ആള്‍ക്കൂട്ടക്കൊല: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പ്രമുഖര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കുന്നു; പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്നും പൊലിസ്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിന്റെ പേരില്‍ ചലച്ചിത്ര-സാമൂഹിക- സാംസ്‌കാരിക രംഗത്തുനിന്നുള്ള 49 പ്രമുഖര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ബിഹാര്‍ പൊലിസ് തീരുമാനിച്ചു. വിദ്വേഷത്തിന്റെ പുറത്തുള്ളതാണ് കേസെന്നും പരാതിക്കാരനെതിരെ നടപടിക്കു ശുപാര്‍ശചെയ്യുമെന്നും ബിഹാര്‍ പൊലിസ് വക്താവ് ജിതേന്ദ്രകുമാര്‍ പറഞ്ഞു. ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് പരാതിക്കാരന്‍ സെലിബ്രിറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും പൊലിസ് പറഞ്ഞു.

പ്രത്യേകിച്ചൊരു തെളിവില്ലാതെയാണ് കേസെടുത്തത്. അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണ്. അടുത്തദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അവസാനിപ്പിച്ചതായി അറിയിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലിസ് പറഞ്ഞു. എന്‍.ഡി.എ ഘടകകക്ഷിയായ എല്‍.ജെ.പി പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധിര്‍ ഓജയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് ബിഹാര്‍ കോടതി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

ബിഹാര്‍ പൊലിസിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും പ്രധാനമന്ത്രിക്കു കത്തെഴുതിയതിനെ എങ്ങനെയാണു രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുകയെന്ന് ചോദിച്ച് 180 പ്രമുഖര്‍ പേര്‍ ഒപ്പുവച്ച പുതിയ കത്ത് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് കേസ് അവസാനിപ്പിക്കുന്നത്. ഞങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇനിയും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും അന്നത്തെ പ്രധാനമന്ത്രിക്കുള്ള കത്തിലെ ഓരോ വാക്കുകളെയും ഞങ്ങളും പിന്തുണയ്ക്കുന്നുവെന്നും പുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കേസെടുത്ത 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കടമയാണു നിര്‍വഹിച്ചത്. രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനെ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക? കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമമാണോ ഇത്? ഞങ്ങളില്‍ നിന്നുള്ള കുറച്ചുപേര്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ശബ്ദമാണ് ഉയര്‍ത്തിയത്. – പുതിയ കത്ത് വ്യക്തമാക്കി.

നടന്‍ നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, ചരിത്രകാരി റൊമില ഥാപ്പര്‍, ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദിര്‍, എഴുത്തുകാരായ അശോക് വാജ്‌പേയി, ജെറി പിന്റോ, വിദ്യാഭ്യാസ വിദഗ്ധ ഇറാ ഭാസ്‌കര്‍, കവി ജീത്ത് തയ്യില്‍, ഗ്രന്ഥരചയിതാവ് ഷംസുല്‍ ഇസ്‌ലാം, സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, ഡോ. ജെ. ദേവിക, പ്രൊഫ. രാജന്‍ ഗുരുക്കള്‍, കെ.പി രാമനുണ്ണി, എന്‍.പി ചെക്കുട്ടി, കെ. സച്ചിതാനന്ദന്‍, കെ.ജി ശങ്കരപിള്ള, എം.എ ബേബി, മാങ്ങാട് രത്‌നാകരന്‍, സാവിത്രി രാജീവന്‍, ബി. രാജീവന്‍, ബി.ആര്‍.പി ഭാസ്‌കര്‍, സിവിക് ചന്ദ്രന്‍, സുനില്‍ പി. ഇളയിടം, എന്‍.എസ് മാധവന്‍, പി.കെ പാറക്കടവ്, പികെ പോക്കര്‍, വെങ്കടേഷ് രാമകൃഷ്ണന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, തുടങ്ങിയവരാണ് പുതിയ കത്തില്‍ ഒപ്പുവച്ചിരുന്നത്.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*