Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ആചാരങ്ങള്‍

ആചാരങ്ങളിന്ന്‌ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം നടന്ന്‌ വരുന്നുണ്ട്‌. ഇതില്‍ തന്നെ പലതും അടിസ്ഥാന രഹിതവും ശരിയായ അടിത്തറ കണ്ടെത്താന്‍ കഴിയാത്തതുമാണ്‌. എന്നാല്‍ മുന്‍ഗാമികളിലൂടെ നമുക്ക്‌ ലഭ്യമായ പല നല്ല ആചാരങ്ങളും നമ്മുടെ ജീവിത വ്യവഹാരത്തില്‍ ഇല്ലാതില്ല. അടിസ്ഥാന രഹിതമായ ആചാരങ്ങളെ കുറിച്ചും നാം ജീവിതത്തില്‍ പകര്‍ത്തേണ്ട ആചാരങ്ങളെ കുറിച്ചും നാം അറഞ്ഞിരിക്കേണ്ടതുണ്ട്‌.

 

ഇസ്ലാമിക ലേബലില്‍ ആദര്‍ശത്തിനുതകുന്ന ആചാരങ്ങളെ പുല്‍കുന്നതോടൊപ്പം ഇസ്‌ലാമിന്‌ അന്യവും ആദര്‍ശത്തോട്‌ യോജിക്കാത്തതുമായ നാട്ടാചാരങ്ങളെ നാം മാറ്റി നിര്‍ത്തുക തന്നെ വേണം. മുസ്‌ലിംകളായിട്ട്‌ കൂടി അനാചാരങ്ങള്‍ക്കും ഇസ്‌്‌ലാമില്‍ അടിസ്ഥാനമുണ്ടെന്ന്‌ ധരിച്ച്‌ വെച്ചവരാണ്‌ നമ്മില്‍ പലരും. അതിനാല്‍ തന്നെ അവയുടെ ശരിയായ രീതിയും അടിസ്ഥാനവും നാം കണ്ടെത്തേണ്ടിയിരിക്കുന്നു.ചില നാട്ടാചാരങ്ങളെ കുറിച്ച്‌ നമുക്ക്‌ ചര്‍ച്ച ചെയ്യാം.

 

വിവാഹത്തിലെ ആചാരങ്ങള്‍

വിവാഹ വീട്ടിലേക്ക്‌ ക്ഷണിക്കപ്പെട്ട പലരും വധൂ വരന്മാര്‍ക്ക്‌ എന്തെങ്കിലും സമ്മാനമായി നല്‍കുന്നതായി കാണാം.ഇതിന്‌ ഇസ്‌ലാമികമായ മാനങ്ങള്‍ നമുക്ക്‌ കണ്ടെത്താനാവുന്നതാണ്‌

 

സംഭാവന, ദാനം,സമ്മാനം എന്നിവ നല്‌കല്‍ സുന്നത്താണ്‌ (ഫത്‌ഹുല്‍ മു്‌ഈന്‍ 295) ല്‍ പറയുന്നുണ്ട്‌. ഈ അടിസ്ഥാനത്തില്‍ അത്തരം രീതികളെ ഇസ്‌്‌ലാമിക ലേബലില്‍ നമുക്ക്‌ വായിക്കാനാവുന്നതാണ്‌.

 

ഇബ്‌നു ഹജര്‍ (റ) പറയുന്നു. ആഹ്ലാദാവസരങ്ങളില്‍ നല്‍കാറുള്ള സംഭാവനകളാണ്‌. (തിരിച്ച്‌ കൊടുക്കല്‍ നിര്‍ബന്ധമില്ല.).അതിന്‌ തുല്യമായത്‌ തിരിച്ച്‌ കൊടുക്കല്‍ പതിവുണ്ടെങ്കിലും അത്‌ കടമല്ല. നാട്ടു നടപ്പിന്‌ ഇതില്‍ യാതൊരു വിധ പരിഗണയും ഇല്ല. (തുഹ്‌ഫ 5 / 44 ഫത്‌ഹുല്‍ മുഈന്‍ 251)

 

സ്‌ത്രീ ധനം

വിവാഹ വേദിയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണിന്ന്‌ സ്‌ത്രീധനം. സമൂഹത്തില്‍ ഇത്‌ ഉണ്ടാക്കി തീര്‍ക്കുന്ന കുഴപ്പങ്ങള്‍ ചെറുതൊന്നുമല്ല.ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാത്ത ദരിദ്രന്റെ അയല്‍പക്ക വീട്ടില്‍ ചെയ്‌തു കൂട്ടുന്ന വിവാഹ ആഡംബരവും സ്‌ത്രീധന ധൂര്‍ത്തും പാവപ്പെട്ടവന്റെ ജീവിതത്തില്‍ വലിയ തോതില്‍ തന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്‌. ചോദിച്ച്‌ വാങ്ങുന്ന സ്‌ത്രീധന സമ്പ്രദായത്തിന്റെ ഇസ്‌ലാമിക മാനം നമുക്ക്‌ അന്യേഷിക്കാം.

 

ഇമാം ഗസ്സാലി (റ) പറയുന്നു. സ്‌ത്രീയുടെ ഭാഗത്ത്‌ നിന്ന്‌ മഹ്‌റ്‌ അധികരിപ്പിക്കല്‍ പോലെ പുരുഷന്റെ ഭാഗത്ത്‌ നിന്ന്‌ സ്‌ത്രീധനം ആവശ്യപ്പെടലും കറാഹത്താണ സ്‌ത്രീധനം ആഗ്രഹിച്ച്‌ കൊണ്ട്‌ വിവാഹം നടത്തരുത്‌. ഒരാള്‍ വിവാഹ ശേഷം ഭാര്യക്ക്‌ എന്ത്‌ സ്വത്താണുള്ളെതെന്ന്‌ ചോദിച്ചാല്‍ അവന്‍ കള്ളനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണമെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണമെന്ന്‌ ഇമാം സൗരി (റ) പറഞ്ഞിരിക്കുന്നു.

 

അടിയന്തരം ആണ്ട്‌

മരണാനന്തരം മരിച്ച മയ്യിത്തിന്റെ പേരില്‍ പല രീതിയിലുള്ള ആചാരങ്ങള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നടന്ന്‌ വരുന്നുണ്ട്‌.ഇവയെ മുഴുക്കെ എതിര്‍ക്കുന്ന അവസ്ഥാ വിശേഷം ഒരിക്കലും ഉചിതമല്ല. പരിശുദ്ധമായ ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിത മഹത്തുക്കള്‍ പറഞ്ഞ അഭിപ്രായങ്ങളും ഫത്‌വകളും ഇവിടെ ഞാം കണക്കിലെടുക്കേണ്ടതുണ്ട്‌.

