അല്ലാഹു അക്ബര്‍ അകക്കരുത്തിന്‍റെ ഇലാഹീ ധ്വനി

ശഫീഖ് പി കാളികാവ്

‘മുസ്ലിങ്ങളുടെ നാവുകള്‍ തക്ബീര്‍ മുഴക്കും പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്‍റെ ഗതി അവര്‍ തിരിച്ചുവിട്ടേനേ….’ എന്ന ഡോ. മുസ്തഫസ്സിബാഇയുടെ വാക്കുകള്‍ക്ക് ദിനംപ്രതി പ്രസക്തി ഏറിക്കൊണ്ടേയിരിക്കുകയാണ്.

മുസല്‍മാന്‍റെ സിരാകേന്ദ്രങ്ങളില്‍ വിശ്വാസത്തിന്‍റെ അഗ്നിജ്വാല സൃഷ്ടിക്കുന്നതോടൊപ്പം ആത്മ സന്നദ്ധത സമ്മാനിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ തക്ബീര്‍ ധ്വനികള്‍. ദിനേന അഞ്ചു നേരവും പള്ളിമിനാരങ്ങളില്‍നിന്ന് ഉയരുന്ന തക്ബീര്‍ ധ്വനികളുടെ മുഴക്കം കര്‍ണപുടങ്ങളില്‍ അലയടിക്കുമ്പോള്‍ ആലസ്യത്തില്‍നിന്ന് ഉണര്‍ന്ന് സ്രഷ്ടാവിന് സമക്ഷം സാഷ്ടാംഗം നമിക്കാന്‍ വിശ്വാസിയെ മനസ്സാസന്നദ്ധനാക്കുന്നതും തക്ബീര്‍ ധ്വനികളാണ്.

ബദ്റിന്‍റെയും ഉഹ്ദിന്‍റെയും രണഭൂമികളില്‍ തുടങ്ങി പരിപാവന ദീനിന്‍റെ നിലനില്പ്പിന്‍റെ സകല സമരവീചികളിലും സച്ചരിതരായ സ്വഹാബത്തിന് മുന്നോട്ടുമുള്ള ധീരമായ കാല്‍വയ്പുകള്‍ക്ക് നിറം പകര്‍ന്നത് തക്ബീര്‍ ധ്വനികളുടെ അകമ്പടിയായിരുന്നുവെന്നതില്‍ സന്ദേഹമില്ല. പോര്‍ക്കളങ്ങളില്‍ ശത്രുപക്ഷത്തെ കെട്ടുകെട്ടിക്കാന്‍ അന്ന് മുസല്‍മാന്‍ ധൈര്യം പകര്‍ന്നത് തന്‍റെ മനാന്തരങ്ങളില്‍ കുടികൊള്ളുന്ന ഈമാനികാവേശവും മാരകായുധങ്ങളെക്കാള്‍ മൂര്‍ച്ചയേറിയത് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനിയിലുള്ള ഉറച്ച വിശ്വാസവുമായിരുന്നുവെന്നതിന് ചരിത്രത്താളുകള്‍ ഒരുപാട് സാക്ഷിയാണ്.

അല്ലാഹുവാണ് ഏറ്റവും മഹാന്‍/വലിയവന്‍ എന്ന സുന്ദരപ്രഖ്യാപനം അല്ലാഹു അല്ലാത്ത മറ്റൊന്നിനെയും ഭയക്കാത്ത ധൈര്യപൂര്‍ണമായ മാനസികാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. സര്‍വശക്തനും സര്‍വാധിപനുമായ സ്രഷ്ടാവിന്‍റെ സാന്നിധ്യവും സാമീപ്യവുമുള്ളപ്പോള്‍ വിശാസി മറ്റുള്ള സൃഷ്ടിചരാചരങ്ങളെ എന്തിനു ഭയക്കണം? ധാര്‍ഷ്ട്യത്തിന്‍റെ സിമ്പലായ ഫറോവയുടെയും സൈന്യത്തിന്‍റെയും പിടിയില്‍നിന്ന് ഓടിരക്ഷപ്പെടാനുള്ള ശക്തമായ ശ്രമത്തിനിടെ മൂസാനബി(അ)ഉം അനുയായികളും ചെങ്കടലിന്‍റെ തീരത്താണെത്തിപ്പെട്ടത്.

