കടമേരി : വൈജ്ഞാനിക പാരമ്പര്യവും സ്വാധീനവും

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്‍റെ ആഭിര്‍ഭാവം/വളര്‍ച്ച/വികാസം എന്നിവക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.കേരളത്തിന് പുറത്ത് ഖാജാ മുഈനുദ്ദീന്‍ ചിഷ്ത്തി,ബക്തിയാര്‍ കഅ്കി,നിസാമുദ്ദീന്‍ ഔലിയ, സലീം ചിഷ്ത്തി തുടങ്ങിവര്‍ ഇസ്ലാമിന്‍റെ വ്യാപനത്തില്‍ പങ്കു വഹിച്ചത് പോലെ കേരളത്തില്‍ മാലികുബ്നുദീനാറിന് ശേഷം മഖ്ദൂം കുടുംബവും നിരവധി സയ്യിദ് കുടുംബങ്ങളും ആത്മീയ പണ്ഡിതډാരും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക പ്രബോധന രംഗത്ത് ത്യാഗോജ്ജ്വലമായി സ്വാധീനം ചെലുത്തുകയുണ്ടായി.നിലവിലുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥയിലെ അന്തചിദ്രങ്ങളും ഇസ്ലാമികാശയത്തിന്‍റെ പ്രസക്തിയുമെല്ലാം ഇതിനുപിന്നിലുണ്ട്.

പൊന്നാനി കേന്ദ്രീകരിച്ച് മഖ്ദൂം കുടുംബത്തിന്‍റെ തണലിലും സ്വാധീനത്തിലും ഇസ്ലാമിന്‍റെ വികാസവും തനത് സംസ്കൃതിയുടെ(ശിറശഴലിീൗെ രൗഹൗൃലേ) നിലനില്‍പ്പും സംഭവിച്ചത് പോലെ പില്‍ക്കാലത്ത് വടക്കേ മലബാറിന്‍റെ ചരിത്രത്തിലും ഇത്തരമൊരു വ്യവസ്ഥിതി നമുക്ക് വായിച്ചെടുക്കാനാകും.നിരവധി പണ്ഡിത കുടുംബങ്ങളുടെ സ്വാധീനത്തില്‍ ഇസ്ലാം കേരളത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളും പച്ചപിടിച്ചു നിന്ന വടക്കേ മലബാറിലെ നാദാപുരം എന്ന പ്രദേശം കേരളീയ ഇസ്ലാമിന്‍റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഏറെ പ്രസക്തമാണ്.കേരളത്തിലെ മക്കയെന്ന് പൊന്നാനിയെ വിളിക്കുന്നത് പിന്നിലെ കാരണം നമുക്ക് സുവ്യക്തമാണല്ലോ.അതുപോലെ പൊന്നാനിയിലേതു പോലെ നിരവധി സമാനതകള്‍ നാദാപുരത്തും നമുക്ക് കാണാനാകുന്നതാണ്.അതുകൊണ്ടാണ് രണ്ടാം പൊന്നാനിയെന്ന് കേരളീയ മുസ്ലിം ചരിത്രത്തില്‍ നാദാപുരത്തെ രേഖപ്പെടുത്തപ്പെട്ടത്.(കേരളത്തിലെ രണ്ടാം മക്കയെന്നും നമുക്ക് ഈ പ്രദേശത്തെ വിളിക്കാവുന്നതാണ്).നാദാപുരത്തിന്‍റെ വേറിട്ട സവിശേഷതകളെയും പാരമ്പര്യ ഇസ്ലാമിന്‍റെ വ്യാപനത്തിന് പിന്നിലെ ഘടകങ്ങളെയും അമ്പേഷിക്കുകയാണിവിടെ.

നാദാപുരം പളളി:ജ്ഞാന ഗോപുരങ്ങളുടെ കേന്ദ്രം
പൊന്നാനിയില്‍ പള്ളി കേന്ദ്രീകരിച്ച് ഇസ്ലാമിക നവോത്ഥാനത്തിന് മഖ്ദൂമുമാര്‍ നേതൃത്വം നല്‍കിയത് പോലെ നാദാപുരത്തും പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇസ്ലാമിക വികാസത്തിന്‍റെ ചരിത്രം രൂപം കൊളളുന്നത്.മാപ്പിള മുസ്ലിം ഡയറക്ടറിയില്‍ നാദാപുരം പള്ളിയെ കുറിച്ച് രേഖപ്പെടുത്തപ്പെട്ടത് കാണുക: 500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്ന നാദാപുരം ജമാഅത്ത് പള്ളിയും ദര്‍സും ഏറെ പ്രസിദ്ധമാണ്. څരണ്ടാം പൊന്നാനിچയെന്ന് ഈ കേന്ദ്രം അറിയപ്പെടുന്നു.(ഡോ: സി.കെ കരീം,വാള്യം 2, പേജ് 583) മുസ്ലിങ്ങളുടെ സാംസ്കാരിക/സാമൂഹിക വളര്‍ച്ചയില്‍ പളളിക്ക് വലിയ സ്ഥാനമുണ്ടല്ലോ.മദീനാപള്ളിയില്‍ നിന്നും തുടങ്ങിയ വ്യവസ്ഥിതിയാണത്.
നിരവധി പണ്ഡിതډാര്‍ നാദാപുരം പള്ളി കേന്ദ്രീകരിച്ച് ദീനീ പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്.അറിവിന്‍റെ സാഗരത്തില്‍ ഭയാശങ്കകളില്ലാതെ കടന്നുചെന്നിരുന്ന മഹാډാര്‍ക്ക് ജډം നല്‍കിയ നിരവധി പണ്ഡിത കുടുംബങ്ങള്‍ നാദാപുരത്തിന്‍റെയും സമീപദേശങ്ങളുടെയും പേരിനും പെരുമക്കും കാരണമായിട്ടുണ്ട്.സമൂഹം വലിയ ആദരവോടെയായിരുന്നു അവരെ കണ്ടിരുന്നത്. ബഹുമാനാദരവുകളോടെ ഓര്‍ എന്ന വിളിപ്പേരിലായിരുന്നു ഈ മഹത്തുക്കളെ സമൂഹം അഭിസംബോധന ചെയ്തിരുന്നത്.നാദാപുരത്തിന്‍റെ ഇസ്ലാമിക ചരിത്രത്തില്‍ څഓറുچമാരുടെ സാന്നിധ്യവും നേതൃത്വവും സ്വാധീനവും ശക്തമായി അടയാളപ്പെടുത്തപ്പെട്ടതാണ്.ഇവരുടെ നേതൃത്വത്തില്‍ ഇസ്ലാമികാന്തരീക്ഷം ഏറെ പ്രഫുല്ലതയോടെ നിലനിന്നതാണ് നാദാപുരത്തിന്‍റെ മഹത്വത്തിന് നിദാനം.