 

പ്രസ്‌തുത ആചാരങ്ങളെ എതിര്‍ക്കുന്നതിന്‌ മുമ്പ്‌ അടിയന്തിരം ആണ്ട്‌ പോലോത്തവയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. സത്യത്തില്‍ അടിയന്തിരം,ദികറ്‌ എന്ന പേരിലറിയപ്പെടുന്ന ഈ സംരംഭങ്ങളില്‍ മരിച്ച മയ്യിത്തിന്റെ പരലോക മോക്ഷത്തിനുതകുന്ന ഖുര്‍ആന്‍ പാരായണം, സ്വലാത്ത്‌, ദിക്‌റ്‌.മൗലിദ്‌, ഭക്ഷണ ദാനം എന്നിവയാണ്‌ നടക്കുന്നത്‌. ഇതിന്‌ ഇസ്‌ലാമികമായി ഒരു തെറ്റും കാണാന്‍ നമുക്കാവില്ല. ഇത്തരം സല്‍കര്‍മങ്ങള്‍ ചെയ്‌താല്‍ മരിച്ച മയ്യിത്തിന്റെ ഖബറിലേക്ക്‌ അവ എത്തുമെന്ന്‌ പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നതോടൊപ്പം പ്രവാചക ജീവിതത്തിലെ ചില സംഭവ വികാസങ്ങളും അതിന്‌ വേണ്ടതായ തെളിവുകള്‍ നമുക്ക്‌ നല്‍കുന്നുണ്ട്‌.

 

ഇമാം നവവി (റ) പറയുന്നു. മരണപ്പെട്ടവര്‍ക്ക്‌ വേണ്ടിയുള്ള ധാന ധര്‍മ്മങ്ങള്‍ അവര്‍ക്കുപകരിക്കുകയും അതിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്‌. (ശറഹു മുസ്‌്‌ലിം 1 /324)

 

`ക്ഷണം ധാനം ചെയ്യുന്ന കാര്യവും അങ്ങനെ തന്നെയാണ്‌. അതില്‍ ഒരു തെറ്റുവുമില്ല. ആഇശ ബീവിയുടെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവിടെ ഒരുമിച്ചു കൂടിയ മഹതിയുടെ കുടുംബക്കാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേക ഭക്ഷണം ഉണ്ടാക്കി നല്‍കുമായിരുന്നു. (ബുഖാരി 2/ 815 )

 

അന്‍സാരീകളില്‍പ്പെട്ട ഒരു മഹാന്‍ പറയുന്നു. ഞങ്ങള്‍ നബി(സ്വ)യുടെ കൂടെ ഒരു മയ്യിത്ത്‌ സംസ്‌കരണത്തില്‍ പങ്കെടുത്തു. നബി(സ്വ) ഖബിറിന്റെ അടുത്ത്‌ നിന്ന്‌്‌ കാലിന്റെ ഭാഗവും തലഭാഗവും വിശാലമാക്കാന്‍ പറഞ്ഞു. കര്‍മങ്ങള്‍ കഴിഞ്ഞപ്പോള്‍ പരേതന്റെ ഭാര്യ ഒരാളെ വിട്ട്‌ നബി(സ്വ )യെ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഞങ്ങളും നബിയോട്‌ കൂടെ ക്ഷണം സ്വീകരിച്ചു. ഞങ്ങള്‍ക്കും ഭക്ഷണം തന്നു. ഞങ്ങള്‍ ഭക്ഷിച്ചു. (ബൈഹഖി, അബൂദാവൂദ്‌, മിശ്‌കാത്ത്‌)

 

മരിച്ചവര്‍ക്ക്‌ വേണ്ടി എഴുപതിനായിരം തഹ്‌ലീല്‍ ചൊല്ലുന്ന ആചാരമുണ്ടല്ലോ. ഇത്‌ ശരിയോ തെറ്റോ ?

അത്‌ പുണ്യമുള്ളതാണെന്നും മയ്യിത്തിന്‌ ഉപകരിക്കുമെന്നും ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. തഹ്‌ലീലിനെ കുറിച്ചുള്ള ഹദീസ്‌ സ്വീകാര്യ യോഗ്യമാണെന്ന്‌ മുല്ലാ അലിയ്യുല്‍ ഖാരി മിശ്‌കാത്ത്‌ 2/102 വ്യക്തമാക്കിയിട്ടുണ്ട്‌ ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്ന ഒരു സംഭവം പ്രസിദ്ധമാണ്‌. മഹാനായ അബൂ സൈദ്‌ ഖുതുബി (റ) തനിക്ക്‌ വേണ്ടി 70000 ദിക്‌റ്‌ ചൊല്ലിയിരുന്നു. അദ്ദേഹവും അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ട ഒരു ചെറുപ്പക്കാരനും ഒരു സദ്യയില്‍ ഉണ്ടായിരുന്നു. പൊടുന്നനെ ആ യുവാവ്‌ എന്റെ ഉമ്മ നരകത്തിലാണെന്ന്‌ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കിയ അബൂ സൈദ്‌ (റ) താന്‍ ചൊല്ലിയ 70000 തഹ്‌ലീല്‍ യുവാവിന്റെ മാതാവിന്‌ ഹദ്‌യ കൊടുത്തു. തല്‍ക്ഷണം ആ യുവാവ്‌ എന്റെ ഉമ്മ നരകത്തില്‍ നിന്നും മോചിതയായെന്ന്‌ വിളിച്ചു പറഞ്ഞു. (ഇര്‍ശാദുല്‍ യാഫിഈ) തസ്‌ബീഹും തഹ്‌ലീലുമെല്ലാം സ്വദഖയാണെന്നും സ്വദഖ മരിച്ചുപോയവര്‍ക്ക്‌ ഉപകരിക്കുമെന്നും നബി (സ) പറഞ്ഞതിന്‌ ധാരാളം തെളിവുകളുണ്ട്‌.

 

ഖബറാളിയും തിരിച്ചറിവും

ഖബറിന്നരികിലൂടെ നടന്ന്‌ പോകുന്ന ആളെ കാണുവാനും അവന്റെ സലാം മടക്കുവാനും ഖബറാളിക്ക്‌ കഴിയുമോ ? തന്റെ കുടുംബത്തില്‍ പെട്ടവരെ തിരിച്ചറിയുമോ ?

മുഖ പരിചയമുള്ള ഒരാള്‍ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ നടന്ന്‌ പോകുമ്പോള്‍ ഖബറിലുള്ളവന്‍ അയാളെ തിരിച്ചറിയുകയും സലാം പറഞ്ഞാല്‍ മടക്കുകയും ചെയ്യാതിരിക്കില്ല. ഈ ഹദീസ്‌ സ്വീകാര്യ യോഗ്യമാണ്‌. ഭൗതിക ശരീരം ദ്രവിച്ചുപോയാല്‍ മയ്യിത്തിന്റെ ആത്മാവിന്‌ ഖബറുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കും. അത്‌ ഒരിക്കലും മുറിയുകയില്ല. (ബുജൈരിമി 1/487) മയ്യത്തിന്‌ സലാം പറഞ്ഞാല്‍ ആളെ തിരിച്ചറിയാനും മടക്കുവാനുമുള്ള കഴിവ്‌ ആത്മാവിന്‌ അല്ലാഹു കൊടുക്കുമെന്ന്‌ ഹദീസില്‍ വന്നിരിക്കുന്നു. (ബുജൈരിമി 1/487)

 

റൂഹാനിയും വിളക്കും

മരിച്ച വീട്ടില്‍ റൂഹാനി വരുമെന്നും അതിനാല്‍ അവിടെ വിളക്ക്‌ കെടുത്തരുതെന്നും പറയപ്പെടുന്നത്‌ ശരിയാണോ ?

