ഒരിഞ്ചുപോലും പിറകോട്ടില്ലെന്നാണ് അമിത്ഷാ പറയുന്നത്, ഞങ്ങളും ഒരിത്തിരി പോലും പിറകോട്ടു പോകില്ല’; സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയോട് ഷഹീന്‍ബാഗ് സമരക്കാര്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ റോഡ് തടഞ്ഞ് സമരം നടത്തുന്ന ഷഹീന്‍ബാഗില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി ചര്‍ച്ചയ്‌ക്കെത്തി. എന്നാല്‍ റോഡ് തടസമില്ലാത്ത മറ്റൊരിടത്തേക്കു സമരം മാറ്റണമെന്ന സമിതിയുടെ നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചില്ല. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനോ മാറ്റാനോ തയാറല്ലെന്ന് അവര്‍ സമിതിയെ അറിയിച്ചു.

”ഒരിഞ്ചുപോലും പിറകോട്ടില്ലെന്നാണ് അമിത്ഷാ പറയുന്നത്. ഞങ്ങളും ഒരിത്തിരി പോലും പിറകോട്ടു പോകില്ല”- സമരക്കാരിലെ പ്രായമായ സ്ത്രീ മധ്യസ്ഥരോടു പറഞ്ഞു. റോഡിന്റെ പകുതിയിലാണ് സമരം നടക്കുന്നത്. ബാക്കി പകുതി പൂട്ടിയിട്ടതിനു പൊലിസാണ് ഉത്തരവാദിയെന്നും സമരക്കാര്‍ പറഞ്ഞു.

അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവടങ്ങുന്ന സമിതി ബുധനാഴ്ച ഉച്ചയോടെയാണ് സമരപ്പന്തലിലെത്തിയത്. സമരക്കാരെ അഭിസംബോധന ചെയ്ത ഇരുവരും പിന്നീട് മാധ്യമപ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റി ചര്‍ച്ച നടത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ അവിടെ നിര്‍ത്തി തന്നെ ചര്‍ച്ചയാവാമെന്ന് സമരക്കാര്‍ അറിയിച്ചെങ്കിലും അവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണ്ടെന്ന നിലപാട് മധ്യസ്ഥ സമിതി അറിയിച്ചതോടെ മാധ്യമപ്രര്‍ത്തകരെ മാറ്റി.

ചര്‍ച്ച തുടരുമെന്ന് ചര്‍ച്ചയ്ക്കു ശേഷം സാധനാ രാമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒറ്റദിവസത്തെ ചര്‍ച്ചകൊണ്ട് ഫലം കാണില്ല. തുടര്‍ ചര്‍ച്ചകള്‍ക്കായി തങ്ങള്‍ വരേണ്ടതുണ്ടോയെന്ന ചോദ്യത്തിന് വരണമെന്നാണ് സമരക്കാര്‍ അറിയിച്ചതെന്നും അതിനാല്‍ വീണ്ടും അവിടെയെത്തുമെന്നും അവര്‍ പറഞ്ഞു.

തുടക്കത്തില്‍ സമരക്കാരെ അഭിസംബോധന ചെയ്ത മധ്യസ്ഥര്‍ സുപ്രിംകോടതി ഉത്തരവും തങ്ങളുടെ ദൗത്യവും വിശദീകരിക്കാനാണ് ശ്രമിച്ചത്. നിങ്ങളെപ്പോലെയുള്ളവര്‍ രാജ്യത്തുണ്ടെങ്കില്‍ ഈ രാജ്യത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. നിങ്ങള്‍ക്കു പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. നിയമം സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സുപ്രിം കോടതി ഉത്തരവ് എന്താണെന്ന് സമരക്കാര്‍ മനസിലാക്കണം. നമ്മളെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. വഴി തടയാതെ തന്നെ നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ കഴിയില്ലേ? സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ചാണ് തങ്ങള്‍ വന്നത്. നിങ്ങള്‍ ഓരോരുത്തരോടും സംസാരിക്കാനും പരിഹാരം കാണാനും കഴിയുമെന്നാണ് കരുതുന്നതെന്നും സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു.

സമരക്കാര്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍ തയാറാണെന്നും ലോകത്തിനു തന്നെ മാതൃകയാകുന്ന ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാധനാ രാമചന്ദ്രന്‍ പറഞ്ഞു. വ്യാഴാഴ്ച വീണ്ടും ചര്‍ച്ചയ്ക്കായി എത്തുമെന്ന് സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ഇരുവരും പോയതിനു പിന്നാലെ മധ്യസ്ഥ സമിതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വജ്ജഹത്ത് ഹബീബുല്ല ഷഹീന്‍ബാഗിലെത്തി സമരക്കാരോടു സംസാരിച്ചു.

റോഡുപരോധിച്ച് രണ്ടുമാസത്തിലധികമായി തുടരുന്ന സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് സുപ്രിം കോടതി മധ്യസ്ഥരെ നിയോഗിച്ചത്. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് മധ്യസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*