ഹിജ്റഃ കാലഗണനയും മുഹര്‍റവും

ഫജ്റുദ്ദീന്‍ റഹ്മാനി കിണാശ്ശേരി

ഇസ്ലാമിക് കലണ്ടറിന്‍റെ മാനദണ്ഡമായ ഹിജ്റഃ കഴിഞ്ഞ് 1488 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ വിധിപ്രകാരം നബിയും സ്വഹാബത്തും മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തെയാണ് ഹിജ്റ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മക്ക ഭൂമിശാസ്ത്രപരമായി ഏറെ വ്യതിരിക്തമായ ഭൂമികയാണ്. കഅ്ബയും ഹജറുല്‍ അസ്വദും മഖാമു ഇബ്റാഹീമും തുടങ്ങി ഒട്ടേറെ ഇസ്ലാമിക ചിഹ്നങ്ങള്‍ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. അതുകൊണ്ടു തന്നെ വിശ്വാസി സമൂഹത്തിന്‍റെ ഭൗതിക-ആത്മിക സങ്കേതമായി മക്ക മാറി. അതിലുപരി പുണ്യ റസൂലിന്‍റെ പരിശുദ്ധ പിറവിക്ക് സാക്ഷ്യമായതും മക്ക തന്നെയാണ്.

പിറന്ന നാടിനെയും വിട്ടകലുമ്പോള്‍ നബി(സ)ക്ക് അടക്കി നിര്‍ത്താനാവാത്ത വിരഹ ദുഃഖവും ഖിന്ന ഭാരവും ഉണ്ടായിരുന്നു. വിട ചൊല്ലുമ്പോള്‍ മക്കയോട് സംവദിച്ചു കൊണ്ട് നബി(സ) പറഞ്ഞു: ‘മക്കയേ, നീയെത്ര സുകൃതം ചെയ്ത നാടാണ്… എന്നിലേക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലവും നീ തന്നെ. എന്‍റെ സമൂഹം നിന്നില്‍ നിന്നും എന്നെ പുറത്താക്കിയിരുന്നില്ലായിരുന്നുവെങ്കില്‍ മറ്റെവിടെയും ഞാന്‍ താമസിക്കുകയില്ലായിരുന്നു. ഹൃദയ ഭേദകമായ ഈ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് നബി(സ) മക്കയോട് വിട പറഞ്ഞത്.

മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സങ്കുചിതമായ ദേശീയതാ ബോധം അന്യമാണ്. നിശ്ചിതമായ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ വേലികെട്ടി വേര്‍തിരിച്ച് ആ സ്ഥലവും അതില്‍ വസിക്കുന്നവരും തന്‍റെ മിത്രമായും ആ വേലിക്കപ്പുറത്തുള്ളവര്‍ തന്‍റെ ശത്രുവായും കണക്കാക്കുന്ന ഹെജിമണിക് നാഷണലിസത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. മറിച്ച് അല്ലാഹുവിന്‍റെ ഭൂമി വിശാലമാണെന്നും ജډം കൊണ്ട് വ്യത്യസത നാട്ടുകാരായവരെല്ലാം തന്‍റെ സഹോദരന്മാരാണെന്നുമുള്ള വിശാലമായ മാനവിക പരികല്‍പ്പനയാണ് ഖുര്‍ആനിക വചനങ്ങള്‍ വിശ്വാസിയെ പഠിപ്പിക്കുന്നത്.

പക്ഷേ, പിറന്ന മണ്ണിനോടുള്ള സ്നേഹവും ദേശീയതാ ബോധവും മറ്റൊരു അര്‍ത്ഥ മാനമാണ്. ഹിജ്റ നമുക്ക് കൈമാറുന്ന ഒരു പ്രധാന ആശയം ഇതാണ്. അതുകൊണ്ടു തന്നെയാണ് നബി(സ)യും സ്വഹാബത്തും ദിഗന്തങ്ങള്‍ ഭേദിച്ച് മാനവിക മൂല്യങ്ങളുടെയും സദാചാര ബോധത്തിന്‍റെയും മഹത്തായ ആശയങ്ങള്‍ കൈമാറിയത്.