ശരിയല്ല, ആത്മാവ്‌ പക്ഷിയായി പുറത്തുവരുമെന്നത്‌ അന്ധവിശ്വാസമാണ്‌ (ഖസ്‌ത്വല്ലാനി 8/398) എങ്കിലും ലൈലത്തുല്‍ ഖദര്‍ പോലുള്ള പുണ്യ ദിനങ്ങളില്‍ റൂഹുകള്‍ ഭൂമിയില്‍ ഇറങ്ങി വരുമെന്നും ആശയങ്ങള്‍ കൈമാറുമെന്നും ഖുര്‍ആനിലും ഹദീസിലും കാണാം. വിളക്കു കത്തിക്കുന്നതിന്‌ ഒരടിസ്ഥാനവുമില്ല

 

ഇദ്ദയും ഇരുട്ടറയും

ഇദ്ദ എന്നാല്‍ എന്താണ്‌ ? അതിന്റെ രുപം എങ്ങനെയാണ്‌ ? പലരും മറ (ബാത്ത്‌റൂം അടക്കമുള്ള മുറി) നിര്‍മ്മിച്ച്‌ പുറത്തൊരാളെയും കാണാതെ കഴിയുന്നു. ഈ കാലയളവ്‌ കഴിഞ്ഞാലോ അതിനു മുമ്പോ ആരേയും കാണാം. സംസാരിക്കാം ഇങ്ങനെ ഒരു രൂപം ഇദ്ദയ്‌ക്കുണ്ടോ ? ആ സമയത്ത്‌ അന്യമതക്കാരായ സ്‌ത്രീകളെ കാണുന്നത്‌ തെറ്റാണെന്ന്‌ പറയുന്ന്‌ ശരിയാണോ ? ആര്‍ത്തവകാരിക്ക്‌ ആ അവസരത്തില്‍ മൈലാഞ്ചി ഇടുന്നതിന്‌ വിരോധമുണ്ടോ ?

ഗര്‍ഭാശയം ശൂന്യമാണെന്നറിയാനോ ,തഅബ്ബുദ്‌ (ഇബാദത്തായാലും അല്ലെങ്കിലും യുക്തിക്കതീതമായ മത കല്‍പനകള്‍) എന്ന നിലയിലോ ഭര്‍ത്താവിന്റെ മരണത്തില്‍ ദുഖം ആചരിക്കാനോ ദീക്ഷിതകാലമായി ആചരിക്കുന്നതാണ്‌ ഇദ്ദ. ഇദ്ദയ്‌ക്ക്‌ പ്രത്യേക രൂപമില്ലെങ്കിലും ചില നിബന്ധനകളൊക്കെയുണ്ട്‌. തിരിച്ചെടുക്കാവുന്ന വിധത്തില്‍ മൊഴി ചൊല്ലിയ ഇദ്ദയാണെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെയോ നിര്‍ബന്ധസാഹചര്യത്തിലല്ലാതെയോ പുറത്തു പോകാന്‍ പാടില്ല. കാരണം അവര്‍ക്ക്‌ ചെലവ്‌ കൊടുക്കാന്‍ മൊഴി ചൊല്ലിയവന്‍ ബാധ്യസ്ഥനാണ്‌. മടക്കിയെടുക്കാന്‍ പറ്റാത്ത വിധത്തില്‍ മൊഴി ചൊല്ലിയ ഗര്‍ഭിണിയും ചെലവിന്‌ അര്‍ഹയാകുന്നതിന്‌ തിരിച്ചെടുക്കാവുന്നവളെപ്പോലെയാണ്‌. (തുഹ്‌ഫ-8-262) വീട്‌ പൊളിയുക, അഗ്നിക്കിരയാവുക, വീട്ടില്‍ കവര്‍ച്ച നടക്കുക, അയല്‍വാസികളുടെ ആക്രമണം ഉണ്ടാവുക തുടങ്ങിയവയാല്‍ ശരീരത്തിനോ, കുട്ടിക്കോ, സമ്പത്തിനോ വല്ല അപകടവും പറ്റുമെന്ന്‌ ഇദ്ദക്കാരിക്ക്‌ ഭയം ഉണ്ടായാല്‍ വീട്‌ മാറിത്താമസിക്കല്‍ അനുവദനീയമാണ്‌. (തുഹ്‌ഫ 8-262) തിരിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ മൊഴിചൊല്ലിയവളെ ഇദ്ദക്കാലത്ത്‌ കാണല്‍ ഭര്‍ത്താവിന്‌ നിഷിദ്ധമാണ്‌. മൊഴിമൂന്നും ചൊല്ലല്‍, ഖുര്‍അ്‌ ,വിവാഹ ശേഷമുണ്ടായ പിണക്കത്താല്‍ സംഭവിച്ച ഫസ്‌ഖ്‌ എന്നിവയാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം ബന്ധം വേര്‍പെട്ടവര്‍, ഗര്‍ഭിണി തുടങ്ങിയവര്‍ക്ക്‌ ഇദ്ദ കഴിയും വരെ ചെലവ്‌ കൊടുക്കല്‍ ഭര്‍ത്താവിന്‌ നിര്‍ബന്ധമാണ്‌. അവര്‍ പ്രസവിക്കുന്നതിന്‌ മുമ്പ്‌ അവര്‍ മരിച്ചാലും ബാധ്യതയുണ്ട്‌. (ഫത്‌ഹുല്‍ മുഈന്‍ 414, തുഹ്‌ഫ 8/334) ഗര്‍ഭിണിയല്ലാത്തവര്‍ക്ക്‌ മൂന്നു-ശുദ്ധിയുടെ സമയമാണ്‌ (മൂന്നുമാസം) ഇദ്ദക്കാലം.

 

ഭര്‍തൃവിയോഗ ഇദ്ദ

ഭര്‍ത്താവ്‌ മരിച്ചാല്‍ നാലു മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിക്കല്‍ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ 8/250) മടക്കിയെടുക്കാവുന്ന വിധത്തില്‍ മൊഴിചൊല്ലപ്പെട്ടവളും, പ്രായക്കുറവ്‌ കൊണ്ടോ മറ്റോ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ ആണെങ്കിലും ഭര്‍ത്താവ്‌ മരണപ്പെട്ടാല്‍ ഇത്രയും കാലം-ഇദ്ദ അനുഷ്‌ഠിക്കണം. ഭര്‍ത്താവ്‌ മരിച്ച്‌ ഇദ്ദ ആചരിക്കുമ്പോള്‍ ഇഹ്‌ദാദ്‌ (ലളിത ജീവിതം) സ്വീകരിക്കല്‍ നിര്‍ബന്ധമാണ്‌(തുഹ്‌ഫ 8/250) നബി (സ്വ) പറഞ്ഞു. മരിച്ചവരുടെ പേരില്‍ മൂന്നു ദിവസത്തിലധികം ചടഞ്ഞിരിക്കല്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും പാടില്ല, ഭര്‍ത്താവിന്റെ പേരിലൊഴികെ. അവനുവേണ്ടി നാലു മാസവും പത്തു ദിവസവും അവള്‍ ചടഞ്ഞിരിക്കണം. (ബുഖാരി, മുസ്‌ലിം)

