അടുത്ത ജി 20 ഉച്ചകോടി സഊദിയില്‍

വിദേശ നേതാക്കള്‍ക്കിടയില്‍ കിരീടാവകാശിയുടെ ശക്തമായ സാന്നിധ്യം ചര്‍ച്ചയാക്കി അറബ് ലോകം

റിയാദ്: അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ സഊദി ആതിഥേയരാകും. പതിനഞ്ചാമത് ജി 20 ഉച്ചകോടി 2020 നവംബര്‍ 21, 22 തിയതികളിലായി റിയാദ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററില്‍വച്ച് നടക്കും. ഒസാക ഉച്ചകോടിക്കിടെ അടുത്ത വര്‍ഷത്തെ ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജി 20 രാജ്യങ്ങള്‍ക്കിടയിലെ സഊദി സമ്പദ് വ്യവസ്ഥ അതിശക്തമാണെന്നതിനു തെളിവാണ് ഉച്ചകോടിക്ക് അടുത്ത വര്‍ഷം സഊദി സാക്ഷ്യം വഹിക്കാന്‍ കാരണങ്ങളില്‍ പ്രധാനമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യ കരുതല്‍ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് സഊദി. 507.2 ബില്യണ്‍ ഡോളര്‍ (1.9 ട്രില്യണ്‍ റിയാല്‍) വിദേശനാണ്യ കരുതല്‍ ശേഖരവുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സഊദിയുടെ തൊട്ടു മുന്നില്‍ ചൈനയും ജപ്പാനുമാണ് ഉള്ളത്. അടുത്ത വര്‍ഷത്തെ ഉച്ചകോടി അത്ഭുതങ്ങള്‍ നടക്കുന്ന രാജ്യത്താണെന്നു ട്രംപ് പ്രതികരിച്ചു.
ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സോവറീന്‍ ഫണ്ടാണ് സഊദിയുടേത്. സഊദി സോവറീന്‍ ഫണ്ടിന്റെ ആസ്തി 515.6 ബില്യണ്‍ ഡോളറാണ്. ഒപെക്കിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി പ്രതിദിനം 10.7 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നു.ലോകത്തെ ആകെ എണ്ണ ഉല്‍പാദനത്തിന്റെ പതിമൂന്നു ശതമാനവും സഊദിയിലാണ്. നിലവില്‍ ഒരുവിധ നിക്ഷേപങ്ങളും നടത്താതെ പ്രതിദിനം പതിമൂന്നു ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നതിനുള്ള അധികശേഷിയും സഊദി അറേബ്യയ്ക്കുണ്ട്.
അതേസമയം, അടുത്തിടെ ഏറെ ആക്ഷേപങ്ങള്‍ക്ക് ഇരയായ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ജി 20 ഉച്ചകോടിയില്‍ ശക്തമായ സാന്നിധ്യവും വന്‍ ചര്‍ച്ചയായി. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടാതെ, ജമാല്‍ ഖഷോഗി വധമടക്കം ആഗോള തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായ പല വിഷയങ്ങളിലും പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ട കിരീടാവകാശിയുടെ ഇടപെടലുകളും സാന്നിധ്യവുമാണ് ചര്‍ച്ചയായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുട്ടിന്‍ എന്നിവര്‍ ഉച്ചകോടിയുടെ തിരക്കിനിടെ കിരീടാവകാശിയുമായി കുശലം പറയുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനും പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചു. ഗ്രൂപ് ഫോട്ടോ സെഷനില്‍ ഉച്ചകോടിക്ക് ആതിഥ്യം നല്‍കുന്ന ജപ്പാനിലെ പ്രധാനമന്ത്രിക്കും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിനും മധ്യേയുള്ള സ്ഥാനം ലോക നേതാക്കള്‍ക്കിടയിലുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു. ഉച്ചകോടിക്കിടെ ഡൊണാള്‍ഡ് ട്രംപും കിരീടാവകാശിയും ഹസ്തദാനം ചെയ്യുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും മികച്ച ഫോട്ടോകളില്‍ ഒന്നാണെന്ന് ഓസ്ട്രേലിയന്‍ പത്രമായ ബ്രിസ്ബന്‍ ടൈംസ് വിശേഷിപ്പിച്ചു. മറ്റു ലോക നേതാക്കള്‍ ഗ്രൂപ്പ് ഫോട്ടോക്കുവേണ്ടി കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ട്രംപിന്റെയും കിരീടാവകാശിയുടെയും ഹസ്തദാനം.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*