മുമ്പില്‍ ആര്‍ത്തിരമ്പുന്ന ചെങ്കടല്‍, പിന്നില്‍ അലയടിക്കുന്ന ആവേശവുമായി സര്‍വായുധ സജ്ജരായ ശത്രുസൈന്യവും. സ്വാഭാവികമായും ഞങ്ങളിതാ പിടിക്കപ്പെടുന്നുവെന്ന് അവര്‍ വേവലാതിപ്പെട്ടു. പക്ഷെ, മൂസാനബി(അ) അവരെ സമാശ്വസിപ്പിച്ച് പറഞ്ഞു: ഇല്ല, എന്‍റെ കൂടെ എന്‍റെ റബ്ബുണ്ട്, അവന്‍ എനിക്ക് മാര്‍ഗം കാണിച്ചുതരും.'(അശുഅറാഅ്: 62)

ശത്രു സൈന്യം സര്‍വായുധ സജ്ജരായി പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നുവെന്നറിഞ്ഞ് സ്വജീവന്‍ അപകട ഭീഷണി നേരിടുമ്പോഴും വിശ്വാസികള്‍ കൈകൊണ്ട ധീരമായ നിലപാടുകളെ മറ്റൊരിടത്ത് പരിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അവരോട് ജനം പറഞ്ഞു നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍. അത് കേട്ട് അവരില്‍  സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്.അവര്‍ മറുപടി പറഞ്ഞു ഞങ്ങള്‍ക്ക് അല്ലാഹു മതി, കാര്യങ്ങള്‍ ഭരമേല്‍പ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അവന്‍ തന്നെയാകുന്നു.(ആലു ഇംറാന്‍ .173)

അല്ലാഹു അക്ബര്‍ എന്ന് മനസ്സറിഞ്ഞ് വിളംബരം ചെയ്യുന്ന വിശ്വാസി സ്രഷ്ടാവേതര ശക്തികളോടും വ്യക്തികളോടും സര്‍വസഹായ തേട്ടത്തില്‍നിന്നും ആശ്രിതത്വത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ ബാധ്യസ്ഥനാണ്.

തന്‍റെ നിലയും വിലയും അസ്തിത്വവും വ്യക്തിത്വവും ഭയവും നിര്‍ഭയത്വവും രക്ഷയും ശിക്ഷയും തന്‍റെ നാഥന്‍റെ തീരുമാനത്തിന് വിധേയമാണെന്നും അവന്‍റെ തീരുമാനങ്ങള്‍ തിരുത്തികുറിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നുള്ള ഉറച്ച ബോധ്യത്തോടെയാണ് അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന് പ്രഖ്യാപിക്കുന്നത്. അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസം ഒരു വ്യക്തിയുടെ മനസ്സിലും മജ്ജയിലും ആഴ്ന്നിറങ്ങി രൂഢമൂലമാകുമ്പോള്‍ ഭൗതിക ലോകവും അതിലെ സകല സുഖസൗകര്യങ്ങളും അന്യമാവുകയും അല്ലാഹുവും അവന്‍റെ അനിഷേധ്യമാവുകയും ചെയ്യും.