നാദാപുരത്തിന്‍റെ സവിശേഷമായ ഇസ്ലാമിക പാരമ്പര്യത്തെക്കുറിച്ച് നാദാപുരം പള്ളിയില്‍ ഏറെക്കാലം ദര്‍സു നടത്തുകയും പാണ്ഡിത്യത്തിന്‍റെയും തസവ്വുഫിന്‍റെയും കൊടുമുടി കയറുകയും ചെയ്ത വിശ്രുത പണ്ഡിതന്‍ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ (കീഴന ഓര്‍) സ്മരണികയില്‍ പി.ശാദുലി വ്യക്തമാക്കുന്നത് കാണുക:കേരളത്തില്‍ ഒരു സഹസ്രാബ്ദ കാലം ഇസ്ലാമിന്‍റെ മക്കയോ മദീനയോ ഏതുമാകട്ടെ,അത് പൊന്നാനിയായിരുന്നു.നാദാപുരവും ഇസ്ലാമിന്‍റെ ഈറ്റില്ലമായപ്പോള്‍ രണ്ടാം പൊന്നാനിയെന്ന ബഹുമതി നാദാപുരത്തിനും ലഭിച്ചു.ഇസ്ലാമിക വിജ്ഞാന വിഭവങ്ങള്‍ രുചിയുള്ള മസാലകള്‍ ചേര്‍ത്തുവെച്ച് വിളമ്പുന്ന ഒരു വിജ്ഞാന ഭോജന കേന്ദ്രമായിത്തീര്‍ന്ന നാദാപുരം പണ്ഡിതډാരുടെയും വിദ്യാര്‍ത്ഥികളുടെയും ഈറ്റില്ലമായിരുന്നു.ഫിഖ്ഹും തര്‍ക്കശാസ്ത്രവും അലങ്കാര ശാസ്ത്രവും ഖുര്‍ആനും ഹദീസും അറബി കവിതകളും വ്യാകരണവും നാദാപുരത്തെ ഇടത്തരം വീടുകളുടെ ഇടനാഴികളില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടു.ഫ്യൂഡല്‍ പ്രഭുത്വത്തിന്‍റെ കുഞ്ഞി കുഞ്ഞി മാതൃകകള്‍ അരിച്ചെത്തിയ മുസ്ലിം കുടുംബങ്ങളില്‍ പണ്ഡിതډാരുടെ സാന്നിദ്ധ്യം ഒരുലങ്കാരപ്പൊലിമായിട്ട് തന്നെ രൂപപ്പെട്ടു.ജډി വേഷം കെട്ടിയ കുടുംബക്കാരും അവരെ സേവിച്ച് വന്ന ആശ്രിതരും അന്നത്തെ സാമൂഹിക ഘടനയായിരുന്നു.എല്ലാ തട്ടുകാരും പണ്ഡിതډാരെ ആദരിച്ചു.അനാദിപ്പീടികകളിലെ വീഞ്ഞപ്പെട്ടികളില്‍ പോലും ഫത്ഉല്‍ മുഈനും മഹല്ലിയും മിശ്കാത്തും ഉദ്ധരിക്കപ്പെട്ടു.തരുണീ രത്നങ്ങള്‍ക്ക് ദീനിയ്യായ അറിവുകള്‍ പകരാന്‍ ഗൃഹാങ്കണങ്ങളിലും പളളി പരിസരത്തും രാവിന്‍റെ യാമങ്ങള്‍ നീണ്ടു നില്‍ക്കുന്ന വഅളുകള്‍ അരങ്ങേറി.ഉലമാക്കള്‍ , ഉമറാക്കള്‍, അനുസരണയുള്ള അനുയായികള്‍ നാദാപുരത്തിന്‍റെ പൂര്‍വ്വ ചരിത്രം അതായിരുന്നു.മുസ്ലിം കുടുംബങ്ങളില്‍ ഏതെങ്കിലും ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥം ഉസ്താദുമാരെ വെച്ച് ഓതിപ്പഠിക്കാത്തവരാരും ഒരു മുക്കാല്‍ നൂറ്റാണ്ടു മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നില്ല.നാദാപുരത്തെ സാധാരണക്കാരന്‍ അന്യദേശത്തുള്ള മുസ്ലിയാരെക്കാള്‍ വിവരസ്ഥനായിരുന്നുവെന്ന് പറയപ്പെടുന്നു.(പേജ് 102,റഹ്മാനിയ്യ കടമേരി വിദ്യാര്‍ത്ഥി സംഘടന ബഹ്ജത്തുല്‍ ഉലമ പ്രസിദ്ധീകരിച്ചത്)
ഉദ്ധൃത വചനങ്ങള്‍ നാദാപുരത്തും ചുറ്റുപാടുകളിലും നിലനിന്നിരുന്ന ഇസ്ലാമികാന്തരീക്ഷത്തിന്‍റെ മഹിമയിലേക്കുള്ള വ്യക്തമായ സൂചികയാണ്.
നാദാപുരത്തിന് വഴിവെളിച്ചമായി പരന്നൊഴുകിയ മഹത്തുക്കളെയും അവരുടെ ജീവിതവും നമുക്ക് പരിചയപ്പെടാം.
മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍(ഹി:1233/1290)
നാദാപുരത്തിന്‍റെ വൈജ്ഞാനിക പാരമ്പര്യത്തിന് തന്‍റെസാന്നിദ്ധ്യം കൊണ്ട് ഊര്‍ജ്ജം പകര്‍ന്ന പണ്ഡിത പ്രതിഭയാണ് മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍.ഇസ്ലാമക വിജ്ഞാനീയങ്ങളില്‍ അഗാധമായ പ്രാഗത്ഭ്യം ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു മഹാന്‍.മേനക്കോത്ത് ഓര്‍ എന്ന നിലയില്‍ പ്രസിദ്ധി നേടിയ ഇദ്ദേഹത്തിന്‍റെ പ്രതിഭാധനത്വത്തെക്കുറിച്ച് അഹ്മദുകോയ ശാലിയാത്തി തന്‍റെ തറാജിമുല്‍ മുഅല്ലിഫീന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നതായി കാണാം:അദ്ദേഹം കാലഘട്ടത്തിന്‍റെ അത്ഭുത പ്രതിഭകളില്‍ ഒരാളായിരുന്നു.ആ കാലഘട്ടത്തിലെ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു.വിജ്ഞാനത്തിലും അദ്ധ്യാപനത്തിലും മഹാ ഭാഗ്യം സിദ്ധിച്ചവരായിരുന്നു.
പ്രമുഖ പണ്ഡിതډാരായിരുന്ന ശൈഖ് അലിയ്യുല്‍ ഹമദാനി എന്ന കുട്ട്യാലി മുസ്ലിയാരുടെ (പാറക്കടവ് ഖാളി) ദര്‍സിലാണ് പ്രാഥമിക പഠനം നടത്തുന്നത്.ശേഷം പൊന്നാനിയിലേക്ക് പോയി.വെളിയംകോട് ഉമര്‍ ഖാളി,അഹ്മദ് ബിന്‍ ശൈഖ് അലി ഹസന്‍ മഖ്ദൂം(വലിയ ബാവ മുസ്ലിയാര്‍) സൈനുദ്ധീന്‍ മഖ്ദൂം അഖീര്‍ തുടങ്ങിയവരില്‍ നിന്നും അറിവ് കരഗതമാക്കി. നാദാപുരം ഖാളിയും മുദരിസുമായിരുന്ന മമ്മു മുസ്ലിയാര്‍ ആണ് പിതാവ്.
നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്ലിയാര്‍(നഖ്ശബന്തിയ്യാ തരീഖത്തിന്‍റെ ശൈഖ്),ഫരീദ് മുസ്ലിയാര്‍(അറക്കല്‍ പര്യായി മുസ്ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനായി. അാഹിയിലെ ശൈഖ് മുഹമ്മദുല്‍ ഹമദാനി, കുഞ്ഞീദുട്ടി മുസ്ലിയാര്‍ (ചാത്തോത്ത് ഓര്‍)തുടങ്ങിയവര്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യډാരില്‍ ചിലരാണ്.
അഹ്മദ് ശീറാസി (1269/1326)
പാണ്ഡിത്യത്തിന്‍റെ ഗരിമ കൊണ്ട് മുസ്ലിം കേരളത്തിന് ഏറെ പരിചിതനായ പണ്ഡിത കുലപതിയാണ് അഹ്മദ് ശീറാസി.മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത ചേരിയത്ത് നിവാസിയാണ് ഇദ്ദേഹം.സ്ഥല നാമമായ ചേരിയം എന്നതിന്‍റെ അറബി രൂപ പരിണാമമാണ് ശീറാസി എന്നത്.
പൊന്നാനി ജുമുഅത്ത് പള്ളിയിലെ പഠനത്തിന് ശേഷം അവിടെത്തന്നെ മുദരിസായി നിയമിക്കപ്പെട്ടുവെങ്കിലും അല്‍പ കാല ശേഷം അറിവിന്‍റെ പ്രഭയുടെ കേന്ദ്രമായ നാദാപുരം പ്രവര്‍ത്തന മണ്ഡലമായി മഹാന്‍ തെരെഞ്ഞെടുക്കുകയായിരുന്നു.സൈനുദ്ദീന്‍ മഖ്ദൂം, മഖ്ദൂം അഹ്മദ് ബാവ മുസ്ലിയാര്‍,അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ തുടങ്ങി പണ്ഡിത കേരളത്തിലെ ഉജ്ജ്വല സാന്നിധ്യങ്ങളായ മഹാډാരായിരുന്നു ശീറാസിയുടെ ഉസ്താദുമാര്‍.
കേരളത്തിന്‍റെ മത വിജ്ഞാന രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ മഹാപ്രതിഭയാണ് അഹ്മദ് ശീറാസി.അറബി ഭാഷയില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്ന മഹാന്‍ നല്ലൊരു അവഗാഹമുളള ഗ്രന്ഥകാരന്‍ കൂടിയായിരുന്നു.ഇബ്നുമാലികിന്‍റെ അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയയുടെ ഹാശിയ,സന്‍ജാന്‍റെ ശറഹായ തഫ്താസാനിയുടെ ഹാശിയ, ഫത്ഹുല്‍ മുഈന്‍റെ ശറഹ് തുടങ്ങിയ ഗ്രന്ഥങ്ങളും രിഫാഈ മൗലിദ്,മുഹ്യുദ്ദീന്‍ ശൈഖ് മൗലിദ് തുടങ്ങിയ മൗലിദുകളും മഹാന്‍റെ തൂലികയില്‍ നിന്നും പിറന്നു.
അഹ്മദ് ശീറാസിയുടെ സാന്നിധ്യം നാദാപുരത്തിന്‍റെ മഹത്വം കേരളത്തിലെ സവിശേഷമായ ദീനീവിജ്ഞാന രംഗത്ത് അംഗീകരിക്കപ്പെടാന്‍ നിദാനമായിട്ടുണ്ടെന്നത് വാസ്തവമാണ്.നാദാപുരം പള്ളിയുടെ അകത്ത് കാണുന്ന നാല് ഖബറുകളില്‍ പടിഞ്ഞാറു നിന്നും രണ്ടാമത്തേതാണ് ശീറാസിയുടെ ഖബര്‍.ഹിജ്റ വര്‍ഷം 1326 ലാണ് വഫാത്താകുന്നത്.ചാത്തോത്ത് കുഞ്ഞീദുട്ടി മുസ്ലിയാര്‍(മരണം:ഹി.1315) കവലങ്ങോത്ത് അബൂബക്കര്‍ മുസ്ലിയാര്‍(മരണം:ഹി.1332)അറക്കല്‍ പരീദ് മുസ്ലിയാര്‍(മരണം:ഹി.1340) എന്നിവരുടേതാണ് മറ്റു ഖബറുകള്‍.
