ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യ: കലാപം വ്യാപിപ്പിച്ച് സംഘ്പരിവാര്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്്‌ലിംവിരുദ്ധ കലാപം പടരുന്നു. ആദ്യ ദിവസം മൗജ്പൂരില്‍ മാത്രമുണ്ടായിരുന്ന അക്രമം ഇന്നലെ കാര്‍വാല്‍ നഗര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍, ശിവ് നഗര്‍, അശോക് നഗര്‍ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നു. ഗുരുതരാവസ്ഥയില്‍ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. മുസ്്‌ലിം വീടുകള്‍ക്ക് പുറമെ പള്ളികള്‍ക്കെതിരെയും വ്യാപകമായ അക്രമമുണ്ടായി. ഷാദ്രയിലും മൗജിപൂരിലും പള്ളികളും ദര്‍ഗകളും കത്തിക്കുകയും പള്ളികളുടെ മിനാരത്തില്‍ കാവിക്കൊടി നാട്ടുകളയും ചെയ്തു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിന് തീയിട്ടു. തീയണയ്ക്കാനെത്തിയ രണ്ട് ഫയര്‍ എഞ്ചിനുകള്‍ തകര്‍ത്തു. മുസ്്‌ലിം ഗലികള്‍ അക്രമികള്‍ വളഞ്ഞതായും പേരും മതവും ചോദിച്ചാണ് ആളുകളെ അക്രമിക്കുന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

ഭജന്‍പുര ചൗക്കില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. അശോക് നഗറില്‍ മസ്ജിദ് രണ്ടു തവണ കത്തിച്ചു. മൗജ്പൂരില്‍ വെടിവയ്പ് നടത്തിയ ഒരാളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മൗജ്പൂര്‍, കര്‍ദാംപുരി, ചാന്ദ് ബാഗ്, ദയാല്‍പൂര്‍ എന്നിവിടങ്ങളില്‍ അക്രമികള്‍ വാഹനങ്ങളും വീടുകളും കടകളും കത്തിച്ചു. ബ്രിജ്പുരിയിലെ മാര്‍ക്കറ്റില്‍ മാത്രം ഇന്ന് 50 ഓളം കടകളാണ് കത്തിച്ചതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ഇവിടയെല്ലാം തിങ്കളാഴ്ച രാത്രി വൈകിയും അക്രമം തുടരുകയായിരുന്നു. ഇന്നലേയും വിവിധ പ്രദേശങ്ങളില്‍ തീവെക്കപ്പെട്ടതായുള്ള ഫോണ്‍കോളുകള്‍ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നു ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ വ്യക്തമാക്കി. ഈ സ്ഥലത്തേക്കൊന്നും ഫയല്‍ഫോഴ്‌സിന് ചെയ്യാനായിട്ടില്ല.
അക്രമബാധിത പ്രദേശങ്ങളില്‍ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരം സായുധ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. റാപിഡ് ഫോഴ്സ് വിവിധ പ്രദേശങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. അക്രമം വ്യാപകമായ അഞ്ച് പ്രദേശങ്ങളില്‍ 6000 അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസിന്റെ സുരക്ഷ വിഭാഗത്തിന്റെ അപര്യാപതയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നു. ആള്‍കൂട്ടത്തെ നിയന്ത്രിക്കാനാവശ്യമായ പോലീസ് സംവിധാനം പ്രദേശത്തില്ലെന്നാണ് ആക്ഷേപം. ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്തതെന്ന് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കലാപ പ്രദേശങ്ങളില്‍ അടച്ചിട്ട മെട്രോ സ്റ്റേഷനുകള്‍ ഇനിയും തുറന്നിട്ടില്ല.

അക്രമികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*