ഖാദിസിയ്യ യുദ്ധവേളയില്‍ പേര്‍ഷ്യന്‍ സേനാനായകനായ റുസ്തമിനെ കാണാന്‍ പ്രമുഖ സ്വഹാബിവര്യന്‍ രിബ്ഇയ്യുബ്നു ആമിര്‍ (റ)ല കടന്നു വരുന്ന രംഗം ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. പ്രൗഢിയില്‍ പ്രൗഢമായ കൊട്ടാരത്തിലെ സ്വര്‍ണ സിംഹാസനത്തില്‍ സൈനിക, സേവക, സാനിധ്യത്തില്‍ ഉപവിഷ്ടനായിരിക്കുകയാണ് റുസ്തം. ഉയരം കുറഞ്ഞ കുതിരപുറത്ത് സാധാരണ വസ്ത്രം ധരിച്ചാണ് രിബ്ഇയ്യുബ്നുആമിര്‍ (റ) വിന്‍റെ കടന്നുവരവ്. കൊട്ടാര കവാടത്തിലെത്തിയ അദ്ദേഹത്തെ പാറാവുകാര്‍ തടഞ്ഞുനിര്‍ത്തി പരിശോധനയ്ക്ക് വിധേയമാക്കുകയും ആഗമനോദ്ദേശ്യം ആരായുകയും ചെയ്തു.

റുസ്താമിനെ കാണണമെങ്കില്‍ ധരിച്ചിരിക്കുന്ന ആയധുങ്ങള്‍ അയിച്ചുവയ്ക്കണമെന്ന് ശാഠ്യം പിടിച്ച സേനാധിപനോട് രിബ്ഇയ്യുബ്നുആമിര്‍ (റ) പറഞ്ഞു: ഞാന്‍ സ്വയം വലിഞ്ഞുകേറിവന്നതല്ല. ക്ഷണിച്ചിട്ടുവന്നതാണ്. എന്‍റെ ഈ അവസ്ഥയില്‍ കാണാന്‍ അനുവദിക്കുമെങ്കിലെ ഞാന്‍ റുസ്തമിനെ കാണുന്നുള്ളൂ.ഇല്ലെങ്കില്‍ ഞാന്‍ തിരികെ പോവുകയാണ്.

റുസ്തമുമായുള്ള ചര്‍ച്ചക്കൊടുവില്‍ ആയുധം ധരിച്ചുകൊണ്ടു തന്നെ പ്രവേശിക്കാന്‍ പാറാവുകാര്‍ സമ്മതം നല്‍കി. തന്‍റെ സന്നിധിയിലെത്തിയ മഹാനുഭാവനോട് റുസ്തം ചോദിച്ചു: എന്താണ് നിങ്ങളുടെ ആഗമനോദ്ദേശ്യം? ഇബ്നു ആമിര്‍(റ) പറഞ്ഞു:  ‘സൃഷ്ടികളുടെ അടിമത്വത്തില്‍ നിന്ന് മാലോകര്‍ക്ക് വിമോചനം നല്‍കി  സ്രഷ്ടാവിന്ന് സമക്ഷ സമ്പൂര്‍ണമായി കീഴ്പെടുന്നതിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇഹലോകത്തിന്‍റെ വ്യര്‍ത്ഥതയില്‍നിന്നും പരലോകത്തിന്‍റെ പരിശുദ്ധതയിലേക്കും ഇതര മത ദുര്‍വിശ്വാസങ്ങളില്‍ നിന്ന് സുവ്യക്തമായ ഇസ്ലാമിക പ്രമാണാധിഷ്ഠിത വിശ്വാസ സംഹിതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുവേണ്ടി  കൂടിയാണ് ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് നീണ്ട സംഭാഷണ ശേഷം റുസ്തം തന്‍റെ അനുയായി വൃന്ദത്തോട് ചോദിച്ചു: ‘ ഇതിനേക്കാള്‍ ആത്മാഭിമാനവും ആര്‍ജ്ജവുമുള്ള വാക്കുകള്‍ ഇതിനുമുമ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവര്‍ പ്രതിവചിച്ചു:താങ്കള്‍ അദ്ദേഹത്തിന്‍റെ മതത്തില്‍ ആകൃഷ്ടനാവുകയാണോ? അയാളുടെ വസ്ത്രധാരണ കണ്ടില്ലേ എത്ര നീചമാണ്. ദരിദ്രമാണത്? റുസ്തം പറഞ്ഞു: ‘ നിങ്ങള്‍ക്ക് നാശം, വസ്ത്രമാണോ നിങ്ങള്‍ ശ്രദ്ധിക്കുന്നത് ,നിങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകളും ശൈലിയും സ്വഭാവവും നോക്കുക’.