ശീറാസിയുടെ മകനായ മുഹമ്മദ് ശീറാസിയും നാദാപുരം പള്ളിയില്‍ മുദരിസായി സേവനമനുഷ്ഠിച്ച പ്രമുഖനാണ്.മികച്ച അറബി കവി കൂടിയായിരുന്നു അദ്ദേഹം.ശൈഖ് ഉസ്മാന്‍ ബിന്‍ ജലാലുദ്ദീന്‍ പൊന്നാനിയുടെ ഖത്റുന്നദക്ക് സമ്പൂര്‍ണ്ണ വ്യാഖ്യാനം ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ആയഞ്ചേരി അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ (ഹി:1298/1361)
തറക്കണ്ടി ഓര്‍ എന്ന പേരില്‍ വിശ്രുതനായ ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ നാദാപുരം ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രസരണത്തിന് നേതൃത്വം നല്‍കിയ മഹാ പണ്ഡിതനാണ്.
1937 ല്‍ നാദാപുരത്ത് വെച്ച് വഹാബികള്‍ക്കെതിരെ നടന്ന സംവാദത്തില്‍ സുന്നീ പക്ഷത്തിന് നേതൃത്വം നല്‍കിയത് മഹാനായിരുന്നു.വഹാബി/സുന്നി വാദപ്രതിവാദങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് നാദാപുരം സംവാദം.
എല്ലാ വിജ്ഞാനീയങ്ങളിലും അഗാധമായ പ്രാവീണ്യമുണ്ടായിരുന്ന മഹാന്‍റെ സാന്നിധ്യം നാദാപുരത്തിന്‍റെ പ്രശസ്തിക്കും രണ്ടാം പൊന്നാനി എന്നു വിളിക്കപ്പെടുന്നതിനുമെല്ലാം നിദാനമായി വര്‍ത്തിച്ചിട്ടുണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്.പില്‍ക്കാലത്ത് ഏറെ പ്രശോഭിച്ച നിരവധി ശിഷ്യډാരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍,മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്ലിയാര്‍, കേളോത്ത് കണ്ടി ചെറിയ അമ്മദ് മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, വില്ല്യാപ്പള്ളി കുഞ്ഞേറ്റി മുസ്ലിയാര്‍, പാനായിക്കുളം ബാപ്പു മുസ്ലിയാര്‍, വെല്ലൂര്‍ ബാഖിയാത്ത് മുന്‍ പ്രിന്‍സിപ്പലായിരുന്ന ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യന്മാരില് പെടുന്നു.
മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്ലിയാര്‍
തറക്കണ്ടി ഓറുടെ ശിഷ്യരില്‍ പ്രധാനിയായിരുന്നു മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്ലിയാര്‍.പുത്തന്‍ ചിന്താഗതിക്കാരുടെ പൊളളത്തരങ്ങളെ എതിര്‍ക്കാനും പരിശുദ്ധ സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനും മഹാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രദേശത്തുണ്ടായിരുന്ന ശാദുലി ത്വരീഖത്തുകാര്‍ നെഞ്ചില്‍ കൈവെച്ച് ഉള്ളില്‍ നിന്നും ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ടായിരുന്നു.ഇത് വെറുമൊരു ശബ്ദമാണെന്നും അല്ലാഹുവിന്‍റെ അടുക്കല്‍ യാതൊരു പ്രതിഫലവും ലഭിക്കുകയില്ലെന്നും മേപ്പിലാച്ചേരി വാദിക്കുകയുണ്ടായി.ഈ പ്രശ്നം തന്‍റെ ഗുരു കൂടിയായ തറക്കണ്ടി ഓറുടെ അടുക്കലെത്തിയപ്പോള്‍ മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്ലിയാര്‍ മസ്അല പറയുന്നത് നിങ്ങള്‍ എതിര്‍ക്കാന്‍ പോകേണ്ട എന്നായിരുന്നു അദ്ദേഹത്തിന്‍റ മറുപടി.അതോടൊപ്പം തന്നെ ദിക്റ് ചൊല്ലുന്നവര്‍ക്ക് അതിനുള്ള അനുമതിയും നല്‍കി.
തഹ്ലീലിലെ ഹാഅ് നീട്ടാന്‍ പാടില്ലെന്ന് വാദിച്ചിരുന്ന മേപ്പിലാച്ചേരി അതുമായി ബന്ധപ്പെട്ട് ചില ബൈത്തുകള്‍ രചിച്ചിട്ടുണ്ട്.,
? ??? ?? ??? ?? ???? ,????? ?? ??? ?? ????
എന്ന വരികള്‍ കൊണ്ടാണ് അതു തുടങ്ങുന്നത്.പ്രദേശ വാസികള്‍ ഇന്നും ഏറെ ആദരവോടെ സ്മരിക്കുന്ന നാമമാണ് മേപ്പിലാച്ചേരി ഓര്‍ എന്നത്.
ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മറ്റൊരു ശിഷ്യനായിരുന്ന കേളോത്ത് കണ്ടി ചെറിയ അമ്മദ് മുസ്ലിയാര്‍,മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്ലിയാരുടെ പ്രമുഖ ശിഷ്യനായ അറക്കല്‍ ഫരീദ് മുസ്ലിയാര്‍(ഖുതുബിയുടെ പ്രധാന ഉസ്താദുമാരിലൊരാള്‍) നാദാപുരം ദേശത്ത് അറിവിന്‍റെ പ്രഭ ചൊരിഞ്ഞ സുകൃത സാന്നിധ്യങ്ങളാണ്.

നാദാപുരം പള്ളിയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും മാറ്റു കൂട്ടുകയും പ്രദേശത്ത് ദീനീ ചൈതന്യം ഊട്ടിയുറപ്പിക്കുകയും ചെയ്തത് ഇത്തരം ഉന്നതസ്ഥാനീയരായ പണ്ഡിതډാരിലൂടെയായിരുന്നു.അതുപോലെത്തന്നെ സമസ്തയുടെ നേതാവും കേരളത്തിലെ തലയെടുപ്പുള്ള നിരവധി പണ്ഡിതډാരുടെ ഉസ്താദും കൂടിയായ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍,ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭരും നാദാപുരത്ത് ഇസ്ലാമിന്‍റെ വൈജ്ഞാനിക പാരമ്പര്യത്തിന് നിറശോഭ പകര്‍ന്ന ഗുരുവര്യډാരാണ്.

രണ്ടാം പൊന്നാനിക്ക് ഊര്‍ജ്ജം പകര്‍ന്ന കടമേരി:
നാദാപുരത്ത് നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ മാത്രം ദൂരമുള്ള കടമേരിയും അവിടെ പ്രഭ പരത്തിയ നിരവധി ഓറുമാരുടെ സാന്നിധ്യവും സ്വാധീനവും കൂടി ചേരുമ്പോള്‍ മാത്രമാണ് നാദാപുരത്തിന്‍റെ രണ്ടാം പൊന്നാനിയെന്ന വിളിപ്പേര് അര്‍ത്ഥവത്താകുന്നത്.ചെറിയൊരു ചുറ്റളവില്‍ ശരീഅത്തിലും ത്വരീഖത്തിലും അഗ്രേസരډാരായിരുന്ന ഒട്ടവനധി പണ്ഡിത മഹത്തുക്കള്‍ നിറഞ്ഞു നിന്ന പ്രദേശമാണ് കടമേരി.ഒരു പക്ഷെ കേരളത്തിന്‍റെ ഇസ്ലാമിക ചരിത്ര വായനയില്‍ അപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്ന സവിശേഷതയാണിത്.ഇസ്ലാമിക പാരമ്പര്യം നിറഞ്ഞു നിന്നതില്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു കാരണവും കടമേരിയുടെ ചരിത്രത്തിലില്ല.നാദാപുരത്തേക്കാള്‍ ഓറുമാര്‍ നിലനിന്ന നാടാണ് കടമേരി എന്നു പറയുന്നതില്‍ അസാംഗത്യമുണ്ടെന്ന് തോന്നുന്നില്ല.
കീഴന വലിയോര്‍,മരുന്നൂര്‍ ഓര്‍,ചാന്തോന്നിലോര്‍,ചിറക്കല്‍ ഓര്‍,ചീക്കിലോട് വലിയോര്‍, ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍(കടമേരി റഹ്മാനിയ്യ അറബിക് കോളേജ് സ്ഥാപകന്‍)കാങ്ങാട്ട് ഓര്‍,കിഴക്കിയില്‍ ഓര്‍,കീഴന ഓര്‍,അമ്പിളിക്കുന്നത് ഓര്‍,വെളുത്ത പറമ്പത്ത് ഓര്‍ തുടങ്ങിയവര്‍ കടമേരിയുടെ മണ്ണിനെ പ്രഫുല്ലമാക്കിയ മഹാ പണ്ഡിതന്മാരാണ്.
