സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പോരാളികള്‍

ആഷിഖ് പി.വി കോട്ടക്കല്‍

എഴുപത്തൊന്നാം സ്വാതന്ത്ര്യ പുലരിയെ പുല്‍കാനിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ. ദീര്‍ഘകാലം നരനായാട്ട് നടത്തിയ അധിനിവേശ സ്വത്ത്വങ്ങളെ തങ്ങളുടെ മനഃക്കരുത്ത് കൊണ്ട് കെട്ടുകെട്ടിച്ച ആ സമ്പൂര്‍ണ്ണ ദിനം ഇന്നും ഓരോ ഇന്ത്യന്‍ പൗരന്‍റെയും അന്തഃരംഗത്തെ പുളകം കൊള്ളിക്കുന്നതാണ്. തന്‍റെ രാജ്യത്തെ അധിനിവേശ ശക്തികള്‍ പിടികൂടിയപ്പോള്‍ സ്വരാജ്യം അത് എന്‍റെ അവകാശമാണെന്ന നിലയില്‍ അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ തനിമയുടെയും സ്വധൈര്യത്തിന്‍റെയും വന്‍ മതിലുകള്‍ പണിതവരും സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍ അഞ്ഞൂര്‍ വര്‍ഷക്കാലം ജാതിഭേതമന്യേ മഹാ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പറങ്കികള്‍ക്ക് ജീവിതവും അതിലുള്ള സകലമാന സുഖങ്ങളും ബലിയര്‍പ്പിച്ചവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍. വര്‍ഗീയതയുടെയും അക്രമത്തിന്‍റെയും നൂലാമാലകള്‍ പോലും പ്രത്യക്ഷപ്പെടാതെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പുലരിയിലേക്ക് നയിച്ച മഹാരഥന്മാര്‍ ഇന്ന് ചരിത്രത്തില്‍ നിന്നും മായിക്കപ്പെടുകയാണ്.

കൊളോണിയല്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം വഹിച്ച ഒരു പറ്റം ധീര ദേശാഭിമാനികളെ ചരിത്രകാരമ്മാര്‍ മറച്ചു വെച്ചത് വലിയ ക്രൂരതയാണ്. ലോകോ സമസ്തോ സുഖിതോ എന്ന് പാടിയ ഉപനിശത്തും ഈ ലോകത്ത് ഒരു പൂങ്കാവനം ഉണ്ടെങ്കില്‍ അതെന്‍റെ ഇന്ത്യയാണെന്ന് പാടിയ ഇഖ്ബാലും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും സമാധാനത്തിന്‍റെയും മന്ത്രമാണ് ഉരുവിട്ടതെങ്കില്‍ ഇന്നിന്‍റെ വര്‍ത്തമാന കാലഘട്ടം കലാപ കുലിശതമാണ്.

കലാപങ്ങളുടെ വഴിതാര
1498 ല്‍ പോര്‍ച്ചുഗീസ് നയകനായ വാസ്ഗോഡ് ഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെയാണ് കൊളോണിയലിസത്തിന്‍റെ വിത്ത് കരക്കടിഞ്ഞതും ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും യാത്ര ഇന്ത്യയിലേക്ക് ആരംഭിക്കുകയും ചെയ്തത്. ഇതേ നിമിഷം വിദേശികള്‍ കച്ചവട ആവ്യശ്യാര്‍ത്ഥം വരവേറ്റിരുന്ന ഇന്ത്യക്കാര്‍ അവരെയും നിരാശരാക്കിയില്ല. പക്ഷെ ഇന്ത്യയിലെ സമ്പത്തില്‍ മാത്രം കണ്ണുനട്ടിരുന്ന അവരുടെ ചതി പുറത്താവുന്നത് പിന്നീടാണ്.സമ്പത്തുകള്‍ കൊള്ളയടിക്കുകയും വളരെ അധികം അതിക്രമത്തിന് അവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിയ വാസ്കോഡ് ഗാമയും കൂട്ടുകാരും അവിടെ നിന്ന് സാമൂതിരിയുമായി കച്ചവടം നടത്തി കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഗാമയുടെ തനിസ്വഭാവം പ്രകടമാകാന്‍ തുടങ്ങി.സാമൂതിരിയുമായി ഉടക്കി കൊച്ചിയിലോക്കും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. പല തന്ത്രങ്ങളാലും കച്ചവടവും നാടും പിടിച്ചടക്കാന്‍ ഗാമ പരിശ്രമിച്ചു.സാമൂതിരിയും സൈന്യവും അതിനെതിരെ അഹോരാത്രം പോരാടി.