 അല്ലാഹു അത്യുന്നതനാണെന്ന വിശ്വാസത്തിന്‍റെ പരമോന്നതിയില്‍ എത്തിയാല്‍ ഇലാഹീ കല്‍പ്പനകള്‍ക്കപ്പുറം മറ്റു സൃഷ്ടിജാലങ്ങള്‍ക്കുമുമ്പില്‍ അടിയറവുപറയേണ്ട ദുര്‍ഗതിയിലേക്ക് തരം താഴേണ്ടതായിട്ടുണ്ടാവില്ല. തദടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയും അതുവഴി ജീവിതത്തില്‍ കടന്നുവരുന്ന സകല കഷ്ടനഷ്ടങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിക്കാനും തീക്ഷ്ണ പരീക്ഷണങ്ങളെ തരണം ചെയ്യാനുള്ള സഹനതയും കൈവരുമെന്നത് തീര്‍ച്ചയാണ്.

അല്ലാഹുവിലേക്കുള്ള പ്രബോധനവുമായി കടന്നുവന്ന ഹള്റത്ത് ഇബ്റാഹീം(അ) ന്‍റെ അഭിലാഷമായിരുന്ന ഒരു കുഞ്ഞിക്കാലുകാണാനുള്ള മോഹം ജീവിതത്തിന്‍റെ സൂര്യാസ്തമയ സമയത്ത് സ്രഷ്ടാവ് സാധിപ്പിച്ചുകൊടുക്കുകയും അവസാനം ആ പിഞ്ചോമനയെ അല്ലാഹുവിനുവേണ്ടി ബലിയര്‍പ്പിക്കാന്‍  കല്‍പ്പിച്ച സന്ദര്‍ഭം ഒട്ടും പകച്ചുനില്‍ക്കാതെ അല്ലാഹുവിന്‍റെ കല്‍പ്പന പൂര്‍ത്തീകരിക്കാന്‍ ഹസ്റത്ത് ഇബ്റാഹീം (അ) ന് പ്രേരണയായത്

അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യത്തിന്‍റെ കരുത്തുകൊണ്ടായിരുന്നു. ആ ഇബ്റാഹീം മില്ലത്തിനെ പിന്തുടരാനാണ് പരിശിദ്ധ ഖുര്‍ആന്‍ മുഅ്മിനീങ്ങളോട് ആജ്ഞാപിക്കുന്നത്.ധര്‍മിഷ്ഠനായ ഇബ്റാഹീം നബി(അ) ന്‍റെ മാര്‍ഗം നിങ്ങള്‍പിന്തുടരുവീന്‍.അദ്ദേഹംബഹുദൈവാരാധകരില്‍പ്പെട്ടിരുന്നില്ല.(ആലുഇംറാന്‍: 95)

നംറൂദിന്‍റെ സുശക്തമായ ഭരണകൂടത്തിനു മുന്നിലെ ആകെയുള്ള പ്രതിസന്ധി ഹള്റത്ത് ഇബ്റാഹീം നബി(അ) ന്‍റെ സാനിധ്യമായിരുന്നു. നംറൂദിന്‍റെ സര്‍വവിധ ശിക്ഷാമുറകളെയും നെഞ്ചൂക്കോടെ സധൈര്യം അഭിമുഖീകരിക്കാന്‍ ഇബ്റാഹീം നബി (അ) ന് സാധിച്ചത് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനിയുടെ അന്തസ്സത്ത ശിരസ്സാവഹിച്ചത് കൊണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഓരോ മുസല്‍മാനും ഇബ്റാഹീം നബി (അ) ന്‍റെ ത്യാഗോജ്വല ജീവിതം പാഠമാകേണ്ടതുണ്ട്. എങ്കില്‍ നവ മുസ്ലിം ഇന്നു നേരിടുന്ന ഏതു പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരത്തിന്‍റെ വാതില്‍ തുറക്കപ്പെടും.

 

 

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*