കടമേരി പള്ളിയും നവോത്ഥാനത്തിന്‍റെ തുടര്‍ച്ചയും:
കടമേരിയിലെ എളയടത്തെ മരുന്നൂര്‍ തറവാട്ടിലേക്കാണ് കടമേരിയില്‍ പ്രഭ പരത്തിയ പണ്ഡിത തറവാടുകളുടെ വേരുകളെല്ലാം ചെന്നെത്തുന്നത്.മരുന്നൂര്‍ ഓര്‍ എന്ന പേരിലറിയപ്പെട്ട സൂപ്പി മുസ്ലിയാരുമായി കുടുംബ ബന്ധത്തിലൂടെയും വിവാഹ ബന്ധത്തിലൂടെയുമായി കടമേരിയിലെ പണ്ഡിത ശ്രേഷ്ഠരെല്ലാം ബന്ധപ്പെടുന്നുണ്ട്.അതുപോലെത്തന്നെ കീഴന വലിയോര്‍ എന്ന പേരിലറിയപ്പെട്ട സൂഫീ പ്രമുഖന്‍ കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാരുടെ (കുഞ്ഞേറ്റി മുസ്ലിയാര്‍) പുത്രډാരും പൗത്രډാരുമായിരുന്നു കടമേരിയുടെ മഹത്വത്തിന് വിത്തുപാകിയവര്‍.
കീഴന കുടുംബം
കടേ മരിയെ യഥാര്‍ത്ഥ ഇസ്ലാമിക മൂല്യങ്ങളുടെ പ്രസരണ കേന്ദ്രമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പണ്ഡിത കുടുംബമാണ് കീഴന. ഇല്‍മും തഖ്വയും വറഉം സമജ്ഞസമായി സമ്മേളിച്ച മഹത്തുക്കള്‍ക്ക് ജډം നല്‍കിയ തറവാടാണിത്.കീഴന വലിയോര്‍ എന്ന പേരിലറിയപ്പെട്ട ആരിഫും സൂഫിയുമായിരുന്ന കീഴന കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാരുടെ സന്താനങ്ങളാണ് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍,കുഞ്ഞഹമ്മദ് ഹാജി,ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍.
കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ (കീഴനോര്‍ ,1912/2000)
കീഴന വലിയോറുടെ രണ്ടാമത്തെ മകന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രനാണ് കീഴനോര്‍ എന്ന പേരില്‍ പ്രസിദ്ധനായ കുഞ്ഞബ്ദുല്ല മുസ്ലിയാര്‍.സംസ്ഥാന കേരളയുടെ പ്രസിഡണ്ടായിരുന്നു.കടമേരിയിലും സേവനകേന്ദ്രമായിരുന്ന നാദാപുരത്തും ആത്മീയ വെളിച്ചമായി പരിലസിച്ച വ്യക്തിത്വമായിരുന്നു.നാദാപുരത്ത് നീണ്ട അന്‍പത് വര്‍ഷം ദര്‍സ് നടത്തിയിട്ടുണ്ട്.
ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍,അഹ്മദ് ശീറാസി,മേപ്പിലാച്ചേരി,ഖുതുബി തുടങ്ങിയവരില്‍ നിന്നുമാണ് അറിവ് കരഗതമാക്കിയത്.ഗുരുനാഥډാരെ പോലെത്തന്നെ കീഴനയും അറിവ് നേടുന്നതിലും പകരുന്നതിലും അഗാധമായ മികവ് പ്രകടിപ്പിച്ചു.
ഖുതുബക്ക് മൈക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മസ്അലാ തര്‍ക്കത്തില്‍ അദ്ദേഹം സദഖത്തുല്ല മൗലവിയുടെ അഭിപ്രായത്തോടൊപ്പമായിരുന്നു നിലകൊണ്ടത്. എന്നിരുന്നാലും സമസ്തയുമായി എല്ലാ നിലക്കും ബന്ധം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.ഇതിന് മഹാന്‍റെ ജീവിതത്തില്‍ നിന്നും നിരവധി തെളിവുകള്‍ ഉദ്ധരിക്കാനാകുന്നതാണ്.ശംസുല്‍ ഉലമക്കെതിരെ ഉള്ളാള്‍ തങ്ങള്‍ കുഫ്റാരോപണം ഉന്നയിച്ചപ്പോള്‍ അതിനെതിരെ മഹാന്‍ പ്രതികരിക്കുകയുണ്ടായി.തത് സംബന്ധമായി നാട്ടിക ഉസ്താദ് പിറ്റേ ദിവസം ഫിസ്ഖ് നിമിത്തം ഉള്ളാള്‍ തങ്ങള്‍ക്ക് ഖളാഇന് കോട്ടം സംഭവിച്ചിരിക്കുന്നു എന്ന പ്രസ്താവന കണ്ടപ്പോള്‍ അദ്ദേഹം ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു.ഈ രീതിയില്‍ നിരവധി തെളിവുകളുണ്ട്. ഇന്നതെല്ലാം അംഗീകരിക്കാന്‍ പുതിയ സംസ്ഥാനക്കാര്‍ക്ക് വിമ്മിഷ്ടമാണ്. ലൗഡ് സ്പീക്കറിന്‍റെ പേരില്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗിക്കാം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇതെല്ലാം പണ്ഡിതډാര്‍ക്കിടയിലെ സ്വാഭാവികമായ മസ്അല ചര്‍ച്ചകളായിട്ടാണ് അദ്ദേഹം പരിഗണിച്ചിരുന്നത്.വില്യാപ്പള്ളിയില്‍ ജുമുഅത്ത് പള്ളിയില്‍ ഖത്തീബായ കാര്യാട്ട് അമ്മദ് മുസ്ലിയാരോട് പള്ളിക്കമ്മിറ്റി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ പറഞ്ഞു.അദ്ദേഹം ഉടന്‍ തന്നെ കീഴനോറെ സമീപിച്ച് വിഷയം അവതരിപ്പിച്ചു.കീഴനോര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു; څڅനിങ്ങള്‍ രാജി വെക്കേണ്ട,ലൗഡ് സ്പീക്കര്‍ പറ്റുമെന്ന് പറയുന്നവരുമില്ലേچچ
പ്രദേശത്ത് ആത്മീയവും ഭൗതികവുമായ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള അത്താണിയായിരുന്നു കീഴനോര്‍. കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെ രൂപീകരണത്തിലും വളര്‍ച്ചയിലും മഹാന്‍റെ സ്വാധീനം പ്രകടമാണ്.പ്രഥമ മുഖ്യ രക്ഷാധികാരിയും പിന്നീട് മരണം വരെ ഉപദേശക സമിതി മെമ്പറുമായിരുന്നു.കടമേരി ജുമുഅത്ത് പള്ളി പരിസരത്താണ് അന്ത്യ വിശ്രമം കൊള്ളുന്നത്.

ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍(ചിറക്കലോര്‍:1892/1972)
കീഴന തറവാടിനെ പോലെത്തന്നെ പ്രസിദ്ധ തറവാടാണ് ചിറക്കല്‍.മുമ്പ് സൂചിപ്പിച്ച കീഴന വലിയോറുടെ മകനായ ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരാണ് ഈ കുടുംബത്തിലെ മുഖ്യകണ്ണി.(കീഴന തറവാട്ടില്‍ നിന്നും മാറിത്താമസിച്ച പറമ്പിന്‍റെ പേരുകളാണ് ചിറക്കല്‍,ചീക്കിലോട്ട് എന്നിവ.പിന്നീട് ഈ പേരുകളില്‍ ഇവരുടെ കുടുംബങ്ങള്‍ അറിയപ്പെടുകയായിരുന്നു) ഇന്ന് കാണുന്ന റഹ്മാനിയ്യ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മഹാന്‍ കടമേരി പള്ളിയില്‍ വെച്ച് നടത്തിയ ദര്‍സില്‍ നിന്നുമാണ്.ചീക്കിലോട്ടോര്‍,അഹ്മദ് ശീറാസി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥډാരാണ്.പഠന ശേഷം വില്ല്യാപ്പള്ളി,തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ദര്‍സു നടത്തി.തുടര്‍ന്ന് സ്വന്തം നാടായ കടമേരിയില്‍ ഖാളിയും മുദരിസുമായി സേവനം ചെയ്തു.ഇക്കാലത്ത് പ്രദേശത്തിന്‍റെ ആത്മീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും മഹാനായിരുന്നു. ഇവിടത്തുകാര്‍ ആദരവോടെ ചിറക്കലോര്‍ എന്ന് വിളിച്ചു പോന്നു. രോഗങ്ങള്‍ക്കും മറ്റു ശാരീരികവുംമാനസികവുമായ പ്രതിസന്ധികള്‍ക്കുമെല്ലാം മഹാന്‍റെ സാന്നിധ്യം ഒരാശ്വാസമായിരുന്നു. ജാതി മത ഭേദമന്യേ സുഖപ്രസവത്തിന് അനുഗ്രഹം വാങ്ങിയിരുന്നത് ചിറക്കലോറില്‍ നിന്നുമായിരുന്നു.മഹാന്‍ അതിനൊരു പ്ലൈറ്റ് എഴുതി കുടിക്കാനും നൂല്‍ ന്ത്രിച്ചു കെട്ടാനും കൊടുക്കും,എന്നിട്ട് ഒരു നിശ്ചിത സമയം പറയും.അതോടെ ആ സമയത്തിനുള്ളില്‍ ആ സ്ത്രീയുടെ സുഖപ്രസവം നടന്നിരിക്കും.ഇതായിരുന്നു പതിവ്. വിഷ ബാധയേറ്റവരെയും ചിറക്കലോര്‍ മന്ത്രിച്ചൂതി വിഷമിറക്കിയ നിരവധി സംഭവങ്ങളുണ്ട്.
