ക്രൈസ്റ്റ്ചര്‍ച്ച്: സമാധാനത്തിന്റെ, ഐക്യദാര്‍ഢ്യത്തിന്റെ വിജയത്തിന്റെ ആഹ്വാനമായി ന്യൂസിലന്‍ഡിലെ തെരുവുകളില്‍ ബാങ്കിന്റെ വീചികള്‍ അലയടിച്ചു. ആ രണ്ടു മിനിറ്റ് സമയം, ഒരു രാജ്യം മുഴുവന്‍ നിശബ്ദമായി. ആയിരങ്ങളുടെ മനസ്സ് കണ്ണീര്‍ നനവുള്ള പ്രാര്‍ഥനയാല്‍ നിറഞ്ഞു.

ന്യൂസിലന്‍ഡില്‍ 50 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം കഴിഞ്ഞ ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇന്ന്. പ്രാര്‍ഥനകള്‍ക്കെത്തിയ മുസ്‌ലിം സഹോദരങ്ങള്‍ക്ക് കരുത്തു പകരാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് എത്തിയത്. നേരത്തെ പ്രധാനമന്ത്രി ജസീന്ത അര്‍ഡേന്‍ പറഞ്ഞതു പ്രകാരം ന്യൂസിലന്‍ഡ് ടി, വി, റേഡിയോ എന്നിവ വഴി ബാങ്ക് ബ്രോഡ്കാസ്റ്റ് ചെയ്തു. രണ്ടു മിനിറ്റ് മൗനപ്രാര്‍ഥനയും നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടന്ന ഏതാണ്ട് അതേ സമയത്തു തന്നെയായിരുന്നു ഇത്. വെടിവെപ്പുണ്ടായ അല്‍നൂര്‍ പള്ളിക്കു സമീപം നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും പങ്കെടുത്തിരുന്നു. പ്രാര്‍ഥനകള്‍ക്കു ശേഷം അവര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് അവിടെ തടിച്ചു കൂടിയ മുസ്‌ലിം ജനതയോട് ആവര്‍ ആവര്‍ത്തിച്ചു.

വെറുപ്പും വിദ്വേഷവുമാണ് അക്രമിയുടെ കണ്ണുകളില്‍ അന്ന് കണ്ടതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഇമാം ജമാല്‍ ഫൗദ പറഞ്ഞു. എന്നാല്‍ ഇന്ന് വെറുപ്പ് ചോരപ്പുഴയൊഴുക്കിയ അതേ സ്ഥലത്ത് വഴിഞ്ഞൊഴുകുന്ന സ്‌നേഹമാണ് ഞാന്‍ കാണുന്നത്. ന്യൂസിലന്‍ഡ് എന്ന ഈ കൊച്ചു രാജ്യം ആര്‍ക്കും തകര്‍ക്കാനാവാത്തതാണെന്ന് ഇത് തെളിയിക്കുന്നു’ – അദ്ദേഹം പറഞ്ഞു.

ഐക്യദാര്‍ഢ്യമായി തട്ടമണിഞ്ഞാണ് ഇതരമതസ്ഥരായ സ്ത്രീകളും അനുസ്മരണത്തിന് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആസ്‌ത്രേലിയന്‍ സ്വദേശിയായ ഭീകരന്‍ രണ്ട് മുസ് ലിം പള്ളികളിലായി ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടിയുമടക്കം 50 പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു…

Be the first to comment

Leave a Reply

Your email address will not be published.


*