 

ദു:ഖാചരണം

ചോദ്യത്തിലുള്ളത്‌ പോലെയുള്ള ഇദ്ദാചരണം ഇസ്‌ലാമിലില്ല. ജാഹിലിയ്യ കാലത്ത്‌ ഉണ്ടായിരുന്ന ഭര്‍തൃ വിയോഗ ഇദ്ദക്ക്‌ വളരെ വിചിത്രമായ ചില പ്രവര്‍ത്തനങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. അക്കാലത്തെ ഇദ്ദയെക്കുറിച്ച്‌ മഹാനായ ഇമാം ഖാളി (റ) പറയുന്നത്‌ കാണുക. ജാഹിലിയത്തില്‍ വിധവ ആചരിച്ചിരുന്ന ഇദ്ദ ഇപ്രകാരമാണ്‌. അവള്‍ ഇടുങ്ങിയ ഒരു കുടിലില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം ധരിക്കും. സുഗന്ധമോ, അലങ്കാരമുള്ള വസ്‌തുക്കളോ സ്‌പര്‍ശിക്കില്ല. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കഴുത, ആട്‌ എന്നിവയോ പക്ഷിയോ അവളുടെ നഗ്നത സ്‌പര്‍ശിച്ച്‌ ഇദ്ദ തീര്‍ക്കും. ശേഷം ആ കുടിലില്‍ നിന്ന്‌ പുറത്തു വരുമ്പോള്‍ അവള്‍ക്ക്‌ അല്‍പം ഉണങ്ങിയ കാഷ്‌ഠം കൊടുക്കും. അവളത്‌ തല ചുഴറ്റിയെറിയും. അതോടെ ഇദ്ദ അവസാനിക്കും. (മിര്‍ഖാത്ത്‌ 5/513, ഫത്‌ഹുല്‍ ബാരി 9/489) ഇസ്‌ലാമിലെ ഇദ്ദ വളരെ ലളിതമാണ്‌. അലങ്കാരത്തിനായി ചായം മുക്കിയ വസ്‌ത്രം ധരിക്കാതിരിക്കുക, സുഗന്ധ വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ പകല്‍ ധരിക്കാതിരിക്കുക, സ്വര്‍ണ്ണമോ വെള്ളിയോ പൂശിയ ആഭരണങ്ങളും ആഭരണങ്ങളായി ഉപയോഗിക്കുന്ന മുത്ത്‌ രത്‌നാദികളും ഒഴിവാക്കുക. ചെമ്പ്‌, ആനക്കൊമ്പ്‌ എന്നിവയുടെ ആഭരണങ്ങളും ഒഴിവാക്കുക. സുറുമ ഇടുകയോ തലയിലൊഴികെ എണ്ണ തേക്കുകയോ ചെയ്യാതിരിക്കുക എന്നിവ നിര്‍ബന്ധമാണ്‌. തലയില്‍ എണ്ണ ഉപയോഗിക്കുന്നതിനോ കുളിക്കുന്നതിനോ അഴുക്കുകള്‍ വൃത്തിയാക്കുന്നതിനോ വിരോധമില്ല.(ഫത്‌ഹുല്‍ മുഈന്‍ 407, തുഹ്‌ഫ 8/255,56,57)

 

താമസം

ഭര്‍തൃ വിയോഗം മൂലമോ, മൊഴിമൂന്നും ചൊല്ലിയതിനാലോ, ഫസ്‌ഖിനാലോ ഇദ്ദ ആചരിക്കുന്നവള്‍ ഇദ്ദ തീരുന്നത്‌ വരെ, ഭര്‍തൃ മരണമോ മൊഴിചൊല്ലലോ നടക്കുമ്പോള്‍ അവള്‍ ഉണ്ടായിരുന്ന വീട്ടിലാണ്‌ താമ സിക്കേണ്ടത്‌. ഭര്‍ത്താവിനോ മറ്റോ അവളെ ഇറക്കി വിടാന്‍ അധികാരമില്ല. (തുഹ്‌ഫ) ഈ അവസരത്തില്‍ ഭക്ഷണം വാങ്ങുക, വിറകുണ്ടാക്കുക, നൂല്‍ നൂറ്റത്‌ വില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ പകല്‍ പുറത്ത്‌ പോവാം രാത്രി പറ്റില്ല. രാത്രിയുടെ തുടക്കത്തിലായാലും പറ്റില്ല. നൂല്‍ നൂല്‍ക്കാനും സംസാരിക്കാനും മറ്റും രാത്രി അയല്‍ പക്കത്തേക്ക്‌ പോകല്‍ അനുവദനീയമാണ്‌. പക്ഷെ സാധാരണയില്‍ കൂടുതല്‍ സമയമെടുക്കാന്‍ പാടില്ലെന്ന്‌ നിയമമുണ്ട്‌. മാത്രമല്ല നേരമ്പോക്കിനും വര്‍ത്തമാനത്തിനും അവളുടെ വീട്ടില്‍ ആളില്ലാതിരിക്കുമ്പോഴാണിത്‌. അവള്‍ മടങ്ങിവന്ന്‌ വീട്ടില്‍ തന്നെ അന്തിയുറങ്ങല്‍ നിര്‍ബന്ധമാണ്‌. (തുഹ്‌ഫ 8/261,62) ഇദ്ദയില്ലാത്തപ്പോഴെന്ന പോലെ അന്യപുരുഷന്മാരുമായി ഇടകലരാനോ അവര്‍ കാണും വിധത്തില്‍ അവളുടെ ശരീരം വെളിപ്പെടുത്തുവാനോ പാടില്ല. അത്യാവശ്യമില്ലാതെ പുറത്തു പോകുന്നത്‌ തെറ്റാണ്‌. പോകുമ്പോള്‍ മുഴുവനും മറച്ചിരിക്കണം. അന്യ പുരുഷന്മാര്‍ കാണുമെന്ന ധാരണയുണ്ടെങ്കില്‍ മുഖവും മുന്‍കൈയും കൂടി മറക്കല്‍ നിര്‍ബന്ധമാണ്‌. (തുഹ്‌ഫ 7/193) അന്യ മതക്കാരായ സ്‌ത്രീകളെ കാണുന്നതിന്‌ വിരോധമില്ല. ആര്‍ത്തവക്കാരിക്ക്‌ കുളിച്ച ശേഷം കറ അവശേഷിക്കുന്ന ചായം കൈയിലിടുന്നത്‌ അനുവദനീയമാണ്‌ എന്നതില്‍ പണ്‌ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന്‌ ഇമാം ഇബ്‌നു ജരീര്‍ (റ) പറഞ്ഞിരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ ഇദ്ദ അനുഷ്‌ഠിക്കുന്നവള്‍ മൈലാഞ്ചിയിടല്‍ നിഷിദ്ധമാണ്‌. (ശറഹുല്‍ മുഹദ്ദബ്‌ 20-39)

 

ഡ്യൂപ്ലിക്കേറ്റ്‌ പല്ലുകള്‍

ഡ്യൂപ്ലിക്കേറ്റ്‌ പല്ലുകള്‍ ഇന്ന്‌ വ്യാപകമാണല്ലോ ചിലര്‍ സ്വര്‍ണ്ണപ്പല്ലുകളും വെക്കുന്നുണ്ട്‌ അതിന്റെ വിധിയെന്താണ്‌ ?