ഇസ്ലാമിന്‍റെ നശീകരണത്തെ സ്വപ്നം കണ്ട് കരുക്കള്‍ നീക്കിയ ഒരു സമൂഹത്തില്‍ നിന്ന് ഇസ്ലാമിന്‍റെയും മനുഷ്യ ജീവന്‍റെയും രക്ഷക്ക് വേണ്ടി നടത്തിയ ത്യാഗ സുരഭിലമായ ഈ പലായനത്തോളം ഇസ്ലാമിക് കാലഗണനയാക്കാന്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നില്ല.

കാലം ഒരു പ്രഹേളിക

ഋതു ഭേദ സാക്രമണം അല്ലാഹുവിന്‍റെ മഹത്തായ ഒരനുഗ്രഹമാണ്. “രാപ്പകലുകള്‍ നാം നിങ്ങള്‍ക്ക് വലിയ രണ്ട് ദൃഷ്ടാന്തങ്ങളാക്കിത്തന്നിരിക്കുന്നു” എന്ന് അല്ലാഹു പറയുന്നു. കാലം എന്ന മാത്രയുടെ തുടക്ക-ഒടുക്കങ്ങളെക്കുറിച്ച് മനുഷ്യ യുക്തി ചിന്തിക്കും തോറും ചിന്താ മണ്ഡലം അനന്തമായി നീളുകയും തല്‍ഫലം സന്ദേഹ-അജ്ഞേയ വാദങ്ങളില്‍ അവ അവസാനിക്കുകയും ചെയ്യുന്നു. സ്ഥല-കാല സങ്കല്‍പ്പം ശാസ്ത്ര ലോകത്ത് ഇന്നും ഒരു പ്രാപഞ്ചിക പ്രഹേളികയായി അവശേഷിക്കുന്നു. പരിമിതമായ മനുഷ്യ യുക്തി ഇലാഹീ തത്വ ദിക്ഷയെ ഉള്‍ക്കൊള്ളാന്‍ മാത്രം പര്യാപ്തമല്ലെന്ന് മനസ്സിലാക്കി അവന്‍റെ അനുഗ്രഹങ്ങളുടെ ഉപകാരങ്ങള്‍ അവന്‍ തൃപ്തിപ്പെട്ട മാര്‍ഗ്ഗത്തില്‍ സ്വീകരിച്ച് അശക്തിയെ തിരിച്ചറിയലാണ് വിശ്വാസി സമൂഹത്തിന് അനുചിതമായത്. പ്രപഞ്ചോല്‍പ്പത്തിയോളം പഴക്കമുള്ള ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് കാലം.

ചാക്രികമായി അതിന്‍റെ ഗമനത്തില്‍ പലതും മാറി മറയുന്നു. പല സംഭവങ്ങളും നടക്കുന്നു. ഈ സംഭവങ്ങളുടെ ക്രമത്തെയും അവ തമ്മിലുള്ള ഇടവേളകളെയും മനസ്സിലാക്കാന്‍ കാലം നമ്മെ സഹായിക്കുന്നു. മനുഷ്യ ജീവിതത്തിന്‍റെ എല്ലാ തലങ്ങളും സമയമെന്ന മാത്രയില്‍ കേന്ദ്രീകൃതമാണ്. അതുകൊണ്ട് മനുഷ്യനെ സംബന്ധിച്ചിടത്തോളം സമയമില്ലാത്ത ലോകം കേവല സങ്കല്‍പ്പം മാത്രമാണ്. എന്നാല്‍ സ്രഷ്ടാവായ അല്ലാഹുവിന് സമയം അവന്‍റെ കേവല സൃഷ്ടി മാത്രമാണ്. സമയത്തിന്‍റെ തുടക്ക-ഒടുക്കങ്ങള്‍ അവനേയും അവന്‍റെ വുജൂദ് (ഉണ്ടാവല്‍) അദമ് (ഇല്ലാതിരിക്കല്‍) എന്നിവയെ ബാധിക്കുന്നില്ല.

