ആദ്യപിതാവ് ആദം നബി(അ)

യൂനുസ് വാളാട്

ഭുവന വാനങ്ങളും അവയ്ക്കിടയിലുള്ളതും ആറു നാള്‍ കൊണ്ട് സൃഷ്ടിച്ച അല്ലാഹു പിന്നീട് അര്‍ശിേډല്‍ ആധിപത്യം ചെലുത്തി (സജദ-4 ) ശേഷം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു,തദവസരത്തില്‍ മലക്കുകളോട് പറഞ്ഞു. ‘നിശ്ചയം, ഞാന്‍ കളിമണ്ണില്‍ നിന്നും  ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. അങ്ങനെ അവനു ഞാന്‍ ശരിയായ ആകൃതി നല്‍കുകയും എന്‍റെ ആത്മാവില്‍ നിന്ന് അതില്‍ ഊതുകയും ചെയ്താല്‍ അവനു നിങ്ങള്‍ സാഷ്ടാംഗം ചെയ്യണം,(സ്വാദ് 71-72) മലക്കുകള്‍ അല്ലാഹുവിനോട് പറഞ്ഞു’ അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരേയാണോ നീ നിശ്ചയിക്കുന്നത്, ഞങ്ങളാകട്ടെ നിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും പരിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നുണ്ട്’  അല്ലാഹു പറഞ്ഞു ” നിങ്ങള്‍ക്കറിവില്ലാത്തത് എനിക്കറിയാം’ (ബഖറ 30) അല്ലാഹു ആദ(അ)മിനെ സൃഷ്ടിച്ചു. “ആദം നബിക്ക് അല്ലാഹു സകല വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിക്കുകയും എന്നിട്ടവ മലക്കുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങള്‍ സത്യവാദികളാണെങ്കില്‍ എനിക്ക് ഇവയുടെ പേരുകള്‍ പറഞ്ഞുതരിക, എന്നാവശ്യപ്പെടുകയും ചെയ്തു, അവര്‍ പ്രതികരിച്ചു: ‘നിന്‍റെ പരിശുദ്ധി ഞങ്ങള്‍ വാഴ്ത്തുന്നു. നീ പഠിപ്പിച്ചു തന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ലല്ലോ. നീ സര്‍വ്വജ്ഞനും യുക്തിമാനും തന്നെ”. (ബഖറ 31,32) എന്നിട്ട് ആദമിനോട് അല്ലാഹു അരുളി; ‘ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ അറിയിച്ചു കൊടുക്കൂ. അദ്ദേഹം അവയുടെ നാമങ്ങള്‍ മലക്കുകള്‍ക്ക് അറിയിച്ചു കൊടുത്തപ്പോള്‍ അല്ലാഹു ചോദിച്ചു: ‘ആകാശ ഭൂമികളിലെ അദൃശ്യങ്ങളും നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമൊക്കെ എനിക്കറിയാമെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ’. തദനന്തരം അല്ലാഹു മലക്കുകളോട് ആദമിന് പ്രണാമം അര്‍പ്പിക്കാന്‍ കല്‍പിച്ചപ്പോള്‍ അവരൊന്നടങ്കം കല്‍പനക്ക് വഴിപ്പെട്ടു. ഇബ്ലീസ് ആദമിനോടുള്ള അസൂയയും ശത്രുതയും കാരണത്താല്‍ പ്രണാമമര്‍പ്പിക്കാന്‍ വിസമ്മതിച്ചു”. (ബഖറ 33,34) ആദമിനോട് അല്ലാഹു അരുളി: “താങ്കളും സഹധര്‍മ്മിണിയും സ്വര്‍ഗത്തില്‍ വസിക്കുകയും അതില്‍ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകും ചെയ്യുക. എന്നാല്‍ ഈ വൃക്ഷവുമായി അടുക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെടും”.    (ബഖറ 35) അസൂയാലുവായ ഇബ്ലീസ് ആദം ഹവ്വ ദമ്പതികളെ ദൈവ കല്‍പനയില്‍ നിന്ന് തെറ്റിക്കാന്‍ പരമാവധി ശ്രമിച്ചു. ‘പിശാച് അവരിരുവരെയും വ്യതിചലിപ്പിക്കുകയും തങ്ങളനുഭവിക്കുന്ന സ്വര്‍ഗീയ സൗഖ്യങ്ങളില്‍ നിന്ന് ബഹിഷ്ക്കരിക്കുകയും ചെയ്തു. അല്ലാഹു അവരോട് പറഞ്ഞു: “ഇറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്. ഒരു നിശ്ചിത കാലം വരെ നിങ്ങള്‍ക്ക് ഭൂമിയില്‍ അധിവാസവും ജീവിത വിഭവങ്ങളുമുണ്ടായിരിക്കും”. (ബഖറ 36) “ആദം നബി രക്ഷിതാവിങ്കല്‍ നിന്നും ചില വചനങ്ങള്‍ ഗ്രഹിച്ചു പശ്ചാത്തപിക്കുകയും അത് സ്വീകരിക്കുകയും ചെയ്തു”. (ബഖറ 37) അല്ലാഹു ആദമിനോടും ഹവ്വയോടും നിഷ്കര്‍ശിച്ചു. “നിങ്ങളെല്ലാവരും സ്വര്‍ഗത്തില്‍ നിന്നിറങ്ങുക. എന്‍റെയടുത്ത് നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നെത്തുകയും അതാരെങ്കിലും പിന്തുടരുകയും ചെയ്യുന്നുവോ അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല”. (ബഖറ 38) ഭൂമിയില്‍ സസന്തോഷം ജീവിക്കുകയും പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്ത ആദം നബി (അ) 960 വര്‍ഷം ജീവിച്ച് പരലോകം പുല്‍കി.

About Ahlussunna Online 1163 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*