ആവശ്യം വരുമ്പോള്‍ എടുക്കാന്‍കഴിയുന്നതോ കഴിയാത്തതോ ആയപല്ലുകള്‍ വെക്കാവുന്നതാണ്‌. അത്‌ സ്വര്‍ണ്ണത്തിന്റേതായാലും അനുവദനീയമാണ്‌. (തുഹ്‌ഫ 3/275)

മുടി കറുപ്പിക്കല്‍

മുടി കറുപ്പിക്കലിന്റെ വിധിയെന്താണ്‌.?

യുദ്ധത്തിന്റെ ആവശ്യത്തിനല്ലാതെ മുടി കറുപ്പിക്കല്‍ ഹറാമാണ്‌. ഇത്‌ കര്‍മ്മശാസ്‌ത്ര പണ്‌ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്‌. നബി(സ്വ) യില്‍ നിന്ന്‌ നിവേദനം മക്കാ വിജയത്തോടനുബന്ധിച്ച്‌ അബൂബക്കര്‍ സിദ്ദീഖ്‌ (റ) ന്റെ പിതാവ്‌ അബൂ ഖുഹാഫ യെ തടവുകാരനായി കൊണ്ട്‌ വന്നു. അദ്ദേഹത്തിന്റെ തലയും താടിയും വെള്ള നിറത്തിലുള്ള കായും പൂവുമുള്ള ചെടിക്ക്‌ തുല്യമായിരുന്നു. നബി (സ്വ) പറഞ്ഞു. നിങ്ങളതിന്‌ ചായം കൊടുക്കുക എങ്കിലും കറുപ്പായി പകരരുത്‌. (മുസ്‌ലിം)

 

മൈലാഞ്ചി

പുരുഷന്‍ താടി വടിക്കലും കൈകാലുകളില്‍ മൈലാഞ്ചിയിടലും ഹറാമാണ്‌.ഭര്‍തൃമതിയും യജമാനനെ സ്‌നേഹിക്കുന്ന അടിമ സ്‌ത്രീയും മൈലാഞ്ചിയിടല്‍ സുന്നത്താണ്‌. മറ്റു സ്‌ത്രീകള്‍ക്ക്‌ കറാഹത്താണ്‌. (ഫത്‌ഹുല്‍ മുഈന്‍ 219) ഫതാവല്‍ കുബ്‌റയില്‍ പറയുന്നു. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ പുരുഷന്‍ കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ ഹറാമാണെന്നാണ്‌ ഇമാം നവവി (റ)യും മറ്റും പ്രബലമാക്കിയത്‌. സ്‌ത്രീകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്‌ അതിന്‌ കാരണം. സ്‌ത്രീ വേഷമണിയുന്നവരെ നബി(സ്വ) ശപിച്ചിരിക്കുന്നു എന്ന്‌ സ്വഹീഹായ ഹദീസിലുണ്ട്‌.

നഹ്‌സും ചില സംശയങ്ങളും

നഹ്‌സ്‌ നോക്കാമോ ? നഹ്‌സ്‌ ഉണ്ട്‌, നബി (സ്വ) അത്‌ അംഗീകരിച്ചിട്ടുണ്ട്‌ എന്നൊക്കെ കേള്‍ക്കുന്നു.

എന്നാല്‍ ലോക പ്രശസ്‌ത പണ്‌ഡിതനായ ഇബ്‌നു ഹജര്‍ (റ) യോട്‌ നഹ്‌സിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ബഹുമാനപ്പെട്ടവര്‍ നല്‍കിയ മറുപടി ഇങ്ങനെ സംഗ്രഹിക്കാം. ഇത്തരം ചോദ്യക്കാരെ തൊട്ട്‌ തിരിഞ്ഞുകളയുകയും അതിന്റെ വിഡ്‌ഢിത്തം അവരെ ബോധ്യപ്പെടുത്തുകയുമാണ്‌ വേണ്ടത്‌. കാരണം അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന യഥാര്‍ത്ഥ മുസ്‌ലിംകളുടെ നടപടിയല്ലിത്‌ മറിച്ച്‌ ജൂതരുടെ ആചാരമാണിത്‌. അലി (റ) നെ തൊട്ട്‌ ഇത്‌ സംബന്ധമായി വന്നത്‌ കളവും അടിസ്ഥാന രഹിതവുമാണ്‌. (ഫതാവല്‍ ഹദീസിയ്യ 28) സുന്നത്ത്‌ ജമാഅത്തിന്റെ വലിയ പണ്‌ഡിതനാണല്ലോ ഇബ്‌നു ഹജര്‍ (റ) നഹ്‌സ്‌ നോക്കല്‍ ജൂതന്മാരുടെ ആചാരമാണെന്ന്‌ ഇബ്‌നുഹജര്‍ (റ) പറഞ്ഞതിനെ കുറിച്ച്‌ എന്ത്‌ പറയുന്നു ? ഹയാത്തുല്‍ ഹയവാനില്‍ നിന്നുദ്ധരിച്ച ഉദ്ധരണിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ ? =സഅദ്‌ (ബറകത്തുള്ളത്‌ ),നഹ്‌സ്‌ (ബറകത്ത്‌ കുറഞ്ഞത്‌) എന്നിങ്ങനെ ദിവസത്തെ രണ്ടായി തിരിക്കാം. താഴെ പറയുന്ന ഹദീസുകള്‍ സഅദിന്‌ ഉദാഹരണങ്ങളാണ്‌.

1. കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം. നബി (സ്വ) തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യാഴാഴ്‌ചയായിരുന്നു. വ്യാഴാഴ്‌ച യാത്ര പുറപ്പെടാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി, മുസ്‌ലിം)

2. സഖ്‌റു ബ്‌നു നുവാദഅത്‌ (റ) വില്‍ നിന്ന്‌ നിവേദനം നബി (സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതയാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ. അവിടുന്ന്‌ സൈന്യത്തേയും മറ്റു യാത്രാ സംഘത്തേയും അയച്ചിരുന്നത്‌ പകലിന്റെ ആദ്യ സമയത്തായിരുന്നു. (ഈ ഹദീസ്‌ നിവേദകനായ) സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹം ചരക്ക്‌ (മാര്‍ക്കറ്റുകളിലേക്ക്‌) അയക്കാറുണ്ടായിരുന്നത്‌. ഒടുവില്‍ അദ്ദേഹം വലിയ പണക്കാരനായി മാറി. (അബൂ ദാവൂദ്‌, തുര്‍മുദി)

3. ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം. മാസം 17,19,21 തീയ്യതികളില്‍ നബി (സ്വ) കൊമ്പുവെക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു (ശറഹു സ്സുന്ന)

4. അബൂ ഹുറൈറ (റ) ല്‍ നിന്ന്‌ നിവേദനം. ഒരാള്‍ 17, 19, 21 തീയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌. (അബൂ ദാവൂദ്‌)

മേലുദ്ധരിച്ച ഹദീസുകളില്‍ നിന്ന്‌ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ബറകത്തുണ്ടെന്നും അതിന്‌ പറ്റുന്ന ദിവസങ്ങള്‍ നബി (സ്വ) തിരഞ്ഞെടുത്തിട്ടുണ്ടെന്നും വ്യക്തമായല്ലോ. മാത്രമല്ല ദിവസങ്ങളുടെ ചില പ്രത്യേകതകളും നബി (സ്വ) പറയുന്നത്‌ കാണുക.