കാലഗണന(Chronometry)

വ്യത്യസ്ത സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കാലഗണന(Chronometry)അഥവാ  സമയമാപനം (Temporal Mesaurrment) നിര്‍ണ്ണയിക്കപ്പെടുന്നത്. ആദം നബി(അ)ന്‍റെ സ്വര്‍ഗ്ഗീയ്യവരോഹണവും നൂഹ് നബിയുടെ കാലത്തുണ്ടായ ജല പ്രളയവും പ്രാചീന കാലം മുതല്‍ മനുഷ്യന്‍ കാലഗണനക്ക് അടിസ്ഥാനമാക്കി പോന്നു. ഏറ്റവും പുതിയ വിവരപ്രകാരം ലോകത്ത് നിലവില്‍ നാല്‍പ്പതോളം കലണ്ടറുകള്‍ കാലഗണനക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഈജിപ്ത്, ഇന്ത്യ, ബാബിലോണ്‍, മെസപ്പൊട്ടോമിയ, ചൈന തുടങ്ങിയ നാഗരിക സമൂഹങ്ങള്‍ അവരുടേതായ സംഭവങ്ങള്‍ രേഖപ്പെടുത്തി പഞ്ചാംഗങ്ങള്‍ തയ്യാറാക്കിയിരുന്നു. ബി.സി 46 ജൂലിയസ് സീസറുടെ ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു. പിന്നീട് ജൂലിയന്‍ കലണ്ടറിനെ നവീകരിച്ച് 1582 ല്‍ പോപ് ഗ്രഗറി എട്ടാമനിലൂടെ ഗ്രിഗേറിയന്‍ കലണ്ടര്‍ വിളംബരം ചെയ്യപ്പെട്ടു.

കാലത്തിന്‍റെ തുടക്കം ഗണിക്കാന്‍ പ്രയാസമായതുകൊണ്ട് സംഭവങ്ങളുടെ മുമ്പ്, ശേഷം എന്നിങ്ങനെ നിര്‍ണ്ണയിക്കപ്പെട്ടു. യേശു ക്രിസ്തുവിന്‍റെ മതപ്രബോധന കാലയളവുമായി ബന്ധപ്പെട്ട് B.C.E (Before Common Era), C.E (Common Era) അല്ലെങ്കില്‍ ആഇഅഉ എന്നുള്ള കാലഗണനയും ഇസ്ലാമിക പ്രവാചകന്‍ പരിശുദ്ധ മുഹമ്മദ് നബി(സ)യുടെ ഹിജ്റഃ (മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനം) അടിസ്ഥാനമാക്കിയുള്ള AH (After Hijra) കാലഗണനയുമാണ് നിലവില്‍ ലോകാടിസ്ഥാനത്തില്‍ അംഗീകരിച്ചു പോരുന്ന കലണ്ടറുകള്‍. സൗരവര്‍ഷം, ചാന്ദ്രിക വര്‍ഷം, സൗര ചാന്ദ്രിക വര്‍ഷം എന്നിങ്ങനെ മൂന്നുതരം വര്‍ഷ ഗണനകളാണുള്ളത്.

സൗര-ചാന്ദ്രിക വര്‍ഷങ്ങള്‍

ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ടിലെ സ്വയം കറക്കവും സൂര്യനു ചുറ്റുമുള്ള പ്രദക്ഷിണവും അടിസ്ഥാനമാക്കിയാണ് സൗരവര്‍ഷം കണക്കാക്കപ്പെടുന്നത്. ഭൂമി സൂര്യനെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതിന് 365 ദിവസമാണ് എടുക്കുന്നത്. എന്നാല്‍ ചന്ദ്രന്‍ ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന് 354 ദിവസമാണ് എടുക്കുന്നത്. ഇതിന് ചന്ദ്രവര്‍ഷമെന്നും പറയുന്നു. ഒരു അമാവാസി മുതല്‍ അടുത്ത അമാവാസി വരെയുള്ള സമയമാണ് ഒരു ചാന്ദ്രിക മാസം. സൗര വര്‍ഷവും ചാന്ദ്രിക വര്‍ഷവും തമ്മില്‍ 11 ദിവസത്തെ വ്യത്യാസമുണ്ട്.