ഒരേ ചോരയില്‍ പിറന്നവരായിട്ടും ഉസ്താദെന്ന രീതിയില്‍ ചീക്കിലോട്ട് വലിയോറെ അതിരറ്റ് ആദരിച്ചിരുന്നു മഹാന്‍.കാഴ്ചക്കുറവിന് വേണ്ടി കണ്ണട വെക്കുന്ന മഹാന്‍ ഉസ്താദിന്‍റെ മുന്നിലെത്തിയാല്‍ മുഖത്തു നിന്നും കണ്ണട മാറ്റുമായിരുന്നു.ഉസ്താദിന്‍റെ മുമ്പില്‍ വെച്ച് അതൊരു അദബ് കേടായാലോ എന്നു തോന്നുന്നത് കൊണ്ടാണ് ഇപ്രകാരം ചെയ്തിരുന്നതെന്ന് അതേകുറിച്ച് മഹാന്‍ പറയുമായിരുന്നു.ഈ രീതിയില്‍ തന്നെയായിരുന്നു ജീവിതം മുഴുവനും.
നിരവധി അത്ഭുത സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്.ഒരിക്കല്‍ തന്‍റെ ഭാര്യക്ക് അസുഖമായപ്പോള്‍ വടകരയിലെ പ്രമുഖ ഡോക്ടറായ രാമകൃഷ്ണനെ വിളിക്കാന്‍ മഹാന്‍ തൊട്ടടുത്ത പ്രദേശമായ കീരിയങ്ങാടിയില്‍ അദ്ദേഹത്തിന്‍റെ വരവും കാത്തിരുന്നു.അതുവഴി കാറില്‍ വന്ന ഡോക്ടര്‍ ഇപ്പോള്‍ ഭക്ഷണത്തിന് സമയമായെന്നും വരാന്‍ പറ്റില്ലെന്നും മഹാനോട് പറഞ്ഞു കാറ് മുന്നോട്ടെടുത്തു.പക്ഷെ ഒന്നു നീങ്ങിയപ്പോഴേക്കും വണ്ടി സ്വയം ഓഫായി. എത്ര റിപ്പയര്‍ ചെയ്തിട്ടും വണ്ടി ശരിയാകാതെ മണിക്കൂറുകള്‍ അയാള്‍ക്ക് റോഡില്‍ ചെലവഴിക്കേണ്ടി വന്നു.
മത വിജ്ഞാനത്തിന്‍റെ പ്രഫുല്ലമായ അന്തരീക്ഷത്തില്‍ കടമേരിയെ വഴി നടത്തിയ ആത്മീയ ജ്യോതിസ്സായിരുന്നു ചിറക്കലോര്‍.
എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും കോഴിക്കോട് ജില്ലാ പ്രസിഡണ്ടും കടമേരി റഹ്മാനിയ്യ പ്രഫസറുമായ സി.എച്ച് മഹ്മൂദ് സഅദി,കടമേരി ഖാളിയും റഹ്മാനിയ്യ മുദരിസുമായ സി.എച്ച് ഹമീദ് മുസ്ലിയാര്‍ എന്നിവര്‍ ചിറക്കലോറുടെ പുത്രډാരില്‍ പെട്ടവരാണ്.ആകെ ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണുള്ളത്.
കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍(കാങ്ങാട്ടോര്‍:1912/13,1998)
കടമേരിയെ ആത്മീയമായി വഴി നടത്തിയ രണ്ടു കുടംബങ്ങളായിരുന്നു കീഴന തറവാടും കാങ്ങാട്ടു പറമ്പിലെ തറവാടും.കേരളീയ മുസ്ലിംകളുടെ ചരിത്രത്തില്‍ പ്രകടമാകുന്ന ഉലമ/സയ്യിദ് കേന്ദ്രങ്ങളുടെ അതേ മാതൃക തന്നെയായിരുന്നു ഈ രണ്ടു തറവാടുകളിലും നമുക്ക് കാണാനാകുന്നത്.ചീക്കിലോട്ട്,കീഴന,ചാന്തോങ്ങില്‍ തുടങ്ങിയ പണ്ഡിത കുടുംബങ്ങളെല്ലാം കാങ്ങാട്ടോറുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
എളയടത്തെ ചിറക്കല്‍ തറവാട്ടിലെ ഓത്തു പള്ളി,ഇരിക്കൂര്‍,വാഴക്കാട് ദാറുല്‍ ഉലൂം, വടകര പഴയ ജുമുഅത്ത് പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തി.ചീക്കിലോട്ടോര്‍ എന്നപേരില്‍ പ്രസിദ്ധനായ കുഞ്ഞബ്ദുല്ല മുസ്ലിയാര്‍(റഹ്മാനിയ്യ സ്ഥാപകന്‍ കുഞ്ഞമ്മദ് മുസ്ലിയാരുടെ പിതാവ്) ഖുതുബി മുഹമ്മദ് മുസ്ലിയാര്‍,ബാവ മുസ്ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാര്‍.
വാഴക്കാട് ദാറുല്‍ ഉലൂം(2 വര്‍ഷം,കണ്ണിയത്തുസ്താദും അന്നവിടെയുണ്ടായിരുന്നു) കണ്ണൂര്‍ ജില്ലയിലെ പൂക്കോം(39 വര്‍ഷം)എന്നീ സ്ഥലങ്ങളില്‍ സേവനം ചെയ്തു.ഒരു ഉഖ്റവിയ്യായ പണ്ഡിതന്‍റെ എല്ലാ ലക്ഷണങ്ങളും മഹാനില്‍ പ്രകടമായിരുന്നു.ജാതി മത ഭേദമന്യേ അദ്ദേഹത്തിന്‍റെ മഹത്വം ആളുകള്‍ തിരിച്ചറിഞ്ഞു.പൂക്കോമില്‍ ജോലി ചെയ്യുന്ന സമയത്ത് ഓറ് പള്ളിയില്‍ ഉണ്ടെങ്കില്‍ റോഡിലൂടെ നടക്കുന്ന നടന്നുപോകുന്ന ഹിന്ദുക്കള്‍ ചെരുപ്പൂരി കയ്യില്‍ പിടിക്കാറുണ്ടായിരുന്നുവത്രെ.
കടമേരി റഹ്മാനിയ്യയുമായി തുടക്കം മുതല്‍ നല്ല ബന്ധമായിരുന്നു.രക്ഷാധികാരിയായും ഉപദേശക സമിതിയംഗമായുമെല്ലാം പ്രവര്‍ത്തിച്ചു.സമസ്തയെയും നേതൃത്വത്തെയും മഹാന്‍ അതിരറ്റ് ആദരിച്ചിരുന്നു.കീഴനോറ് പോലും കാങ്ങാട്ടോര്‍ക്ക് മുന്നില്‍ വിനയത്തോടെയും ആദരവോടെയുമായിരുന്നു പെരുമാറിയിരുന്നത്.തസവ്വുഫിന്‍റെ അകസാരങ്ങളെ അടുത്തറിഞ്ഞ ഈ രണ്ടു മഹത്തുക്കളുടെ സംഗമം കടമേരിയുടെ ജ്ഞാന പാരമ്പര്യത്തിന് ഉത്തമ നിദര്‍ശനമായിരുന്നു.
കിഴക്കയില്‍ മുഹമ്മദ് മുസ്ലിയാര്‍(കിഴക്കയിലോര്‍)
കര്‍മ്മശാസ്ത്രം,ഗോള ശാസ്ത്രം,തര്‍ക്കശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യത്തിനുടമയായിരുന്നു കിഴക്കയിലോര്‍. നാദാപുരം പള്ളിയില്‍ മുദരിസായി വന്ന് കടമേരിയില്‍ വിവാഹം ചെയ്തു താമസമാക്കിയ ഫരീദ് മുസ്ലിയാരുടെ പൗത്രനാണ് ഇദ്ദേഹം.1926 ലാണ് ജനനം.നാദാപുരം,വാഴക്കാട്,ചേരാപുരം,പടന്ന,വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തി.
ഏതു വിഷയവും അവഗാഹമുള്ളവരില്‍ നിന്നും മാത്രം സ്വീകരിക്കുക എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.ഖിബ്ലയെ ചര്‍ച്ച ചെയ്യുന്ന രിസാല എന്ന ഗ്രന്ഥം പഠിക്കാന്‍ കെ.എം മൗലവിയെ പോലും മഹാന്‍ സമീപിച്ചിട്ടുണ്ട്. ഈ കാലത്ത് റബീഉല്‍ അവ്വല്‍ മാസമായാല്‍ മൗലവിയുടെ വീട്ടില്‍ വെച്ചുതന്നെ ഓര്‍ മൗലീദ് ഓതാറുണ്ടായിരുന്നുവെന്നത് രസാവഹമായ കാര്യമാണ്.