ഇബ്‌നു അബ്ബാസ്‌(റ) ല്‍ നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു. ശനിയാഴ്‌ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മ്മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിനവും തിങ്കള്‍ യാത്ര, ജീവിത മാര്‍ഗ്ഗ അന്വേഷണം എന്നിവയുടേയും ചൊവ്വ സംഘര്‍ഷത്തിന്റേയും ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും വ്യാഴം ആവശ്യങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും വെള്ളി വിവാഹ അന്വേഷണത്തിനും വിവാഹത്തിനും ഉള്ള നാളുകളുമാകുന്നു.(ഇക്‌ലീല്‍) ഓരോ പ്രവര്‍ത്തികളും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌ വേട്ടയാടാന്‍ ശനി, തിങ്കള്‍ കൊമ്പു വെക്കാന്‍ ചൊവ്വ, മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി വ്യാഴം പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിനമാണ്‌. (ജവാഹിറുല്‍ അശ്‌ആര്‍). മേലുദ്ധരിച്ച തെളിവുകളില്‍ നിന്നും കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിനം നോക്കാമെന്ന്‌ വ്യക്തമായി. നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി(സ്വ) പറയുന്നതു കാണുക.

1. അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി (അബൂദാവൂദ്‌).

2. സുഹ്‌രി (റ) നബി (സ്വ) യില്‍ നിന്ന്‌ നിവേദനം. ഒരാള്‍ ബുധനാഴ്‌ചയോ ശനിയാഴ്‌ചയോ കൊമ്പുവെപ്പിക്കുകയും അതു കാരണം അവന്‌ വെള്ളപ്പാണ്ട്‌ പിടിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ശരീരത്തെയല്ലാതെ ആക്ഷേപിക്കരുത്‌. (അഹ്‌മദ്‌, അബൂദാവൂദ്‌).

3. ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്ന്‌ നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.(ജാമിഉസ്വഗീര്‍)

ഈ വിഷയത്തില്‍ ഇനിയും ഹദീസുകളുണ്ട്‌. ചില ദിവസങ്ങള്‍ ബറകത്തില്ലാത്ത (നഹ്‌സ്‌) ആണെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണല്ലോ. ഇതിനെ ഇമാം ഇബ്‌നു ഹജര്‍ (റ) ജൂതന്മാരുടെ ആചാരമാണെന്ന്‌ പറഞ്ഞു തള്ളുമോ ? ഇബ്‌നു ഹജര്‍ (റ) തന്നെ തന്റെ തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക. വിവാഹ കര്‍മ്മങ്ങള്‍ ശവ്വാല്‍ മാസവും വെള്ളിയാഴ്‌ച ദിവസവും പ്രഭാതത്തിലും പള്ളിയില്‍ വെച്ചുമായിരിക്കല്‍ സുന്നത്താണ്‌. നബി(സ്വ) യുടെ ആജ്ഞയാണിതിനടിസ്ഥാനം. നബി (സ്വ) പ്രാര്‍ത്ഥിച്ചു. എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത്‌ ചെയ്യണമേ.. ഈ ഹദീസ്‌ ഹസനാണെന്ന്‌ ഇമാം തുര്‍മുദി (റ) പറഞ്ഞിരിക്കുന്നു. (തുഹ്‌ഫ-10-216). ഇബ്‌നു ഹജര്‍ (റ) തന്നെ മറ്റൊരിടത്ത്‌ പറയുന്നു. തിങ്കളാഴ്‌ച പ്രഭാതത്തില്‍ എന്റെ സമുദായത്തിന്‌ ബറകത്‌ നല്‍കണമേ എന്ന്‌ നബി (സ്വ) പ്രാര്‍ത്ഥിച്ചു. ഹദീസിന്റെ അടിസ്ഥാനത്തില്‍ മതപരവും ഭൗതികപരവുമായ എല്ലാ കാര്യങ്ങളും തിങ്കളാഴ്‌ച പ്രഭാതത്തില്‍ ചെയ്യേണ്ടതാണെന്ന്‌ ഇമാം നവവി(റ) പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്‌ഫ. 10-134) എന്നാല്‍ ആ ദിവസത്തിന്‌ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സ്വയം പര്യാപ്‌തതയുണ്ടെന്നതായിരുന്നു ജൂതന്മാരുടെ വിശ്വാസം. അങ്ങനെ സ്വയം പ്രാപ്‌തിയുണ്ടെന്ന വിശ്വാസത്തോടെയാണ്‌ നഹ്‌സ്‌ നോക്കുന്നതെങ്കില്‍ അത്‌ മുസ്‌ലിംകളുടെ നടപടിയല്ലെന്നാണ്‌ മഹാനവര്‍കളുടെ ഫതാവല്‍ഹദീസിയ്യയിലുള്ള മറുപടിയില്‍ നിന്ന്‌ ഗ്രാഹ്യമാകുന്നത്‌. അലി (റ) നെ തൊട്ട്‌ ഇതു സംബന്ധമായി വന്നവ കളവും അടിസ്ഥാനരഹിതവുമാണ്‌ എന്നതിനാല്‍ ഈ ഹദീസ്‌ ളഈഫാണ്‌. എന്നാല്‍ അലി (റ) നെ തൊട്ട്‌ വേറെയും ഹദീസുകള്‍ ഉണ്ടല്ലോ. മാത്രമല്ല ളഈഫിനെ കുറിച്ച്‌ ഇബ്‌നു ഹജര്‍ (റ) തന്നെ പറയുന്നു. ഫളാഇലുല്‍ അഅ്‌മാലിലും, മനാഖിബിലും ളഈ ഫായ ഹദീസുകള്‍ പരിഗണിക്കപ്പെടുന്നതാണ്‌ (തുഹ്‌ഫ.1-102) മേലുദ്ധരിച്ച തെളിവുകളെല്ലാം ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഹദീസിന്‌ പുറമെയാണ്‌. ഹയാത്തുല്‍ ഹയവാനിലുള്ള ഹദീസ്‌ നബി (സ്വ) പറഞ്ഞതായി അഹ്‌മദ്‌ ബ്‌നു യഹ്‌യ (റ) എന്നവരില്‍ നിന്നും അല്‍ഖമത്തുബ്‌നു സുഫ്‌യാന്‍ ഉദ്ധരിച്ചതാണ്‌.

 

നഹ്‌സ്‌ നോക്കാമോ ?

