സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) കണ്ടെത്തിയിട്ടില്ലെന്ന് കൊറോണ ജാഗ്രത സമിതി

റിയാദ്: സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കൊറോണ ജാഗ്രത സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി
25 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 2200 കട്ടിലുകളും ഒരുക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിൽ വളരെ കർശനമായ പരിശോധനകൾക്ക് ശേഷമേ യാത്രക്കാരെ കടത്തി വിടുന്നുള്ളൂ.
സംശയമുള്ളവരുടെ സ്രവ സാമ്പിളുകൾ പരിശോധിക്കാൻ വിദഗ്ദ സംഘം സദാ സേവന സന്നദ്ധരാണ്‌. പരിശോധനകളില്‍ ഇതുവരെ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യം, ഹജ് ഉംറ, വിദേശകാര്യം തുടങ്ങി പത്ത് വകുപ്പുകളിലെ പ്രതിനിധികളടങ്ങുന്ന കൊറോണ ജാഗ്രത സമിതിയാണ് റിയാദില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേർത്തത്.

വിമാനത്താവളങ്ങളിലും കർശനമായ പരിശോധനയാണ്‌ നടന്ന് വരുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരെ പ്രത്യേക മെഡിക്കല്‍ സംഘം സ്‌ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കിയതിന്‌ ശേഷമാണ്‌ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. എല്ലാ വിമാന കമ്പനികൾക്കും ഏജൻസികൾക്കും ഇത് സംബന്ധമായ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉംറ വിസ സ്റ്റാമ്പിംഗ് താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. മക്കയിലും മദീനയിലുമായി
4,69,000 ഉംറ തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. അവരില്‍ 1,06,000 പേര്‍ ഇതിനകം രാജ്യം വിടുകയും ചെയ്തു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍‌ക്ക് മൂന്ന് മണിക്കൂറിനകം ഉംറക്കുള്ള അനുമതി പത്രം പോര്‍ട്ടല്‍ വഴി ലഭിക്കും. ഇരു ഹറമുകളും ജാഗ്രതയിലാണെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു.

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് സഊദി പൗരന്മാരെ ഒഴിപ്പിക്കുന്നതിനും അവരെ രാജ്യത്തേക്ക് കൊണ്ട് വരുന്നതിനും ഫലപ്രദമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. ദിവസവും സമിതിയുടെ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വൈറസ് റിപ്പോര്‍ട്ട് ചെയ്താല്‍ വിവരകൈമാറ്റത്തിന് മന്ത്രാലയത്തിന്റെ ഹിസ്ന്‍ ഓണ്‍ലൈന്‍ വഴി സൗകര്യമൊരുക്കിയതായും ഏത് അടിയന്തിര ഘട്ടവും നേരിടാൻ രാജ്യം സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ആലി വ്യക്തമാക്കി.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*