ജലം:  ജീവാമൃതം

നമ്മുടെ  നാട് അതീവ വരള്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടിന്‍ പുറങ്ങളിലുള്ള എല്ലാ ജലാശയങ്ങളും വറ്റിക്കൊണ്ടിരിക്കുന്നു. മഴയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. ഭരണതലങ്ങളിലുള്ളവരും മറ്റും ദുരിതമകറ്റാന്‍ പല പദ്ധതികളുമായിട്ട് കടന്നുവരുന്നു. കുടിവെള്ളത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടെന്ന് മനസ്സിലാക്കേണ്ട കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യന് മാത്രമല്ല, ലോകത്ത് ജീവിക്കുന്ന എല്ലാ ജന്തുലതാദികള്‍ക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. അടുത്തൊരു ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്മ്പറയപ്പെടാറുണ്ട്, അത്രമേല്‍ ജലം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. ജലം ലഭ്യമാകുന്ന സമയത്താണെങ്കില്‍ അതിനെ നാം പാഴാക്കി കളയുകയും ചെയ്യുന്നു.

ജനസംഖ്യ കൂടുകയും  ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ പോലും കടുത്ത ജലക്ഷാമത്തിന്‍റെ പട്ടികയിലിടം പിടിച്ചിരിക്കുന്നു. എല്ലാ ജലാശയങ്ങളും മലിനമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ വികസനമെന്ന ഇച്ഛാശക്തിക്ക് മുമ്പില്‍ എല്ലാം മലിനമാക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. 

ഓരോ വര്‍ഷവും കേരളത്തില്‍ മഴ ലഭ്യതയുടെ കുറവ് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജലം ഉള്‍വലിയുകയും ചെയ്യുന്നു. നമ്മുടെ തെറ്റായ രീതികളാണ് ഇതിനെല്ലാം കാരണം. പണ്ടുകാലങ്ങളില്‍ മഴവെള്ള സംഭരണത്തിന് നമ്മുടെ കാരണവന്മാര്‍ പല പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു. നമ്മുടെ സ്ഥലങ്ങളെല്ലാം വരമ്പുകള്‍ കെട്ടി തട്ടുതട്ടുകളായി തരംതിരിച്ച് മഴ ലഭിക്കുന്ന സമയത്ത് അത് കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ഇറക്കുന്നതിനായി സഹായിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് മഴ ലഭിക്കുന്ന സമയത്ത് എല്ലാം കുത്തിയൊലിച്ചു പോവുകയാണ് പതിവ്.