1600 കാലങ്ങളില്‍ ഇഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തിയതോടെ ഇന്ത്യക്കാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായി. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം അധിനിവേശ മോഹങ്ങളുമായി കടന്നു വന്ന ബ്രിട്ടീഷുകാര്‍ പറങ്കികളെ പോലെ തന്നെ മുസ്‌ലിം വിരുദ്ധരായിരുന്നു.അവര്‍ ജനങ്ങളെ അക്രമിച്ചത് പല രീതികളിലായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ടു ജീവിക്കുന്ന ജനങ്ങള്‍ക്ക് ഭാരിച്ച നികുതി ഏര്‍പ്പെടുത്തലിനെതിരെയും വര്‍ദ്ധനക്കെതിരെയും രാജ്യത്ത് പല തരത്തിലും കലാപങ്ങളും പ്രതിഷേധങ്ങളും അരങ്ങുതീര്‍ത്തു. അധിനിവേശം ഇന്ത്യമഹാരാജ്യത്ത് ഉടലെടുത്തത് മുതല്‍ തന്നെ ചില സേനാനികള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. പോര്‍ച്ചുഗീസുകാരെയും അധിനിവേശ ചക്രിയങ്ങളെയും എന്ത് വിലകൊടുത്തും തുരത്താന്‍ സേനാനികള്‍ പരശ്രമിച്ചു.
പോര്‍ച്ചുഗീസുകാരുടെ നരനായട്ടിനെതിരെ ആദ്യം രംഗത്ത് വന്നതും അധിനിവേശങ്ങള്‍ക്കെതിരെ ബഹുജന പ്രസ്താനം കെട്ടിപ്പടുത്തതും മുസ്ലിം പോരാളികളാണ്.

പ്രതിരോധത്തിലെ മുസ്ലിം സാന്നിദ്ധ്യം
കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും അധിനിവേശ പറങ്കികള്‍ക്കെതിരെയും അചഞ്ചല വിശ്വാസത്തെ ആയുധമാക്കി സന്ധിയില്ലാ സമരം ചെയ്തവരായിരുന്നു മുസ്ലിം സേനാനികള്‍. ഇംഗ്ലീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ അടരാടി അടര്‍ക്കളത്തില്‍ മരിച്ചുവീണവരാണ് മാപ്പിള സ്വാതന്ത്ര്യ സമര സേനാനികള്‍. പറങ്കികളും മലബാറിലെ ധീര ദേശാഭിമാനികളായ നാവികരും തമ്മില്‍ അറബിക്കടലിന്‍റെ വിരിമാറില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ധീര ദേശാഭിമാനികളുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) അവര്‍ക്കെതിരെ പ്രതിരോധത്തിന്‍റെ വേലികള്‍ തീര്‍ക്കുന്നു. ഇസ്ലാമിനോടും മതസ്ഥരോടും കടുത്ത പ്രതികാര മനോഭാവവും വെച്ചുപുലര്‍ത്തിയിരുന്ന പറങ്കി പടയാളികളെ ഇന്ത്യാ മഹാരാജ്യത്തു നിന്ന് തുരുത്താന്‍ ശബ്ദമുയര്‍ത്തിയത് മഖ്ദൂം തങ്ങളായിരുന്നു.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്ഗോഡ ഗാമയും കൂട്ടരും കുറച്ച് കാലയളവിനുള്ളില്‍ സാമൂതിരിയുമായി തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വമ്പിച്ച സഹായമാരാഞ്ഞുകൊണ്ട് കടലിന്‍റെയും ഇന്ത്യാ മഹാരാജ്യത്തിന്‍റെയും അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടി പള്ളികള്‍ പൊളിച്ച് കോട്ട കെട്ടുക, കപ്പല്‍ യാത്രക്കാരെ കൊലചെയ്യുക തുടങ്ങിയ നരനായാട്ടുകള്‍ ഗാമയും കൂട്ടരും നടത്തിയപ്പോള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ആദ്യമായി ചെറുത്തുനില്‍പ്പ് ആരംഭിച്ചിരുന്നത് ഹിന്ദു മതസ്ഥനായ കോഴിക്കോട് സാമൂതിരിയും മുസ്ലിം മതസ്ഥനായ കുഞ്ഞാലി മരക്കാറുമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളെ ചെറുക്കാനും അവരുടെ നാവിക ശക്തി തടയാനും നമ്മള്‍ ഒരു നാവിക ശക്തിയുണ്ടാക്കണം എന്ന സാമൂതിരിയുടെ ചിന്തക്ക് കുഞ്ഞാലി മരക്കാര്‍ മുന്നിട്ടു നിന്നു. നാവിക സേനയെ തയ്യാറാക്കുകയും സേനാ നേതൃത്വം സാമൂതിരി കുഞ്ഞാലി മരക്കാറെ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ചരിത്രത്തില്‍ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമായിരുന്നു കുഞ്ഞാലി മരക്കാറുടേത്.

ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിരാജയുടെ കൂടെ മരിച്ചുവീണവരായിരുന്നു ടിപ്പു സുല്‍ത്താന്‍, എളം പുതുശ്ശേരി ഉണ്ണി മൂസ, ചെമ്പന്‍ പോക്കര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍. ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്‍റെ പേടിസ്വപ്നമായിരുന്നു ടിപ്പു സുല്‍ത്താന്‍. 1798 ല്‍ സമരത്തില്‍ മരണപ്പെട്ടതോടെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തുള്ളിച്ചാടുകയും എന്നാല്‍ പണ്ഡിതനും കവിയുമായ വെളിയങ്കോട് ഉമര്‍ഖാളി ശക്തികള്‍ക്കെതിരെ പോരാടി. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ട് ജീവിക്കുന്ന മാപ്പിളമാര്‍ക്ക് നികുതി പീഢനം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ മഹാന്‍ ശബ്ദിക്കുകയും നിഷേധ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തന്‍റെ ഭൂമിക്ക് മറ്റൊരാള്‍ക്ക് നികുതി കൊടുക്കാന്‍ ഉമര്‍ ഖാളി എതിര്‍ത്തു. ചാവക്കാട് തുക്ടി സാഹിബിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതു കാരണം മഹാന്‍ ജയില്‍വാസം ആരംഭിക്കുകയും 1857 കാലഘട്ടത്തില്‍ മരണപ്പെടുകയും ചെയ്തു.

അധിനിവേശ കാല്‍വെപ്പുകള്‍ക്കെതിരെ പോരാടിയ മുസ്ലിം വീരയോദോദ്ധാക്കള്‍ അനേകമാണ്. ദേശ സ്നേഹം എന്നത് ഏതൊരു പൗരനും അവകാശമാണ്. എന്നാല്‍ മുസ്ലിം പോരാളികള്‍ക്കത് ആവേശമായിരുന്നു. അധിനിവേശ പടയുടെ കണ്ണിലെ കരടായിരുന്നു എളം പുതുശ്ശേരി മൂസയും സ്വാതന്ത്ര്യ സമരത്തിലെ മായ്ക്കപ്പെടാത്ത സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. താമസിച്ചിരുന്ന ഗ്രാമത്തെ ബ്രിട്ടീഷ് ശക്തികള്‍ വളയുകയും വീടും സ്വത്തും പിടിച്ചെടുക്കുകയും ചെയ്തു. അതൊന്നും ധീരദേശാഭിമാനിയെ ഭീരുവാക്കിയില്ല. കമ്പനിക്ക് കീഴില്‍ ഒരുനിലക്കും തലതാഴ്ത്താതെ ഉണ്ണി മൂസ തന്‍റെ രാജ്യത്തിന്‍റെ ആദര്‍ശത്തില്‍ നിലനിന്നുകൊണ്ട് മരണം വരെ പോരാടി. 1850 ല്‍ ഭയാനകരമായ ഒരു പോരാട്ടം നടക്കുകയും ഈ യുദ്ധത്തില്‍ എളം പുതുശ്ശേരി മൂസയടക്കം നിരവധി പേര്‍ ദേശത്തിനു വേണ്ടി ബലിയാടുകളായി.