ഈ രണ്ട് വര്‍ഷങ്ങള്‍ക്കും ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ പ്രത്യേക പരികല്‍പ്പനയും പ്രാധാന്യവുമുണ്ട്. മാസ-വര്‍ഷങ്ങള്‍ കേന്ദ്രീകരിച്ചുള്ള നോമ്പ്, ഹജ്ജ്, സകാത്ത് എന്നിവ ഹജ്റാബ്ദം (ചാന്ദ്രിക വര്‍ഷം) അടിസ്ഥാനപ്പെടുത്തിയും ദിവസേന ആവര്‍ത്തിച്ചു വരുന്ന അഞ്ച് വഖ്ത് നിസ്ക്കാരം സൂര്യ ചലനത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് ഈ രണ്ട് വര്‍ഷങ്ങളെക്കുറിച്ചും ഖുര്‍ആന്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. മനുഷ്യന്‍റെ ദൈനം ദിന ജീവിതത്തെ ക്രമപ്പെടുത്താന്‍ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് സൂര്യനെയാണ്. മനുഷ്യന്‍ സാധാരണയായി സമയം കണക്കാക്കുന്നത് സൂര്യന്‍റെ ഉദയാസ്തമയങ്ങളെ  അടിസ്ഥാനപ്പെടുത്തിയാണ്.

സമയങ്ങളെ അളക്കാനുള്ള ഉപകരണങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതും ഇതുപ്രകാരമാണ്. നിസ്ക്കാരം പോലുള്ള നിത്യ ജീവിതത്തില്‍ പാലിക്കേണ്ട കര്‍മ്മങ്ങള്‍ ചാന്ദ്രിക സമയ ക്രമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല. അതേ സമയം കാലങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്ലാമിലെ അനുഷ്ഠാനങ്ങളെല്ലാം തന്നെ ചാന്ദ്രിക വര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് കല്പിക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണം നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങിയവ.

ചുരുക്കത്തില്‍ ദിവസങ്ങളും സമയങ്ങളും സൂര്യനെ കേന്ദ്രീകരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നതെങ്കില്‍ വര്‍ഷങ്ങളും മാസങ്ങളും സൂര്യനെയും ചന്ദ്രനെയും കേന്ദ്രീകരിച്ചാണ് ഗണിക്കപ്പെടുന്നത്. പക്ഷേ, അവയെ കണക്കാക്കാന്‍ മനുഷ്യന്‍റെ സാങ്കേതിക ഉപകരണങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് മാത്രം. (അലാ ഹാമിശ്)

ഋതു ഭേദങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരാധനാ കര്‍മ്മങ്ങള്‍ ചാന്ദ്രിക കാലഗണനാടിസ്ഥാനത്തിലാക്കപ്പെടാന്‍ കാരണം ജനങ്ങള്‍ക്ക് അവയെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നതാണ്. അതിലുപരി ഏറ്റവും കൃത്യതയുള്ളതും മനുഷ്യ സൃഷ്ടിപ്പിന് ഏറ്റവും അനുയോജ്യമായ സൃ്ഷ്ടി സംവിധാനവും ചന്ദ്രന്‍റേത് തന്നെയാണ്. (അലാ ഹാമിശ്).

ചാന്ദ്രിക വര്‍ഷാടിസ്ഥാനത്തിലുള്ള ഹിജ്റ കലണ്ടറിലെ ആദ്യ മാസം മുഹര്‍റമാണ്.