വീട്ടില്‍ താമസം ആരംഭിക്കുക, വിവാഹ നാള്‍ നിശ്ചയിക്കുക തുടങ്ങിയവക്ക്‌ നല്ല ദിവസം നോക്കല്‍, കുറ്റിയടിക്കാരനെക്കൊണ്ട്‌ നല്ല സ്ഥലം നിര്‍ണ്ണയിക്കല്‍, നഹ്‌സ്‌ നോക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവുമുണ്ടോ ? ഇത്‌ ശരിയാണോ ? = നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്‌. ഇമാം അബൂ ദാവൂദും അഹ്‌മദ്‌ (റ) സുഹ്‌രി (റ) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അതു കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയതാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്‌. മേല്‍ പറഞ്ഞ രണ്ടു ദിവസത്തിലും കൊമ്പുവെക്കരുതെന്ന്‌ പ്രഖ്യാപിച്ചതു അതിനു പറ്റാത്ത ദിനമായതുകൊണ്ടാണല്ലോ. ഇമാം ദാരിമി ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക. നബി (സ്വ) പറഞ്ഞു. കൊല്ലത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസങ്ങള്‍ മാനം നഷ്‌ടപ്പെടാനും സമ്പത്ത്‌ നശിക്കാനും കാരണമാകും. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആ ദിനങ്ങള്‍ ഏതാണ്‌. നബി (സ്വ) പറഞ്ഞു. മുഹര്‍റം 12, സഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, റമളാന്‍ 14, ശവ്വാല്‍ 2, ദുല്‍ഖഅദ്‌ 18, ജമാദുല്‍ ഊലാ 18, ജമാദുല്‍ ആഖിര്‍ 12, റജബ്‌ 12, ശഅബാന്‍ 16, ദുല്‍ ഹിജ്ജ 8 ഇവയാണ്‌ ആ ദിവസങ്ങള്‍ (ഹയാത്തുല്‍ ഹയവാന്‍) ജാമിഉസ്സഗീറില്‍ ഇബ്‌നു അബ്ബാസ്‌ (റ)വില്‍ നിന്നും നിവേദനം. ഓരോ മാസത്തിലേയും ഒടുവിലത്തെ ബുധന്‍ നഹ്‌സാകുന്നു. ഇതു പോലെ പലദിവസങ്ങളുടെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്‌. ഉദാ വെള്ളിയാഴ്‌ച, തിങ്കളാഴ്‌ച. വീടിനു സ്ഥാനം നിശ്ചയിക്കുന്നതിനും തെളിവുകളുണ്ട്‌. ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന്‌ നിവേദനം ചെയ്‌ത ഒരു ഹദീസ്‌ നബി(സ്വ) പറഞ്ഞു. തീ, വീട്‌, കുതിര എന്നിവയിലാണ്‌ അവലക്ഷണം. മറ്റൊരു റിപ്പോര്‍ട്ടില്‍ അവലക്ഷണം സ്‌ത്രീ, താമസസ്ഥലം, മൃഗം എന്നിവയിലാണ്‌ എന്നും കാണാം. അവലക്ഷണമുണ്ടെങ്കില്‍ വീട്‌, സ്‌ത്രീ, കുതിര എന്നിവയിലാണത്‌ എന്നും വന്നിട്ടുണ്ട്‌. (ബുഖാരി, കിതാബുന്നികാഹ്‌, മുസ്‌ലിം, കിതാബുസ്സലാം) പ്രയാസത്തിലും ദുരിതത്തിലും ഇവ മൂന്നും എല്ലാ സമയത്തും ബന്ധപ്പെടുന്നതിനാല്‍ അവയില്‍ ഗുണമുള്ളത്‌ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. സലാം സംബന്ധിച്ച്‌ സാധാരണ ജനങ്ങളില്‍ അറിയപ്പെടുന്നതായി പലതും പ്രചാരത്തിലുണ്ട്‌. ഉദാ: തെക്ക്‌ ഭാഗത്തേക്ക്‌ നില്‍ക്കുന്ന ഭൂമിയെക്കാള്‍ നല്ലത്‌ വടക്ക്‌ ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്നതാണ്‌. കാരണം സൂര്യതാപം ഏല്‍ക്കല്‍ കുറവായതിനാല്‍ വടക്കു ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്ന വീടും കൃഷിയും ഗുണമാണെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കുന്നു. ഇങ്ങനെ അതിന്റെ ഗുണദോഷങ്ങള്‍ ഭൂമിശാസ്‌ത്ര പണ്‌ഡിതന്മാര്‍ ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്‌. ഇതു മനസ്സിലാക്കി സ്ഥലം നോക്കുന്നതില്‍ പന്തികേടൊന്നുമില്ല. മാത്രമല്ല ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഒരു യാത്രാ മധ്യേ നബി (സ്വ) യും അനുയായികളും ഒരു താഴ്‌വരയില്‍ അന്തിയുറങ്ങി. വിളിച്ചുണര്‍ത്താന്‍ ബിലാല്‍ (റ) നോട്‌ നബി (സ്വ) കല്‍പിച്ചിരുന്നു. ബിലാല്‍ (റ) ദീര്‍ഘനേരം ഉറങ്ങാതിരുന്നെങ്കിലും അദ്ദേഹവും ഉറങ്ങിപ്പോയി. അതിനാല്‍ അവര്‍ക്ക്‌ സുബഹി നിസ്‌കാരം നഷ്‌ടപ്പെട്ടു. സൂര്യന്‍ ഉദിച്ച ശേഷമാണ്‌ അവര്‍ ഉണരുന്നത്‌. ഉടനെ അവര്‍ നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പിലായപ്പോള്‍ നബി(സ്വ) പറഞ്ഞു. ഈ താഴ്‌വരയില്‍ പിശാചുണ്ട്‌. അവിടെ നിന്ന്‌ പോയതിന്‌ ശേഷമാണ്‌ അവര്‍ നഷ്‌ടപ്പെട്ട നിസ്‌കാരം ഖളാഅ്‌ വീട്ടിയത്‌ എന്ന്‌ കാണാം. (മിശ്‌കാത്ത്‌- മിര്‍ഖാത്ത്‌ 1/439) ഇതില്‍ നിന്നും പൈശാചികബാധയുള്ള സ്ഥലവും സ്ഥലങ്ങളുടെ കൂട്ടത്തിലുണ്ടെന്ന്‌ ഗ്രഹിക്കാം. മാത്രമല്ല ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസില്‍ നബി (സ്വ) വിടുവെക്കാന്‍ സ്ഥലം നിരീക്ഷിച്ചിരുന്നു. എന്നു കാണാം(ഇബ്‌നു മാജ 5). ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം. ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരുമുണ്ട്‌. പിശാച്‌ ബാധ നീക്കം ചെയ്യാന്‍ എന്ന വ്യാജേന അന്യ മതാചാരപ്രകാരം പൂജയും ഹോമവുമെല്ലാം നടത്തുന്നത്‌ ഇസ്‌ലാമിക വിരുദ്ധമാണെന്നോര്‍ക്കുക.