കീഴന,കണ്ണിയ്യത്തുസ്താദ്,കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍,മുഹമ്മദ് ശീറാസി,താഴെക്കോട് കുഞ്ഞലവി മുസ്ലിയാര്‍,ശൈഖ് ആദം ഹസ്റത്ത്,അബൂബക്കര്‍ ഹസ്റത്ത് എന്നിവരാണ് പ്രധാന ഉസ്താദുമാര്‍.അദ്ദേഹത്തിന്‍റെ പാണ്ഡിത്യത്തില്‍ ഉസ്താദുമാര്‍ പോലും അത്ഭുതം കൂറിയിരുന്നു.ചേകന്നൂര്‍ മൗലവി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തെ മൈബദി ഓതാന്‍ കണ്ണിയ്യത്തുസ്താദ് കിഴക്കയില്‍ ഓറുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
അറബി,ഫാര്‍സി,ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്തിരുന്ന ബഹുഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു മഹാന്‍.പട്ടിക്കാട് ജാമിഅ,കടമേരി റഹ്മാനിയ്യ,നന്തി ദാറുസ്സലാം, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, പാനൂര്‍ ജാമിഅ സഹ്റ തുടങ്ങിയ സ്ഥാപനങ്ങളിലും പുളിയാവ്,മയ്യഞ്ചേരി,കുളപ്പറമ്പ്,വള്ളിയാട്,കൊടക്കല്‍ ,മുക്കടത്തുംപൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദര്‍സുകളിലും മഹാന്‍ അറിവ് പകര്‍ന്നുനല്‍കി.ഈ പ്രദേശത്ത് അനുഗ്രഹം ചൊരിഞ്ഞ പണ്ഡിത കുലപതിയായിരുന്നു മഹാന്‍.
ചാന്തോങ്ങില്‍ കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍
കടമേരിയിലെ ചാന്തോങ്ങ് കുടുംബത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന പണ്ഡിത പ്രതിഭയായിരുന്നു കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍.തര്‍ക്ക ശാസ്ത്രം,ഗോള ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍,ചിറക്കലോര്‍,ആയഞ്ചേരി അബ്ദു റഹ്മാന്‍ മുസ്ലിയാര്‍,കേളോത്ത്കണ്ടി ചെറിയ അമ്മദ് മുസ്ലിയാര്‍,കൂട്ടായി ബാവ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുനാഥډാര്‍.മുയ്പ്പോത്ത്, വില്ല്യാപ്പള്ളി(35 വര്‍ഷം) തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തു.
ചീക്കിലോട്ട് വലിയോര്‍
നവോത്ഥാനത്തിന്‍റെ യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച കടമേരി പള്ളിയുടെ ഖാളിയായി സ്ഥാനമേറ്റെടുക്കാന്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന കീഴന കുഞ്ഞമ്മദു കുട്ടി മുസ്ലിയാരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ മകന്‍ കുഞ്ഞബ്ദുല്ല മുസ്ലിയാരെ(റഹ്മാനിയ്യ സ്ഥാപകന്‍റെ പിതാവ്) ആക്ടിംഗ് ഖാളിയാക്കണമെന്ന നിബന്ധനയോടെ അതേറ്റെടുത്തു.
ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ വലിയ പണ്ഡിതനായിരുന്നു.വില്യാപ്പള്ളി,ഇരിക്കൂര്‍,പയ്യോളി എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.വലിയ സ്ഥാനമായിരുന്നു ആളുകള്‍ മഹാന് നല്‍കിയിരുന്നത്.കര്‍ഷകര്‍ കൊയ്ത്തു കഴിഞ്ഞ് ആദ്യത്തെ പുത്തരി മഹാന് കാഴ്ച വെച്ച ശേഷമേ സ്വന്തം ആവശ്യത്തിനും മറ്റും എടുക്കാറുണ്ടായിരുന്നുള്ളു.
കടമേരി പള്ളി പുതുക്കിപ്പണിതതും വികസിപ്പിച്ചതും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.മണ്ണെണ്ണ വിളക്ക് കത്തിച്ചാല്‍ പള്ളിയുടെ ചുമരുകള്‍ പുകപിടിക്കുമെന്നതിനാല്‍ പ്രസ്തുത വിളക്ക് പളളിയില്‍ കത്തിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു.പിതാവായ കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ വലിയ ഓര്‍ എന്ന പേരില്‍ അറിയപ്പെട്ടപ്പോള്‍ ആദ്യ കാലത്ത് ഇദ്ദേഹം ചെറിയ കീഴന ഓര്‍ എന്ന അപരനാമത്തിലാണ് പ്രശസ്തനായിരുന്നത്.പിന്നീടാണ് ചീക്കിലോട്ടോര്‍ എന്ന നാമത്തില്‍ പ്രസിദ്ധനാകുന്നത്.നിരവധി അത്ഭുത സംഭവങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ ജീവിതം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ കേരളക്കരക്ക് പരിചയപ്പെടുത്തിയ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെ സ്ഥാപകനായ ഇദ്ദേഹം ചീക്കിലോട്ടോര്‍ എന്നറിയപ്പെട്ട കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മകനാണ്.കുഞ്ഞമ്മദ് മുസ്ലിയാരുടെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍പ്പണവുമാണ് കടമേരിയുടെ പാരമ്പര്യം എല്ലാ കാലത്തേക്കും കാത്തുസൂക്ഷിക്കപ്പെടാന്‍ ഇടയാക്കിയത്.
ചിറക്കല്‍ ഓത്തുപള്ളിയില്‍ നിന്നും പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ മഹാന്‍ ചിറക്കലോറുടെ കൂടെ വില്ല്യാപ്പള്ളി,തളിപ്പറമ്പ് ദര്‍സുകളില്‍ പഠനം നടത്തി.1945/46 ലാണ് ഇദ്ദേഹം തളിപ്പറമ്പില്‍ ഓതുന്നത്.തുടര്‍ന്ന് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ കോട്ടുമല ദര്‍സില്‍ ചേര്‍ന്നു.അവിടെ മുസ്ലിം കേരളത്തിന്‍റെ ആത്മീയ വിദ്യാഭ്യാസ ഭൂമികയില്‍ ഏറെ സ്വാധീനം ചെലുത്തിയ യുഗപ്രഭാവനായ പണ്ഡിതന്‍ എം.എം ബഷീര്‍ മുസ്ലിയാര്‍,ഇകെ ഹസന്‍ മുസ്ലിയാര്‍ എന്നിവര്‍ സഹപാഠികളായിരുന്നു.ദര്‍സ് ജീവിതം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മഹാനെ കുടുംബസാഹചര്യം അനുവദിച്ചില്ല.പിതാവ് രോഗബാധിതനായപ്പോള്‍ കുടുംബ ബാധ്യത ചുമലിലായ കാരണത്താല്‍ രണ്ടു വര്‍ഷത്തെ പഠന ശേഷം അവിടെ നിന്നും തിരിച്ചുപോന്നു.പക്ഷെ തനിക്ക് സാധിക്കാത്തത് സമുദായത്തിലൂടെ നേടിയെടുക്കണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മഹാന്‍ പഠന ജീവിതം അവസാനിപ്പിച്ചത്.നാട്ടുകാരുടെ അത്താണിയായി വര്‍ത്തിക്കുകയായിരുന്നു ശേഷം കുഞ്ഞമ്മദ് മുസ്ലിയാര്‍.
റഹ്മാനിയ്യ:പാരമ്പര്യ സംരക്ഷണവും സ്വാധീനവും
ഇസ്ലാമിക പാരമ്പര്യത്തിന്‍റെ മഹനീയത നിറഞ്ഞു നിന്ന ഒരു പ്രദേശത്ത് 1970 കളില്‍ ബിദഇ ആശയക്കാര്‍ രംഗപ്രവേശം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രതിരോധത്തിന്‍റെ പടഹധ്വനിയുമായി ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ രംഗത്തെത്തുകയായിരുന്നു.അതായിരുന്നു അല്‍പ കാല ശേഷം റഹ്മാനിയ്യ അറബിക് കോളേജിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചത്.
മുസ്ലിം ഉമ്മത്ത് കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന പ്രവാചകീയ പാരമ്പര്യത്തിന്‍റെ ഉദാത്തമായ അവസ്ഥാന്തരങ്ങള്‍ നാട്ടില്‍ നിലനിറുത്താനും വിധ്വംസക ശക്തികള്‍ക്കെതിരെ പ്രതിരോധിക്കാന്‍ പാകതയും പക്വതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും വേണ്ടി ഒരു സ്ഥാപനം ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിന് വേണ്ടി ആരെയും കാത്തുനില്‍ക്കാതെ രംഗത്തെത്തുകയും ചെയ്തു.അല്‍പം പ്രയാസം നിറഞ്ഞ ചുറ്റുപാടുകളായിരുന്നെങ്കിലും അതിനെതിരെ ഈമാനിന്‍റെ കരുത്തില്‍ നീന്തുകയായിരുന്നു മഹാന്‍.