മുഹര്‍റം, ആശുറാഅ്, താസുആഅ്

ഇബ്റാഹീം(അ)മിന്‍റെ കാലം മുതല്‍ തന്നെ അറബികള്‍ ചാന്ദ്രിക വര്‍ഷം അവലംബിക്കാറുണ്ടായിരുന്നു. പക്ഷേ, ഹിജ്റഃ കലണ്ടര്‍ നിലവില്‍ വന്നത് രണ്ടാം ഖലീഫ ഉമര്‍(റ)വിന്‍റെ കാലത്താണ്. ഹിജ്റ വര്‍ഷം 17 ജമാദല്‍ ഉഖ്റ 20 ബുധനാഴ്ചയായിരുന്നു അത്. പിന്നീട് ഈ കലണ്ടര്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഔദ്യോഗിക കലണ്ടറായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

ഹിജ്റ വര്‍ഷാരംഭത്തിന് ഉമറും(റ) മറ്റു സ്വഹാബാക്കളും മാനദണ്ഡമാക്കിയത് നബി(സ)യുടെ മദീനാ പലായനമാണ്. യഥാര്‍ത്ഥത്തില്‍ നബിയും സ്വഹാബത്തും മദീനയിലെത്തിയത് റബീഊല്‍ അവ്വല്‍ പന്ത്രണ്ട് തിങ്കളാഴ്ച്ചയിലാണ്. സ്വിദ്ദീഖ്(റ) അടക്കമുള്ള സ്വഹാബത്ത് ശത്രുക്കളുടെ സംഹാരാത്മക ഹിംസ കാരണം ഹിജ്റക്ക് ധൃതി കാണിക്കുമായിരുന്നുവെങ്കിലും ഇലാഹീ വിധിയുണ്ടായത് നബി(സ)യുടെ പിറവി ദിവസമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ്. അതിനു പിന്നില്‍ വലിയ ഹിക്മത്തും ഉള്ളതായി മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ഹിജ്റ കലണ്ടറിന്‍റെ ആരംഭം റബീഉല്‍ അവ്വല്‍ പന്ത്രണ്ട് അല്ല, മറിച്ച് മുഹര്‍റം ഒന്നാണ്. കാരണം സ്വഹാബത്ത് മുഹര്‍റമില്‍ തന്നെ ഹിജ്റ ആരംഭിച്ചിരുന്നു.

ഇസ്ലാമിക് കലണ്ടറിലെ പ്രാരംഭ മാസം എന്നതിന് പുറമെ മുഹര്‍റം മാസത്തിന് നിരവധി പ്രത്യേകതകള്‍ ഇസ്ലാമിലുണ്ട്. ജൂത മത വിഭാഗക്കാരും അറേബ്യന്‍ ജനതയും ഈ മാസത്തിന് പ്രാധാന്യം കല്‍പ്പിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ എടുത്തു പറഞ്ഞ യുദ്ധം ഹറാമാക്കിയ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസമാണ് മുഹര്‍റം. മറ്റെല്ലാ മാസങ്ങളിലും അല്ലാഹുവിന്‍റെ ഹഖ് പ്രകാരമല്ലാതെ യുദ്ധം ഹറാമാണെങ്കിലും ഈ നാല് മാസത്തിലും പ്രത്യേക വിലക്കുണ്ട്. അഥവാ അതിന്‍റെ ശിക്ഷ ഏറ്റവും കാഠിന്യമുള്ളതാകുമെന്നര്‍ത്ഥം.

ആദം നബി(അ)ന്‍റെ പശ്ചാതാപം അല്ലാഹു സ്വീകരിച്ചത്, ഖലീലുല്ലാഹി ഇബ്റാഹീം(അ)നെ അഗ്നികുണ്ഡത്തില്‍ നിന്ന് മന്ദസ്മിതനായി പുറത്ത് കൊണ്ടുവന്നത്, യഅ്ഖൂബ്(അ)ന് മകനെ തിരിച്ചു കൊടുത്തത്, മൂസാ(അ)യെ ഫിര്‍ഔനില്‍ നിന്നും രക്ഷിച്ചത്, ഇമാം ഹുസൈന്‍(റ)ന് ശഹാദത്തിന്‍റെ പദവി നല്‍കിയത്, ആകാശത്ത് നിന്ന് ആദ്യമായി മഴ വര്‍ഷിപ്പിച്ചത്, അന്ത്യനാള്‍ സംഭവിക്കുന്നത് തുടങ്ങി ഒട്ടേറെ സംഭവ വികാസങ്ങള്‍ നടന്നതും നടക്കുന്നതും ഈ മാസത്തിലെ ആശുറാ(പത്താം ദിവസം)ഇലാണ്. അതുകൊണ്ടു തന്നെ മുമ്പുള്ള സമുദായങ്ങള്‍ക്കിടയിലും ഈ ദിവസം പവിത്രമേറിയതായിരുന്നു. ആശുറാഅ് ദിനത്തെക്കുറിച്ചുള്ള ചില ഹദീസുകളും പണ്ഡിത വീക്ഷണങ്ങളും ഇവിടെ പ്രസക്തമാണ്.