 

കണ്ണേറും രൂപങ്ങളും

വീടുകളിലും കൃഷിയിടങ്ങളിലും മറ്റും കണ്ണേറ്‌ തട്ടാതിരിക്കാന്‍ ചില രൂപങ്ങളും കോലങ്ങളും ഉണ്ടാക്കിവെക്കുന്നത്‌ ശരിയാണോ ? = കണ്ണേറ്‌ സത്യമാണെന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. കണ്ണേറുകാരന്റെ പ്രഥമ ദൃഷ്‌ടി പതിയുന്നതിനാണ്‌ കണ്ണേറേല്‍ക്കുകയെന്ന്‌ പറയുന്നത്‌. വസ്‌തുക്കളുടെ മേല്‍ ദൃഷ്‌ടി പതിയുന്നതിന്ന്‌ മുമ്പ്‌ ഈ കോലങ്ങളിലേക്കായാല്‍ കൃഷി വീടു പോലുള്ളതിന്‌ അത്‌ ബാധിക്കുകയില്ല. അതിനാല്‍ ഇസ്‌ലാമിക നിയമത്തിന്‌ എതിരില്ലാത്ത വിധത്തിലുള്ള രൂപങ്ങളാവാം. കണ്ണേറ്‌ മനുഷ്യനെ ഖബറിലെത്തിക്കുമെന്ന്‌ നബി (സ്വ) പറഞ്ഞ ഹദീസ്‌ ജാബിര്‍ (റ) ല്‍ നിന്ന്‌ അബൂ നുഐം ദുററുല്‍ മന്‍സൂറിലും 6/40 താരീഖു ബഗ്‌ദാദിലും 9/244 വിവരിച്ചിട്ടുണ്ട്‌

 

യാത്രാ ദിനം

യാത്ര പോവാന്‍ പ്രത്യേക ദിവസവും സമയവും തെരഞ്ഞെടുക്കുന്ന ആചാരമുണ്ടല്ലോ, ഇത്‌ ശരിയാണോ ? മൂന്നാളുകള്‍ യാത്രക്ക്‌ ഉചിതമല്ലെന്ന്‌ പറയുന്നതോ ?

യാത്ര പോകാന്‍ നബി (സ്വ) തെരഞ്ഞെടുത്ത ദിവസം വ്യാഴാഴ്‌ചയായിരുന്നു. കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം, അദ്ദേഹം പറയുന്നു. നബി (സ്വ) വ്യാഴാഴ്‌ചയാണ്‌ തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌. വ്യാഴാഴ്‌ച പോകാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി 6/80 മുസ്‌ലിം) പ്രഭാത സമയമായിരുന്നു നബി (സ്വ) യാത്രയ്‌ക്കു തിരഞ്ഞെടുത്തിരുന്നത്‌. സ്വഖ്‌റുബ്‌നു വദാഅത്ത്‌ (റ) വില്‍ നിന്ന്‌ നിവേദനം. നബി (സ്വ) പ്രാര്‍ത്ഥിച്ചു. നാഥാ എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാത യാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ. സൈന്യത്തെ അയക്കുമ്പോള്‍ നബി (സ്വ) പ്രഭാതസമയത്ത്‌ യാത്രയക്കുമായിരുന്നു. നിവേദകന്‍ സ്വഖ്‌ര്‍ (റ) ഒരു കച്ചവടക്കാരനായിരുന്നു. രാവിലേയാണ്‌ അദ്ദേഹം ചരക്ക്‌ അയച്ചിരുന്നത്‌. അദ്ദേഹം വലിയ ധനികനായി മാറി. (അബൂദാവൂദ്‌, തുര്‍മുദി) യാത്രയ്‌ക്ക്‌ മൂന്നാളുകള്‍ വേണമെന്നാണ്‌ നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്‌. അബ്‌ദുല്ലാഹി ബ്‌നു ശുഐബ്‌ (റ) പിതാവില്‍ നിന്ന്‌ പിതാവ്‌ പിതാമഹനില്‍ നിന്ന്‌ നിവേദനം, നബി (സ്വ) പറഞ്ഞു. ഏകാനായി യാത്ര ചെയ്യുന്നവന്‍ പിശാചാണ്‌. യാത്രയ്‌ക്ക്‌ രണ്ടാളുകളുണ്ടെങ്കില്‍ അവര്‍ പിശാചുക്കളാണ്‌. മൂന്നുപേരുണ്ടെങ്കില്‍ അതൊരു യാത്രാ സംഘവുമാണ്‌. (അബൂദാവൂദ്‌, തുര്‍മുദി) ഇതില്‍ നിന്നും യാത്രയ്‌ക്ക്‌ ചുരുങ്ങിയത്‌ മൂന്നുപേരെങ്കിലും ആവശ്യമാണെന്ന്‌ മനസ്സിലാക്കാം.

 

വര്‍ഷാരംഭവും ആചാരവും

മുഹര്‍റം മാസം ഒന്നാം തീയതി രാവിലെ വീട്ടില്‍ കയറുന്ന ആളുടെ സ്വഭാവവും മറ്റും പരിഗണിച്ചായിരിക്കും ആ വീട്ടിലെ ആ ഒരു വര്‍ഷത്തെ സ്ഥിതി ഗതികള്‍ എന്ന്‌ വിശ്വസിച്ച്‌ മുഹര്‍റം ഒന്നിന്‌ സുബഹിക്ക്‌ ശേഷം ഒരു സദ്‌വൃത്തനെ വീടിന്റെ എല്ലാ റൂമിലും കയറ്റിയിറക്കി അയാളില്‍ നിന്ന്‌ ഒന്നോ രണ്ടോ രൂപ സ്വീകരിക്കുകയും അയാള്‍ക്ക്‌ പ്രതിഫലമായി എന്തൊക്കെയോ നല്‍കുകയും ചെയ്യുന്നു. ഇതിന്റെ ഇസ്‌ലാമിക മാനം എന്ത്‌?. മലയാള മാസത്തിലും ഇംഗ്ലീഷ്‌ മാസത്തിലും ഈ പതിവ്‌ കണ്ടുവരുന്നുണ്ട്‌. അത്‌ ശരിയല്ല അങ്ങനെയൊരാചാരം ഇസ്‌ലാമിക ശരീഅത്തിലില്ല. മാത്രമല്ല അത്‌ ഇസ്‌ലാമിന്റെ പുണ്യ ആചാരമായി ജനങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്‌ വര്‍ജ്ജിക്കേണ്ടതുമാണ്‌. ബറകത്തിന്‌ വേണ്ടി സദ്‌വൃത്തരെ വീട്ടിലേക്ക്‌ ക്ഷണിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യാം. നബി(സ്വ) പല വീടുകളിലും പോയി നിസ്‌കരിച്ചിട്ടുണ്ട്‌. പക്ഷെ ഇങ്ങനെ പ്രത്യേക ദിവസം (വര്‍ഷാരംഭം) തെരഞ്ഞെടുത്തിട്ടില്ല.

 

മാസം മറഞ്ഞു കാണല്‍ പ്രത്യേകിച്ച്‌ മുഹര്‍റം മാസം അപകടസൂചനയാണെന്ന്‌ പറയപ്പെടുന്നു. ശരിയാണോ?.

ശരിയല്ല. മാസം (ചന്ദ്രപ്പിറവി) മറഞ്ഞുകാണല്‍ അവലക്ഷണമാണെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. മാസം കാണുമ്പോള്‍ ഹദീസില്‍ വന്ന പ്രാര്‍ത്ഥന (അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍ അംനി വല്‍ ഈമാനി വസ്സലാമതി റബ്ബീ വ റബ്ബുകല്ലാഹ്‌) നിര്‍വ്വഹിക്കുക.