തന്‍റെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരത്തിന് വേണ്ടി 1972 ജനുവരി 30 ന് വടകര താലൂക്കിലെ പണ്ഡിതډാരെയും ഉമറാക്കളെയും വിളിച്ചുകൂട്ടി ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും തന്‍റെ ആശയം അവതരിപ്പിക്കുകയും ചെയ്തു.കോട്ടുമല ഉസ്താദായിരുന്നു പ്രഭാഷകന്‍.ഒരു അറബിക് കോളേജ് സ്ഥാപിക്കേണ്ടതിന്‍റെ അനിവാര്യതയെകുറിച്ച് അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.
മുന്നില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായെങ്കിലും അതെല്ലാം അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴിമാറുകയായിരുന്നു. കോളേജിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍,പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ,ശംസുല്‍ ഉലമ,കോട്ടുമല ഉസ്താദ് തുടങ്ങിയ മഹാډാര്‍ പങ്കെടുക്കുകയും ചീക്കിലോട്ടിന് മനസ്സാവാചാകര്‍മ്മണാ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.ആ ഊര്‍ജ്ജമാണ് വരും നാളുകളില്‍ മഹാന് തുണയായത്.പൂക്കോയ തങ്ങളാണ് കോളേജിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്.
അങ്ങനെ ആ വര്‍ഷം തന്നെ നവംബര്‍ 22 ന് കടമേരി ജുമാ മസ്ജിദില്‍ വെച്ച് റഹ്മാനിയ്യ അറബിക് കോളേജ് ക്ലാസ് മുസ്ലിം കേരളത്തിന്‍റെ പണ്ഡിത ഗുരു കണ്ണിയത്ത് ഉസ്താദ് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് ഉല്‍ഘാടനം ചെയ്തു.
കേവലം മുപ്പത്തിമൂന്ന് കുട്ടികളുമായി തുടങ്ങിയ റഹ്മാനിയ്യ പില്‍ക്കാലത്ത് മുസ്ലിം കേരളത്തിന്‍റെ മത വിദ്യാഭ്യാസ രംഗത്ത് പുതിയ തുടക്കമിട്ടു.പി.എ അബ്ദുല്ല മുസ്ലിയാരായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍.ശേഷം സമസ്തയുടെ മാസ്റ്റര്‍ ബ്രെയിനും കുഞ്ഞമ്മദ് മുസ്ലിയാരുടെ സഹപാഠിയുമായ എം.എം ബഷീര്‍ മുസ്ലിയാര്‍ റഹ്മാനിയ്യയിലെത്തിയതോടെയാണ് വിദ്യഭ്യാസ രംഗത്ത് പുതുയുഗപ്പിറവി സംഭവിക്കുന്നത്.ഇവരുടെ തണലില്‍ റഹ്മാനിയ്യ പുതിയ പാഠ്യപദ്ധതികളിലൂടെ മത വിദ്യഭ്യാസ മേഖലയില്‍ മുന്നേറ്റത്തിന് തുടക്കമിട്ടു.1973/79 കാലത്താണ് ബഷീര്‍ മുസ്ലിയാര്‍ റഹ്മാനിയ്യയിലുണ്ടായിരുന്നത്.ആരോഗ്യപരമായ കാരണങ്ങളാണ് ശേഷം അദ്ദേഹം റഹ്മാനിയ്യ വിടുകയായിരുന്നു.ബഷീര്‍ മുസ്ലിയാര്‍ തന്‍റെ മനസ്സിലുണ്ടായിരുന്ന സ്വപ്ന പദ്ധതി പിന്നീട് ചെമ്മാട് ദാറുല്‍ ഹുദയിലൂടെ യാഥാര്‍ത്ഥ്യമാക്കുകയുണ്ടായി.ബഷീര്‍ മുസ്ലിയാര്‍ക്ക് ശേഷം നിരവധി അഗ്രേസരരായ പണ്ഡിതډാരിലൂടെ റഹ്മാനിയ്യ വളര്‍ന്നു.കോട്ടുമല ബാപ്പു മുസ്ലിയാരടക്കമുള്ളവര്‍ ബഷീര്‍ മുസ്ലിയാരുടെ തുടര്‍ച്ചയേറ്റെടുത്ത് രംഗത്തെത്തിയത് കേരളത്തിലെ മത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് അവസരമൊരുക്കിയിട്ടുണ്ട്.1987 സഫര്‍ രണ്ടിന് അന്ത്യശ്വാസം വലിക്കുന്നത് വരെ കുഞ്ഞമ്മദ് മുസ്ലിയാര്‍ ജീവിതം മുഴുവന്‍ റഹ്മാനിയക്ക് വേണ്ടി ഉഴിഞ്ഞുവെക്കുകയുണ്ടായി.ഇന്ന് കുഞ്ഞമ്മദ് മുസ്ലിയാരുടെ മകന്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാരാണ് സ്ഥാപനത്തിന്‍റെ മാനേജര്‍.
പുതിയ കാലത്ത് നാദാപുരത്തിന്‍റെയും കടമേരിയുടെയും വൈജ്ഞാനിക പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയേറ്റെടുത്തുകൊണ്ട് റഹ്മാനിയ്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പണ്ഡിതډാരുടെ സാന്നിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാടായി നാദാപുരവും സമീപ ദേശങ്ങളും ഇന്നും നിലനില്‍ക്കുന്നതില്‍ റഹ്മാനിയ്യ മുഖ്യപങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.മുമ്പ് നാദാപുരം ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് നടന്ന വൈജ്ഞാനിക പ്രസരണത്തിന്‍റെ തുടര്‍ച്ച ഇന്ന് സമീപ പ്രദേശമായ കടമേരിയിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
അരീക്കല്‍ തറവാട്
പുകള്‍പെറ്റ നിരവധി ജ്ഞാന കേസരികള്‍ക്ക് ജډം നല്‍കിയ തറവാടാണ് അരീക്കല്‍ തറവാട്.നാദാപുരത്തു നിന്നും അധികം വിദൂരമല്ലാത്ത തിരുവള്ളൂര്‍ ഭാഗത്താണ് ഈ തറവാട് സ്ഥിതി ചെയ്യുന്നത്.നാദാപുരത്തും സമീപത്തും ജീവിച്ചിരുന്ന ഓറു മാരെ പോലെത്തന്നെ ജനങ്ങള്‍ ഏറെ ആദരവോടെ ഈ കുടുംബത്തില്‍ ജ്ഞാന പ്രഭുക്കളെ ഓറുമാര്‍ എന്നുവിളിച്ചു പോന്നു.ഒരു നാടിന്‍റെ സംസ്കാരത്തില്‍ ബഹുമാനാദരവുകളുടെ ചേര്‍ത്തുവെപ്പായ ഓര്‍ എന്ന വിളിപ്പേരിലറിയപ്പെട്ട നിരവധി പേര്‍ അരീക്കല്‍ തറവാട്ടിലുണ്ട്.പടര്‍ന്നുപിടിച്ച ശാഖകളും വേരുകളും ഏറെയില്ലെങ്കിലും പാണ്ഡിത്യത്തിന്‍റെ ഗരിമ കൊണ്ട് ജനമനസ്സുകളില്‍ വലിയ സ്ഥാനമായിരുന്നു അരീക്കല്‍ തറവാടിന്.
ഉത്തര മലബാറില്‍ ഏറെ പ്രസിദ്ധനും സൂഫി പ്രമുഖനുമായ അരീക്കല്‍ അഹ്മദ് മുസ്ലിയാരെ ചുറ്റിപ്പറ്റിയാണ് അരീക്കല്‍ തറവാട് രൂപപ്പെടുന്നത്.പ്രമുഖ പണ്ഡിതനായ കുഞ്ഞീതു മുസ്ലിയാരുടെ മകനായാണ് ഇദ്ദേഹം പിറക്കുന്നത്.
ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും അത്താണിയായി സമൂഹം കണ്ടിരുന്നത് അരീക്കല്‍ വലിയ ഓറെന്ന അഹ്മദ് മുസ്ലിയാരെയായിരുന്നു.ജീവിതത്തില്‍ വലിയ സൂക്ഷ്മത പുലര്‍ത്തിയ പണ്ഡിതനായിരുന്നു അദ്ദേഹം.അഹ്മദ് ശീറാസി,വെളിയങ്കോട് കുട്ട്യാമു മുസ്ലിയാര്‍,കിഴക്കയിലോര്‍ തുടങ്ങിയവര്‍ ഗുരുനാഥډാരില്‍ പെടുന്നു.
സര്‍ഗാത്മകതയും സാഹിത്യവും സമജ്ഞസമായി സമ്മേളിച്ച തറവാടായിരുന്നു അരീക്കല്‍ തറവാട്. മലയാള നാട്ടില്‍ ജډമെടുത്ത അറബി കവികളും പണ്ഡിതډാരുമായിരുന്നു അരീക്കല്‍ തറവാട്ടിലെ ഓറുമാര്‍.