ജന്മഭൂമി കീഴടക്കി വൈദേശിക ശക്തികളോട് മേല്‍കീഴ് നോക്കാതെ പോരാടിയവരില്‍ പുരുഷന്മാരെ പോലെ സ്ത്രീകളും അവര്‍ണിയമായ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ നാമങ്ങള്‍ ചരിത്രത്തില്‍ നിന്നും പലരും അപ്രത്യക്ഷമാക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സര്‍വ്വതും സമര്‍പ്പിച്ച് വെള്ളക്കാരന്‍റെ പീരങ്കിയുടെ വീര്യം കെടുത്താന്‍ ചുടുനിണം കൊണ്ട് ചരിത്ര കാവ്യം എഴുതിയ ധീരദേശാഭിമാനികളായിരുന്നു അലി സഹോദരന്മാര്‍. അഥവാ മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും. ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭയപ്പെട്ട നാമങ്ങളായിരുന്നു ഇവരുടെ നാമങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിതകള്‍ എന്നറിയപ്പെടുന്നത് ആദ്യ വനിതകള്‍ മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും മാതാവായ ആബിദാ ബീഗവും മൗലാനാ മുഹമ്മദലിയുടെ ഭാര്യ ലാലി ബീഗവുമാണ്. ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മക്കളോട് നിങ്ങള്‍ ഇരുവരും ബ്രിട്ടീഷിനെതിരെയുള്ള പോരാളികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയുകയുണ്ടായി. പീഢിത മര്‍ദ്ധിതര്‍ക്ക് ആശ്വാസമേകുന്നതിലൂടെയാവണം നിങ്ങളുടെ ജീവിതം എങ്കില്‍ ഞാന്‍ സംതൃപ്തിയായി എന്ന ദേശസ്നേഹിയുടെ മറുപടിയാണ് ധീര വനിത പറഞ്ഞത്. പല വനിതകളെയും ബ്രിട്ടീഷ് ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ പ്രോത്സാഹിപ്പിച്ചതും ഈ ധീര വനിതകളായിരുന്നു.

1930 നവംബര്‍ 12 ന് ലണ്ടനിലെ വട്ടമേശ സമ്മേളനത്തിലെ മുഹമ്മദലി ജനറല്‍ ബ്രിട്ടീഷുകാരെ നോക്കി ഗര്‍ജിച്ചു. നാടിന്‍റെ സ്വാതന്ത്ര്യം വാങ്ങാനാണ് ഞാന്‍ വന്നത്. ഞാന്‍ നേടി തിരിച്ചു പോവുക തന്നെ ചെയ്യും എന്ന് ഉയര്‍ന്ന ശബ്ദത്തിലൂടെ പ്രഖ്യാപിച്ച് അവിടെ നിന്ന് അദ്ദേഹം മരണത്തിന് വഴികാട്ടി. ഇവിടെ അവസാനിക്കുന്നതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം രക്തത്തിന്‍റെ അടയാളപ്പെടുത്തലുകള്‍.

ചരിത്ര വക്രീകരണവും വര്‍ത്തമാന അക്രമണങ്ങളും
സ്വരാജ്യ സ്വതന്ത്ര്യനായി പോരടിച്ച് മരിച്ച മുസ്ലിം സേനാനികളെ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ബ്രിട്ടീഷ് ശക്തികള്‍ മുതല്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്കാരുടെ പാദസേവകരും വെപ്പാട്ടികളുമായി കഴിഞ്ഞ് കൂടിയ ഭരണാധികാരികളെ ധീര ദേശാഭിമാനികളായി ഉയര്‍ത്തുന്നതിനും രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി പോരാടിയ ടിപ്പുസുല്‍ത്താനെ പോലെയുള്ളവരെ മതഭീകരരായി ഉയര്‍ത്തുന്നതും വിരോധാഭാസമാണ്. സമകാലിക ഇന്ത്യയില്‍ വായിക്കപ്പെടുന്ന സിംഹഭാഗം ചരിത്ര ഗ്രന്ഥങ്ങളിലും കേരള മുസ്ലിം സമര സേനാനികളെക്കുറിച്ചോ അവരുടെ പോരാട്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല.

വെള്ളക്കാരുടെ തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വീരമൃത്യു വരിച്ച് വീരോതിഹാസം രചിച്ച പൂര്‍വ്വീകര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥം കളഞ്ഞു കുളിക്കുവാന്‍ സഹോദരന്‍റെ ജീവന്‍ അറുത്തെടുത്ത് ആനന്ദ നൃത്തം വെക്കുന്ന ഭീകര ചിന്തകളെ വര്‍ത്തമാന കാലത്ത് നിന്ന് തുടച്ചു നീക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന ഇക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഇന്ത്യ സ്വതന്ത്രമാണോ എന്ന് സംശയിക്കേണ്ടതുണ്ട്.

1 Comment

  1. മാഷാ അല്ലാഹ്…
    സന്തോഷം തോന്നുന്നു ആശിഖ്…
    അല്ലാഹു നിങ്ങളുടെ കഴിവിൽ ബറകത്ത് ചെയ്യട്ടെ…

Leave a Reply

Your email address will not be published.


*