സ്വാലിഹ് നബി (അ); സമൂദുകാരുടെ തിരുദൂതര്‍

യൂനുസ് വാളാട്‌

സ്വാലിഹ് നബി (അ) സമൂദ് ഗോത്രത്തെ മുഴുവന്‍ തപം ചെയ്തെടുക്കാന്‍ അവതരിച്ച പ്രവാചകരാണ്. സമൂദ് അവരുടെ പിതൃവ്യന്‍റെ പേരിലറിയപ്പെടുന്ന പ്രശസ്ത ഗോത്രമാണ്. ഇന്നത്തെ സൗദി അറേബ്യയുടെ വടക്കു ഭാഗത്തുള്ള മദാഇന്‍ സ്വാലിഹ് ആയിരുന്നു സമൂദ് ഗോത്രക്കാരുടെ മേഖല. ഹിജ്ര്‍ എന്നും ആ സ്ഥലം അറിയപ്പെടുന്നു. പാറകള്‍ തുരന്ന ഗുഹാ ഭവനങ്ങളിലായിരുന്നു അവര്‍ വസിച്ചിരുന്നത്.
സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹ് നബിയെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: “എന്‍റെ ജനങ്ങളേ, അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കൂ. അവനല്ലാതെ ഒരു ദൈവവും നിങ്ങള്‍ക്കില്ല. നാഥന്‍റെ പക്കല്‍ നിന്നുള്ള സ്പഷ്ടമായ ഒരു ദൃഷ്ടാന്തം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ നിങ്ങള്‍ക്കു തെളിവായി ഇതാ അല്ലാഹുവിന്‍റെ ഒട്ടകം. അതുകൊണ്ട് ഭൂമിയില്‍ മേഞ്ഞു തിന്നു നടക്കാനായി അതിനെ വിട്ടയയ്ക്കുക. ഒരുവിധ ദ്രോഹവും നിങ്ങളതിനെ ചെയ്തു പോകരുത്. അങ്ങനെ ചെയ്താല്‍ വേദനയുറ്റ ശിക്ഷ നിങ്ങളെ പിടികൂടും. നിങ്ങള്‍ ഓര്‍ക്കണം, ആദിനു ശേഷം നിങ്ങളെയവന്‍ പിന്‍ഗാമികളാക്കി. നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ ആവാസ കേന്ദ്രമൊരുക്കി. സമതലങ്ങളില്‍ നിങ്ങള്‍ കൊട്ടാരങ്ങള്‍ പണിയുന്നു. മലകള്‍ തുരന്ന് വീടുകള്‍ നിര്‍മ്മിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങളോര്‍ക്കുക. നാശകാരികളായി നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്”. (അഅ്റാഫ് 73,74)
മരുപ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ വളരെ കുറവായിരിക്കും. സമൂദ് ഗോത്രക്കാര്‍ക്ക് ഒരു ജലാശയം മാത്രമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മുഅ്ജിസത്തിന്‍റെ ഒട്ടകം വരുന്നത്. അവരുടെ ആവശ്യപ്രകാരം പാറയില്‍ നിന്ന് ഒട്ടകത്തെ പുറപ്പെടുവിച്ചു. ഗോത്രവാസികള്‍ക്കും ഒട്ടകത്തിനുമായി അല്ലാഹുവിന്‍റെ ശാസനാനുസൃതം സ്വാലിഹ് നബി (അ) ജലസ്രോതസ്സ് വീതം വെച്ചു. നിശ്ചിത ദിവസം ജനത്തിനും നിശ്ചിത ദിവസം ഒട്ടകത്തിനും.
നിഷേധികളായ മദാഇന്‍ സമൂഹം സ്വാലിഹ് നബിക്കെതിരെ കുതന്ത്രമൊരുക്കി. “നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും യാതൊരു നന്മയും അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഒമ്പതംഗ നേതൃസംഘം സ്വാലിഹ് നബിയുടെ പട്ടണമായ ഹിജ്റിലുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: അല്ലാഹുവിനെ പിടിച്ച് ശപഥം ചെയ്യൂ. സ്വാലിഹ് നബിയെയും സ്വന്തക്കാരെയും നമുക്ക് നിശാവധം നടത്തുക തന്നെ വേണം. എന്നിട്ട് അവന്‍റെ അവകാശിയോട് നമുക്കിങ്ങനെ ബോധിപ്പിക്കാം, നിന്‍റെ ബന്ധുവിന്‍റെ വധത്തില്‍ ഞങ്ങള്‍ പങ്കാളികളായിട്ടില്ല. നേര് തന്നെയാണ് ഞങ്ങള്‍ പറയുന്നത്. അവര്‍ ഒരു കുതന്ത്രമൊപ്പിച്ചു”. (നംല് 48,49)
ഖുദാര്‍ ബിന്‍ സാലിഫ് എന്നയാള്‍ ഒട്ടകത്തെ ഗളച്ഛേദം ചെയ്ത ശേഷം അവര്‍ സ്വാലിഹ് നബിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. തദവസരം അവരെ അല്ലാഹുവിന്‍റെ ശിക്ഷ പിടികൂടി. “അവര്‍ക്കു നേരെ നാമൊരു കഠോര ശബ്ദം അയച്ചു. അപ്പോഴവര്‍ ആല പണിയുന്നവന്‍റെ ചുള്ളിക്കമ്പുപോലെയായി”. (ഖമര്‍ 31) മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ആകാശത്തു നിന്നുള്ള പ്രകമ്പനവും ഭൂമിക്കുലുക്കവുമായി അവരത്രയും ചത്തൊടുങ്ങി.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*