അറബിയിലും മലയാളത്തിലും നിരവധി കാവ്യ രചനകള്‍ നടത്തിയ മഹാ പണ്ഡിതനാണ് അരീക്കല്‍ വലിയോര്‍. അറബികളെ പോലും വിസ്മയിപ്പിക്കുന്ന രീതിയില്‍ കാവ്യ പ്രപഞ്ചമൊരുക്കാന്‍ മഹാന് സാധിച്ചിരുന്നു.അദ്ദുറുല്‍ മുനളം ഫീ മനാഖില്‍ ഗൗസില്‍ അഅ്ളം,അദ്ദുറത്തു ന്നഫീസ ഫീ മനാഖിബിസ്സയിദത്തിന്നഫീസ,അശ്ശമാഇലുല്‍ മുഹമ്മദിയ്യ,അന്നൂറുല്‍ അവ്വല്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ രചനകളില്‍ ചിലതാണ്.ഫത്ഹുല്‍ മുഈന്‍റെ ദീര്‍ഘമായ ബൈത്ത് മനോഹരമായി ആവിഷ്കരിച്ചിരുന്നുവെങ്കിലും ബാബുല്‍ ഹജ്ജ് വരെ മാത്രമേ അത് പൂര്‍ത്തിയായിട്ടുള്ളൂ.(നള്മു ഖുര്‍റത്തില്‍ ഐന്‍ ലി ഫത്ഹില്‍ മുഈന്‍)
അരീക്കല്‍ അഹ്മദ് മുസ്ലിയാരുടെ മൂന്ന് സന്തതികളായിരുന്ന അരീക്കല്‍ അബ്ദുല്ല മുസ്ലിയാര്‍,അബ്ദുറഹ്മാന്‍ മുസ്ലിയാര്‍,ഇബ്റാഹീം മുസ്ലിയാര്‍ എന്നിവരും പാണ്ഡിത്യത്തിന്‍റെ ആഴക്കടല്‍ താണ്ടിക്കടന്ന മഹാരഥډാരായിരുന്നു.
ഇവരില്‍ അറബ് ലോകത്ത് പോലും ഏറെ പ്രസിദ്ധനായ വ്യക്തിയായിരുന്നു അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍(1938/2004).അറബി ഭാഷയില്‍ അഗാധ പാണ്ഡ്യത്തിനുടമായിരുന്നു.പിതാവില്‍ നിന്നും തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാനം നേടിയത്. പയ്യോളി,ചെരിച്ചില്‍ ,കായണ്ണ, ചേരാപുരം,ചേറുവണ്ണൂര്‍, നാദാപുരം തുടങ്ങിയ ദര്‍സുകളില്‍ നിന്നും വിവിധ ഫന്നുകളില്‍ അവഗാഹം നേടി.
കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നീണ്ട 32 വര്‍ഷം അധ്യാപനം നടത്തിയിട്ടുണ്ട്. സമൂഹത്തിന് വലിയ ആശ്വാസ സാന്നിധ്യമായിരുന്നു മഹാനവര്‍കള്‍.ദുആക്ക് ഇജാബത്തുള്ള പണ്ഡിതനായിരുന്നു.നിരവധി തവണ വിദേശ യാത്രകള്‍ നടത്തി.ഒരു സന്ദര്‍ഭത്തില്‍ വിദേശത്തെ ഒരു പണ്ഡിത സദസ്സില്‍ വെച്ച് അറബി ഭാഷയില്‍ കവിതാവതരണം നടത്തിയപ്പോള്‍ താങ്കള്‍ ഈജിപ്ഷ്യനാണോ എന്ന ചോദ്യം അറബികളില്‍ നിന്നും തന്നെ ഉയരുകയുണ്ടായി.അറബി ദിനപത്രമായ അല്‍ അയ്യാമില്‍ ഉസ്താദുമായുള്ള അഭിമുഖം പ്രസിദ്ധപ്പെടുത്തിയത് വിദേശ നാടുകളില്‍ അദ്ദേഹത്തിനുളള സ്ഥാനം അടയാളപ്പെടുത്തുണ്ട്.
തഖ്വയും വറഉം ഒത്തിണങ്ങിയ പണ്ഡിതനായ മഹാനവര്‍കള്‍ നിരവധി വിഷയങ്ങളെക്കുറിച്ച് കവിതകള്‍ രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതിയാണ് പ്രവാചകാപദാനങ്ങള്‍ വാഴ്ത്തുന്ന അല്‍ ജൗഹറുല്‍ മുനളം ഫീ സീറത്തി നബിയ്യില്‍ മുഖറം എന്നത്.മറ്റനവധി രചനകളും ഉസ്താദിന്‍റേതായിട്ടുണ്ട്.
അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ അനുജ സഹോദരനും സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കൂടിയായിരുന്ന അരീക്കല്‍ ഇബ്റാഹീം മുസ്ലിയാരും അരീക്കല്‍ തറവാടിന്‍റെ മഹത്വമുയര്‍ത്തിവരാണ്.പട്ടിക്കാട് ജാമിഅയിലെ ആദ്യ ബാച്ചിലെ നാലുപേരില്‍ ഒരാളായിരുന്നു ഇബ്റാഹീം മുസ്ലിയാര്‍(1940/2011) പിതാവിനു പുറമേ ശൈഖുന ശംസുല്‍ ഉലമ,കോട്ടുമല ഉസ്താദ്,കിഴക്കയിലോര്‍, കീഴനോര്‍, പാനൂര്‍ തങ്ങള്‍ തുടങ്ങിയവര്‍ ഗുരുനാഥډാരാണ്.ഒരു സൂഫിയെ പോലെ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു മഹാന്‍.അറബി കാവ്യ ലോകത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇബ്റാഹീം മുസ്ലിയാര്‍ക്ക് സാധിച്ചിരുന്നു.അന്നവാലുത്ത്വിബ്രി ഫീ മനാഖിബില്‍ സയ്യിദില്‍ ജിഫ്രി എന്നത് ഉസ്താദിന്‍റെ പ്രധാനപ്പെട്ട രചനയാണ്.
തിരുവള്ളൂര്‍,തെരുവം പറമ്പ്,കൈപ്രം,പാനൂര്‍,തലശ്ശേരി,എടച്ചേരി,കായണ്ണ,ചിയ്യൂര്‍,കീഴല്‍ എന്നിവിടങ്ങളിലും 1983 മുതല്‍ മരണം വരെ കടമേരി റഹ്മാനിയ്യയിലും സേവനം ചെയ്തു.വടകര താലൂക്കില്‍ സമസ്തയുടെ മുന്നണിപ്പോരാളിയായിരുന്നു മഹാനവര്‍കള്‍.
സമാപ്തം:
ചുരുക്കത്തില്‍, നാദാപുരത്തിന്‍റെ രണ്ടാം പൊന്നാനിയെന്ന വിളിപ്പേരിന് പിന്നില്‍ നിരവധി ഘടകങ്ങളുടെ സ്വാധീനം നമുക്ക് കാണാനാകുന്നതാണ്.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവന്നിരുന്ന ഉലമ/സയ്യിദ് നേതൃത്വത്തിന്‍റെ ശക്തമായ തുടര്‍ച്ച തന്നെയായിരുന്നു നാദാപുരത്തും പ്രകടമായത്.ഭൂമിശാസ്ത്ര പരമായി അധികം വിശാലതയൊന്നുമില്ലാത്ത ഒരു പ്രദേശത്താണ് അറിവിന്‍റെയും തഖ്വയുടെയും ആഴക്കടല്‍ മുറിച്ചുകടന്ന നിരവധി പണ്ഡിത കുടുംബങ്ങള്‍ ജീവിച്ചത്.കേരളീയ മുസ്ലിം ചരിത്രത്തിലെ സവിശേഷമായൊരു അവസ്ഥാവിശേഷമാണിത്.
കേരളീയ മുസ്ലിമിന്‍റെ പൈതൃകവും പാരമ്പര്യവും ഏറെ ശോഭനമാണെന്നത് അവിതര്‍ക്കിതമാണ്.പക്ഷെ ഖേദകരമെന്നു പറയട്ടെ, ഇസ്ലാമിന്‍റെ പാരമ്പര്യ മൂല്യങ്ങള്‍ ശക്തമായി പരിലസിച്ച പല പ്രദേശങ്ങളിലും ഇന്ന് തുടര്‍ച്ചകള്‍ കാണാനാകുന്നില്ല.നാദാപുരത്തിന്‍റെ ഉന്നതമായ മത പാരമ്പര്യത്തേക്കാള്‍ ഇന്ന് ചര്‍ച്ചകളില്‍ കടന്നുവരുന്നത് വര്‍ഗീയ ദ്രുവീകരണത്തിന്‍റെയും അരാജകത്വത്തിന്‍റെയും വര്‍ത്തമാനമാണെന്നത് ഏറെ അസാംഗത്യം നിറഞ്ഞ കാര്യമാണ്.
അത്തരം മഹനീയ പാരമ്പര്യത്തിന് ഈടുവെപ്പുകള്‍ വരുംകാലത്തേക്കുമുണ്ടെങ്കില്‍ മാത്രമേ ഭാവി ശോഭനമാകുകയുള്ളൂ. പൊന്നാനിയുടെയും നാദാപുരത്തിന്‍റേതുമടക്കമുള്ള ചരിത്ര വായനയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം പുതിയ സുപ്രഭാതങ്ങള്‍ക്ക് വേദിയൊരുക്കട്ടെ.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*