മനുഷ്യ കുലത്തിന്‍റെ ദുഷ്പ്രവര്‍ത്തികള്‍ കാരണമായിട്ടുണ്ടാവുന്നതാണ് കാലാവസ്ഥാ വ്യതിയാനവും മഴക്കാ ാറും വരള്‍ച്ചയു മെല്ലാം. നമ്മുടെ തന്നെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാവുന്ന വിധത്തില്‍ നാം വികസനമെന്ന് പറഞ്ഞ് പല അതിക്രമങ്ങളും ചെയ്യുന്നു. ലോക വ്യവസ്ഥിതിക്ക കേടുപാടുകള്‍ വരാത്ത രീതിയിലുള്ള വികസനമാണ് നാം കൊണ്ടുവരേണ്ടത്. ഒപ്പം മഴവെള്ള സംരംഭത്തിന് പദ്ധതികളും ആവിഷ്ക്കരിക്കണം. എന്നാല്‍ ഇത്രത്തോളം വെള്ളത്തിന് നാം ബുദ്ധിമുട്ടേണ്ടിവരില്ല.  ഒന്നോ രണ്ടോ തുള്ളിയല്ലേ, സാരമില്ലെന്ന് പറയുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. ഒരു മിനിറ്റില്‍ അഞ്ച് തുള്ളി പോയാല്‍ ഒരു ദിവസം നമ്മള്‍ രണ്ടു ലിറ്റര്‍ വരെ പാഴാക്കിക്കളയുന്നുണ്ട്. ഇത് ഒരാളാണെങ്കില്‍ അങ്ങനെ. പത്ത് പേര്‍ പാഴാക്കിക്കളഞ്ഞാല്‍ പിന്നെ എവിടുന്ന് കിട്ടാനാണ് നമുക്ക് വെള്ളം? നമ്മുടെ വീടുകളില്‍ പാഴാക്കിക്കളയുന്ന വെള്ളത്തിന്‍റെ അളവ് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ?  മൊത്തം മഴയുടെ അളവില്‍ 26% കുറവുണ്ടായെന്നും വരള്‍ച്ചയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.  രാജ്യത്ത് കുടിവെള്ളത്തില്‍ കൂടുതല്‍ മലിനമാക്കപ്പെടുന്നതും കേരളമാണെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ 36% ജലസ്രോതസ്സുകളും മലിനമാണത്രെ. ജില്ലാതലങ്ങളില്‍ കോഴിക്കോടാണ് മുന്നില്‍. 54% ജീവനുതുല്യം സംരക്ഷിക്കേണ്ട കുടിവെള്ളം മലിനമാക്കപ്പെടുന്നതില്‍ ഏറ്റവും പ്രധാനം നമ്മുടെ തെറ്റായ ജീവിതരീതി തന്നെയാണ്. മാലിന്യങ്ങളെല്ലാം ജലസ്രോതസ്സുകളില്‍ വലിച്ചെറിയുന്ന ജീവിത ശൈലി മാറ്റിയെടുക്കണം. ശാസ്ത്രീയമായി മാലിന്യ സംസ്ക്കരണ രീതി ഇപ്പോഴും നമ്മുടെ നാട്ടില്‍ പ്രാബല്യത്തില്‍ ഇല്ല എന്നത് മറ്റൊരു കാരണമാണ്.  ലോകത്ത് പ്രകൃതി സംരക്ഷണത്തിന് പ്രായോഗികമായ മാതൃകകള്‍ കാണിച്ച മതമാണ് ഇസ്ലാം. ഇസ്ലാമിന്‍റെ ഒരു ആശയവും പ്രകൃതി വിരുദ്ധമായിട്ടില്ല. അതാണല്ലോ നിങ്ങള്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ പോലും മലമൂത്ര വിസര്‍ജ്ജനങ്ങള്‍ നടത്തരുതെന്ന് പറഞ്ഞത്. വെള്ളം കൃഷിയിടങ്ങളില്‍ കെട്ടി നിര്‍ത്തിയ സ്വഹാബി അയല്‍വാസിയായവര്‍ക്ക് കൊടുക്കാതിരുന്നപ്പോള്‍ നബി (സ) ശകാരിച്ച സംഭവവും നമുക്ക് മനസ്സിലാക്കിത്തരുന്നത് അല്ലാഹു നല്‍കിയ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയാണ് അവന്‍ സൃഷ്ടിച്ചതെന്നാണ്. ജലം ജീവനാണ്. ജലമില്ലെങ്കില്‍ ജീവനായ നമ്മളില്ലെന്ന പച്ച പരമാര്‍ത്ഥം ഇനിയും നാം വിസ്മരിച്ചു കളയരുത്.

ജീവന്‍റെ പ്രഥമ ഘട്ടവും മനുഷ്യ ശരീരത്തിലെ 70% വും ജലമാണ്. ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥക്ക് ഇളക്കം തട്ടാതെ പരിപാലിച്ച് പോരുന്നത് അല്ലാഹുവിന്‍റെ കരുണയുടെ ഏറ്റവും വലിയ പ്രതീകമായ മഴയും ജലാശയങ്ങളുടെ സംവിധാനങ്ങളുമാണെന്നതില്‍ സംശയമില്ല.  വെള്ളം ഈ ഭൂമിയിലേക്കിറക്കിയ അവന്‍റെ വലിയ അനുഗ്രഹം തന്നെയാണ്. അതിലേറെ അത്ഭുതവും അതിലൊളിപ്പിച്ചു. വെള്ളം അവസാനിക്കുന്നിടത്ത് ജീവന്‍ ഇല്ലാതാവുമെന്ന് ചുരുക്കം. എല്ലാത്തിനും പരകമായി പലതും ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടെങ്കില്‍ കൂടി വെള്ളത്തിന് പകരമായി ഇന്നേവരെ മറ്റൊന്നും കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കുകയുമില്ല.

ഇവിടെയാണ് അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നത് പ്രസക്തമാവുന്നത്: ‘പറയുക, നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവ വെള്ളം കൊണ്ടു വന്നുതരിക’. (67:30) പാഴാക്കിക്കളയുന്ന വെള്ളത്തിന്‍റെ ഗൗരവം നമ്മള്‍ ഇളം തലമുറയെക്കൂടി ബോധ്യപ്പെടുത്തണം. അവര്‍ക്ക് കൂടുതല്‍ വെള്ളത്തില്‍ കുളിക്കാനും മറ്റുമായിരിക്കും ഇഷ്ടം. ഈ വരള്‍ച്ച കാലത്ത് പാഴാക്കിക്കളയുന്ന വെള്ളത്തിന്‍റെ അളവ് ഒന്ന് കുറക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് തന്നെയാണ് ലാഭം. നമ്മുടെ നിത്യോപയോഗങ്ങള്‍ക്ക് ഒന്ന് കരുതി വേണം വെള്ളത്തിന്‍റെ ഉപയോഗം. ഇതില്‍ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പങ്കാളികളായാല്‍ മാത്രമേ വരള്‍ച്ച കാലത്ത് നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുക.

