദത്തിലൂടെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരി(റ) ഇന്ത്യന്‍ ജനങ്ങള്‍ക്കും പുറമെയുള്ളവര്‍ക്കും നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അതിമനോഹരവും ആകര്‍ഷവുമായിരുന്നു.വിശുദ്ധ ഖുര്‍ആന്‍,തിരു സുന്നത്ത്,മഹദ് വചനങ്ങള്‍,അമൂല്യ ഗ്രന്ഥങ്ങള്‍,ആത്മീയ അനുഭവങ്ങള്‍ എന്നിവയുടെ വെളിച്ചത്തിലായിരുന്നു ജനങ്ങളെ ഇസ്ലാമിലേക്ക് മഹാനവര്‍കള്‍ ക്ഷണിച്ചിരുന്നത്.

ജീവിതത്തിന്‍റെ വഴികളിലൂടെ വളരെ ദൂരം സഞ്ചരിച്ചിട്ടുണ്ടായിരുന്നു അജ്മീര്‍ ഖ്വാജാ(റ).ശരീരം മുഴുവന്‍ വാര്‍ദ്ധക്യം നല്‍കിയ ക്ഷീണമുണ്ടായിരുന്നു.പിന്നീടുള്ള സംഭാഷണവും പ്രവര്‍ത്തന രീതിയും തികച്ചും വ്യത്യസ്ഥമായിരുന്നു.അവസാനം എല്ലാവരെയും സാക്ഷിയാക്കി ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും ദൈവഭയംകൊണ്ടും,ആത്മ ശുദ്ധികൊണ്ടും,ജനസേവനം കൊണ്ടും സല്‍കര്‍മ്മങ്ങള്‍ തുടങ്ങിയ ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ക്ക് പ്രചോദനം നല്‍കിയ മഹാനവര്‍കള്‍ ഒരു ഇശാഅ് നമസ്കാരാനന്തരം സ്വകാര്യ മുറിയില്‍ കയറി വാതിലടച്ചു.ആരും അകത്ത് കടക്കരുതെന്ന് നിര്‍ദ്ദേശിച്ചു.സുബ്ഹിയുടെ സമയമായി.ശൈഖ് വാതില്‍ തുറക്കാതെ കണ്ടപ്പോള്‍ ഖാദിമുകള്‍ വാതില്‍ തുറന്ന് കയറി.ശൈഖിന്‍റെ മൃത ശരീരമാണ് അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.ഹിജ്റ 633 റജബ് ആറിന് തിങ്കളാഴ്ച്ചയായിരുന്നു ഖ്വാജാ മുഈനുദ്ദീന്‍ (റ) വഫാത്തായത്.തൊണ്ണൂറ്റി ഏഴ് വയസ്സായിരുന്നു മഹാന്‍റെ ഏകദേശ പ്രായം.

Be the first to comment

Leave a Reply

Your email address will not be published.


*