ഹൂദ് (അ); ആദ് സമുദായത്തിലേക്ക് നിയോഗിതരായ തിരുദൂതര്‍

യൂനുസ് വാളാട്‌

ഹൂദ് (അ) അതികായരായ തന്‍റെ തന്നെ സമുദായമായ ആദ് ഗോത്രത്തിലേക്ക് നിയോഗിതരായി. അറേബ്യന്‍ ഉപദീപിന്‍റെ തെക്കുവശത്ത് യമനിലെ അല്‍ അഹ്ഖാഫ് പ്രവശ്യയിലാണ് ആദ് സമൂഹം താമസിച്ചിരുന്നത്. മണല്‍ കുന്നുകളിലായിരുന്നു അവര്‍ താമസിച്ചിരുന്നത്.
ഹൂദ് നബിയുടെ നിയോഗാവസരം ഖുര്‍ആന്‍ വിവരിക്കുന്നു: “ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബിയെ നാം നിയോഗിച്ചു. അദ്ദേഹം കല്‍പിച്ചു, ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവീന്‍, അവനല്ലാതെ ഒരു ദൈവവും നിങ്ങള്‍ക്കില്ല, സൂക്ഷ്മത പുലര്‍ത്തുന്നില്ലേ നിങ്ങള്‍”. തന്‍റെ സമൂഹത്തിലെ നിഷേധ്യ പ്രമാണികള്‍ പ്രതികരിച്ചു: നിശ്ചയം നീ ഗുരുതരമായ മൗഡ്യത്തിലകപ്പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്. നീയും നീചന്മാരില്‍ പെട്ടിരിക്കുന്നുവെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഹൂദ് നബി പ്രതികരിച്ചു: “എന്‍റെ ജനമേ, ഒരു വിധ മൗഢ്യവും എന്നിലില്ല. പ്രത്യത സര്‍വ്വലോക സംരക്ഷകനായ അല്ലാഹുവില്‍ നിന്നുള്ള റസൂലാണ് ഞാന്‍. മുന്നറിയിപ്പു നല്‍കാനായി സ്വന്തത്തില്‍ നിന്നു തന്നെയുള്ള വിശ്വസ്ത ഗുണകാംക്ഷിയാണ് ഞാന്‍. മുന്നറിയപ്പു നല്‍കാനായി സ്വന്തത്തില്‍ നിന്ന് തന്നെയുള്ള ഒരാള്‍ വഴി നാഥന്‍റെ ഉദ്ബോധനം വന്നു കിട്ടിയതില്‍ അത്ഭുതപ്പെടുകയാണോ നിങ്ങള്‍?”. നൂഹ് നബിയുടെയാളുകള്‍ക്ക് ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കി. നിങ്ങള്‍ക്കവന്‍ കായിക ശേഷി വര്‍ധിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ വിജയികളാകാന്‍. (അഹ്റാഫ് 65-69)
അവര്‍ പ്രതികരിച്ചു, ഞങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും പൂര്‍വ്വികരാരാധിച്ചിരുന്നവ കൈവെടിയാനുമാണോ നീ വന്നിരിക്കുന്നത്? എങ്കില്‍ നിന്‍റെ ആ വാഗ്ദത്ത ശിക്ഷ ഇങ്ങു കൊണ്ടുവാ, നീ നേരാണ് പറയുന്നതെങ്കില്‍. ഹൂദ് നബി പ്രതികരിച്ചു, നാഥനില്‍ നിന്നുള്ള ശിക്ഷയും ക്രോധവുമിതാ നിങ്ങള്‍ക്കു വരികയായി. അല്ലാഹു യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതും നിങ്ങളും പൂര്‍വ്വ പിതാക്കള്‍ക്കും പേരുവെച്ചതുമായ ചില നാമങ്ങളിലല്ലേ എന്നോട് നിങ്ങള്‍ തര്‍ക്കിക്കുന്നത്, അത് കൊണ്ട് ശിക്ഷയെ കാത്തിരുന്നു കൊള്ളുക. നിങ്ങോടുമൊന്നിച്ചു ഞാനുമത് പ്രതീക്ഷിച്ചിരിക്കുക തന്നെയാണ്.
“അങ്ങനെ അദ്ദേഹത്തേയും സഹചാരികളേയും നമ്മുടെ കാരുണ്യം മുഖേന രക്ഷപ്പെടുത്തുകയും, വിശ്വാസം കൈവരിക്കാതെരിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും ചെയ്തവരെ നാം ഉന്മൂലനം വരുത്തുകയുണ്ടായി. (അഅ്റാഫ് 70-72)
“എന്‍റെ ജനമേ, ഈ മതപ്രബോധനത്തിനു പകരം യാതൊരു പ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെടുന്നില്ല. എന്‍റെ പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ മാത്രം തരേണ്ടതാണ്. നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ? എന്‍റെ സമുദായമേ നിങ്ങള്‍ രക്ഷിതാവിനോട് പാപമോചനമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കവന്‍ കോരിച്ചൊരിയുന്ന മഴ വര്‍ഷിപ്പിച്ചു തരുകയും മേല്‍ക്കുമേല്‍ ശക്തി നല്‍കുകയും ചെയ്യും. നിങ്ങള്‍ പിന്തിരിഞ്ഞു പോവരുത്”. (ഹൂദ് 51-52)
അതി ശക്തമായ ആഞ്ഞടിച്ച കാറ്റു കൊണ്ടാണ് ആദ് സമൂഹം ഉന്മൂലിതരായത്. ഏഴു രാത്രിയും എട്ട് പകലും അല്ലാഹു അവര്‍ക്ക് നേരെ അടിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തത്തടികള്‍ പോലെ അവര്‍ നിലം പതിച്ചു (6,7). ആജാന ബാഹുകളും ആരോഗ്യ ദൃഡന്മാരുമായ ആദ് സമൂഹം ഹൂദ് നബിയെ ധിക്കരിക്കുകയും, അല്ലാഹുവിന്‍റെ ശത്രുക്കളുമായി ചങ്ങാത്തം കൂടി അരങ്ങ് വാണപ്പോള്‍ ദൈവ ശിക്ഷ വന്നു. ഹൂദ് നബിയേയും വിശ്വാസ വൃന്ദത്തേയും അല്ലാഹു രക്ഷപ്പെടുത്തി. അഹ്ഖാഫ് പട്ടണം വിജനമായിത്തീര്‍ന്നു.
ദീര്‍ഘകാലം ദീനി പ്രബോധനം നടത്തിയ ഹൂദ് നബിയുടെ ഖബര്‍ യമനിലാണ് സ്ഥിതിചെയ്യുന്നത്. (ബുഖാരി 6-238)

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*