നിയന്ത്രണങ്ങളോടെ ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്.സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, ആധാര്‍ നിയമങ്ങള്‍ ഭേദഗതിചെയ്യാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടു പ്രധാനവകുപ്പുകള്‍ കോടതി റദ്ദാക്കി. ദേശീയ സുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനില്ലെന്ന് കോടതി പറഞ്ഞു. ഇതിന് അനുമതി നല്‍കുന്ന 33(2) വകുപ്പ് റദ്ദാക്കി. ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുത്. കുട്ടികളുടെ വിവരങ്ങള്‍ എടുക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണം. പ്രവേശനപരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത്. പൗരന്‍മാര്‍ക്ക് ഒറ്റതിരിച്ചറിയില്‍ കാര്‍ഡ് നല്ലതാണ്. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

സി.ബി.എസ്.ഇ, നീറ്റ്, യു.ജി.സി തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാനാവില്ല. സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. കുട്ടികള്‍ക്കുള്ള ഒരു പദ്ധതികളും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെടാന്‍ പാടില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കുന്നതിനോ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ല. പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്. സ്വീകരിക്കുന്ന വിവരങ്ങള്‍ ആറ് വര്‍ഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണം.

മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് രാജ്യം ഉറ്റു നോക്കുന്ന കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താം നടത്തിയത്. ആധാര്‍ ഭരണഘടനാ വിരുദ്ധമാണോ, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും മൗലികാവാകശങ്ങളുടെ ലംഘനവുമാണോ എന്നീ വിഷയങ്ങളാണ് കോടതി നിരീക്ഷിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആധാറിന് നിയമ പിന്‍ബലം നല്‍കാനായി 2016-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിരുന്നെങ്കിലും ഇതിനും മുമ്പേ സമര്‍പ്പിക്കപ്പെട്ട 27ഓളം പരാതികളിലാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. തുടര്‍ച്ചയായ നാലു മാസത്തോളം വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.

രാജ്യത്തെ 99 ശതമാനം ജനങ്ങളും ആധാര്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരിലേക്ക് എത്തുന്നുണ്ടെന്ന ഉറപ്പു വരുത്താന്‍ ആധാറിലൂടെ കഴിഞ്ഞിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ച വാദം. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അന്തസ്സ് ഉറപ്പു വരുത്തുന്നതാണ് ആധാറെന്ന വാദവും കേന്ദ്രം ഉന്നയിച്ചിരുന്നു.

അതേസമയം, പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ആധാറെന്ന വാദമാണ് പരാതിക്കാര്‍ ഉന്നയിച്ചത്. മുഴുവന്‍ ജനങ്ങളുടെയും ഇത്ര വലിയ ഇലക്ട്രോണിക് വിവര ശേഖരം നിലനില്‍ക്കുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കും. വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങള്‍ ചോര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഏതൊരു പൗരനേയും ഏതു നിമിഷവും ഭരണകൂടത്തിന് പിന്തുടരാനും വേട്ടയാടാനും അവസരം ഒരുങ്ങുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് 2017 ആഗസ്റ്റില്‍ പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചുവെക്കുന്ന ആധാറിനെ കോടതി എങ്ങനെ വിലയിരുത്തും എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*