ആശുറാഅ് ദിനം ഒരു മഹത്വമേറിയ ദിവസമാകുന്നു. ഈ ദിനത്തില്‍ ആരെങ്കിലും സദ്പ്രവര്‍ത്തനം ചെയ്താല്‍ അതിന് വളരെ വലിയ കൂലിയും പ്രതിഫലവും ലഭിക്കുന്നതാണ്. ഈ ദിവസം ചെയ്യേണ്ട നല്ല പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് അനാഥ കുഞ്ഞിനെ തലോടല്‍. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)നെ തൊട്ട് നിവേദനം; നബി(സ) പറഞ്ഞു:”ആരെങ്കിലും ആശുറാഅ് ദിനത്തില്‍യതീമിനെ സ്നേഹ വാത്സ്യലത്തോടെ തലോടിയാല്‍ യതീമിന്‍റെ ഓരോ തലമുടിയുടെയും കണക്കനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ അവന്‍റെ സ്ഥാനം ഉയര്‍ത്തപ്പെടുന്നതാണ്. (സ്നേഹ വാത്സ്യലത്തോടെ അവനെ സമീപിക്കലും സഹായിക്കലും ഇതില്‍പ്പെടുന്നതാണ്). (ഗുന്‍യതു ഥാലിബീന്‍)

ആശുറാഅ് ദിവസത്തില്‍ പശ്ചാതാപവും പാപമോചനം തേടലും ഒരു പ്രധാന പ്രവര്‍ത്തിയാണ്. അന്നേ ദിവസത്തെ തൗബയും ഇസ്തിഗ്ഫാറും അല്ലാഹു പെട്ടെന്ന് സ്വീകരിക്കും. മൂസാ(അ)യുടെ മേല്‍ വഹ്യ് ഇറങ്ങി, മുഹര്‍റം പത്തിന് എന്‍റെ ദര്‍ബാറിലേക്ക് തൗബ ചെയ്ത് മടങ്ങാന്‍ അങ്ങയുടെ സമുദായത്തോട് കല്‍പിക്കൂ, മുഹര്‍റം പത്തിന് എന്‍റെ അടുത്തേക്ക് തൗബ ചെയ്ത് മടങ്ങി വന്നവര്‍ക്ക് ഞാന്‍ എന്‍റെ മഗ്ഫിറത്ത് ഓശാരമായി നല്‍കുമെന്നും അവരോട് പറയൂڈ (ഫൈളുല്‍ ഖദീര്‍ ശര്‍ഹു ജാമിഇ സ്വഗീര്‍).  അന്നേ ദിവസം ഭക്ഷണത്തില്‍ വിശാലത ചെയ്യലും പ്രത്യേക പുണ്യ കര്‍മ്മമാണ്.

അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെ തൊട്ട് നിവേദനം; റസൂല്‍(സ) പറഞ്ഞു: ആശുറാഅ് ദിവസത്തില് ആരെങ്കിലും അവന്‍റെ കുടുംബത്തില്‍ ഭക്ഷണ വിശാലത ചെയ്താല്‍ വര്‍ഷം മുഴുവന്‍ അവന്‍റെ വീട്ടില്‍ ഭക്ഷണ വിശാലത ലഭിക്കുന്നതാണ്. ഈ ഹദീസുമായി ബന്ധപ്പെട്ട് ഇമാം സുഫ്യാനു സൗരി(റ) പറഞ്ഞു: ”ഞങ്ങള്‍ ഈ കാര്യത്തെ പരീക്ഷിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ക്കത് ബോധ്യപ്പെടുകയുണ്ടായി” ആശുറാഅ് ദിനത്തില്‍ കാണപ്പെടുന്ന, കറുപ്പ് വസ്ത്രം ധരിക്കല്‍, വിലപിച്ച് കരയല്‍, ശരീരം മാന്തിപ്പൊളിക്കല്‍, കുളിക്കല്‍, സുഗന്ധം പൂശല്‍, സുറുമയിടല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. അത്തരം ഹദീസുകള്‍ മൗളൂഉകളാകുന്നു.

ആശുറാഅ് ദിനത്തിലെ നോമ്പിനെ അധികരിച്ച് നിരവധി സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. അബൂഹുറൈറ   (റ)യെ തൊട്ട് നിവേദനം; നബി(സ) പറഞ്ഞു: റമളാന്‍ മാസത്തിലെ നോമ്പിന് ശേഷം ഏറ്റവും മഹത്വമേറിയ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാകുന്നു. (മുസ്ലിം 1982) മുഹര്‍റത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് അതിന്‍റെ മഹത്വത്തെയാണ് ദ്യോതിപ്പിക്കുന്നത്.

റമളാനിലല്ലാതെ മറ്റൊരു മാസവും മുഴുവന്‍ നബി(സ) വ്രതമനുഷ്ഠിച്ചിട്ടില്ല. മുഹര്‍റവും തഥൈവ, പക്ഷേ മുഹര്‍റത്തില്‍ നോമ്പ് അധികരിപ്പിക്കല്‍ പുണ്യമുള്ളതാണ്.”ശഅ്ബാനില്‍ നബി(സ) നോമ്പ് അധികരിപ്പിച്ചതായി കാണുന്നുണ്ട്, മുഹര്‍റത്തില്‍ അങ്ങനെ കാണാതിരിക്കാന്‍ കാരണം ഒരു പക്ഷേ മുഹര്‍റത്തിന്‍റെ ശ്രേഷ്ഠതയെ നബി(സ)ക്ക് വഹ്യ് അറിയിക്കപ്പെട്ടത് തന്‍റെ ജീവിതത്തിന്‍റെ അവസാന സമയത്തായതുകൊണ്ടാകാം. അതുകൊണ്ട് നോമ്പനുഷ്ഠിക്കാന്‍ സാധിച്ചില്ലായിരിക്കാം. (ശര്‍ഹു മുസ്ലിം)

ആശുറാഅ് നോമ്പ് മുമ്പുള്ള ശര്‍ഉകളിലും പുണ്യമുള്ളതായിരുന്നു. ഖുറൈശികള്‍ ജാഹിലിയ്യാ കാലത്തു തന്നെ അന്ന് വ്രതമനുഷ്ഠിക്കുമായിരുന്നു. ഇബ്റാഹീം(അ)ന്‍റെ ശര്‍ഇല്‍ നിന്നാണ് അവര്‍ക്കിത് കിട്ടിയതെന്ന് സംശയിക്കപ്പെടുന്നു. മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പ് നബി(സ) തങ്ങളും മുഹര്‍റം പത്തിന് പതിവായി വ്രതമനുഷ്ഠിക്കുമായിരുന്നു. മദീനയിലെത്തിയപ്പോള്‍ നടന്നത് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. “നബി(സ) മദീനയില്‍ വന്നപ്പോള്‍ (ഹിജ്റ സമയത്ത്) അവിടെയുള്ള ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് കണ്ടു. അപ്പോള്‍ നബി(സ) ചോദിച്ചു: “ഇന്നെന്താണ് പ്രത്യേകത?”അവര്‍ പറഞ്ഞു: “ഇന്നൊരു പുണ്യ ദിവസമാണ്, ഇസ്റാഈല്‍ സന്തതികളെ (മൂസാ നബിയുടെ ജനത) അവരുടെ ശത്രുക്കളില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത് ഇന്നാണ്. അത് കാരണം മൂസാ(അ) നോമ്പനുഷ്ഠിച്ചിട്ടുണ്ട്.