അയല്‍ക്കാരന് കുടിവെള്ളം പോലുമില്ലാത്ത സമയത്ത് നാം ചെടി നനച്ചും വീട് കഴുകി വൃത്തിയാക്കിയും കിണര്‍ വറ്റിക്കരുത്. അയല്‍പക്കം ഊട്ടിയുറപ്പിക്കാനും വഷളാക്കാനും പറ്റിയ സമയമാണീ വരള്‍ച്ച കാലം. ഉള്ള വെള്ളം അയല്‍പക്കങ്ങള്‍ക്കു കൂടി കൊടുത്ത് നാം മാതൃകകളായിത്തീരണം. അതാണല്ലോ നമ്മുടെ മതം നമ്മെ പഠിപ്പിക്കുന്നത്.  മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളം ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. ആരാധനാസാധുതക്കും ശുദ്ധിക്കും മുസ്ലിം സമൂഹത്തിന്നും വെള്ളം അത്യാവശ്യമാണ്. എന്നാല്‍ ജലമുപയോഗിക്കുന്നതിലും കണിശത പുലര്‍ത്തിയിട്ടുണ്ട് ഇസ്ലാം മതം.’നദിയില്‍ വെച്ചാണ് അംഗശുദ്ധി വരുത്തുന്നതെങ്കിലും നിങ്ങള്‍ അമിതമാക്കരുതെന്ന്’ പഠിപ്പിച്ചിരിക്കുന്നു തിരുനബി. ഇത്രത്തോളം വെള്ളത്തിന്‍റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയ മതത്തിന്‍റെ അനുയായികളാണ് നാം.  വെള്ളം തനിക്കു മാത്രം മതിയെന്ന നിലപാടുകള്‍ മാറ്റി എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം ഉപയോഗപ്രദമാവാന്‍ കഴിയുന്ന രൂപത്തില്‍ നാം ഉപയോഗിക്കേണ്ടതുണ്ട്.

ഉപയോഗ ശൂന്യമായിക്കിടക്കുന്ന ജലസ്രോതസ്സുകളെ വീണ്ടെടുപ്പിന് വഴിയാധാരമാവാന്‍ നാം ശ്രമിക്കണം. കുളിക്കാനും കഴുകാനുമായി ധാരാളം വെള്ളമുപയോഗിക്കുന്ന  മലയാളികള്‍ വെള്ളം കുടിക്കുന്നതില്‍ വളരെ പിറകോട്ടാണെന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്.  ക്രിയാത്മകമായ ബോധവല്‍ക്കരണത്തോടുകൂടി നാട്ടിന്‍ പുറങ്ങളില്‍ മലിനമായും കാടുപിടിച്ച് ഉപയോഗ ശൂന്യമായ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനും വരള്‍ച്ചയുടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ കുടിവെള്ളമെത്തിക്കാനും എസ്.കെ.എസ്.എസ്.എഫ് ഈ വരള്‍ച്ച കാലത്ത് മുന്നോട്ടിറങ്ങുകയാണ്.  വെള്ളത്തിന്‍റെ വില മനസ്സിലാക്കിക്കൊടുക്കാനും അതിന്‍റെ ഭാഗമാവാനും സമൂഹത്തെ വാര്‍ത്തെടുക്കുകയാണിത്കൊണ്ട് ഉദ്ദേശിക്കുന്നത്.

ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ കര്‍മ്മ പരിപാടികള്‍ സംഘടനക്ക് മുമ്പിലുണ്ട്. നന്മയുടെ നീരുറവകള്‍ വറ്റിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ജലസംരക്ഷണം സ്വന്തം ബാധ്യതയും കടപ്പാടുമാണെന്ന് മനസ്സിലാക്കി ഈ ലോകത്തെ വരും തലമുറയ്ക്ക് കൂടി ഉപകരിക്കുന്ന രീതിയില്‍ സംവിധാനിക്കാന്‍ നാം പ്രതിജ്ഞാബന്ധരാവുക.

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

1 Comment

Leave a Reply

Your email address will not be published.


*