പൗരത്വ നിയമ ഭേദഗതി: മുസ്‌ലിംകളുടെ പദവിയെ ബാധിക്കുമെന്ന് യു.എസ് ഗവേഷണ റിപ്പോര്‍ട്ട്”

വാഷിങ്ടണ്‍: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളുടെ പദവിയെ സാരമായി ബാധിക്കുമെന്ന് യു.എസ് ഗവേഷണ വിഭാഗം റിപ്പോര്‍ട്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതെന്ന് യു.എസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു കൈമാറി. ഇത് യു.എസ് ജനപ്രതിനിധിസഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല. കോണ്‍ഗ്രസ് ഇതു ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറു മതങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മുസ്‌ലിംകളെ അതില്‍ നിന്ന് ഒഴിവാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 14, 15 വകുപ്പുകള്‍ക്ക് എതിരാണെന്ന് രണ്ടു പേജുള്ള കോണ്‍ഗ്രസനല്‍ റിസര്‍ച്ച് സര്‍വിസ് (സി.ആര്‍.എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ് വംശജരായ ഹിന്ദുക്കള്‍ പീഡനങ്ങള്‍ നേരിടുന്ന ശ്രീലങ്കയിലെയും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പീഡനങ്ങള്‍ നേരിടുന്ന മ്യാന്മറിലെയും കുടിയേറ്റക്കാരെ എന്തുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ പെടുത്തിയില്ലെന്നു ചോദിക്കുന്ന റിപ്പോര്‍ട്ട്, പാകിസ്താനിലെ അഹ്മദിയാ വിഭാഗത്തെയും ശീഈകളെയും ഇതില്‍ ഉള്‍പ്പെടുത്താത്തതിനെയും ചോദ്യംചെയ്യുന്നു. യു.എന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മിഷനും മറ്റു സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളും പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*