നബി(സ) പറഞ്ഞു: “അങ്ങനെയെങ്കില്‍ മൂസാ നബിയോട് നിങ്ങളേക്കാള്‍ കടപ്പെട്ടവന്‍ ഞാനാണ്”. പിന്നീട് നബി(സ) ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചു, മറ്റുള്ളവരോട് നോമ്പനുഷ്ഠിക്കാന്‍ കല്പിക്കുകയും ചെയ്തു. ജൂത വിഭാഗം ഈ ദിവസത്തെ ആഘോഷ ദിനമയി ആചരിക്കുമായിരുന്നു. അത്തരം ആഘോഷത്തോട് എതിരാവാന്‍ നബി(സ) കല്പിച്ചിരുന്നു.

അബൂ മൂസാ(റ) തൊട്ട് നിവേദനം; “ആശുറാഅ് ദിവസം ജൂത വിഭാഗം ആഘോഷ ദിനമായി പരിഗണിക്കുമായിരുന്നു”. മറ്റൊരു നിവേദനത്തില്‍ “ഖൈബര്‍ ജനത (ജൂതര്‍) അതിനെ ആഘോഷമാക്കുമായിരുന്നു, അവരിലെ സ്ത്രീകള്‍ അന്ന് ആഭരണവും മറ്റും ധരിക്കുമായിരുന്നു”. നബി(സ) പറഞ്ഞു;”നിങ്ങള്‍ അന്ന് നോമ്പനുഷ്ഠിക്കുവിന്‍” (ബുഖാരി). നബി(സ) പറഞ്ഞു: “ആശുറാഅ് ദിനത്തിലെ നോമ്പ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തെ തെറ്റുകള്‍ പൊറുത്തു തരാന്‍ അല്ലാഹുവിന്‍റെ മേല്‍ ഞാനാഗ്രഹിക്കുന്നു (മുസ്ലിം 1976).

താസൂആഅ് ദിനത്തിലും നോമ്പ് പ്രത്യേകം സുന്നത്തുണ്ട്. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)നെ തൊട്ട് നിവേദനം; റസൂല്‍(സ) ആശുറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും അതുകൊണ്ട് കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: “എന്നാല്‍ അടുത്ത വര്‍ഷം വന്നാല്‍ ഇന്‍ശാ അല്ലാഹ്, നാം മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കും. ഇബ്നു അബ്ബാസ്(റ) പറഞ്ഞു:’അടുത്ത വര്‍ഷമായപ്പോഴേക്കും റസൂല്‍(സ) വഫാത്തായിരുന്നു (മുസ്ലിം 1916). ഇമാം ശാഫിഈ, തന്‍റെ അസ്വ്ഹാബ്, ഇമാം അഹ്മദ്, ഇസ്ഹാഖ് തുടങ്ങി പണ്ഡിതന്മാര്‍ പറഞ്ഞു:”മുഹര്‍റം ഒമ്പതും പത്തും വ്രതമനുഷ്ഠിക്കല്‍ സുന്നത്താകുന്നു, കാരണം പത്തിന് നബി(സ) നോമ്പനുഷ്ഠിക്കുകയും ഒമ്പതിന് നോമ്പനുഷ്ഠിക്കാന്‍ കരുതുകയും ചെയ്തിരുന്നു.

മുഹര്‍റം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട്. നബി(സ) പറഞ്ഞു:”നിങ്ങള്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുക, ജൂതരോട് എതിരാവുക. മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കുക (അഹ്മദ്). മുഹര്‍റം പത്തിന് മാത്രം നോമ്പനുഷ്ഠിക്കുന്നതില്‍ കറാഹത്തില്ല എന്നാണ് പണ്ഡിത വീക്ഷണം.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*